കൂട്ടുകാരേ ഈ ഗാനം മറക്കുമോ എന്ന പംക്തിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
‘തളിരിട്ട കിനാക്കൾതൻ താമരമാല വാങ്ങാൻ…’
1963-ൽ നിർമ്മിച്ച ‘മൂടുപടം’ എന്ന സിനിമയിലേതാണ് ഈ ഗാനം. മലയാളസിനിമാഗാനങ്ങളുടെ വസന്തകാലത്താണ് ഈ ഗാനത്തിന്റെ പിറവി. മനോഹരമായ ഗാനങ്ങൾക്ക് വേണ്ടുന്ന ചേരുവകൾ ചേരുംപടി ചേർക്കാൻ, നമുക്ക് എന്നെന്നും മാറോട് ചേർത്ത് പിടിക്കാൻ അനുയോജ്യമായ ഗാനങ്ങളുടെ കുടമാറ്റം നടത്തിയ മഹാരഥന്മാർ ഇവിടെ ജീവിച്ച കാലം! ആ കാലത്തിലേക്ക് പിറന്നുവീഴാനും എടുത്ത് കൈകാര്യം ചെയ്യാനും നമുക്ക് ഭാഗ്യം കിട്ടി.
പി ഭാസ്കരൻ മാഷിന്റെ വരികൾക്ക് എം എസ് ബാബുരാജ് സംഗീതം നൽകി കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം പാടിയത് എസ് ജാനകി. മലയാള സാഹിത്യത്തിലെ മുത്തും പവിഴവും വൈഡൂര്യവും ഇന്ദ്രനീലവും വാരിക്കോരിയെടുത്താണ് ഈ ഗാനത്തിലെ വരികൾ തീർത്തിരിക്കുന്നത് എന്ന് പറഞ്ഞാൽ അതിശയോക്‌തിയാവില്ല. നമുക്കാ വരികളിലേക്ക് വരാം.
തളിരിട്ട കിനാക്കൾതൻ താമരമാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ
നിന്റെ വിരുന്നുകാരൻ.
പൂനുളളി പൂനുള്ളി കൈവിരൽ കുഴഞ്ഞല്ലോ
പൂക്കാരീ മലരിനിയാർക്കുവേണ്ടി
മധുരപ്രതീക്ഷതൻ മലർദീപം കൊളുത്തിയ
മാനസപൂജയിനിയാർക്കുവേണ്ടി .
(തളിരിട്ട കിനാക്കൾ)
ഭാവനയമുനതൻ തീരത്ത് നീ തീർത്ത
കോവിലിൻ നട തുറന്നതാർക്ക് വേണ്ടി
സങ്കൽപ്പമണിവീണാ സംഗീതം നീയിന്ന്
സാധകം ചെയ്തിടുന്നതാർക്ക് വേണ്ടി.
(തളിരിട്ട കിനാക്കൾ)
എത്ര മനോഹരമാണീ വരികൾ…
എല്ലാം കൂട്ടിയിണക്കിയ കാലം.
കാലമേ നിനക്ക് വന്ദനം !
നമുക്ക് നമ്മുടെ ഗാനത്തിലേക്ക് വരാം.
ഗാനം ഇഷ്ടമായില്ല?….
എല്ലാം കൈവിട്ടുപോയെന്നറിഞ്ഞിട്ടും നഷ്ടപ്രണയത്തിന്റെ തീരത്ത് ഒറ്റക്കിരുന്ന് വിലപിക്കുകയാണ് അവൾ. കിനാവുകൾ തളിരിട്ടത് അവന് വേണ്ടി. മോഹങ്ങൾ കൊണ്ട് താമരമാല കോർത്തതും അവന് വേണ്ടി. ഈ ലോകം തന്നെ അവന് വേണ്ടി നിലകൊള്ളുന്നു.! അങ്ങിനെയല്ലേ ജീവിതം തന്നെ?
പ്രിയമുള്ളവരേ…
ഒരുനുള്ള് പ്രണയം ഉള്ളിലിട്ട് കാഞ്ഞു നൊന്തു പൊള്ളിയോർ നമ്മൾ. അതുകൊണ്ട് തന്നെയാണ് ഈ നൊമ്പരവും നമ്മൾ നെഞ്ചിലേറ്റിയത്. ഈ ഗാനം ഇന്നും വേദികളിലേക്ക് പറന്നെത്തിയത്. കാലം ഏറ്റുവാങ്ങിയതും.
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.
മലയാളി മനസ്സിന്റെ ഗാനശേഖരങ്ങളിലേക്ക് സമർപ്പണം.
സ്നേഹപൂർവ്വം,