വൃശ്ചിക കാറ്റ് വീശി തുടങ്ങുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക, പുത്തൻ പള്ളി പെരുന്നാൾ ആണ്. തൃശൂരിൽ ആദ്യം തിരുന്നാളിന് തുടക്കം കുറിക്കുക മർത്ത മറിയം വലിയ പള്ളിയിലെ കുരിശുപള്ളിയിലെ പെരുന്നാളാണ്. അതിനുശേഷം കൊരട്ടി മുത്തിടെ പെരുന്നാൾ, ഒല്ലൂർ മാലാഖയുടെ പെരുന്നാൾ, വലിയ പള്ളിയിലെ പെരുന്നാൾ അതിനുശേഷം എൻ്റെ ഇടവക വ്യാകുല മാതാവിൻ പുത്തൻപള്ളിയിലെ പെരുന്നാൾ അവസാനം ലൂർദ് പള്ളി പെരുന്നാൾ.
പെരുന്നാളിന് ആഴ്ചകൾക്കു മുമ്പ് വീടുകളിൽ പെരുന്നാൾ പലഹാരത്തിന്റെ പണികൾ തുടങ്ങും. ആ കാലത്ത് പലഹാരം ഉണ്ടാക്കാൻ പേരുകേട്ട റോതമ്മ, മാതിരി, കത്രീന എന്നീ ചേടത്തിമാർക്ക് വലിയ ഡിമാൻഡ് ആണ്. അച്ചപ്പം, കുഴലപ്പം, ഉണ്ണിയപ്പം എന്നിവയാണ് ഉണ്ടാക്കുക. പലഹാരം ഉണ്ടാക്കാൻ സഹായിയായി ഉള്ളവര് അതിനായിട്ടുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങും. പലഹാരം ഉണ്ടാക്കൽ ഉച്ചയോടെ ആരംഭിച്ചാൽ പിറ്റേന്ന് ഉച്ചയോടു കൂടിയാണ് അതിന്റെ പണികൾ അവസാനിയ്ക്കുക. രാത്രി ഉറങ്ങാതെ തീയിന്റെ ചൂടുമായി പലഹാരപ്പണി കഴിയുമ്പോഴേക്കും ചേടത്തിമാർ വല്ലാത്ത ഒരു അവസ്ഥയിൽ ആയിത്തീരും. ഒരു ദിവസം രാത്രി ഉറങ്ങി പിറ്റേന്ന് വേറൊരു വീട്ടിൽ പലഹാരപ്പണി തുടങ്ങും. പെരുന്നാൾ കാലത്ത് മാത്രം കിട്ടുന്ന ഈ അവസരം വേണ്ടവിധം പ്രയോജനപ്പെടുത്തി സമ്പാദ്യം ഉണ്ടാക്കുക എന്ന് മാത്രമാണ് ആപ്പോഴത്തെ ലക്ഷ്യം. എല്ലാ വീടുകളിലും പലഹാര പണി തകൃതിയായി നടന്നിരുന്നതുകൊണ്ട് വെളിച്ചെണ്ണയിൽ കിടന്ന് പലഹാരങ്ങൾ മൂപ്പിക്കുമ്പോഴുള്ള മണം അന്തരീക്ഷത്തിൽ പരന്നുകിടന്നിരുന്നു.
പുത്തൻപള്ളിയിലെ പെരുന്നാൾ കഴിഞ്ഞ് പിറ്റേദിവസം മുതൽ ക്രിസ്തുമസ്സിന് മുന്നോടിയായിട്ടുള്ള 25 ദിവസ നോയമ്പ് ആരംഭിക്കും. അതുകൊണ്ട് നോയമ്പ് കാലത്ത് ആഘോഷിക്കുന്ന ലൂർദ് പള്ളി പെരുന്നാളിന് കൂർക്ക പെരുന്നാൾ എന്നാണ് വിശേഷിപ്പിക്കുക. ഇറച്ചിയില്ലാതെ കൂർക്കയിൽ മസാലകൾ ചേർത്ത് ആശ അടക്കിയിരുന്ന ഒരു ഇടവക ജനമുണ്ടായിരുന്നു. പെരുന്നാളിന് വീടുകളിൽ ഒത്തുകൂടിയ ബന്ധുക്കളെ വേണ്ടവിധം സൽക്കരിക്കാൻ കഴിയാതിരുന്ന ആ ഇടവകകാർ അതിലുള്ള അമർഷം ഉള്ളിലൊതുക്കി കഴിഞ്ഞുപോന്നു.
സത്യത്തിൽ ലൂർദ് പള്ളി ഇടവക ജനത്തിന് ഈ കാര്യത്തിൽ എതിർപ്പും സങ്കടവും ഉണ്ടായിരുന്നു. സത്യ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം നോയമ്പ് കാലം അതിന്റെ വിശുദ്ധിയോടെ ആചരിച്ചിരുന്നു. എന്നാൽ ഇടവക ജനത്തിൽ കൂടുതൽ പേരും പെരുന്നാൾ ആഘോഷം എന്നാൽ മാംസവും, മീനും ഇല്ലാതെ എന്ത് ആഘോഷം എന്ന് ചിന്തിക്കുന്നവരായിരുന്നു. ഏതായാലും അവരുടെ നിരന്തരമായ ആവശ്യം അംഗീകരിച്ച് എല്ലാ തിരുനാളികൾക്കും മുമ്പ്, നോയമ്പിന് വളരെ മുമ്പ് ലൂർദ് പള്ളി പെരുന്നാൾ ഇപ്പോൾ ആഘോഷിക്കുന്നു.
എന്റെ ചെറുപ്പകാലത്ത് ഞങ്ങളുടെ വീട് പുത്തൻപള്ളിയുടെ മുന്നിൽ ആയിരുന്നുവല്ലോ. അതുകൊണ്ട് പെരുന്നാളിന് മുന്നോടിയായിട്ടുള്ള എല്ലാ ചടങ്ങുകളും കാണാൻ ഭാഗ്യമുണ്ടായി. പെരുന്നാളിന് കൊടി ഉയർത്തുന്നതോടെ ആഘോഷങ്ങൾ ആരംഭിക്കും. അതോടൊപ്പം വെടിമരുന്നായി കത്തിച്ചിരുന്നത് കതിന ആയിരുന്നു. ആ കാലത്ത് പുത്തൻപള്ളിയിൽ അച്ചന്മാർക്ക് സഞ്ചരിക്കാൻ ഒരു റിക്ഷ വണ്ടി ഉണ്ടായിരുന്നു. ആ വണ്ടി വലിച്ചിരുന്നത് മത്തായി ചേട്ടൻ എന്ന ഒരു ആളായിരുന്നു. റിക്ഷാവണ്ടി വലിക്കുന്ന ജോലിയോടൊപ്പം, മത്തായി ചേട്ടൻ പള്ളിയിലെ കതിന കുറ്റികളിൽ വെടിമരുന്ന് നിറയ്ക്കുകയും അത് കത്തിക്കുകയും ചെയ്തിരുന്നു.
ശനി ഞായർ തിങ്കൾ അങ്ങിനെ മൂന്നു ദിവസങ്ങളായിട്ടാണ് അന്ന് പെരുന്നാൾ ആഘോഷിക്കുക. രണ്ട് മണിമാളികയിലും സീറോ ബൾബുകളുടെ മൂന്നുമാലകൾ വീതം തൂക്കിയിടും. നടുവിലെ കുരിശിന്റെ താഴേന്ന് തുടങ്ങി വെള്ള ചൈനാ പേപ്പറിന്റെ അരങ്ങുകൾ മതിലിൽ കെട്ടി ഇടും. ശനിയാഴ്ച്ച വൈകിട്ട് പള്ളിപറമ്പിൽ രൂപ കൂടുകളുമായി നടത്തുന്ന പ്രദക്ഷിണത്തിനു മുമ്പായി ബൾബുകൾ കത്തിക്കും. രൂപ കൂടുകൾ പള്ളിയുടെ മോഡകത്തിന്റെ ഇടതുഭാഗത്ത് പ്രതിഷ്ഠിക്കുന്നതോടെ രൂപങ്ങൾ വണങ്ങുന്നതിനും , നേർച്ച ഇടുന്നതിനും, വിശ്വാസികളുടെ ഒഴുക്ക് തുടങ്ങും. നേർച്ചയായി പൊരി, ഉണ്ണിയപ്പത്തിന്റെ കഷ്ണം, എന്നിവയാണ് ലഭിക്കുക. വയസ്സായിട്ടൊ, മറ്റു കാരണങ്ങളാലൊ പെരുന്നാളിന് പള്ളിയിൽ വരാൻ കഴിയാതെ വീട്ടിൽ കഴിഞ്ഞു കൂടുന്നവർക്ക് കിട്ടുന്നതിന്റെ വീതം കൊടുത്ത് അവരുടെ അനുഗ്രഹം വാങ്ങുക എന്നത് കുട്ടികൾക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. അന്നത്തെ കാലത്ത് ഈ അലങ്കാരം കാണാൻ പള്ളിപ്പറമ്പ് നിറച്ച് ആളുകൾ ഉണ്ടാകും. കാലത്തിനനുസരിച്ച് അലങ്കാരത്തിന് സാധാരണ ഇട്ടിരുന്ന സീറോ ബൾബിന് പകരം പല വർണ്ണത്തിനുള്ള മാല ബൾബുകൾ ഇട്ടു തുടങ്ങി.
രാത്രി 7 മണിയോടെ പള്ളിപ്പറമ്പിന്റെ പുറത്ത് മതിലിനോട് ചേർന്ന് നിന്ന് കൊമ്പ്, ചെണ്ട, ഇലത്താളവുമായി 20 പേരോളം രണ്ട് വരിയായി നിരന്നു നിന്ന് മേളം ആരംഭിക്കും. ആ മേളക്കാർക്ക് പള്ളിപ്പറമ്പിനകത്ത് പ്രവേശനം ഉണ്ടായിരുന്നില്ല. കാലത്തിനനുസച്ച് അലങ്കാരങ്ങളിലും മറ്റും മാറ്റം വന്നെങ്കിലും പെരുന്നാളിന്റെ ചടങ്ങുകൾ അതേപോലെ തുടരുന്നു. പെരുന്നാൾ കഴിഞ്ഞാലും കെട്ടിയ അരങ്ങുകൾ കുറെ ദിവസത്തേക്ക് അവിടെത്തന്നെ കാണും.
വൃശ്ചിക കാറ്റ് വീശിയാൽ അരങ്ങിൽ തട്ടി ഉണ്ടായിരുന്ന ആ പ്രത്യേക ശബ്ദത്തിന് അതിന്റെതായ താളവും ഉണ്ടായിരുന്നു. . പള്ളിപ്പെരുന്നാളിന്റെ ഓർമ്മ പങ്കിടുമ്പോൾ പെരുന്നാളിന്റെ പിറ്റേന്ന് തിങ്കളാഴ്ച്ച പള്ളിയിൽ നേർച്ച ഇടാൻ എന്ന് പറഞ്ഞ് കുട്ടികൾക്ക് വീട്ടിലെ മുതിർന്നവർ എല്ലാവരും സന്തോഷപൂർവം കൊടുത്തിരുന്ന കാശിന്റെ കാര്യം എങ്ങിനെ പറയാതിരിക്കും. കിട്ടിയ നാണയത്തുട്ടുകളിൽ ഏറ്റവും ചെറിയ നാണയം നേർച്ചയിട്ട് ബാക്കിയുള്ള കാശുമായി പള്ളിപ്പറമ്പിന്റെ പുറത്ത് മതിലിനോട് ചേർന്നിരിക്കുന്ന കച്ചവടക്കാരുടെ അരികിലേക്ക് ഒരു ഓട്ടം ഉണ്ട് . അവിടെനിന്ന് കളി കോപ്പുകളും , പെൺകുട്ടികളാണെങ്കിൽ വള, റിബൺ മുതലായവയും വാങ്ങും. അതുപോലെ പൊരി, ഈന്തപ്പഴം, കരിമ്പ് എന്നിവ വിൽപ്പന നടത്തുന്ന കച്ചവടക്കാരും ഉണ്ടായിരുന്നു.
തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന, ഏഷ്യയിലെ ഏറ്റവും വലിയ പള്ളി എന്ന് വിശേഷിപ്പിക്കുന്ന, പള്ളി കണക്കുകൾ അനുസരിച്ച് പള്ളിയുട
കീഴിൽ ധാരാളം വിശ്വാസികൾ ഉണ്ടായിരുന്ന, വരുമാനത്തിന്റെ കാര്യത്തിൽ ഉയർന്ന വരുമാനമുണ്ടായിരുന്ന പരിശുദ്ധ വ്യാകുല മാതാവിന്റെ പുത്തൻപള്ളി, ലൂർദ്ദ് ഫൊറോന പള്ളിയുടെ കീഴിലുള്ള ഒരു കുരിശുപള്ളി മാത്രമായിരുന്നു. പള്ളിയുടെ ദൈനം ദിന ചിലവുകൾക്ക്, പള്ളി അകം കുമ്മായം അടിക്കാൻ പോലും ലൂർദ്ദ് ഫൊറോന പള്ളിയുടെ അനുവാദത്തിന് കാത്തിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു.
യുവാക്കളും,മുതിർന്നവരുമായ വിശ്വാസികൾ പുത്തൻപള്ളി ഒരു ഇടവക പള്ളിയായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉയർത്തെഴുന്നേറ്റു. അതിന്റെ ആദ്യപടിയായി പാരീഷ് ബുള്ളറ്റ് എന്ന ഒരു മാസിക തന്നെ പുറത്തിറക്കി. ഞങ്ങൾ ആദ്യമായി പുറത്തിറക്കിയ പാരീഷ് ബുള്ളറ്റിനെ മാതൃക ആക്കിയിട്ടാണ് പിന്നീട് പല ഇടവക പള്ളികളും പാരീഷ് ബുള്ളറ്റ് മാസിക ആരംഭിച്ചത്. പുത്തൻ പള്ളി പെരുന്നാൾ കഴിഞ്ഞ് രണ്ടാം ദിവസം നേർച്ച പണമായി കിട്ടിയ കാശ് എണ്ണി തിട്ടപ്പെടുത്തി കൊണ്ടുപോകുന്നതിന് കാറിൽ കയറിയ ലൂർദ്ദ് ഫൊറോന പള്ളി വികാരിയുടെ കാർ തടഞ്ഞ്, പള്ളി അകത്ത് കുമ്മായം അടിക്കുന്നതിനു പണം തന്നിട്ട് പോയാൽ മതി എന്ന് പറയുന്നിടം വരെ എത്തി എതിർപ്പിന്റെ തീവ്രത. അന്ന് നേർച്ച പണം കൊണ്ടുപോകാൻ വന്ന ഫൊറോന പള്ളി വികാരി , അതിനുമുമ്പ് വർഷങ്ങളോളം കുരിശ് പള്ളി ആയ പുത്തൻ പള്ളിയിൽ വികാരിയായിരുന്നു. ഈ പള്ളിയിലെ ഓരോ വിശ്വാസിയേയും പേരെടുത്ത് വിളിക്കാനുള്ള പരിചയവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ കാലത്ത് ഫൊറോന പള്ളിയുടെ അവഗണന വേണ്ടുവോളം അനുഭവിച്ച ആളാണ് അദ്ദേഹം. ഇവിടെ നിന്നാണ് ഫൊറോന പള്ളി വികാരിയായി സ്ഥലം മാറിപ്പോയത്. സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ വന്ന വഴി മറന്നു എന്നുവേണം കാണാൻ.
വിശ്വാസികളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് പുത്തൻപള്ളി ഒരു ഇടവക പള്ളിയായി പ്രഖ്യാപിച്ചു. ഇന്ന് നിത്യ ആരാധനയുള്ള ബസിലിക്ക ആകുന്നതിനു വളരെ കാലം മുൻപ് പുത്തൻ പള്ളിയ്ക്ക് ഇങ്ങനെയൊരു ചരിത്രംകൂടിയുണ്ട്. നീതിക്കുവേണ്ടി, പുത്തൻ പള്ളിയെ സ്നേഹിക്കുന്ന വിശ്വാസികളുടെ കൂടെ, അണിനിരന്ന്, ഇടവക എന്ന സ്വപ്നം, യജ്ഞങ്ങളിൽ ഞാനും ഉണ്ടായിരുന്നു എന്നതിൽ അഭിമാനിക്കുന്നു.