സെന്റ് തോമസ് കത്തീഡ്രൽ, ഇരിങ്ങാലക്കുട
(മാർത്തോമാ ശ്ലീഹ ഭദ്രാസന പള്ളി)
ഇരിങ്ങാലക്കുട- ഇരു ചാലുക്ക് ഇടെ എന്ന് അർത്ഥമുള്ള പ്രയോഗമാണ് ഇരിങ്ങാലക്കുട എന്ന പേരിന് കാരണമായത് എന്ന് ഒരു വാദം പറയുന്നു . രണ്ടു ചെറിയ നദികൾ പണ്ട് നഗരത്തിനും ചുറ്റുമായി ഒഴികിയിരിക്കാമെന്നും അഭ്യൂഹം. മറ്റൊരു സാധ്യത. ഇവിടത്തെ കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ആണ് ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ ആറാട്ട് അടുത്തുള്ള രണ്ടു നദികൾ, ചാലക്കുടിപ്പുഴയിലും കുറുമാലിപ്പുഴയിലുമായാണ് നടത്തുന്നത്.
ക്ഷേത്രത്തിലെ ചില ലിഖിതങ്ങളിൽ ഇരുങ്കാടിക്കൂടൽ എന്നാണ് എഴുതിയിരിക്കുന്നത്. അതിനെ ഇരുങ്കാൽ കൂടൽ എന്ന അർത്ഥത്തിലെടുത്തിരിക്കുന്നു. അതിനുള്ള പ്രസക്തമായ തെളിവ് ഇവിടത്തെ ബൌദ്ധ-ജൈന ക്ഷേത്രങ്ങളെ ചുറ്റിപറ്റിയാണ്. ബുദ്ധന്മാരുടേയും ജൈനന്മാരുടേയും ക്ഷേത്രങ്ങൾ ഇവിടെ ഒരുമിച്ച് നില നിന്നിരുന്നു. ഈ ക്ഷേത്രങ്ങളെ കല്ലുകൾ എന്നാണ് വിളിച്ചിരുന്നത്. കൂടൽ എന്നാൽ സംഘം എന്നുമാണർത്ഥം. അങ്ങനെ ഇരു ക്ഷേത്രങ്ങളുടേയും സംഘം എന്ന അർത്ഥത്തിൽ ഇരുംങ്കാൽ കൂടൽ എന്നും അത് ഇരിങ്ങാലക്കുട എന്നുമായതുമാണെന്നാണ് മറ്റൊരു സിദ്ധാന്തം.
🌻ഇരിങ്ങാലക്കുട മാർത്തോമാ ശ്ലീഹ ഭദ്രാസന പള്ളി
(ഇരിങ്ങാലക്കുട പടിഞ്ഞാറേപ്പള്ളി & കിഴക്കേ പള്ളി)
പൂർവ്വകാലത്തിൽ മാർ ഗീവർഗീസ് സഹദാ പള്ളി രൂപം കൊണ്ടത് പരസ്പരം ബന്ധിതമായി കിടക്കുന്ന 2 പള്ളികൾ ചേർന്നാണ്. പടിഞ്ഞാറെ പള്ളിയും കിഴക്കേ പള്ളിയും. ഈ രണ്ട് പള്ളികളും ചേർന്ന് സിറോ മലബാർ സഭയിലെ തന്നെ ഏറ്റവും വലിയ കത്തോലിക്കാ ഇടവകകളിൽ ഒന്നാണ് ഇരിങ്ങാലക്കുട മഹാ ഇടവക രൂപം പ്രാപിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ കേന്ദ്രം ആയി ഈ പള്ളി സ്ഥിതി ചെയുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ ഇന്ത്യയുടെ കവാടമായ കൊടുങ്ങല്ലൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട ഭദ്രാസനത്തിന്റെ മെത്രാന്റെ ആസ്ഥാനമാണ് ഇരിങ്ങാലക്കുട മാർത്തോമാ ശ്ലീഹ പള്ളി. നസ്രാണികൾ കെങ്കേമമായി ആഘോഷിക്കുന്ന ദനഹാ തിരുനാളാണ് ഇരിങ്ങാലക്കുട പള്ളിയുടെ പ്രത്യേകത.
🌻ചരിത്രം
1845ൽ ഇരിങ്ങാലക്കുടയിൽ പള്ളി സ്ഥാപിക്കുന്നതിന് വളരെ നൂറ്റാണ്ടുകൾ മുന്നേ ഇരിങ്ങാലക്കുട നസ്രാണികളാൽ സമ്പന്നം ആയിരുന്നു. അക്കാലത്തു ഇരിങ്ങാലക്കുട കൊച്ചി മഹാരാജ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം ആയിരുന്നു. കച്ചവടത്തിൽ കെങ്കേമന്മാർ ആയിരുന്ന നസ്രാണികൾ ഇരിങ്ങാലക്കുടയിൽ താമസമാക്കി. ഒപ്പം കൊടുങ്ങല്ലൂർ, പുത്തൻചിറ, താഴേക്കാട്, പഴുവിൽ (പഴയൂർ ), വെളയനാട്, കല്പറമ്പ്, എടത്തിരുത്തി, മാപ്രാണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും യുദ്ധക്കെടുതികളും മതഭീഷണികളും നിമിത്തം ഇരിങ്ങാലക്കുട എന്ന സമ്പന്നമായ നഗരത്തിലേക്ക് കുടിയേറി പാർത്തവരായിരുന്നു അവരിൽ കൂടുതൽ. മാപ്രാണം പള്ളിയാണ് ഇരിങ്ങാലക്കുടക്കാരുടെ മാതൃഇടവക . ശക്തൻ തമ്പുരാന്റെ കാലത്താണ് ഇരിങ്ങാലക്കുടയിൽ അദ്ദേഹത്തിന്റെ ശ്രമഫലമായി നസ്രാണി കുടുംബങ്ങളെ പാർപ്പിക്കാൻ തുടങ്ങിയത്. കുടുംബങ്ങൾ വർധിച്ചപ്പോൾ ഇരിങ്ങാലക്കുട ക്കാർക്കും സ്വന്തം ആയി പള്ളി വേണമെന്ന് ആഗ്രഹം വന്നു. കോമ്പാറക്കുന്നതു ( പള്ളിക്കുന്ന് ) പള്ളി പണിയാൻ അപേക്ഷ സമർപ്പിച്ചു.എന്നാൽ അനുവാദം കിട്ടിയത് മാങ്ങാടിക്കുന്നത്ത് ആയിരുന്നു. തുടർന്ന് വീണ്ടും നടത്തിയ പരിശ്രമഫലമായി കോമ്പാറക്കുന്നത്ത് പള്ളി പണിയാൻ ശക്തൻ തമ്പുരാൻ അനുവാദം നൽകി.
പള്ളിപണി വേഗം നടന്നു. ഓലയും മുളയും ഉപയോഗിച്ച് കിഴക്കുപടിഞ്ഞാറായി കെട്ടിമേഞ്ഞ ഒരു കുതിരപ്പന്തി, നെടുമ്പുര, പഴുതുകൾ, പനമ്പുകൊണ്ടുള്ള ആനവാതിൽ, കിഴക്കേ അറ്റത്തു മരം കൊണ്ട് മേശ മേശക്കു നടുവിൽ ചതുരത്തിൽ ഒരു കുഴി ബലിക്കല്ല് പതിക്കാൻ, അതാണ് ബലിപീഠം.
ഇരിങ്ങാലക്കുട മേഖലയിൽ അന്ന് ഉഗ്ര വിഷമുള്ള ധാരാളം പാമ്പുകൾ ഉണ്ടായിരുന്നതുകൊണ്ട് “മാർ ഗീവർഗീസ് സഹദായുടെ”നാമത്തിൽ പള്ളി പ്രതിഷ്ഠിച്ചു. മാപ്രാണം പള്ളി വികാരി വെഞ്ചിരിപ്പ് നടത്തി സുറിയാനിയിൽ കുർബാന അർപ്പിച്ചു. 1858ൽ വി. ഗീവർഗീസിന്റെ പേരിൽ ഒരു ദർശന സഭ സ്ഥാപിച്ചു.
🌻ഇരിങ്ങാലക്കുട കിഴക്കേ പള്ളിയും ശീശ്മയും ഇരിങ്ങാലക്കുടയിൽ 2 ഇടവകകൾ ആകുന്നു
ഇരിങ്ങാലക്കുടയിലെ നസ്രാണികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മുറിവാണ് ഇരിങ്ങാലക്കുട മാർ ഗീവർഗീസ് പള്ളി ശീശ്മക്ക് വിധേയമായത്. 1874ൽ ഇന്ത്യയിൽ വന്ന മേലൂസിനെ ഇരിങ്ങാലക്കുടയിലെ ഭൂരിപക്ഷം നസ്രാണികളും വിധേയപ്പെട്ടു. എന്നാൽ ഒരു ന്യൂന വിഭാഗം സത്യ സഭയോടൊപ്പം നിന്നു. മേലൂസിനെ എതിർത്തവർ തൊട്ടടുത്ത പറമ്പിൽ മർത്ത് മറിയത്തിന്റെ നാമത്തിൽ പള്ളി പണിതു പോയി.അങ്ങനെ ഇരിങ്ങാലക്കുട വിഭജിക്കപ്പെട്ടു. 1881ൽ ഈ ന്യൂനപക്ഷത്തിന്റെ ആഗ്രഹ പ്രകാരം പുതിയ പള്ളി പണിതു. ഈശോയുടെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വരാപ്പുഴ മെത്രാപോലിത്ത ഈ പള്ളിക്ക് സ്വന്തം ആയി നൽകി ഈ പള്ളിയോടുള്ള ആദരവ് വാത്സല്യം പ്രകടിപ്പിച്ചു. ഇരിങ്ങാലക്കുട മാർ ഗീവർഗീസ് സഹദാ പള്ളിയിൽ നിന്നും ധാരാളം കുടുംബങ്ങൾ ഈ പള്ളിയിൽ വന്നുചേർന്നിരുന്നു. 1920ൽ ഈ പള്ളി വീണ്ടും മനോഹരമായി പുതുക്കി പണിതു. 1936ൽ തിരുഹൃദയ സ്തംഭവും ഇവിടെ പണികഴിപ്പിച്ചു. നവംബറിൽ ഏറ്റവും ആഘോഷമായി മിശിഹായുടെ രാജത്വ തിരുനാൾ ആഘോഷിക്കുന്നു. പണ്ട് കാലത്തിൽ ഈ തിരുനാൾ ദിനത്തിൽ അഞ്ചോ ആറോ ജോഡി കാളകളെ പൂട്ടിക്കൊണ്ടുള്ള നകാരം വണ്ടിയോടുകൂടി ഈന്തപ്പന വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വളരെ മനോഹരമായിരുന്നു.
🌻ശീശ്മയിൽ പെട്ടവർ മടങ്ങി വരുന്നു
സത്യം മനസിലാക്കിയ ഇരിങ്ങാലക്കുട മാർ ഗീവർഗീസ് സഹദാ ഇടവക അംഗങ്ങൾ പരസ്യമായി കുറ്റം ഏറ്റുപറഞ്ഞു സത്യസഭയുമായി പുരനരൈക്യപ്പെട്ടു. എന്നാൽ ഇരിങ്ങാലക്കുട 2 ഇടവകകളായി തന്നെ ഇരുന്നു. എന്നാൽ ഇരിങ്ങാലക്കുടയുടെ പൊതുവായി ഒരൊറ്റ പെരുന്നാൾ ഇരിങ്ങാലക്കുട പിണ്ടിപെരുന്നാൾ. രണ്ടിടവകക്കാരും ഒരുമിച്ചു ആഘോഷിച്ചു.
ഇരിങ്ങാലക്കുടയുടെ പുതിയ പള്ളി അന്ന് പാശ്ചാത്യ നാടുകളിൽ നിലനിന്നിരുന്ന റോമൻ സ്‌ക്യൂ ശിൽപ്പ മാതൃകയാണ് സ്വീകരിച്ചത്. വൃത്താവളവുകളാണ് ഈ കലാരൂപത്തിന്റെ പ്രത്യേകത. 1885ൽ ആരംഭിച്ച 1897ഒടുകൂടി പൂർത്തീകരിച്ച പള്ളിയുടെ പുറം മോഡിക്ക് യാതൊരു മാറ്റവും ഇന്നും വന്നിട്ടില്ല. പള്ളിക്കു മൂന്നു നിലകൾ ഉണ്ട്. ഓടുമേച്ചിൽ പുറത്തെ ചൂടുവായു നിർഗമന മാർഗങ്ങൾ.
ഇരിങ്ങാലക്കുട പള്ളിയുടെ മുഖവാരിക്ക് ഇന്നൊരു മാറ്റവും വന്നിട്ടില്ല. 100 വർഷങ്ങൾക്കിപ്പുറവും പഴമയുടെ പ്രൗഢിയോടെ നിലനിൽക്കുന്നു. പള്ളിക്കുള്ളിൽ പണിത കപ്പേളയുടേതടക്കം ആറുവൈദികർക്ക് ഒരേസമയം പരിശുദ്ധ കുർബാന അർപ്പിക്കുവാൻ സാധിക്കുന്ന ബലിക്കല്ല് പതിച്ച ആറ് അൾത്താരകൾ ഇവിടെ ഉണ്ടായിരുന്നു.
1900ത്തിലും 1915ലും പള്ളിമുറി അഗ്നിക്കിരയിട്ടുണ്ട്. ഇന്നുകാണുന്ന വൈദിക മന്ദിരവും പള്ളി ഓഫീസും ബഹു. അക്കര പീയൂസച്ചന്റെ കാലത്താണ് പരിഷ്കരിച്ചത്.
1956ൽ ആണ് ഇന്ന് കാണുന്ന തരത്തിലുള്ള മനോഹരമായ മദ്ബഹ പണികഴിപ്പിച്ചത്. ഏറ്റവും ആകർഷകമായ അൾത്താരയാണ് ഇരിങ്ങാലക്കുട പള്ളിയുടേത്. 1960ൽ ആണ് ഇന്ന് പള്ളിയിൽ കാണുന്ന നടപ്പുര നിർമിച്ചത്. 1948ൽ പള്ളിയുടെ തെക്കുഭാഗത്തായി മണിമാളിക നിർമിച്ചു.
🌻പള്ളിക്കുള്ളിലെ കപ്പേള
പുരാതന പള്ളികളിൽ വിശുദ്ധ കുർബാന എഴുന്നെള്ളിച്ചുവെക്കുന്നത് ഈ കപ്പേളയിൽ ആണ്. ഇരിങ്ങാലക്കുട ഭദ്രാസന പള്ളിക്കുള്ളിലെ കപ്പേള അത്യാകർഷകമാണ്. കപ്പേളയുടെ മദ്ബഹ അഷ്ടകോണാകൃതിയിൽ ആണ്. കപ്പേളക്കുള്ളിൽ മുകളിൽ ഓരോ കോണിലും വേദപുസ്തകാധിഷ്ഠിതമായ ചിത്രങ്ങൾ, മധ്യത്തിൽ പരിശുദ്ധ റൂഹായുടെ ആഗമന ചിത്രം, പ്രധാനവാതിൽ തൊട്ട് മദ്ബഹ വരെയുള്ള തൂണുകൾക്കിടയിൽ 3 ചിത്രങ്ങൾ 1936ൽ വരച്ച ഈ ചിത്രങ്ങൾ ഇതുവരെ റീപേയ്‌ന്റ് അടിച്ചിട്ടില്ല. 2016ൽ കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിന്റെ കബറിടം ഈ കപ്പേളയിൽ ആണ്.
🌻ഇരിങ്ങാലക്കുട ഒരൊറ്റ ഇടവക ആകുന്നു.
🌻ഇരിങ്ങാലക്കുട പള്ളി സെന്റ് തോമസ് കത്തീഡ്രൽ ആകുന്നു.
1978ൽ തൃശൂർ രൂപത വിഭജിച്ചു ഇരിങ്ങാലക്കുട രൂപം കൊണ്ടപ്പോൾ ആണ് ഇരിങ്ങാലക്കുട കിഴക്കേ പള്ളിയും പടിഞ്ഞാറെ പള്ളിയും ചേർത്തു ഇരിങ്ങാലക്കുട ഒരൊറ്റ ഇടവക ആക്കിയത്. ഇരിങ്ങാലക്കുട പടിഞ്ഞാറെ പള്ളി ഇരിങ്ങാലക്കുട രൂപതയുടെ പൈതൃകത്തിനു അനുസൃതമായി മാർ തോമാശ്ലീഹായുടെ നാമത്തിൽ പ്രതിഷ്ഠിച്ചു. ഇരിങ്ങാലക്കുട കിഴക്കേ പള്ളി രൂപതയുടെ നിത്യാരാധനാകേന്ദ്രം ആയി ഉയർത്തി.
🌻ഇരിങ്ങാലക്കുട പള്ളി നവീകരിക്കുന്നു
ഇരിങ്ങാലക്കുട രൂപതയുടെ രജത ജുബിലീ വർഷത്തിൽ ഇരിങ്ങാലക്കുട പള്ളി ബഹു. ഇരിമ്പൻ ജോസ് അച്ഛന്റെ നേതൃത്വത്തിൽ നവീകരിച്ചു. ബലിപീഠം, സക്രാരി എന്നിവ കാലാനുസൃതമാക്കി. ഡോമിൽ ബൈബിൾ അധിഷ്ഠിത ചിത്രങ്ങൾ വരച്ചു. ഡോമിന് താഴെ ഈശോയുടെ പിറവി – ഉത്ഥാന ദൃശ്യങ്ങൾ വരച്ചു. മദ്ബഹായുടെ ഒരു ഭാഗത്തു മാർത്തോമാ മണ്ഡപം നിർമിച്ചു. ഉത്ഥിതനായ മിശിഹായുടെ വിലാവിൽ തൊടുന്നത് മാർതോമാശ്ലീഹായുടെ രൂപം ഇവിടെ ഉണ്ട്. ഒപ്പം വിശുദ്ധ അൽഫോൻസ് , വിശുദ്ധ മറിയം ത്രേസ്സ്യ, വിശുദ്ധ എവുപ്രാസ്യ, വിശുദ്ധ ചാവറയച്ചൻ എന്നിവരുടെ തിരുശേഷിപ്പ്, കരിങ്കൽ വിളക്കുകൾ എന്നിവ ഇവിടെ ഉണ്ട് ഒപ്പം ഈ ഭാഗത്താണ് ഇരിങ്ങാലക്കുട പള്ളിയിലെ മാർതോമാസ്ലീവാ കൊത്തിവെച്ചിരിക്കുന്നത്.
🌻ഇരിങ്ങാലക്കുട പിണ്ടിപെരുന്നാൾ
ഇരിങ്ങാലക്കുടയിലെ ജാതിമതഭേദമെന്യേ എല്ലാവരുടെയും ഏറ്റവും വലിയ ആഘോഷം ആണ് ഇരിങ്ങാലക്കുട പിണ്ടിപെരുന്നാൾ. സാധാരണ പള്ളികളിൽ അമ്പുപെരുനാൾ ആഘോഷിക്കുമ്പോൾ ഇരിങ്ങാലക്കുടക്കാർ പിണ്ടിപെരുന്നാൾ ആഘോഷിക്കുന്നു. 3 ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷം രാവും പകലും ഇരിങ്ങാലക്കുടക്കാർ ഏറെ ആഘോഷമാക്കുന്നു. പണ്ട് ജനുവരി 5, 6 തീയതികളിൽ ആയിരുന്നു ആഘോഷം എങ്കിൽ ഇന്ന് ജനുവരി 6 കഴിഞ്ഞുവരുന്ന ആദ്യ ഞായർ ആണ് പ്രധാന തിരുനാൾ. ലോകം മുഴുവൻ തൃശൂർ പൂരം പോലെ പ്രസിദ്ധി നേടിയ ആഘോഷം ആണ് ഇരിങ്ങാലക്കുട പിണ്ടിപെരുന്നാൾ. അനേകം വിദേശികൾ ഈ സമയം ഇരിങ്ങാലക്കുട സന്ദർശിക്കാൻ വരാറുണ്ട്. ഒപ്പം മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ഇടവകയുടെ ഊട്ടുതിരുനാൾ ആയി ആഘോഷിക്കുന്നു. ഒപ്പം പരിശുദ്ധ അമ്മയുടെ എട്ടുനോമ്പ് തിരുനാളും ഈ ഇടവകയിൽ ആഘോഷിക്കുന്നു.
അഭിവന്ദ്യ ജോസഫ് കുണ്ടുകുളം പിതാവ് ഇന്നത്തെ ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പിതാവ് ചിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് പിതാവ് എന്നിവർ ഇവിടെ സഹവികാരിമാരായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഇന്നത്തെ ഹൊസൂർ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ പിതാവ് ഈ ഇടവകയുടെ മുൻവികാരിയാണ്
🌻ഇരിങ്ങാലക്കുട മഹാ ഇടവക
ഇരിങ്ങാലക്കുട പടിഞ്ഞാറെ പള്ളിയുടെയും ഇരിങ്ങാലക്കുട കിഴക്കേ പള്ളിയുടെയും ഇന്നത്തെ കെട്ടിടങ്ങൾക്ക് 100 വർഷം പഴക്കമുള്ളതാണ്. ഇന്ന് ഏകദേശം 4 സോണുകളിൽ ആയി 8 മേഖലകളിൽ ആയി 70 കുടുംബസമ്മേളന യൂണിറ്റുകളിൽ ആയി ഏകദേശം 4000 അടുത്തു കുടുംബങ്ങളും 16, 000 വരുന്ന ജനസംഖ്യയുമായി ഇരിങ്ങാലക്കുട ഇടവകയിൽ ഉണ്ട്. സാധാരണ വലിയ ഇടവകകളിൽ കാണുന്നതുപോലെ കുരിശുപള്ളികൾ ഈ ഇടവകയിൽ ഇല്ല. എന്നാൽ അനേകം ആശ്രമങ്ങൾ, മഠം ചാപ്പലുകൾ ഈ ഇടവക്കുകീഴിൽ ഉണ്ട്. ഒരു ഞായറാഴ്ച തന്നെ 25ൽ അധികം പരിശുദ്ധ കുർബാന ഈ ഇടവകയിൽ നടക്കുന്നു. എല്ലാ ആത്മീയ കാര്യങ്ങളിലും വിശുദ്ധ കുർബാനകളിലും ഈ ഇടവക സമൂഹത്തിന്റെ പങ്കാളിത്തം മനോഹരമാണ്. ഇരിങ്ങാലക്കുട ഇടവക പള്ളിയിലെ കുർബാന അർപ്പിക്കുവാൻ തൊട്ടടുത്ത പള്ളികളിൽ നിന്നും പോലും ഈ പള്ളികളിലേക് വിശ്വാസികൾ വരുന്നത് അപൂർവ കാഴ്ചയാണ്.
ബൗദ്ധികമായും ഈ ഇടവക ഏറെ മുന്നിലാണ്. ഇരിങ്ങാലക്കുട നഗരഹൃദയത്തിലെ ഷോപ്പിംഗ് കോംപ്ലക്സ്, പള്ളിയുടെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സ്, കത്തീഡ്രൽ കൺവെൻഷൻ സെന്റർ, പള്ളിക്കു മുന്നിലെ പാരിഷ് ഹാൾ, പള്ളിയുടെ വടക്കു ഭാഗത്തെ സീയോൻ, ഷാരോൺ ഹാളുകൾ ഒപ്പം അനേകം പള്ളിഹാളുകൾ ഈ പള്ളിക്കുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിൽ മുന്നിലുള്ള ഇരിങ്ങാലക്കുട പള്ളി
ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏറെ മുന്നിലാണ്. കാരുണ്യ വർഷത്തോടനുബന്ധിച്ചു 40ൽ അധികം കുടുംബങ്ങൾക്ക് ഈ ഇടവക ഫ്ലാറ്റ് നിർമ്മിച്ച് നൽകി. റൂബി ജുബിലീ സ്മാരകമായി ഇരിങ്ങാലക്കുട സെന്റ് വിൻസെന്റ് ഡയബറ്റിക് ഹോസ്പിറ്റലിൽ സൗജന്യ ഡയാലിസിസ് ഇരിങ്ങാലക്കുട ഇടവകയുടെ നന്മ വിളിച്ചോതുന്നു.
ലൗലി ബാബു തെക്കെത്തല
(കടപ്പാട് – ഗൂഗിൾ )