കോട്ടയ്ക്കൽ.–കഥകളി നടനും നർത്തകനുമായ കോട്ടയ്ക്കൽ ശശിധരൻ ഫ്രഞ്ച് കലാകാരൻ മിഷേലിനെ ഒന്നും പഠിപ്പിച്ചിട്ടില്ല. പക്ഷേ, കഥകളിയുടെ ഇഷ്ടലോകത്തേക്കു വഴികാട്ടിയ “മാനസഗുരു “വിനെ തേടി മിഷേൽ വർഷങ്ങൾക്കുശേഷം കടൽതാണ്ടി കോട്ടയ്ക്കലിലെത്തി., പാദങ്ങൾ തൊട്ടുവന്ദിക്കാനും സ്മരണകൾ പുതുക്കാനും. 40 വർഷം മുൻപാണ്. ശശിധരൻ മൃണാളിനി സാരാഭായ് സ്ഥാപിച്ച അഹമ്മദാബാദിലെ ദർപ്പണയിൽ അധ്യാപകനായി ജോലിചെയ്യുന്ന സമയം. കഥക് പഠിക്കാനായാണ് ബാലെ കലാകാരനായ മിഷേൽ അഹമ്മദാബാദിലെ കദംബം എന്ന സ്ഥാപനത്തിലെത്തിയത്. അതിനിടെ ശശിധരന്റെ കഥകളിപ്രകടനം കാണാനിടയായ ഫ്രഞ്ചുകാരന് കേരളത്തിന്റെ സ്വന്തം കലയോട് അതിയായ താൽപര്യം തോന്നി. തന്നെ കഥകളി അഭ്യസിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം ശശിധരന്റെ മുന്നിൽവച്ചു. എന്നാൽ, കഥകളി പഠനം ശാസ്ത്രീയവും പൂർണവും ആകണമെങ്കിൽ കേരളത്തിലേക്കുതന്നെ പോകാനായിരുന്നു ശശിധരന്റെ നിർദേശം. കോട്ടയ്ക്കലിൽ അതിനുള്ള സൗകര്യം ഒരുക്കികൊടുക്കാമെന്നും അദ്ദേഹം വാക്കുനൽകി. എന്നാൽ, മിഷേൽ എത്തിയപ്പോഴേക്കും ഉത്സവസീസൺ തുടങ്ങിയതിനാൽ കോട്ടയ്ക്കലിൽ കോഴ്സിന് ചേരാൻ കഴിഞ്ഞില്ല
കലാമണ്ഡലത്തിലെത്തിയ മിഷേൽ വാഴേങ്കട വിജയന്റെ കീഴിൽ 6 മാസം പഠിച്ചതിനുശേഷം നാട്ടിലേക്കു തിരിച്ചുപോയി. ഫ്രാൻസിലെത്തിയ മിഷേലിനെ കേരളവും കഥകളിയും തിരിച്ചുവിളിച്ചു കൊണ്ടേയിരുന്നു. ഉപരിപഠനത്തിനായി 1986ൽ അദ്ദേഹം വീണ്ടും കലാമണ്ഡലത്തിലെത്തി. 6 വർഷത്തോളം വേഷമഭ്യസിച്ചു. ഇതിനിടെ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ കേരളത്തിലെ ചില അരങ്ങുകളിലെത്തിച്ചു. ചെയ്തതിൽ കല്യാണസൗഗന്ധികത്തിലെ ഭീമനും ഹനുമാനും നരകാസുരവധത്തിലെ നരകാസുരനും തോരണയുദ്ധത്തിലെ ലങ്കാലക്ഷ്മിയുമാണ് ഏറെ ഇഷ്ടം. ഫ്രാൻസിലെയും സ്വിറ്റ്സർലൻഡിലെയും അരങ്ങുകളിലും കെട്ടിയാടി. കലാമണ്ഡലത്തിലെയും പിഎസ് വി നാട്യസംഘത്തിലെയും ഒട്ടേറെ കലാകാരൻമാരെ അദ്ദേഹം കഥകളി പ്രദർശനത്തിനായി ഫ്രാൻസിലേക്കു കൊണ്ടുപോയി.
ദീർഘനാളുകൾക്കു ശേഷമാണ് മിഷേലും ശശിധരനും തമ്മിൽ കഴിഞ്ഞദിവസം കണ്ടത്.
വിശ്വംഭരക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ ദക്ഷയാഗം കഥകളി പുലർച്ചെവരെ ഒന്നിച്ചിരുന്നുകണ്ടതിനും ശശിധരന്റെ വീട്ടിൽ താമസിച്ചതിനും ശേഷമാണ് തിരിച്ചുപോയത്.
– – – – – – – – – –