Logo Below Image
Thursday, April 3, 2025
Logo Below Image
Homeനാട്ടുവാർത്തകല്ലേലിക്കാവില്‍ അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജ നടന്നു : ആഴിപൂജ, വെള്ളം കുടി നിവേദ്യം,കുംഭ പാട്ട്

കല്ലേലിക്കാവില്‍ അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജ നടന്നു : ആഴിപൂജ, വെള്ളം കുടി നിവേദ്യം,കുംഭ പാട്ട്

കോന്നി :പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വനവാസി സംസ്‌കാരത്തിന്‍റെ തിരുശേഷിപ്പുകളുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വരുന്ന അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )നടന്നു .

വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ എന്നിവയ്ക്ക് ശേഷം വീരയോദ്ധാവും മാന്ത്രികനും 999 മലകളുടെ ഊരാളിയും രോഗാദിപീഡകളകറ്റുന്ന സിദ്ധനുമായിരുന്ന കല്ലേലി ഊരാളി അപ്പൂപ്പനെയും പ്രകൃതിയെയും വാഴ്ത്തി പാടുന്ന കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവയും നടന്നു ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് വെള്ളംകുടി നിവേദ്യം.

കിഴക്ക് ഉദിമല മുതല്‍ പടിഞ്ഞാറ് തിരുവാര്‍ കടല്‍ വരെ ഉള്ള ദേശങ്ങളെ ഉണര്‍ത്തിച്ചും ഈരേഴു പതിനാലു ലോകത്തിന്‍റെ നന്മക്കു വേണ്ടി മുറുക്കാന്‍ അടങ്ങിയ കലശം സമര്‍പ്പിച്ച് വിളിച്ചു ചൊല്ലി .വെള്ളി പരമ്പു നിവര്‍ത്തി 101 കളരിക്കും കുലജാതര്‍ക്കും വേണ്ടി തേക്കില നാക്ക് നീട്ടിയിട്ട് 101 നിലവിളക്ക് തെളിച്ച് കാട്ടു വിഭവങ്ങളും കാര്‍ഷിക വിളകളും കനലില്‍ ചുട്ടെടുത്ത്, കരിക്ക്, വറപൊടി, മുളയരി, കലശം, തേന്‍, കരിമ്പു എന്നിവ ചേര്‍ത്തു വച്ച് കളരി പൂജ സമര്‍പ്പിച്ചു .

21 കൂട്ടം കാട്ടു വിറകുകള്‍ കൊണ്ട് ആഴി കൂട്ടി ഹവിസ്സുകള്‍ അര്‍പ്പിച്ച് അകത്തും പുറത്തുമുള്ള കളരിയില്‍ വെള്ളം കുടി നിവേദ്യം കലശമായി തളിച്ചു . 999 മലകളെ വിളിച്ചുണര്‍ത്തി മുളം കാലുകള്‍, പച്ചിരുമ്പു, ഉണക്കപ്പാള, ഉണക്കകമ്പു ചേര്‍ത്തുള്ള കുംഭ പാട്ട്, ഭാരതകളി, തലയാട്ടം കളി,കമ്പ് കളി ,പാട്ടും കളിയും എന്നിവ തിരു സന്നിധിയില്‍ സമര്‍പ്പിച്ചു .

മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി, തൃപ്പടിപൂജ, ഭൂമിപൂജ, വൃക്ഷസംരക്ഷണപൂജ, ജലസംരക്ഷണപൂജ,സമുദ്ര പൂജ,പ്രകൃതി സംരക്ഷണ പൂജ , വാനരപൂജ, വാനരഊട്ട്, മീനൂട്ട്,ആനയൂട്ട്, പ്രഭാത വന്ദനം ,പ്രഭാതപൂജ ,സന്ധ്യാ നമസ്ക്കാരത്തിനു ശേഷമാണ് ആഴിപൂജയും വെള്ളം കുടി നിവേദ്യവും അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജയും നടന്നത് .

ഏഴര വെളുപ്പിനെ വരെ നീണ്ടു നിന്ന പൂജകള്‍ക്ക് ഊരാളിമാര്‍ നേതൃത്വം നല്‍കി . അനുഷ്ഠാനകര്‍മ്മങ്ങള്‍ക്ക് കാവ് ട്രസ്റ്റി അഡ്വ സി വി ശാന്തകുമാര്‍ ,സെക്രട്ടറി സലിം കുമാര്‍ കല്ലേലി , പി ആര്‍ ഒ ജയന്‍ കോന്നി , അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ സാബു കുറുമ്പകര എന്നിവര്‍ നേതൃത്വം നല്‍കി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments