Monday, January 6, 2025
Homeഅമേരിക്ക'ഓര്‍മ്മ' ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 2 രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു; ഗ്രാന്‍ഡ് ഫിനാലെ ജൂലൈ...

‘ഓര്‍മ്മ’ ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ 2 രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു; ഗ്രാന്‍ഡ് ഫിനാലെ ജൂലൈ 13ന് പാലായില്‍

ഫിലഡല്‍ഫിയ/പാലാ: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ ടുവിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയായി. സെക്കന്റ് റൗണ്ടില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലായി മികച്ച പ്രകടനം കാഴ്ച വെച്ച ഇരുന്നൂറ് മത്സരാര്‍ത്ഥികളില്‍ നിന്നും 60 പേരെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. മലയാളം-ജൂനിയര്‍-സീനിയര്‍, ഇംഗ്ലീഷ്-ജൂനിയര്‍-സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗത്തില്‍ നിന്നും 15 പേരെ വീതമാണ് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

വാക്കുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത മത്സരാര്‍ത്ഥികളില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കുകയെന്നത് ജഡ്ജസിനെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായിരുന്നു.
2024 മാര്‍ച്ച് 20 മുതല്‍ മെയ് 15 വരെയാണ് രണ്ടാംഘട്ട പ്രസംഗ മത്സരം നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1468 വിദ്യാര്‍ത്ഥികളാണ് സീസണ്‍ 2വില്‍ പങ്കെടുത്തത്. സീസണ്‍ വണ്‍ സൃഷ്ടിച്ച ആവേശ തരംഗമാണ് സീസണ്‍ 2വിലേക്കുള്ള മത്സരാര്‍ത്ഥികളുടെ കുത്തൊഴുക്കിനു കാരണമായത്. ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളും സീനിയര്‍ വിഭാഗത്തില്‍ ഡിഗ്രി അവസാനവര്‍ഷം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുമാണ് പങ്കെടുത്തത്.

രണ്ടാം റൗണ്ട് മത്സരത്തിനായി തയ്യാറെടുക്കുന്നതിന് മുന്‍പ് മത്സരാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി പബ്ലിക് സ്പീക്കിംഗ് പരിശീലനവും സംഘാടക സമിതി ഒരുക്കി നല്‍കിയിരുന്നു. സിനര്‍ജി എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സിയില്‍ നിന്നുള്ള ബെന്നി കുര്യന്‍, സോയ് തോമസ് എന്നിവരായിരുന്നു ട്രെയിനേര്‍സ്. ജോര്‍ജ് കരുനാക്കല്‍, ടോമി ചെറിയാന്‍ എന്നിവര്‍ മെന്റേര്‍സും. ഫൈനല്‍ റൗണ്ടിന് മുന്നോടിയായി ഒരിക്കല്‍ കൂടി മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിംഗില്‍ പ്രത്യേക പരിശീലനം നല്‍കും. ജൂലൈ 12ന് പാലായില്‍ വെച്ചായിരിക്കും ഈ പരിശീലനം നടത്തുക. പരിശീലനത്തിനായി എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു ദിവസത്തെ താമസ സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. യാതൊരു വിധ രജിസ്ട്രേഷന്‍ ഫീസും ഈടാക്കാതെയാണ് ഓര്‍മ്മ ടാലന്റ് പ്രൊമോഷന്‍ ഫോറം ഇവയെല്ലാം സംഘടിപ്പിച്ചിരിക്കുന്നത്.

ജൂലൈ 12, 13 തീയതികളില്‍ പാലായില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. ജൂലൈ 12, വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെ മത്സരാര്‍ത്ഥികള്‍ക്കുള്ള ട്രെയിനിംഗും മത്സരത്തിന്റെ ആദ്യ ഭാഗങ്ങളും നടക്കും. 13, ശനിയാഴ്ച രാവിലെ മുതല്‍ ഫൈനല്‍ റൗണ്ട് പ്രസംഗ മത്സരവും ഉച്ചയ്ക്കു ശേഷം അവാര്‍ഡ് ദാനവും നടക്കും. 13ന് മെന്റലിസ്റ്റ് നിപിന്‍ നിരവത്ത് പരിപാടിയില്‍ പങ്കെടുക്കും. നിപിന്റെ സ്‌പെഷ്യല്‍ മെന്റലിസം ഷോയും ഫിനാലേയില്‍ കാണികള്‍ക്കായ് അരങ്ങേറും. ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസംഗ മത്സരത്തിന്റെ സീസണ്‍ 1 ല്‍ മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കിയതെങ്കില്‍ സീസണ്‍ 2 വില്‍ പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ ജൂനിയര്‍ വിഭാഗത്തെ കൂടി പങ്കെടുപ്പിച്ചുവെന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.

ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ ‘ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2024’ പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവുമാണ് സമ്മാനമായി ലഭിക്കുക. സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും യഥാക്രമം നല്‍കും.

ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്സ്, കരിയര്‍ ഹൈറ്റ്സ് എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ സീസണ്‍ 2 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിച്ചത്.

മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ മുരളി തുമ്മാരുകുടി, ഡിആര്‍ഡിഒ-എയ്റോ സിസ്റ്റംസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അര്‍ക്കാഡിയ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അജയ് നായര്‍, കേന്ദ്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സ്ലര്‍ ഡോ. ജാന്‍സി ജെയിംസ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സ്ലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, മുന്‍ ഡി ജി പി ഡോ. ബി. സന്ധ്യ, ചലച്ചിത്ര സം വിധായകന്‍ ലാല്‍ ജോസ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി. എസ് പ്രദീപ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സര സമിതീ അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍.

അമേരിക്കയില്‍ അദ്ധ്യാപകനും മോട്ടിവേറ്റര്‍ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയര്‍മാനായുള്ള ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറമാണ് പ്രസംഗ മത്സരത്തിന് നേതൃത്വം നല്‍കുന്നത്. ജോര്‍ജ് നടവയല്‍ (ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍), ഷാജി അഗസ്റ്റിന്‍ (ജനറല്‍ സെക്രട്ടറി), റോഷിന്‍ പ്‌ളാമൂട്ടില്‍ (ട്രഷറര്‍), വിന്‍സെന്റ് ഇമ്മാനുവേല്‍ (പബ്ലിക് ആന്‍ഡ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് ചെയര്‍), കുര്യാക്കോസ് മണിവയലില്‍ (ഓര്‍മ കേരള ചാപ്റ്റര്‍ പ്രസിഡന്റ്) എന്നീ ഓര്‍മ രാജ്യാന്തര ഭാരവാഹികളും ടീമിലുണ്ട്.

അറ്റോണി ജോസഫ് കുന്നേല്‍ (കോട്ട് ലോ, ഫിലാഡല്‍ഫിയ), അലക്സ് കുരുവിള (മാനേജിംഗ് ഡയറക്ടര്‍, കാര്‍നെറ്റ് ബുക്സ്), ഡോ. ആനന്ദ് ഹരിദാസ് എം.ഡി , എം എം ഐ , എഫ് എ സി സി (സ്പെഷ്യലിസ്റ്റ് ഇന്‍ ക്ലിനിക്കല്‍ കാര്‍ഡിയോവാസ്‌കുലര്‍ മെഡിസിന്‍), ഷൈന്‍ ജോണ്‍സണ്‍ (റിട്ട. എച്ച് എം , എസ് എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തേവര), മാത്യു അലക്‌സാണ്ടര്‍ (മാനേജിംഗ് ഡയറക്ടര്‍, ലവ് ടു കെയര്‍ ഗ്രൂപ്പ്, യുകെ) എന്നിവരാണ് ഡയറക്ടര്‍മാര്‍. എബി ജെ ജോസ് (ചെയര്‍മാന്‍, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍)-സെക്രട്ടറി, സജി സെബാസ്റ്റ്യന്‍ (സൂപ്പര്‍വൈസര്‍ യു.എസ്.പി.എസ് & ഡയറക്ടര്‍ എസ്&എസ് കണ്‍സള്‍ട്ടന്‍സി)-ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മിസ്. എമിലിന്‍ റോസ് തോമസ് (യുഎന്‍ സ്പീച്ച് ഫെയിം ആന്‍ഡ് പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്)-യൂത്ത് കോര്‍ഡിനേറ്റര്‍.

2009ല്‍ അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ഓര്‍മ്മ ഇന്റര്‍നാഷണല്‍ എന്ന ഓവര്‍സീസ് റസിഡന്റ് മലയാളീ അസ്സോസിയേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഓര്‍മ്മയ്ക്ക് ശാഖകള്‍ ഉണ്ട്. സാമൂഹ്യ പ്രതിബദ്ധത, പഠന മികവ് എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കു ഓര്‍മ്മ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments