മുംബൈ: പ്രമുഖ ടെലികോം സേവനദാതാക്കളുടെയെല്ലാം റീച്ചാർജ് പ്ലാനുകളെ മറികടന്ന് രാജ്യത്തെ പ്രധാന സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ 98 ദിവസത്തേക്കുള്ള പുതിയ അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും കോളും അടങ്ങിയ റീച്ചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ചു. പരിധികളില്ലാതെ 5ജി ഡാറ്റ ഉപയോഗിക്കാം എന്നതാണ് പ്രധാന ആകർഷണം.
പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാവുന്ന തരത്തിലുള്ള റീച്ചാര്‍ജ് ഓഫറാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 98 ദിവസത്തെ റീച്ചാര്‍ജിന് 999 രൂപയാണ് ജിയോ ഈടാക്കുന്നത്. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയാണ് ഈ റീച്ചാര്‍ജിലെ പ്രധാന പ്രത്യേകത. പരിധികളില്ലാതെ 5ജി ഡാറ്റ ഉപയോഗിക്കാം. നിശ്ചിത ജിബി കഴിഞ്ഞാല്‍ വേഗത കുറയുമെന്ന പ്രശ്‌നവും ഉദിക്കുന്നില്ല. പരിധികളില്ലാത്ത 5ജി ലഭിക്കാന്‍ 5ജി ഫോണും 5ജി നെറ്റ്‌വര്‍ക്കും മാത്രമാണ് ആവശ്യം.
5ജി കവറേജ് ഇല്ലാത്തയിടങ്ങളില്‍ ദിവസവും രണ്ട് ജിബി വീതം 4ജി ഹൈ-സ്‌പീഡ് ഡാറ്റ ലഭ്യമാണ്. ഇതിനൊപ്പം രാജ്യമെമ്പാടും ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 100 വീതം സൗജന്യ എസ്എംഎസ് എന്നിവയും 98 ദിവസത്തേക്കുള്ള റീച്ചാര്‍ജില്‍ ലഭ്യമാണ്.
ജിയോ ക്ലൗഡ്, ജിയോ സിനിമയുടെ അടിസ്ഥാന പ്ലാന്‍, ജിയോ ടിവി എന്നിവയുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും 98 ദിവസ കാലയളവില്‍ 999 രൂപ റീച്ചാര്‍ജില്‍ ലഭിക്കും.
ഇതിന് പുറമെ 28 ദിവസത്തെ വാലിഡിറ്റിയുള്ള 175 രൂപയുടെ റീച്ചാര്‍ജ് ഓഫറും ജിയോയുടെ പ്രധാന ആകർഷണമാണ്. 10 ജിബി ഹൈ-സ്‌പീഡ് ഡാറ്റയും സോണി ലിവ്, ജിയോ പ്രീമിയം തുടങ്ങി 11 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്‌ക്രിപ്ഷനും ഈ റീച്ചാര്‍ജില്‍ ലഭിക്കും. എന്നാല്‍ ഈ പ്ലാനില്‍ കോള്‍ ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കില്ല. മൈജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ്, അംഗീകൃത റീടെയ്‌ലര്‍മാര്‍ എന്നിവ മുഖേന റീച്ചാര്‍ജ് ചെയ്യാം. രാജ്യവ്യാപകമായി സൗജന്യ റോമിംഗും ജിയോ നല്‍കുന്നു.