Thursday, May 2, 2024
Homeയാത്രആശ ജയേഷ് തയ്യാറാക്കുന്ന.. 'സൗദി യാത്രാ വിശേഷങ്ങൾ' (4)

ആശ ജയേഷ് തയ്യാറാക്കുന്ന.. ‘സൗദി യാത്രാ വിശേഷങ്ങൾ’ (4)

ആശ ജയേഷ്

മഞ്ഞിൻറെ നഗരമാണ് അബഹ. മൂടൽമഞ്ഞു പുതച്ചു നിൽക്കുന്ന പ്രഭാതക്കാഴ്ചകൾ. താമസിക്കുന്ന ഹോട്ടലിൽ നിന്നു ലഭിച്ച ലഘുവായ ഭക്ഷണം കഴിച്ചപ്പോൾ മകന് ദോശ കഴിക്കണമെന്നു ആഗ്രഹം. അങ്ങ് ചന്ദ്രനിലും മലയാളി ചായക്കട തുടങ്ങിയിട്ടുണ്ടല്ലോ എന്ന ധൈര്യത്തിൽ ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ ദാ കിടക്കുന്നു രണ്ടു കേരള റെസ്റ്ററെന്റുകൾ. താജ് റോയൽ എന്ന റെസ്റ്ററന്റിലാണ് ഞങ്ങൾ കയറിയത്. ഇവിടെ പേരിനു മാത്രമേ കേരളത്തിന്റെ സ്വാധിനമുള്ളൂ. ജീവനക്കാർ മുഴുവൻ ബംഗാളികളാണ്.

ദബാബ് വാക്‌വേ

അബഹ നഗരത്തിലെ ഒരു പ്രധാന കാഴ്ചയായ ദബാബ് വാക്‌വേയാണ് ഞങ്ങളുടെ അടുത്ത ലക്‌ഷ്യം. നഗരത്തിലെ പ്രധാനപാതകളൊക്കെ വിസ്താരമേറിയതാണ്.


തെളിഞ്ഞ ആകാശം. ചെറുതും വലുതുമായ കയറ്റങ്ങളും ഇറക്കങ്ങളുമായി ഞങ്ങൾ നഗരം കണ്ടുകൊണ്ടിരുന്നു. ഞങ്ങളുടെ നാട്ടിലെ താമരശ്ശേരിയോ കോടഞ്ചേരിയോ പോലെയുള്ള ഏതെങ്കിലും മലയോരമേഖലയുടെ ഘടനയെ അതേപടി നിലനിർത്തിക്കൊണ്ട് ഒരു വൻ നഗരം രൂപപ്പെടുത്തിയാൽ എങ്ങനെയിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അബ്ഹ. ഉയരങ്ങളിൽ അങ്ങ് മേഘങ്ങൾക്കു തൊട്ടടുത്തു നിൽക്കുന്ന അനുഭവമാണ് ദബാബ് വാക് വെയുടേ മുകളിൽ എത്തിയപ്പോൾ. കുന്നുകളും മലകളും അതിരിടുന്ന മഞ്ഞു മൂടിയ താഴ്‌വരകൾ.

തണുത്ത കാറ്റ്. ഇവിടെ ഇപ്പോൾ ഞങ്ങൾ മാത്രമേയുള്ളൂ. സജീവമാകുന്ന വൈകുന്നേരങ്ങളെ, രാത്രികളെ സൂചിപ്പിക്കാനെന്നോണം അടഞ്ഞു കിടക്കുന്ന ഏതാനും ചെറിയ കടകളും ഒരു റെസ്റ്ററന്റും കാണാനായി. ഏഴു കിലോമീറ്റർ നീളമുണ്ട് ദബാബ് വാക്‌വേക്ക്.

ഷംസാൻ കാസിൽ

ബി സി മൂന്നാം നൂറ്റാണ്ടു വരെ പഴക്കമുള്ള നിർമ്മിതിയായ ഷംസാൻ കൊട്ടാരമാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. അക്കാലഘട്ടങ്ങളിൽ ശത്രുക്കളുടെ ആക്രമണം പ്രതിരോധിക്കാനായി ഉയരം കൂടിയ തന്ത്രപ്രധാനമായ സ്ഥാനത്തു പണിത കാസിൽ ആയതു കാരണം അവിടെ നിന്നു അബഹാ നഗരത്തിന്റെ നല്ലൊരു ദൃശ്യം കാണാനായി. കാസിൽ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ സാധാരണ കടന്നു വരാറുള്ള നാട്ടിലെ വലിയ കോട്ടകളോ അവയുടെ അവശേഷിപ്പുകളോ ആയി ഇവിടെയുള്ള കാസിൽ താരതമ്യം ചെയ്യാനേ സാധിക്കില്ല. കാരണം അകത്തുള്ള സ്ഥലവും സൗകര്യവും അത്ര പരിമിതമാണ്. കാസിലിനകത്തെ കാഴ്ചകളെക്കാളും പുറത്തെ കാഴ്ചകൾക്കാണ് കൂടുതൽ ഭംഗി. ചിത്രങ്ങളെടുക്കാൻ ഏറെ അനുയോജ്യമായ സ്ഥലം.

നഗരത്തിലൂടെയുള്ള യാത്രയിൽ പലയിടത്തും കേബിൾ കാർ സർവീസ് ലൈനുകൾ കാണാനായി. പക്ഷെ അറ്റകുറ്റ പണികൾ കാരണം താൽക്കാലികമായി ഈ സർവീസ് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.

