Wednesday, May 22, 2024
Homeയാത്രമരുഭൂമിയിലൂടെ ഒരു മലയാത്ര --✍രജീഷ് രവീന്ദ്ര കമ്പല്ലൂർ

മരുഭൂമിയിലൂടെ ഒരു മലയാത്ര –✍രജീഷ് രവീന്ദ്ര കമ്പല്ലൂർ

രജീഷ് രവീന്ദ്ര കമ്പല്ലൂർ

അധികമൊന്നും കോളുകൾ വരാറില്ലായിരുന്ന എന്റെ ഫോണിൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു കോൾ വന്നു.കസ്റ്റമർ കെയറിൽ നിന്നാകും എന്നു കരുതി പുതിയ റിങ്ങ് ടോൺ അടുത്തു നിന്നവരെയെല്ലാം കേൾപ്പിച്ചു. മെല്ലെ ഫോൺ എടുത്തുനോക്കി😎.

സ്ക്രീനിൽ ജയേഷട്ടൻ എന്നു കണ്ടതും പെട്ടന്ന് തന്നെ കോൾ എടുത്തു ഹലോ പറഞ്ഞു.

“രജീഷേ നീ യേടയാന്ന് ഡ്യൂട്ടിലാന്നോ?”

“ആ അതേ ജയേഷേട്ടാ”

“ആഹ് ഒന്നുല്ല പിന്ന നമ്മളെ അനിയേട്ടൻ വന്നിട്ടുണ്ട് നാട്ടീന്ന്!”

“ങേ ഏത് അനിയേട്ടൻ ”

“യെടാ നമ്മളെ എറണാകുളം അനിയൻ”

“ഓഹ് അതെയാ…. അല്ല എന്താ ജോലിക്കാന്നോ?”

“അല്ലട വിസിറ്റിംഗ് ആണ്…
നമ്മ നിന്റെ ഷോപ്പിന്റെ പുറത്തുള്ള പാർക്കിങ്ങിലുണ്ട് നീ ഇങ്ങോട്ട് വാ”

ഞാൻ കോൾ കട്ട് ചെയ്തു പുറത്തേക്ക് നടന്നു.

അനിയേട്ടൻ എന്നെ കണ്ടതും ചിരിയോടെ
“എന്ത്ണ്ടട്രാ വിശേഷം സുഖല്ലേ?”

ഞാൻ “സുഖെന്നെപ്പാ….നിങ്ങയെപ്പോ ലാൻഡ് ചെയ്തു?”

“രണ്ടോസായി എത്തീറ്റ്”…..

ജയേഷേട്ടൻ-
“ഫാമിലി നാട്ടിൽ പോയിറ്റാണുള്ളത്, അനിയേട്ടനെ ഫോൺ വിളിച്ചപ്പോ വരുന്നോ ദുബായ് ഒന്നു കറങ്ങീറ്റ് പോകാന്ന് പറഞ്ഞപ്പോ അനിയേട്ടൻ ഒന്നും നോക്കാതെ അടുത്തോസം ന്നെ ഇങ്ങോട്ടു കേറി.”

ഞാൻ – “അതു കലക്കി.”

ഞാൻ ഡ്യൂട്ടി സമയം ആയതുകൊണ്ട് അധിക നേരം അവിടെ നിൽക്കാൻ പറ്റിയില്ല.വ്യാഴാഴ്ച എനിക്കു ലീവാണ് നമ്മുക്ക് അന്ന് കാണാമെന്നു പറഞ്ഞു അവരെ യാത്രയാക്കി. ഷോപ്പിലേക്ക് ധൃതിയിൽ നടന്നു.

നാട്ടിൽ എല്ലാവരും അനിയൻ എന്നു സ്നേഹത്തോടെ വിളിക്കുന്ന പ്രദീപേട്ടൻ ഞങ്ങൾക്ക് അനിയേട്ടനായി.രണ്ടു വർഷത്തിന് മുമ്പ് എന്നെ ഷാർജയിലേക്ക് യാത്രയാക്കാൻ വന്നതിൽ പിന്നെ ഇന്നാണ് കാണുന്നത്. ജയേഷേട്ടൻ കുറച്ചു വർഷങ്ങളായി ദുബായ് ലെ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.ദുബായ് വന്നതിനു ശേഷമാണ് ഞങ്ങൾ കൂടുതൽ അടുത്തറിഞ്ഞത്.
രണ്ടാളും നല്ല സൗഹൃദയത്തിനുടമകൾ.

വ്യാഴാഴ്ച കുറച്ചു നേരത്തെ എണീറ്റ് റൂമിന്റെ നിയമം പാലിച്ചു മറ്റുള്ളവർക്കുള്ള ഫുഡ് ഉണ്ടാക്കിയതിനു ശേഷം കിട്ടിയ ടാക്സിയും വിളിച്ചു നേരെ സഹാറ സെന്ററിലെ ജയേഷേട്ടന്റെ ഫ്ലാറ്റിലേക്ക്, പത്തു മിനിറ്റിൻ്റെ യാത്രക്ക് ശേഷം ഫ്ലാറ്റിന്റെ മുമ്പിൽ എത്തി.ഫോൺ വിളി കാത്തിരുന്നതു പോലെ ജയേഷേട്ടനും അനിയേട്ടനും ഒരുങ്ങി താഴേക്കു വന്നു. ഒരു കൊച്ചു യാത്ര പ്ലാനിങ്ങ് കഴിഞ്ഞ രാത്രിയിൽ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. യാത്രയേക്കാളേറെ നാട്ടു വർത്താനം കേൾക്കാനുള്ള കൊതിയിലായിരുന്നു ഞാൻ.പോകുന്ന വഴിയിൽ എല്ലാം വിശദമായി ചോദിക്കാമെന്നു തീരുമാനിച്ചു തന്നെയാണ് എന്റെ വരവ്. ഉച്ചഭക്ഷണം കഴിഞ്ഞു ജബൽ അൽ ജൈസ് കാണാൻ പോകാമെന്ന് തീരുമാനിച്ചു.

യു.എ.ഇ – ഒമാൻ അതിർത്തിയിലെ പര്‍ദ്ദയണിയാത്ത അറേബ്യന്‍ മലനിരകള്‍ക്കും താഴ്‌വാരങ്ങള്‍ക്കും ഇടയിലൂടെ ഒരു യാത്ര.
യു എ ഇ യിൽ വെച്ചു ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് റാസ് അൽ ഖൈമയിൽ സ്ഥിതി ചെയ്യുന്ന ‘ജബൽ അൽ ജൈസ് ‘,ദുബായിൽ നിന്നും ഏതാണ്ട് 180 കിലോമീറ്ററുകൾ അകലെയായിട്ടാണ്.യു.എ.ഇ-ലെ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന മലമ്പ്രദേശം.ലോകരാജ്യങ്ങളെ വെല്ലുന്ന പാതകളും മറ്റു സൗകര്യങ്ങളും ഒരുക്കിയതോടെ ലോകത്തിന്റെ നാനാഭാഗത്തിനിന്നും സഞ്ചാരികൾ ഒഴുകിയെത്താൻ തുടങ്ങി.ഒരുപാടു ഹെയർപിന്നുകൾ നിറഞ്ഞ 20 കിലോ മീറ്റർ, റോഡ് വഴി ഇവിടെ എത്തിപ്പെടാൻ പറ്റും. ഫാമിലി ആയിട്ടും ഫ്രണ്ട്സ് ആയിട്ടും നമ്മുടെ ഇഷ്ടത്തിന് ഒരു ഏരിയയിൽ തമ്പടിച്ചു നമ്മുടെ ഫുഡ് ഉണ്ടാക്കി കഴിക്കാൻ പറ്റിയ ഒരു ഡെസ്റ്റിനേഷൻ കൂടിയാണ്.രാത്രി ആയാൽ നല്ല തണുത്ത കാലാവസ്ഥയാണ്.

ഇതാകുമ്പോൾ പോകുന്ന വഴി ചങ്ങാതിമാരെ കാണാനുള്ള ഒരു അവസരവും കിട്ടും.അങ്ങനെ ജയേഷേട്ടന്റെ പുത്തൻ കാറിൽ നേരെ റാസ് അൽ ഖൈമയിലേക്ക് . തിരിച്ചു വരുന്ന വഴിയിൽ എല്ലാവരെയും കാണാം എന്ന നിഗമനത്തിൽ യാത്ര തുടർന്നു. മഹാനഗരങ്ങളും മണല്‍ക്കുന്നുകളുടെ വശ്യതയും മരുഭൂമിയുടെ വിശാലതയും ആസ്വദിച്ചിരിക്കുമ്പോഴാണ് അനിയേട്ടൻ നാട്ടിലെ വിശേഷങ്ങളുടെ കെട്ടഴിച്ചു വിട്ടത്. സന്തോഷവും സങ്കടകവും നിറഞ്ഞ നാടിന്റെ മാറ്റങ്ങളും പ്രിയപ്പെട്ടവരുടെ വേർപാടും എന്റെ മനസ്സിനെ സന്തോഷത്തോടൊപ്പം നൊമ്പരപ്പെടുത്തുകയും ചെയ്തു.

റാസ് അൽഖൈമ എത്തിയപ്പോൾ നാട്ടുകാരനും ചങ്കുമായ ദിലീപിനെ വിളിച്ചു.അവൻ റൂമിൽ തന്നെ ഉണ്ട് എന്നു അറിയാൻ പറ്റി.അങ്ങനെ അവനെയും പിടിച്ചു കാറിൽ കയറ്റി യാത്ര തുടർന്നു.

മഹാനഗരങ്ങളും തീരദേശങ്ങളും കടന്ന് ഗ്രാമഭംഗിയുടെ വിസ്മയങ്ങള്‍ വീണ്ടും….
ചുറ്റിലും മിന്നിമറയുന്ന കാഴ്ചകൾ നാടിനോടു സാമ്യമുള്ളവയായിരുന്നു.ചെറിയ വീടുകളും മരങ്ങളും ചെടികളും അങ്ങനെയങ്ങനെ…… സംസാരവും വഴിയോര കാഴ്ചകളും ആസ്വദിച്ചുള്ള യാത്ര…..

നഗരപരിധി കഴിഞ്ഞതോടെ വഴി കൂടുതൽ പരുക്കനായി ഒപ്പം അങ്ങ് ദൂരെ മലനിരകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു.ജയേഷേട്ടനു വഴികൾ മന:പാഠം ആയതുകൊണ്ട് ഗൂഗിൾ ചേട്ടന്റെ സഹായം ആവശ്യമില്ലായിരുന്നു.
രണ്ടു – മൂന്നു വളവുകൾ തിരിഞ്ഞു കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ദൂരെയായി നിന്നിരുന്ന മലകളൊക്കെ വളരെ അടുത്തെത്തിയിരിക്കുന്നു.ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് ആദ്യമലയുടെ മുകളിൽ യു എ ഇ യുടെ പതാക പാറിക്കളിക്കുന്ന കാഴ്ച അതിമനോഹരം!
അടുത്തായി ഒരു വിശാലമായ വെള്ളക്കെട്ടും മരങ്ങളും ഉള്ള പ്രദേശത്ത് ഞങ്ങൾ വണ്ടി ഒതുക്കി.
ഞാൻ ഒരു പുതിയ ലോകത്ത് എത്തിയ പോലെ തോന്നി.ചുറ്റിലും മലനിരകൾ, ശാന്തമായ അന്തരീക്ഷം ഇതുവരെയും കാണാത്ത പലതരത്തിലുള്ള മരങ്ങളും പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന ചെടികളും കിളികളും നിശ്ചലമായി കിടക്കുന്ന വെള്ളക്കെട്ടും കണ്ണിനു കുളിർമയേകി.നല്ല മഴ പെയ്തതിന്റെ അടയാളമായി മണ്ണ് കുത്തിയൊലിച്ചു വെള്ളക്കെട്ടിൽ ഒഴുകിയെത്തിയതിന്റെ അവശിഷ്ടങ്ങൾ അവിടെയാകെ ചിതറി കിടക്കുന്നുണ്ടായിരുന്നു.എല്ലാവരും ഒന്നിച്ചു കുറച്ചു ഫോട്ടോ ഷൂട്ട് കഴിഞ്ഞു കുറച്ചു നേരം വിശ്രമിച്ചു യാത്ര തുടർന്നു.

ഒരു കിലോമീറ്റർ മുന്നോട്ട് സഞ്ചരിച്ച ഞങ്ങൾ കണ്ടത് മല കയറാൻ ഒരുങ്ങുന്ന വാഹനങ്ങളെ പോലീസ് തടഞ്ഞു തിരിച്ചയക്കുന്ന കാഴ്ചയാണ്. അതു ഞങ്ങളെയാകെ തളർത്തി കളഞ്ഞു.ഞങ്ങളെ കണ്ടതും ഒരു പോലീസുകാരൻ അറബിയിൽ എന്തോ പറഞ്ഞു കൊണ്ട് കൈ കൊണ്ട് തിരിച്ചു പോകാൻ കാണിച്ചു.രാവിലെ ഇറങ്ങുമ്പോൾ കണികണ്ടയാളെ ഞാൻ മനസ്സിൽ ഒന്നു ധ്വാനിച്ചു.
വണ്ടി തിരിച്ചു ഒതുക്കി നിർത്തി ഞങ്ങൾ ഇറങ്ങി.തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.മല മുകളിൽ നല്ല മഴ പെയ്തതു കാരണം മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് അതുകൊണ്ടാണ് മലമുകളിലേക്ക് കയറ്റി വിടാത്തത് എന്നു അവിടെ ഉണ്ടായിരുന്ന മലയാളി ചേട്ടനിൽ നിന്നു അറിയാൻ കഴിഞ്ഞു.
ഉള്ളിലെ സങ്കടം തീർക്കാൻ വാനം മുട്ടി നിൽക്കുന്ന ഒരു മലയുടെ കാൽച്ചുവട്ടിൽ കിടന്നു തലങ്ങനെയും വിലങ്ങനെയും സെൽഫി എടുത്തു ആത്‍മസംതൃപ്തിയടഞ്ഞു.

–രജീഷ് രവീന്ദ്ര കമ്പല്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments