ഗുവാഹത്തി; റമേൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയവും മണ്ണിടിച്ചിലും അസമിലെ 11 ജില്ലയിലായി 3.5 ലക്ഷം ജനങ്ങളെ ബാധിച്ചതായി അധികൃതർ അറിയിച്ചു. മുപ്പതിനായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. റോഡ്, റെയിൽവേ ഗതാഗതത്തിൽ തടസ്സം തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ചുഴലിക്കാറ്റില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരണം 40 കടന്നു. ആകെ രണ്ടു ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസക്യാമ്പിലാണ്.
മിസോറം മണ്ണിടിച്ചിലിൽ മരണം 29 ആയി ഐസ്വാൾ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മിസോറമിൽ മരിച്ചവരുടെ എണ്ണം 29 ആയി. ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ കാണാതായ അഞ്ചു പേർക്കായി തിരച്ചിൽ തുടരുന്നു. മരിച്ചവരിൽ 21 പേർ പ്രദേശവാസികളാണ്. ബാക്കിയുള്ളവർ ജാർഖണ്ഡിൽനിന്നും അസമിൽനിന്നുമുള്ള അതിഥിത്തൊഴിലാളികളും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ലാൽദുഹോമ അറിയിച്ചു.