Thursday, January 2, 2025
Homeഇന്ത്യതമിഴ്നാട്ടിലെ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട്ടിലെ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ ആറംഗസംഘം വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടിലെ ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ ആംസ്ട്രോങ്ങി (52) നെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ പേരമ്പൂറിന് സമീപം സെമ്പിയത്ത് വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. വീടിന് സമീപം സുഹൃത്തുക്കളോടും അനുയായികളോടും സംസാരിച്ചു നിൽക്കവെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് മാരകായുധങ്ങൾകൊണ്ട് ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ ആംസ്ട്രോങ്ങിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആംസ്ട്രോങ്ങിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.

2007 മുതൽ ബിഎസ്പി സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു കെ ആംസ്ട്രോങ്. അഭിഭാഷകനാണ്. 2006ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ചെന്നൈ കോര്‍പറേഷനിലേക്ക് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചിട്ടുണ്ട്. 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ എംകെ സ്റ്റാലിനെതിരെ കോലത്തൂര്‍ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ചില കേസുകൾ ആംസ്ട്രോങ്ങിനെതിരെയുണ്ട്. ഭാര്യയും മകളും അടങ്ങുന്നതാണ് കുടുംബം. അടുത്തിടെയായിരുന്നു മകളുടെ ജന്മദിനം. കഴിഞ്ഞ വർഷം ആംസ്ട്രോങ് വധഭീഷണി നേരിട്ടിരുന്നതായി റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെ സദയപ്പൻ സ്ട്രീറ്റിലുള്ള വീടിന് സമീപം വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം ആംസ്ട്രോങ്ങിന് നേരെ ചാടിവീഴുകയും മാരകായുധങ്ങൾകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആംസ്ട്രോങ്ങിന് ഒപ്പമുണ്ടായിരുന്നവരെ അക്രമി സംഘം കത്തിയും അരിവാളും കൊണ്ട് ഭീഷണിപ്പെടുത്തി ഓടിച്ച ശേഷമായിരുന്നു ആക്രമണം നടത്തിയത്. നിലവിളികേട്ട് കുടുംബം ഓടിയെത്തിയപ്പോൾ തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ നിലയിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു ആംസ്ട്രോങ്. കൂടുതൽ പേർ സംഭവസ്ഥലത്തേക്ക് എത്തും മുൻപേ അക്രമികൾ രക്ഷപ്പെട്ടു.

ഗുരുതര പരിക്കേറ്റ ആംസ്ട്രോങ്ങിനെ തൗസൻ്റ് ലൈറ്റ്സിലെ ഗ്രീംസ് റോഡിലുള്ള കോർപറേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ട‍ർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പുലിയൻതോപ്പ് ഡെപ്യൂട്ടി കമ്മീഷണ‍ർ ഐ ഈശ്വരൻ, അസിസ്റ്റൻ്റ് കമ്മീഷണർ പ്രവീൺ കുമാർ എന്നിവർ സംഭവസ്ഥലം സന്ദ‍ർശിച്ചു. പ്രതികളെ പിടികൂടാനായി സെമ്പിയം ഇൻസ്പെക്ടർ ചിരഞ്ജീവിയുടെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ അക്രമ സംഭവങ്ങൾക്ക് സാധ്യതയുള്ള സാഹചര്യത്തിൽ പ്രദേശം കനത്ത സുരക്ഷയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments