സ്നേഹ സന്ദേശം
💚💚💚💚💚💚
“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
“വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം”
– വിശുദ്ധ ബൈബിൾ
യേശുദേവൻ തൻ്റെ ശിഷ്യന്മാരോടായി പറഞ്ഞ വാക്കുകളാണിത്.
വാങ്ങുന്നതിലും ഭാഗ്യം മറ്റുള്ളവർക്കായ് കൊടുക്കുന്നതാകുന്നു..
നമ്മുടെ കൈവശം എന്താണ് നൽകാൻ ഉള്ളത് എന്നതിനെക്കാൾ ഉള്ളതിൽ നിന്നും എന്ത് മറ്റുള്ളവർക്കായി നൽകാനുള്ള മനസ്സുണ്ടോ എന്നതാണ് പ്രധാനം.
ഈ വാക്കുകൾ ഓർമ്മിപ്പിക്കുന്ന രംഗം യേശുദേവൻ മറ്റൊരു സാഹചര്യത്തിൽ കാണിച്ചു തരുന്നുമുണ്ട്.
യേശു ദേവാലയത്തിനുള്ളിൽ ആയിരിക്കുന്ന സമയം. സംഭാവനപ്പെട്ടികൾ വെച്ചിരിക്കുന്ന ഇടത്തേക്കു നീങ്ങുന്നു. ആ പെട്ടിയുടെ മുകളിലുള്ള ചെറിയ ദ്വാരത്തിലൂടെ ആളുകൾ വഴിപാട് ഇടുന്നു. പലരും അതിൽ സംഭാവന ഇടുന്നത് യേശു കാണുന്നു. സമ്പന്നരായവർ ധാരാളം നാണയങ്ങൾ ഇടുന്നുണ്ടായിരുന്നു. ഇതിനിടെ ദരിദ്രയായ ഒരു വിധവ വന്ന് “തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ” ഇട്ടു.
യേശു ശിഷ്യന്മാരെ അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: സംഭാവനപ്പെട്ടികളിൽ മറ്റെല്ലാവരും ഇട്ടതിനെക്കാൾ കൂടുതലാണു ദരിദ്രയായ ഈ വിധവ ഇട്ടത്.” “അവരെല്ലാം ഇട്ടത് അവരുടെ സമൃദ്ധിയിൽനിന്നാണ്. പക്ഷേ ഈ വിധവ ഇല്ലായ്മയിൽനിന്ന് തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, ഇട്ടു.”
എത്രയുണ്ട് എന്നതല്ല.. ഉള്ളതിൽ നിന്നും കൊടുക്കുവാനുള്ള മനസ്സുണ്ടോ എന്നത് തന്നെയാണ് യേശു സൂചിപ്പിക്കുന്നത് ..
ഒരിക്കൽ കൽക്കട്ടയുടെ തെരുവിലൂടെ അഗതികളുടെ മാതാവായ മദർ തെരേസ നടന്നു പോകുമ്പോൾ ഒരു യാചകൻ അമ്മയെ സമീപിച്ചു..
കൈയിൽ കരുതിയ 29 പൈസ അമ്മയ്ക്ക് നൽകി കൊണ്ട് “ഇത് സ്വീകരിച്ചാലും” എന്ന് പറഞ്ഞു. ഇത് വാങ്ങിയാൽ ആ യാചകൻ പട്ടിണിയാവും എന്നോർത്ത് മദർ തെരേസ ദു:ഖിതയായി..
തനിക്കുള്ളതിൽ നിന്നും ആശ്രയമില്ലാത്തവർക്ക് നൽകാനുള്ള മനസ്സ് കണ്ടു… അമ്മയുടെ കണ്ണുകൾ നിറഞ്ഞു..
നമുക്കും ഒരുപാടൊന്നും ആരെയും സഹായിക്കാൻ ആയെന്നു വരില്ല..
എങ്കിലും ഉള്ളതിൽ നിന്നും ഒരു ചില്ലിക്കാശെങ്കിലും നൽകാനായാൽ അതും ദൈവസന്നിധിയിൽ ഏറെ വിലമതിക്കപ്പെടും..
അതൊരു സാന്ത്വന വാക്കോ ഒരു കുഞ്ഞു പ്രവൃത്തിയോ ആണെങ്കിൽ പോലും…
ഏവർക്കും നല്ല ഒരു ദിനം
ആശംസിക്കുന്നു🙏