ഹാങ്ങിങ് വില്ലേജ്

ഹാങ്ങിങ് വില്ലേജായ അല്‍ ഹബാലയാണ് അബഹയിലെ മറ്റൊരു പ്രധാന ആകർഷണം. പൂക്കളും ചിലയിനം ഉണങ്ങിയ ഔഷധ സസ്യങ്ങളും ഇടകലർത്തിയ മാലകൾ ശിരസ്സിൽ ചൂടുന്ന ഖതാനി എന്ന ആദിവാസി ഗോത്ര വിഭാഗക്കാരായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്. ” ഫ്ലവർ മെൻ ” എന്നാണ് ഇവർ അറിയപ്പെടുന്നത്. ഏകദേശം 370 വര്‍ഷങ്ങള്‍ക്കു മുമ്പ് അന്നത്തെ കാലഘട്ടത്തിലെ പ്രധാന ശത്രുക്കളായ ഓട്ടോമൻ തുർക്കികളിൽ നിന്ന് രക്ഷ നേടാനാണ് എത്തിപ്പെടാൻ പ്രയാസമുള്ള ഇങ്ങനെയൊരിടം ഇക്കൂട്ടർ തങ്ങളുടെ ഗ്രാമത്തിനായി കണ്ടെത്തിയത്.പർവത മുനമ്പിൽ നിന്ന് 300 മീറ്റർ താഴ്ചയിലുള്ള ഈ ഗ്രാമത്തിലേക്കെത്തിപ്പെടാൻ കയറിനാൽ നിർമ്മിച്ച ഗോവണി മാത്രമായിരുന്നു അന്നത്തെ കാലത്തു മാർഗ്ഗം. ” ഹബാല ” എന്ന അറബി വാക്കിനർത്ഥം ” കയർ ” എന്നാണ്.

1980 വരെ തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് പുറംലോകത്തെ ഒരുപാട് ആശ്രയിക്കാതെ സ്വയംപര്യാപ്തതയോടെ ഖതാനി ഗോത്രക്കാർ ഈ ഗ്രാമത്തിൽ താമസിച്ചിരുന്നു. പിന്നീട് സൗദി അറേബ്യൻ ഗവൺമെന്റിന്റെ ടൂറിസം പദ്ധതികളുടെ ഭാഗമായി ഈ ഗ്രാമം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുകയായിരുന്നു. ഗ്രാമവാസികൾക്കായി കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരിടം അവർ നിർമ്മിച്ചു നൽകുകയും ചെയ്തു. ഹബാലയെപറ്റിയുള്ള ഇത്തരം കാര്യങ്ങളൊക്കെ മനസിലാക്കിയപ്പോൾ അവിടം സന്ദർശിക്കണമെന്ന കലശലായ ആഗ്രഹം ഞങ്ങൾക്കുണ്ടായി. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, അവിടം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ തുടങ്ങിയ എല്ലാവിധ സന്നാഹങ്ങളും ഇവിടെയുണ്ട്. ഇവയെല്ലാം താത്കാലികമായി നിർത്തിവച്ചിരിക്കുന്നു.

ഇനി ഒക്ടോബർ മാസത്തിലേ ഇവിടം തുറന്നു പ്രവർത്തിക്കുകയുള്ളു. സാരമില്ല. ഈ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും പിന്നീടൊരിക്കൽ തീർച്ചയായും വരണം എന്ന് മനസ്സിലുറപ്പിച്ചു. പർവ്വതമുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ആസ്വദിച്ചു കൊണ്ട് അല്പസമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ തിരികെ നഗരത്തിലേക്കു തിരിച്ചു.

അബഹയിലെ രാത്രി ഭക്ഷണം

അൽ ഹബാലയിൽ നിന്ന് തിരിച്ചു നഗരത്തിലെത്തിയപ്പോൾ വൈകിയിരുന്നു. അബഹയിലെ ഞങ്ങളുടെ അവസാനത്തെ ദിവസമാണ് ഇന്ന്. അതുകൊണ്ടു ഇന്നത്തെ അത്താഴത്തിനു ഇവിടത്തെ തനതു വിഭവങ്ങൾ രുചിക്കണമെന്ന് കരുതി. ഞങ്ങൾ തിരഞ്ഞെടുത്ത റെസ്റ്ററെന്റ് സാമാന്യം വലുപ്പമുള്ളതാണ്. പുറത്തെ കാഴ്ചകൾ തന്നെ ഗംഭീരം. അതിമനോഹരമായാണ് റെസ്റ്ററന്റിന്റെ അകത്തളം ഒരുക്കിയിട്ടിരിക്കുന്നതു. മൂന്ന് നിലകളിലായി പണിത റെസ്റ്ററന്റിന്റെ ഓരോ കോണിലും പരമ്പരാഗത വീട്ടുപകരണങ്ങളും മറ്റു ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒട്ടുമിക്ക സാധനങ്ങളും ഭംഗിയായി നിരത്തി വച്ചിരിക്കുന്നു. ഇവിടത്തെ തദ്ദേശീയ ശൈലിയിലുള്ള കബ്‌സയായിരുന്നു ഞങ്ങളുടെ ഭക്ഷണം. അബഹയുടെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന, ഓർമ്മയിൽ എന്നും സൂക്ഷിക്കാനുള്ള മികച്ച ഒരനുഭവമായി തോന്നി ഞങ്ങൾക്കിത്.
റെസ്റ്ററന്റിൽ നിന്നിറങ്ങിയ ഞങ്ങൾ നഗരത്തിലൂടെയുള്ള ഒരു ചെറിയ ഡ്രൈവിനു ശേഷം തിരികെ ഹോട്ടലിൽ കയറി.

✍ആശ ജയേഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments