Sunday, July 21, 2024
Homeസിനിമ🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

🎬📽🎥സിനിമ ലോകം🎬📽🎥 ✍സജു വർഗീസ് (ലെൻസ്മാൻ)

സജു വർഗീസ് (ലെൻസ്മാൻ)

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന
‘ടോക്‌സിക്

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ടോക്‌സിക്’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ‘കെജിഎഫ്’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം യാഷ് നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയാവുന്നത്. യാഷിന്റെ പത്തൊന്‍പതാം സിനിമയാണിത്. എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ് എന്നാണ് ടാഗ്ലൈന്‍. കെ.വി.എന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലായിരിക്കും സിനിമയൊരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2025 ഏപ്രില്‍ 10ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ കരീന കപൂര്‍ നായികയാവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സായ് പല്ലവിയുടെയും പേര് നായികയായി ഉയര്‍ന്നു വന്നിരുന്നു. പിന്നീടാണ് നയന്‍താരയാണ് നായികയാവുക എന്ന വാര്‍ത്തകള്‍ എത്തിയത്. യാഷിന്റെ സഹോദരിയായി കിയാര അദ്വാനി എത്തും. ചിത്രത്തിലെ പ്രതിനായിക വേഷത്തിലാണ് ഹുമ ഖുറേഷി എത്തുക. ചിത്രം ഒരു ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ഡ്രാമയാണ്. പീക്കി ബ്ലൈന്‍ഡേഴ്സ് സീരിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലും യുകെയിലുമായിട്ടാണ് ചിത്രീകരണം. 150 മുതല്‍ 200 ദിവസം വരെയാണ് ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്.

മോഹന്‍ലാല്‍ തെലുങ്കില്‍ അഭിയിക്കുന്ന ചിത്രം
‘കണ്ണപ്പ’

മോഹന്‍ലാല്‍ തെലുങ്കില്‍ അഭിയിക്കുന്ന ചിത്രം എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാര്‍ സിംഗ് ആണ്. കണ്ണപ്പയുടെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ക്കൊപ്പം മോഹന്‍ലാലിനെ വേറിട്ട ഗെറ്റപ്പും ടീസറില്‍ കാണാന്‍ സാധിക്കും. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. മണിശര്‍മ്മയും മലയാളത്തിന്റെ സ്റ്റീഫന്‍ ദേവസിയുമാണ് സംഗീത സംവിധാനം.

മേജര്‍ രവി സംവിധാനം ചെയ്യുന്ന
‘ഓപ്പറേഷന്‍ റാഹത്ത്’

മലയാളികളുടെ പ്രിയ സംവിധായകനായ മേജര്‍ രവി ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു. ‘ഓപ്പറേഷന്‍ റാഹത്ത്’ എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധാനപ്പട്ടം അണിയുന്നത്. കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്. പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. പട്ടാളവുമായി ബന്ധപ്പെട്ട ഒരു ചിത്രം തന്നെയായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ മേജര്‍ രവി ഇരുപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തി. ശേഷം സംവിധാന രംഗത്തേക്ക് പ്രവേശിച്ച മേജര്‍ രവി പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് മേജര്‍ രവി തന്നെയാണ്. 2006ല്‍ മോഹന്‍ലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തില്‍ കീര്‍ത്തിചക്ര എന്ന സിനിമ സംവിധാനം ചെയ്തു. ഈ ചിത്രം മലയാളത്തില്‍ വന്‍ വിജയം നേടി. 2007-ല്‍ മമ്മൂട്ടി നായകനായി അഭിനയിച്ച മിഷന്‍ 90 ഡേയ്സ്, 2008ല്‍ മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കുരുക്ഷേത്ര എന്നീ സിനിമകളും സംവിധാനം ചെയ്തു. 2012-ല്‍ റിലീസായ കര്‍മ്മയോദ്ധ എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് മേജര്‍ രവി.

