Sunday, July 21, 2024
Homeസ്പെഷ്യൽശുഭചിന്ത - (81) പ്രകാശഗോപുരങ്ങൾ - (57) 'സന്മനസ്സുള്ളവർക്കു സമാധാനം.' ✍പി. എം.എൻ.നമ്പൂതിരി.

ശുഭചിന്ത – (81) പ്രകാശഗോപുരങ്ങൾ – (57) ‘സന്മനസ്സുള്ളവർക്കു സമാധാനം.’ ✍പി. എം.എൻ.നമ്പൂതിരി.

പി. എം.എൻ.നമ്പൂതിരി.

സന്മനസ്സുള്ളവർക്കു സമാധാനം.

ശുദ്ധമനസ്ക്കനാവുകയാണ് നല്ല മനുഷ്യനാകാനുള്ള ആദ്യപടി. അത്തരക്കാരെ ശാന്തിയും സമാധാനവും താനെ തേടിയെത്തും. യേശുദേവനും അതു തന്നെയാണ് പറഞ്ഞിട്ടുള്ളത്. ” സന്മനസ്സുള്ളവർക്കു സമാധാനം”. നന്മയുള്ളവനു മാത്രമേ അന്യനിലെ നന്മ കാണാൻ കഴിയുകയുള്ളൂ. അന്യനിലെ നന്മകളെ മറയ്ക്കുന്നതു മാത്രമല്ല മറച്ചു പിടിക്കുന്നതും സദാചാര വിരുദ്ധമാണ്. ശ്രീ നാരായണ ഗുരുവിൻ്റെ വാക്കുകൾ ഇവിടെ ഞാൻ സ്മരിക്കുകയാണ്. “ മറന്നീടുന്നതുത്തമം. സ്വഭാവത്തിലും പെരുമാറ്റത്തിലും വാക്കിലും നന്മ പ്രകടനമാകുന്നുവെങ്കിൽ അതിൽ സന്തോഷിക്കുവാനും അഭിമാനിക്കാനും കഴിയണം. ഗുണവന്മാരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിലും സൽഗുണങ്ങളെ ദുർഗുണങ്ങളെന്നു മുദ്രയടിച്ചു വികൃതപ്പെടുത്തുന്നതിലും തൽപരരായ അനവധി ആളുകളെ നമുക്കു ചുറ്റും കാണാൻ കഴിയും. അന്യരുടെ നന്മയിലും ഉയർച്ചയിലും സന്തോഷത്തിലും അസൂയപ്പെടുന്നവരാണ് അത്തരക്കാർ. അപ്പോൾ അവർക്ക് എങ്ങനെ സമാധാനം ലഭിക്കും? മറ്റെന്തിലും ഉപരിയായി ലാഭചിന്തയ്ക്ക് വിധേയരാകുന്ന സമൂഹത്തിൽ സ്നേഹവും സൗഹാർദ്ദവുമൊക്കെ വെറും പുറംപൂച്ചുകൾ മാത്രമാണ്. അത്തരക്കാരിൽ ശരി, ലാഭത്തിനു വഴിമാറുന്നു. അവിടെ സ്ഥായിയായി നില നിൽക്കുന്നത് വെറുപ്പും സാർവ്വത്രികമായി വിളയാടുന്നത് ലാഭ ചിന്ത മാത്രമായിരിക്കും. ഒന്ന് മനസ്സിലാക്കുക! ശരീരാരോഗ്യം പോലും മനസ്സിൻ്റെ നിലയെ ആശ്രയിച്ചാണിരിക്കുന്നത്. സത്യം പറയുകയും ധർമ്മം ആചരിക്കുകയും കോപിക്കാതിരിക്കുകയും ആദ്ധ്യാത്മിക ചിന്തകളിൽ തത്പരരാവുകയും ചെയ്ത് സദാചാരതത്പരരായി ജീവിച്ചാൽ അനാരോഗ്യത്തിൻ്റെ പ്രശ്നം ഉണ്ടാവുകയില്ലെന്ന് ആയുർവേദം അനുശാസിക്കുന്നുണ്ട്.

പക്ഷികളെ നോക്കൂ! പ്രകൃതിദത്തങ്ങളാം സാമഗ്രികളും കഴിവുകളും ഉപയോഗിച്ച് വാസഗൃഹങ്ങൾ നിർമ്മിച്ച് പ്രകൃതിയോടിണങ്ങി പാറിപ്പറന്നും പാടിക്കളിച്ചും ശാന്തവും സന്തോഷഭരിതവുമായ ജീവിതം നയിക്കുന്ന പക്ഷികളെ ഒരു കവി വിശേഷിപ്പിച്ചത് “സുകൃതാത്മാക്കൾ “എന്നാണ്. പ്രകൃതിയുടെ വരദാനങ്ങളെ അപമാനിക്കാതെയും അവഹേളിക്കാതെയും നശിപ്പിക്കാതെയും കാത്തുസൂക്ഷിച്ചാൽ മനുഷ്യർക്കും സുകൃതാത്മാക്കളാകാൻ കഴിയും.

ഇന്ന് ഭൗതികസമ്പത്ത് കൂടുന്നതാണ് മനുഷ്യൻ്റെ സ്വൈര്യം കെടുത്തുവാനുള്ള പ്രധാന കാരണം. ചിന്തകനും മഹാ മനസ്കനും ആയിരുന്ന റോമാചക്രവർത്തി മാർക്കസ് ഓറിലിയസ് ദൈവത്തോട് പ്രാർത്ഥിച്ചത് ” ഈശ്വരാ ഭൗതിക സമ്പത്ത് വിഢികൾക്കു കൊടുത്തു കൊള്ളുക, എനിക്കാവശ്യം ശാന്തമായ മനസ്സാണ്.അത് എനിക്ക് നൽകിയാലും.” നമ്മുടെ ഓരോരുത്തരുടേയും പ്രാർത്ഥനയും ഇതായിരിക്കേണ്ടതാണ്. ഈ ലോകം മുഴുവൻ നേടിയാലും മന:ശാന്തിയില്ലെങ്കിൽ അതു കൊണ്ട് എന്ത് പ്രയോജനമാണുളളത്? മന:ശാന്തിയുണ്ടെങ്കിൽ മറ്റൊന്നുമില്ലെങ്കിലും എന്തു ചേതം? അതു കൊണ്ട് നമുക്ക് നല്ല മനസ്സുണ്ടാകുവാൻ പ്രാർത്ഥിക്കുക. നമ്മുടെ കഴിവുകളും വീഴ്ചകളും നമുക്കുള്ളതും ഇല്ലാത്തതും നാം അറിഞ്ഞിരിക്കണം. ഇല്ലാത്തതുണ്ടാക്കുവാനും അല്പമുള്ളത് വർദ്ധിപ്പിക്കുവാനും പ്രാപ്തിയുള്ളവരാണ് നാം ഏവരും എന്ന വസ്തുത വിസ്മരിക്കരുത്. അന്യൻ്റെ ഉയർച്ച നമ്മുടെ മനസ്സിനെ ശല്യപ്പെടുത്തുവാൻ പാടില്ല. മാത്രമല്ല അതിൽ നാം സന്തോഷമുണ്ടാക്കുകയും വേണം. നന്മനിറഞ്ഞവർ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാനുള്ള മോഹങ്ങളുടെ ഭാരം തലയിലേറ്റി നടക്കുന്നില്ല. പ്രയത്നിക്കാനും പ്രയത്നഫലം അനുഭവിക്കാനുമുള്ള എളിയ ശ്രമങ്ങളിൽ മുഴുകുമ്പോൾ അവർ അന്യരെ ദ്രോഹിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. കൊക്കിലൊതുങ്ങുന്നതുമാത്രം കൊത്താൻ ശ്രമിക്കുന്നതിനാൽ അത്തരക്കാർക്ക് നൈരാശ്യങ്ങളെ വിഴുങ്ങേണ്ടി വരുന്നില്ല. ഉദയത്തിൻ്റെ ഉല്ലാസത്തിലും അസ്തമയത്തിൻ്റെ പ്രശാന്തിയിലും വൈരുദ്ധ്യങ്ങളില്ലാതെ സുഖാനുഭവങ്ങളെ താലോലിക്കാൻ അവർക്ക് കഴിയുന്നു. ഏതൊരു അവസ്ഥയിലും മോഹത്തിലും മോഹഭംഗത്തിലും പ്രത്യാശയുടെ കിരണങ്ങൾ കൈവെടിയേണ്ടി വരുന്നില്ല. മതവിശ്വാസവും ശാസ്ത്രജ്ഞാനവും പ്രതിബന്ധങ്ങളെ അത്മവിശ്വസത്തോടെ തരണം ചെയ്യുവാൻ നമ്മെ ശക്തരാക്കുന്നു. അന്യരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ നിന്നുണ്ടാകുന്ന സംതൃപ്തിതന്നെ നല്ല മനസ്സുള്ളവർക്ക് ഏറ്റവും വലിയ ആനന്ദമായിരിക്കും. അത്തരക്കാർക്ക് ദാനമാണ് ഏറ്റവും വലിയ സമ്പാദ്യം. അങ്ങനെയുള്ളവർ ചെല്ലുന്നിടത്തെല്ലാം സന്തോഷം വിതക്കും. വെയിലു കാണുമ്പോൾ മഞ്ഞ് നീങ്ങുന്നതു പോലെ അത്തരക്കാരെ കാണുമ്പോൾ മറ്റുള്ളവരുടെ കുണ്ഠിതവും നൈരാശ്യവും താനെ അപ്രത്യക്ഷമാകും.

✍പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments