2000 ആണ്ട് പതിവുപോലെ മോന് ക്രിസ്മസ് അവധി തുടങ്ങിയപ്പോൾ തിരുവനന്തപുരത്ത് താമസിച്ചിരുന്ന എന്നെയും മോനെയും എൻ്റെ അച്ഛൻ രാവിലെ തന്നെ അവധിക്കാലം ആഘോഷിക്കാൻ ആലപ്പുഴയിലേക്കുള്ള ട്രെയിൻ കയറ്റി വിട്ടു. ഹസ്ബൻഡ് ജോസി അന്ന് ബഹറിനിൽ ആണ് ജോലി ചെയ്യുന്നത്. ഓണം, ക്രിസ്തുമസ്,മധ്യ വേനലവധി…. ഒക്കെ ആലപ്പുഴയിൽ ആയിരിക്കും ഞങ്ങൾ.
തത്തംപള്ളിയിൽ എത്തി, അങ്ങനെ എല്ലാവരും പള്ളിയിൽ പോക്കും ക്രിസ്മസ് ആഘോഷങ്ങളും, അതിഥികളെ സ്വീകരിക്കലും ബന്ധു വീടുകൾ സന്ദർശനവും പൊടിപൊടിക്കുന്നു. അതിനിടയിലാണ് തീയേറ്ററിൽ പോയി നമുക്ക് സിനിമ കാണേണ്ടേ എന്ന് ഒരു അഭിപ്രായം വരുന്നത്. കടുത്ത ലാലേട്ടൻ ഫാൻ ആയ എൻറെ മോൻ അപ്പോൾതന്നെ സിബി അങ്കിളിൻറെ ‘ദേവദൂതന്’ പോകാം എന്നൊരു ആശയം മുന്നോട്ടു വച്ചു. ആലപ്പുഴ വീരയ്യ തിയേറ്റർ ഉടമ ഡാഡിയുടെ പരിചയക്കാരൻ ആയതുകൊണ്ട് അപ്പോൾതന്നെ മാറ്റിനിക്ക് എല്ലാവർക്കുമുള്ള ടിക്കറ്റ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു ഡാഡി.എല്ലാവരും കൃത്യസമയത്ത് തിയേറ്ററിലെത്തി ടിക്കറ്റും കരസ്ഥമാക്കി തീയേറ്ററിന് അകത്തു കയറി. റിലീസ് ചെയ്തിട്ട് ആദ്യദിവസത്തെ ഷോ മറ്റോ ആണെന്ന് തോന്നുന്നു ഭയങ്കര തിരക്ക്. ഇൻറർവെല്ലിന് കഴിക്കാനുള്ള പോപ്കോണും നട്സും കുടിക്കാനുള്ള ഫ്രൂട്ടിയുമൊക്കെ ഡാഡി അപ്പോൾ തന്നെ വാങ്ങിച്ചു. തീയേറ്റർ ഫുള്ളാണ്. സിനിമ തുടങ്ങി രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഒന്നുരണ്ടുപേർ ഞങ്ങൾ ഇരിക്കുന്നവരുടെ അടുത്ത് വന്ന് നിന്ന് സിനിമ കാണാൻ തുടങ്ങി. നമുക്ക് ഉപദ്രവം ഒന്നുമില്ല. എന്നാലും നമുക്കൊരു അസൗകര്യം പോലെ.
ഇവർ ഞങ്ങളുടെ തൊട്ടടുത്ത് നിൽക്കുന്നു. ഞങ്ങൾ ഇരിക്കുന്നു. “ഇവിടെ നിങ്ങൾ ഇങ്ങനെ നിൽക്കാൻ പറ്റില്ല ഞങ്ങൾക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു. “ ഞാൻ.ഒരു സ്ത്രീ ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ട് ഇഷ്ടപ്പെടാത്തത് കൊണ്ട് ഞങ്ങൾ ഇവിടെ നിന്നാൽ നിങ്ങൾക്ക് എന്താണ് എന്നൊരു മറുചോദ്യം. ഉടനെ ഞാൻ പറഞ്ഞു എന്നാ പിന്നെ നിങ്ങൾ സ്ക്രീനിൽ കയറിയിരുന്ന് അഭിനയിക്ക് ഞങ്ങൾ ഇവിടെ ഇരുന്ന് കാണാം എന്ന്. പെട്ടെന്ന് തർക്കം അവസാനിപ്പിക്കാൻ ഡാഡിയുടെ ഓർഡർ വന്നു. കശപിശ കേട്ട് അവർക്ക് കുറച്ചു ദൂരെ മാറി കസേരകൾ ഇട്ടുകൊടുത്തു തിയേറ്റർ ജീവനക്കാർ. പ്രശ്നം അവിടെ അവസാനിച്ചു.
എനിക്ക് സിനിമ വളരെ ഇഷ്ടപ്പെട്ടു. കാരണം നല്ല പാട്ടും ഇന്നുവരെ കാണാത്ത രീതിയിലുള്ള ഒരു സിനിമയായിരുന്നു അത്. കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമ എന്ന് പറയാം ദേവദൂതൻ. പൊതുജനത്തിനു ദേവദൂതൻറെ ഇതിവൃത്തം ദഹിക്കുന്നില്ല എന്നുള്ളതിന്റെ നേരിയ സൂചനകൾ ആ ഷോയിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. നിഖിൽ മഹേശ്വരന്റെ കൈവിരലുകൾ ആൽബർട്ടോ(മുരളി) വാള് വെച്ച് വെട്ടി അതിലൂടെ വിശിഷ്ട സംഗീത ഉപകരണത്തിൽ വീണ പാടിൽ നിന്നും അരനൂറ്റാണ്ട് പഴക്കമുള്ള കഥാനായകന്‍റെ ചോരയുടെ വാസന ലാലേട്ടന് കിട്ടി എന്ന് പറയുന്ന സീൻ ജനം സ്വീകരിച്ചത് കൂവലോ ടെയായിരുന്നു.
ഏതായാലും സിനിമ കഴിഞ്ഞു. ഞങ്ങൾക്കെല്ലാവർക്കും സിനിമ നന്നായി ഇഷ്ടപ്പെട്ടു. പ്രേതത്തിന്‍റെ സിനിമ ആയതുകൊണ്ട് തന്നെ എല്ലാവർക്കും വീട്ടിൽ തിരികെയെത്തിയിട്ട് ഒറ്റയ്ക്ക് വാഷ് റൂമിൽ പോകാൻ പേടിയായിരുന്നു. 🥰 ഓരോരുത്തരും വാഷ് റൂമിൽ പോകുമ്പോൾ മറ്റൊരാൾ പുറത്തു കൂട്ടു നിന്നു. 😜 പിന്നെ കുടുംബ പ്രാർത്ഥനയോടെ എല്ലാവരുടെയും ഭയം നീങ്ങി.
ഞങ്ങൾ തിയേറ്ററിൽ പോയിരുന്ന സമയത്ത് എന്നെ അന്വേഷിച്ച് എത്തി എന്നറിഞ്ഞ കൂട്ടുകാരിയെ കാണാൻ പിറ്റേ ദിവസം ഞാൻ അങ്ങോട്ട് പോയി. കൂട്ടുകാരിയുടെ ഭർത്താവ് ചെന്നപാടെ എങ്ങനെയുണ്ട് സിബിയുടെ “ദേവദൂതൻ”? നല്ലതാണോ എന്ന് ചോദിച്ചു. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പക്ഷേ നിങ്ങൾ ആലപ്പുഴക്കാർക്ക് വലിയ വിവരം ഇല്ലാത്തതുകൊണ്ട് പടം ഓടാൻ ചാൻസ് കുറവാണ് എന്ന് കളിയാക്കി പറഞ്ഞു ഞാൻ.പക്ഷെ ക്രിസ്മസ് അവധി കഴിഞ്ഞ് തിരുവനന്തപുരം തിരിച്ചെത്തിയപ്പോഴേക്കും പടം തിരുവനന്തപുരം ശ്രീകുമാർ തീയേറ്ററിൽ നിന്ന് പോയിരുന്നു. എന്തേ ആ സിനിമ ഓടാതെ പോയതെന്ന് ഞാൻ വീണ്ടും വീണ്ടും അന്ന് ആലോചിച്ചിരുന്നു. പിന്നെ മനുഷ്യർക്കെന്നപോലെ തന്നെ ഓരോ സിനിമയ്ക്കും ഓരോ തലയിലെഴുത്ത് ഉണ്ടല്ലോ എന്ന് ഓർത്തു. സിനിമയുമായി ബന്ധപ്പെട്ടവർ പലരും എൻറെ കുടുംബത്തിൽ തന്നെ ഉള്ളതുകൊണ്ട് അവർ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. വിജയിക്കുന്നത് ഏത് പരാജയപ്പെടുന്നത് ഏത് എന്ന് കരുതി സിനിമ എടുക്കാൻ പറ്റില്ല എന്ന്. ഓരോന്നിനും ഓരോ വിധിയുണ്ട് അത് നടപ്പിലാകും. ഇന്ന് 24 വർഷങ്ങൾക്കു ശേഷം വീണ്ടും തിയേറ്ററിൽ ‘ദേവദൂതൻ’ റിലീസായി എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നുന്നു. അത് പുതുതലമുറ ഏറ്റെടുത്ത് വിജയിപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ എനിക്ക് “നാടോടിക്കാറ്റിലെ” ദാസന്‍റെയും വിജയന്റെയും ആ നർമ്മ മനോഹരമായ ഡയലോഗ് ആണ് ഓർമ്മ വന്നത്. “എല്ലാത്തിനും അതിൻറെതായ ഒരു സമയമുണ്ട് ദാസാ 😀🥰😜😀….”
അങ്ങനെ ദേവദൂതൻ ഭാഗ്യദൂതൻ ആയി