ബിനോ അഗസ്റ്റിന്‍ എഴുതി സംവിധാനം ചെയ്യുന്ന
‘ബിഗ് ബെന്‍’

ഓരോ വര്‍ഷവും പതിനായിരക്കണക്കിന് മലയാളികളാണ് യു.കെയിലെത്തുന്നത്. അവിടെയുള്ള മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരു ഫാമിലി ത്രില്ലര്‍ ഡ്രാമ വരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ബിനോ അഗസ്റ്റിന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘ബിഗ് ബെന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. അനുമോഹന്‍, അതിഥി രവി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഏറെക്കുറെ മുഴുവന്‍ പങ്കും ചിത്രീകരിച്ചത് യു.കെയിലാണ്. പ്രജയ് കാമത്ത്, എല്‍ദോ തോമസ്, സിബി അരഞ്ഞാണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കുവാണ്. നേഴ്സായി ജോലി ചെയ്യുന്ന ലൗലിയുടെ അടുത്തേക്ക് കേരള പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ജീനും മകളും എത്തുകയാണ്. എന്നാല്‍ ജീന്‍ കാരണം ഉണ്ടാകുന്ന ചില കുഴപ്പങ്ങള്‍ അവരുടെ അവിടുത്തെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ജീന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജീന്‍ ആന്റണി എന്ന പോലീസ് കഥാപാത്രത്തെയാണ് അനു മോഹന്‍ അവതരപ്പിക്കുന്നത്. ജീനിന്റെ ഭാര്യ ലൗലി എന്ന കഥാപാത്രത്തെ അതിഥി രവി അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിനയ് ഫോര്‍ട്ട്, മിയാ ജോര്‍ജ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ബിജു സോപാനം, നിഷാ സാരംഗ്, വിജയ് ബാബു, ഷെബിന്‍ ബെന്‍സന്‍, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചിത്രം
‘പാര്‍ട്നേഴ്സ് ‘

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘പാര്‍ട്നേഴ്സ്’. കലാഭവന്‍ ഷാജോണും നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. പാര്‍ട്നേഴ്സ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റ ടീസര്‍ പുറത്തുവിട്ടത് ശ്രദ്ധയകാര്‍ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ നവീന്‍ ജോണാണ് പാര്‍ട്നേഴ്സ് സംവിധാനം ചെയ്യുന്നത്. തിരക്കഥ ഹരിപ്രസാദിനും പ്രശാന്ത് കെ വിക്കുമൊപ്പം സംവിധായകന്‍ നവീന്‍ ജോണും ചേര്‍ന്ന് എഴുതുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഫൈസല്‍ അലി. ‘പിച്ചൈക്കാരന്‍’ എന്ന ഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സാറ്റ്‌ന ടൈറ്റസാണ് നായികയാകുന്നത്. ദിനേശ് കൊല്ലപ്പള്ളിയാണ് കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ നിര്‍മാണം. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ക്ക് പുറമേ സഞ്ജു ശിവറാം, വൈഷ്ണവി, അനീഷ് ഗോപാല്‍, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, രാജേഷ് ശര്‍മ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രന്‍, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനരചന ബി കെ ഹരിനാരായണന്‍. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രകാസ് അലക്സാണ്.

രാമകൃഷ്ണ തോട്ട സംവിധാനം ചെയ്യുന്ന
‘ഒരു പാര്‍വ്വതിയും രണ്ട് ദേവദാസും’

മഹിഷ്മതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ‘ഒരു പാര്‍വ്വതിയും രണ്ട് ദേവദാസും’ എന്ന ചിത്രത്തിന്റെ മോഷന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്റെ സോഷ്യല്‍ മീഡിയ പേജ് മുഖേനയാണ് പോസ്റ്റര്‍ എത്തിയത്. രാമകൃഷ്ണ തോട്ട സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തെലുങ്കിലും മലയാളത്തിലുമായി ജൂലൈ അവസാനവാരം റിലീസ് ആകുന്നു. സിദ്ധാര്‍ത്ഥ മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ദിലീപ്, രാശി സിംഗ്, രഘു ബാബു, വീണ ശങ്കര്‍, രാജകുമാര്‍, ഗുണ്ട സുദര്‍ശന്‍, ഗൗതം രാജു, റോക്കറ്റ് രാഘവ, രജിത, ശ്വേത, രവി തേജ എന്നിവരും അഭിനയിക്കുന്നു. ഒരേ ക്യാമ്പസിലെ വിദ്യാര്‍ഥികളാണ് പാര്‍വതി, കാര്‍ത്തിക്, അര്‍ജുന്‍ എന്നിവര്‍. ഇരുവരും പാര്‍വതിയെ പ്രണയിക്കുന്നു. രണ്ട് ദേവദാസുമാരുടെയും പ്രണയം മനസിലാക്കിയ പാര്‍വതി താന്‍ ആരാണെന്ന സത്യം അവരോട് പറയുന്നു. പാര്‍വതിയുടെ പൂര്‍വ്വകഥ എന്താണ്, അര്‍ജുന്റെയും കാര്‍ത്തിക്കിന്റെയും പ്രണയത്തില്‍ പാര്‍വതി ആരെ സ്വീകരിക്കും ഇതൊക്കെയാണ് ചിത്രം പറയുന്നത്. തിരക്കഥ എന്‍. സി. സതീഷ് കുമാര്‍, എം. സുരേഷ് കുമാര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.

ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന
‘ലെവല്‍ ക്രോസ്സ്’

ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ലെവല്‍ ക്രോസ്സ്’ ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും. സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. അര്‍ഫാസ് അയൂബ് ആണ് സംവിധാനം. കാഴ്ചയില്‍ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നില്‍ക്കുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറും നല്‍കിയത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ‘ലെവല്‍ ക്രോസ്സ്’നുണ്ട്. സംവിധായകന്‍ അര്‍ഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവല്‍ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകന്‍ അര്‍ഫാസ് അയൂബ്. സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍.

ആസിഫ് അലി – സുരാജ് വെഞ്ഞാറമൂട് കോംമ്പോ ഒന്നിക്കുന്ന
‘അഡിയോസ് അമിഗോ’

ആസിഫ് അലി – സുരാജ് വെഞ്ഞാറമൂട് കോംമ്പോ ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസര്‍ ആണ്. ചിത്രം ഓഗസ്റ്റ് 2 ന് ആണ് തിയറ്ററുകളില്‍ എത്തുന്നത്. ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു നഹാസ് നാസര്‍. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ ‘അഡിയോസ് അമിഗോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തിന്റെ മറ്റ് വാര്‍ത്തയുമെല്ലാം നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായി എത്തിയ അന്നൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് കൊച്ചിയിലായിരുന്നു ആരംഭിച്ചിരുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു.

ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന
പുതിയ ചിത്രം ‘ഡിഎന്‍എ’


കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ്, മാന്യന്മാര്‍, സ്റ്റാന്‍ലിന്‍ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിഎന്‍എ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. യുവ നടന്‍ അഷ്‌കര്‍ സൗദാന്‍ നായകനാകുന്ന ഡിഎന്‍എ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സറാണ് നിര്‍മ്മിക്കുന്നത്. എ.കെ. സന്തോഷിന്റെ തിരക്കഥയില്‍ പൂര്‍ണ്ണമായും, ഇന്‍വസ്റ്റിഗേറ്റീവ്- ആക്ഷന്‍-മൂഡിലുള്ള ഈ ചിത്രത്തില്‍ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ഡിഎന്‍എ ജൂണ്‍ 14-ന് കേരളത്തിനകത്തും പുറത്തും പ്രദര്‍ശനത്തിനെത്തും. റായ് ലക്ഷ്മി, റിയാസ് ഖാന്‍, ബാബു ആന്റണി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ് ബോസ്), അഞ്ജലി അമീര്‍, ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ഫെയിം), കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോണ്‍ കൈപ്പള്ളില്‍, രഞ്ജു ചാലക്കുടി, രാഹുല്‍, രവി വെങ്കിട്ടരാമന്‍, ശിവന്‍ ശ്രീനിവാസന്‍ തുടങ്ങിയ വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ടിനി ടോം നായകനാവുന്ന രഞ്ജിത്ത് ലാല്‍ ചിത്രം ‘മത്ത്’

രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മത്ത്’. ടിനി ടോം ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍ മീഡിയപേജിലൂടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. നരന്‍ എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രമായാണ് ടിനി ടോം ചിത്രത്തില്‍ എത്തുന്നത്. കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ടിനി ടോമിനെ കൂടാതെ സന്തോഷ് കീഴാറ്റൂര്‍, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂര്‍, അശ്വിന്‍, ഫൈസല്‍, യാര, സല്‍മാന്‍, ജസ്ലിന്‍, തന്‍വി, അപര്‍ണ, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു. സിബി ജോസഫ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ മെന്‍ഡോസ് ആന്റണി. അജി മുത്തത്തില്‍, ഷംന ചക്കാലക്കല്‍ എന്നിവരുടെ വരികള്‍ക്ക് സക്കറിയ ബക്കളം, റൈഷ് മെര്‍ലിന്‍ എന്നിവര്‍ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം മണികണ്ഠന്‍ അയ്യപ്പ.

സജു വർഗീസ് (ലെൻസ്മാൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments