തൃശ്ശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വെളയനാടിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് വെളയനാട് പള്ളി അഥവാ, സെന്റ് മേരീസ് പള്ളി. പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി.
പരിശുദ്ധ വെളയനാട്ടമ്മയുടെ തീർത്ഥാടനകേന്ദ്രമായ വെളയനാട് പള്ളി
സ്ഥാപിതമായത് A D 900 ലാണ്. ഇരിങ്ങാലക്കുട രൂപതയിലെ ചൈതന്യം നിറഞ്ഞുതുളുമ്പുന്ന പരിശുദ്ധ അമ്മയുടെ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ് വെളയനാട് പള്ളി.
🌻ചരിത്രം
ആ കാലത്തു വെളയനാട് കൊച്ചി മഹാരാജാവിന്റെ കീഴിലായിരുന്നു. വെളയംകോട് എന്ന പേരിൽ ആണ് അന്ന് ഈ പ്രദേശം അറിഞ്ഞിരുന്നത്. കൊച്ചി രാജ്യത്തിന്റെ സാമന്തൻ ആയിരുന്ന അച്ഛൻ തിരുകണ്ണൻ എന്ന നാട്ടുരാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്. തുടർന്ന് കൊച്ചി മഹാരാജാവ് അദ്ദേഹത്തെ തോൽപ്പിക്കുകയും വെളയംകോട് അദ്ദേഹത്തിന്റെ കീഴിലാക്കുകയും ചെയ്തു. ആ കാലത്തു മുകുന്ദപുരത്തു എത്തിച്ചേർന്ന മഹാരാജാവിനെ ‘തട്ടിലെ മുത്തിയുടെ’ നേതൃത്വത്തിൽ ഇവിടെയുള്ള നസ്രാണികൾ മുഖം കാണിക്കുകയും ആരാധനക്കായി ഒരു ദേവാലയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തൽഫലമായി നാലു വിളിപ്പാടകലെയുള്ള കുന്നിന്റെ തെക്കേച്ചെരുവിൽ പള്ളിപണിക്കായി സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തു.
🌻വെളയനാട് പുരാതന പള്ളി
A D 900 അടുത്താണ് വെളയനാട് ആദ്യത്തെ പള്ളി പണിയുന്നതും ഏകദേശം രണ്ടു നൂറ്റാണ്ടോളം തിരുകർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നതും. എന്നാൽ 1100- ൽ പുതിയൊരു പള്ളി നിർമിക്കുക ഉണ്ടായി. പ്രസ്തുത ആ പള്ളിയാണ് ഇന്ന് തള്ളപള്ളിയായി നിലകൊള്ളുന്നത്. അതിമനോഹരമായ നിർമിച്ചിട്ടുള്ള പുരാതനമായ ഈ പള്ളിയും മദ്ബഹായും ഇന്നും സംരക്ഷിച്ചു പോരുന്നു. പരമ്പരാഗതമായ രീതിയിൽ കിഴക്ക് മദ്ബഹായും പടിഞ്ഞാറ് മോന്തളം ( നടപ്പുര ) ആയിട്ടാണ് പള്ളി പണിതിരിക്കുന്നത്. പുരാതന പള്ളിയുടെ അടുത്ത് തന്നെ സെമിത്തേരിയും വൈദിക മന്ദിരവും പിന്നീട് പണികഴിപ്പിച്ചു മനോഹരമാക്കി
🌻വിളവിന്റെ നാട്
ജലഗതാഗത സൗകര്യമുണ്ടായിരുന്ന വെളയനാട് അതിപുരാതന വാണിജ്യകേന്ദ്രമായിരുന്നു. നെല്ല്, കുരുമുളക് , തെങ്ങു തുടങ്ങിയ കാർഷിക സമൃദ്ധിയുടെ ഈ നാട് അചിരേണ വിളവിന്റെ നാട് അതായത് വെളയനാട് എന്ന് അറിയപ്പെടാൻ തുടങ്ങി. വെളയനാട് പ്രദേശം അതിപുരാതന വാണിജ്യകേന്ദ്രമായ മുസിരിസ് ( ഇന്നത്തെ കൊടുങ്ങല്ലൂർ ) ആയി വലിയ വാണിജ്യബന്ധം പുലർത്തിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം നൂറ്റാണ്ടിലും ഒമ്പതാം നൂറ്റാണ്ടിലും കൊടുങ്ങല്ലൂരിൽ മതമർദ്ദനം ഉണ്ടായപ്പോൾ അവിടെ നിന്നും നസ്രാണികൾ ഇവിടേക്ക് കുടിയേറിപ്പാർത്തു എന്ന് കരുതപ്പെടുന്നു.
🌻ടിപ്പു വെളയനാട് പള്ളിയെ ആക്രമിക്കുന്നു
1789 ൽ ടിപ്പുവിന്റെ പട വെളയനാട് പള്ളിയെയും ആക്രമിച്ചു. പള്ളിക്കുള്ളിലെ വിവിധങ്ങളായ രൂപങ്ങളെയും മറ്റും വെട്ടി വിരൂപമാകുക ഉണ്ടായി. അക്കാലത്തു ഈ ഇടവകയുടെ പരിധിയിൽ ആയിരുന്ന പട്ടേപ്പാടം കുതിരയുടെ താവളമാക്കിയിരുന്നു. പിന്നീട് ആ സ്ഥലം കുതിരത്തടം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1789ൽ ടിപ്പു സുൽത്താൻ ഈ പള്ളിയെ ആക്രമിച്ചതിന്റെ തെളിവുകൾ ഇന്നും ഇവിടെ കാണാവുന്നതാണ്.
🌻ഇരിങ്ങാലക്കുട രൂപതയിലെ പ്രമുഖ പള്ളികളുടെ തള്ളപ്പള്ളി
ഇരിങ്ങാലക്കുടയിലെയും പരിസര പ്രദേശങ്ങളിലെയും പള്ളികൾ പലതും ഇവിടെ നിന്നും പിരിഞ്ഞു പോയതാണ്. കൽപറമ്പ്, ഇരിങ്ങാലക്കുട, കല്ലേറ്റുംകര, അവിട്ടത്തൂർ, നടവരമ്പ്, കൊറ്റനെല്ലൂർ, തുമ്പൂർ, കുതിരത്തടം എന്നീ പള്ളികൾ വെളയനാട് പള്ളിയിൽ നിന്നും പിരിഞ്ഞു പോയതാണ്
1925ൽ ബഹു. വടക്കുഞ്ചേരി യാക്കോബ് അച്ചന്റെ കാലത്താണ് ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നത്.
🌻പുതിയ പള്ളിയുടെ സ്ഥാപനം
1969- ൽ ബഹു. ചിറയത്തു അന്തോണി അച്ചന്റെ കാലത്താണ് പുതിയ പള്ളി പണിയാനുള്ള തീരുമാനം എടുക്കുന്നത്. പഴയ പള്ളിപ്പറമ്പിന്റെ തൊട്ട് പടിഞ്ഞാറുള്ള വിശാലമായ പള്ളിപ്പറമ്പിൽ റോഡിനു അഭിമുഖമായി പള്ളി പണി ആരംഭിച്ചു. 1970-ൽ മാർ ജോർജ് ആലപ്പാട്ട് പിതാവ് ശില വെഞ്ചിരിച്ചു ഒരു വർഷത്തിനുള്ളിൽ 1971ൽ പരി. വെളയനാട്ടമ്മയുടെ പുത്തരിതിരുനാൾ ദിനത്തിൽ മാർ ജോർജ് ആലപ്പാട്ട്, മാർ ജോസഫ് കുണ്ടുകുളം, മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി എന്നീ പിതാക്കന്മാരുടെ കാർമ്മികത്വത്തിൽ പള്ളിയുടെ കൂദാശ നിർവഹിച്ചു.
🌻പുത്തരി തിരുനാൾ ‘
ഇടവക മധ്യസ്ഥയായ പരിശുദ്ധ വെളയനാട്ടമ്മയുടെ സ്വർഗ്ഗാരോപണ തിരുനാൾ ‘പുത്തരി തിരുനാൾ ‘ എന്ന പേരിൽ ആചരിക്കുന്നു. ആഗസ്ററ് 15നാണു ഈ തിരുനാൾ ആഘോഷിക്കുന്നത്. ചിലർ ഇതിനെ ‘ചിങ്ങം 5’ തിരുനാൾ എന്നും വിളിക്കുന്നു. 2006മുതൽ നേർച്ചഭക്ഷണവും തിരുനാളിനു വിതരണം ചെയ്യുന്നു.
അന്യമതസ്ഥർ പോലും ‘ഞങ്ങളുടെ അമ്മ ‘ എന്ന് വിളിക്കുന്ന വെളയനാട്ടമ്മയെ വിളിച്ചു നമുക്ക് പ്രാർത്ഥിക്കാം. അനർത്ഥങ്ങളിൽ അമ്മ നമ്മുടെ തുണയാകട്ടെ