പ്രിയ വായനക്കാർക്ക് സ്വാഗതം.
ഇന്ന് ‘മൂടൽ മഞ്ഞ്’ എന്ന സിനിമയിലെ ‘ഉണരൂ വേഗം നീ..’ എന്ന ഗാനമാണ് നമ്മൾ കേൾക്കാൻ പോവുന്നത്. പി ഭാസ്കരൻ മാഷിൻറെ വരികൾക്ക് ഉഷ ഖന്ന സംഗീതം നൽകി എസ് ജാനകി പാടിയ ഗാനം മിശ്രശിവരഞ്ജിനി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിമനോഹരവുമാണ്.
ആ ..ആ.. .എന്ന ഹമ്മിംഗിൽ തന്നെ നമ്മൾ ഇരുന്നുപോവും. അത്ര മാത്രം മനോഹരമാണ് ജാനകിയമ്മയുടെ ആ തുടക്കം. മാസ്മരിക ശബ്ദം വസന്തത്തിൻറെ വരവേൽപ്പാണ് വരികളിലൂടെ പറയുന്നതെങ്കിലും തൻറെ പ്രണയം ഒരു പൂവിനുള്ളിലേക്ക് ആവാഹിച്ച് വെച്ചിരിക്കുകയാണ് നായിക. പൂവിനോട് ഉണരാൻ പറഞ്ഞ് കാടാകെ പാടിയോടി നടക്കുകയാണ് നായിക. കുരുവികൾ തംബുരു മീട്ടുണ്ട്. അരുവി താളം മുട്ടുന്നുണ്ട്. പനിനീർ വീശിക്കൊണ്ട് പവനൻ പറന്ന് നടക്കുന്നുണ്ട്. കണ്ണിൽ നിറയെ സ്വപ്നങ്ങളുമായി കാമുകനും പറന്നെത്തിയിരിക്കയാണ്. ഒരു പ്രണയത്തിന് പശ്ചാത്തലമൊരുക്കാൻ ഇതിലപ്പുറം മറ്റെന്ത് വേണം. ജാനകിയമ്മ പാടിയ ഗാനങ്ങളിൽ ഒന്നാംസ്ഥാനത്ത് ഈ ഗാനമുണ്ടെന്ന് തറപ്പിച്ചു പറയാം.
നമുക്ക് പാട്ടിൻറെ വരികളിലേക്ക് വരാം
ആ… ആ …ആ ……
ഉണരൂ വേഗം നീ സുമറാണീ വന്നു നായകൻ
പ്രേമത്തിൻ മുരളീഗായകൻ ..ആ ..
ഉണരൂ വേഗം നീ സുമറാണീ വന്നു നായകൻ
പ്രേമത്തിൻ മുരളീ ഗായകൻ
മലരേ ..തേൻ മലരേ ..മലരേ …
വന്നൂ പൂവണിമാസം വന്നൂ സുരഭിലമാസം
പൊൻ തംബുരു മീട്ടീ കുരുവീ താളം കൊട്ടീ അരുവീ
ആശകളും ചൂടി വരവായി ശലഭം വന്നു പോയ്
ആനന്ദഗീതാ മോഹനൻ
മലരേ …….തേൻ മലരേ ..മലരേ …
മഞ്ഞലയിൽ നീരാടീ മാനം പൊൻ കതിർ ചൂടി
പൂം പട്ടു വിരിച്ചു പുലരി പനിനീർ വീശി പവനൻ
കണ്ണിൽ സ്വപ്നവുമായ് കാണാനായ് വന്നു കാമുകൻ
കാടാകെ പാടും ഗായകൻ
മലരേ… തേൻ മലരേ… മലരേ..
ഉണരൂ വേഗം നീ സുമറാണീ ….
ഇനി ഈഗാനം ഒന്ന് കേട്ടുനോക്കൂ.
എത്ര മനോഹരമാണ് ദൃശ്യവൽക്കരണം പോലും. വരികൾക്കൊത്ത ഈണവും ശബ്ദവും ഒരു തലമുറയുടെ പുണ്യം.
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.