1909 മാർച്ച് 1 ന് ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായിആലപ്പുഴയിൽ ജനിച്ച പുതുവായിൽ നാരായണപ്പണിക്കർ എന്ന പി. എൻ പണിക്കർ 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമ ദിനമാണ് കേരളത്തിൽ വായനാ ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്‌ഥാനങ്ങളിൽ കൂടി വായനാദിനം ആഘോഷിക്കാൻ തീരുമാനിച്ചതിൽ ഇന്ന് ഇന്ത്യയിൽ ദേശീയ വായന ദിനമായി മാറിയതിൽ മലയാളികൾക്ക് ഏറെ അഭിമാനിക്കാം . സുഹൃത്തുക്കൾക്കൊപ്പം വീടുവീടാന്തരം കയറി ഇറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് ‘സനാതനധർമം’എന്ന പേരിൽ വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്.
1945 സെപ്റ്റംബറിൽ “തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം “സംഘടിപ്പിച്ചു.1947 ൽ രജിസ്റ്റർ ചെയ്ത ഗ്രന്ഥശാലാസംഘം 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്ന പേരിലായി . 1958 ൽ കേരള ഗ്രന്ഥശാലാസംഘം രൂപികരിച്ചു . ഗ്രന്ഥശാല ഗ്രാമങ്ങളിൽ മുഴുവൻ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു .1970 നവംബർ -ഡിസംബർ മാസങ്ങളിൽ’വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ‘ എന്ന മുദ്രാവാക്യവുമായി പാറശ്ശാല മുതൽ കാസർഗോഡ് വരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ നാഴികക്കല്ലാണ് . നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ് (Kerala Non formal Education) രൂപം നൽകി. കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും അദ്ദേഹം വഹിച്ചിട്ടുണ്ട് . ആത്മവിശ്വാസവും ആശയവിനിമയശേഷിയും അറിവും നേടുന്നതിൽ വായനയ്ക്ക് പ്രഥമ സ്ഥാനമുണ്ട് .കൂടാതെ മികച്ച വിനോദോപാധികൂടിയാണ് വായന എന്നതിൽ സംശയമില്ല .ഇന്ത്യയിൽ സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ഇന്ന് നിലവിലുണ്ട് .
1852 ൽ രാജ ഭരണകാലത്താണ് പെൺപള്ളിക്കൂടം എന്ന് അറിയപ്പെട്ടിരുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണ് അമ്പലപ്പുഴ കിഴക്കേനടയിൽ പ്രവർത്തിച്ചിരുന്ന ഈ പ്രൈമറി സ്‌കൂളിൽ പി.എൻ. പണിക്കർ അധ്യാപകനായി ജോലി ചെയ്തിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി 2014 ൽ പി.എൻ. പണിക്കർ സ്മാരക ഗവ.എൽ.പി.സ്‌കൂളായി പൊതുവിദ്യാഭ്യാസവകുപ്പ് പുനർനാമകരണം ചെയ്തു.
വര്ത്തമാന കാലത്തു ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതി പ്രസരവും സമൂഹ മാധ്യമങ്ങളുടെ കടന്നു വരവും വായനയുടെ തലങ്ങളെ മാറ്റിമറിച്ചിട്ടുണ്ടെങ്കിലും പുസ്തകങ്ങളുടെ വിപണനം അനുദിനം വർധിക്കുന്നു എന്നതു ശുഭ സൂചനയാണ് .
“ആദിയിൽ വചനമുണ്ടായി വചനം ദൈവമാകുന്നു” എന്നു ബൈബിളും “ജ്ഞാന തൃഷ്ണ മനുഷ്യനെ വിവേകമുള്ളവനാക്കുന്നു” എന്നു മനുസ്മൃതിയും ,”സൃഷ്ടാവിന്റെ നാമത്തിൽ നീ വായിക്കുക” എന്നു ഖുർആനും ആഹ്വാനം ചെയ്യുന്നത് വായനയുടെ പ്രസക്തി ലോകത്തെ മനസിലാക്കുവാൻ തന്നെയാണ് .ഭാഷയിൽ പ്രാവീണ്യം, ബുദ്ധി വികാസം ,ഉയർന്ന ശ്രദ്ധ ,വിശാലമായ കാഴ്ചപാട് ,മാനസിക സംഘർഷങ്ങളിൽ അയവ് അങ്ങനെ വായനയുടെ ഗുണങ്ങൾ എണ്ണിയാൽതീരില്ല .
വായിക്കുന്നവർ “മരണത്തിനു മുൻപ് ആയിരം ആയിരം ജന്മങ്ങൾ ജീവിക്കുന്നു വായിക്കാത്തവർ ഒറ്റ ജന്മത്തിലൊതുങ്ങും” എന്ന ജോർജ് ആർ ആർ മാർട്ടിന്റെ നിരീക്ഷണം വളരെ അർത്ഥവത്താണ് .വർത്തമാനകാലത്തു പുസ്തകം പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്നതിനേക്കാൾ പ്രയാസമാണ് വ്യക്തികളെ വായനക്ക് തയ്യാറാകാൻ എന്നുള്ളത് വസ്തുതയാണ്. സമൂഹ മാധ്യമങ്ങളിലെ മികച്ചതല്ലാത്തതോ സമൂഹത്തെയോ വ്യക്തികളെയോ പ്രസ്ഥാനങ്ങളയോ മോശമായി ചിത്രീകരിക്കുന്നതോ അശ്ലീലങ്ങളോ കൂടുതൽ വായിക്കപ്പെടുന്നു എന്നതും അതിൽ മോശം അഭിപ്രായം എഴുതി ലൈക്കും മറുപടിയും കാത്തിരിക്കുന്ന അതി ദയനീയ കാഴ്ച വായനയുടെ അനന്ത സാദ്ധ്യതകളുടെ കടക്കൽ കത്തി വെക്കുന്ന കാര്യമാണ് .
ഫ്രാൻസിസ് ബേക്കണിന്റെ നിരീക്ഷണത്തിൽ “ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടതാണ്. ചിലത് വിഴുങ്ങേണ്ടതും. അപൂർവ്വം ചില പുസ്തകങ്ങൾ ചവച്ചരച്ച് ദഹിപ്പിക്കേണ്ടതാണ്”എന്നതും പുത്തൻ കാര്യങ്ങൾ അകത്തുള്ളതുകൊണ്ടു പുസ്തകത്തെ പുത്തകം എന്ന് പറയുന്നുവെന്നും “വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും.വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്റെ അഭിപ്രായങ്ങളും ചിന്തനീയമാണ് .
കുശലം ചോദിക്കുമ്പോൾ ഏതു പുസ്തകമാണിപ്പോൾ വായിക്കുന്നത് ?എന്നതായിരിക്കട്ടെ പ്രഥമ ചോദ്യം?
വായനാദിനാശംസകൾ …….