ഒരുകാലത്ത് നാട്ടുകരും, വീട്ടുകാരും, കച്ചവടക്കാരും സന്ധിച്ചിരുന്ന ഹൃദയ ഭൂമിയിൽ സ്ഥാപിച്ച, ഇന്നും പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്ന, അഞ്ചു വിളക്കുള്ള ചരിത്ര സ്മാരകം ഏതൊരു തൃശൂർകാരന്റയും അഭിമാനമാണ്.
തൃശ്ശിവപേരൂർ എന്ന പേര് മൂന്ന് ശിവക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായതാണ് എന്നാണ് ഐതിഹ്യം. നഗരത്തിന്റെ മദ്ധൃത്തിൽ സ്ഥിതിചെയ്യുന്ന വടുക്കുന്നാഥൻ ക്ഷേത്രത്തിൽ നിന്ന് അതിരാവിലെ മണിനാദം കേൾക്കുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് പുലർകാലത്ത് ഭക്തിഗാനങ്ങളും കേട്ടുതുടങ്ങി. അങ്ങനെയൊക്കെ ഉണ്ടായിരുന്ന പഴയ കാലത്ത് തൃശ്ശിവപേരൂരുമായി തെക്കൻ ജില്ലകൾക്ക് ഉണ്ടായിരുന്ന പ്രധാന സഞ്ചാരമാർഗ്ഗം വെട്ടുവഴിയിൽ കൂടിയായിരുന്നു. പിന്നീട് മണ്ണിട്ടവഴി കോൺക്രീറ്റ് ഇട്ട് ഇന്നത്തെ ഹൈറോഡായിമാറി.
ശക്തൻ തമ്പുരാൻ തൃശ്ശിവപേരൂരിന്റെ അയൽ പ്രദേശങ്ങളിൽ നിന്ന് നസ്രാണികളെ കൊണ്ടുവന്ന് ഇവിടെ താമസിപ്പിച്ചുവെന്നും അവർ വഴിയാണ് തൃശ്ശിവപേരൂർ ഒരു വാണിജ്യ നഗരമായി മാറിയതെന്നും പറയപ്പെടുന്നു. അവർക്ക് ആരാധിക്കാൻ ശക്തൻ തമ്പുരാൻ പണികഴിപ്പിച്ചു കൊടുത്തതാണ് മർത്തമറിയം വലിയപള്ളി. പഴയ കാലത്ത് ഒരോ വഴിയുടേയും തുടക്കത്തിലുള്ള വീട്ടുകാരുടെ പേരോ, ആളുടെ പേരോ കൂട്ടി ഇണക്കിയിട്ടാണ് ഓരോ വഴിയും അറിയപ്പെടുക.
തൃശ്ശിവപേരൂരിന്റെ വാണിജ്യ ശിരാകേന്ദ്രത്തിൽ, തെക്ക് നിന്ന് തൃശൂർ നഗരത്തിലേക്ക് വരുകയും, പോവുകയും ചെയ്യുന്ന ഹൈറോഡിനും , കച്ചവട കേന്ദ്രങ്ങളായ നായരങ്ങാടിയും കിഴക്കേ അങ്ങാടിയും സന്ധിക്കുന്ന കവലയിൽ സ്ഥാപിച്ച അഞ്ചു വിളക്കിനും അതിന്റേതായ ഒരു ചരിത്ര കഥയുണ്ട്.
അഞ്ചു വിളക്കിൽ നിന്ന് കിഴക്കോട്ട് പോകുന്ന കിഴക്കേ അങ്ങാടിയിൽ ഉണ്ടായിരുന്ന നസ്രാണി കുടുംബങ്ങളുടെ വീടുകളാണ് പിന്നീട് കച്ചവട സ്ഥാപനങ്ങൾ ആയി മാറിയത്. അഞ്ചു വിളക്കിൽ നിന്ന് പടിഞ്ഞാറോട്ട് പോകുന്ന നായരങ്ങാടിയിൽ പഴയകാലത്ത് നായർ കുടുംബങ്ങൾ ധാരാളം താമസിച്ചിരുന്നു. ആ വീടുകളാണ് പിന്നീട് കച്ചവട സ്ഥാപനങ്ങളായി മാറ്റിയത്. അതുപോലെ ഹൈറോഡിലും ധാരാളം വീടുകൾ ഉണ്ടായിരുന്നു. പിന്നീട് അവയെല്ലാം കച്ചവട സ്ഥാപനങ്ങളായി.
പാവപ്പെട്ടവർക്ക് സൗജന്യമായി വൈദ്യ സഹായം ചെയ്തിരുന്ന വെള്ളക്കാരനായ സൈമൺ ഫ്രാൻസീസ് എന്ന അപ്പോത്തിക്കിരി 1908 ൽ നിര്യാതനായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക്കായി സ്ഥാപിച്ചതാണ് അഞ്ചു വിളക്കുള്ള സ്തംഭം. ആദ്യം കത്തിച്ചിരുന്നത് 5 മണ്ണെണ്ണ വിളക്കുകളായിരുന്നു. വൈകുന്നേരമായാൽ ഒരാൾ കോണിയുമായി വന്ന് വിളക്കുകൾ കത്തിക്കും. മണ്ണെണ്ണയ്ക്ക്കും , മറ്റ് ചിലവുകൾക്കുമായി അത് സ്ഥാപിച്ച ആൾ ഒരു തുകയും അധികാരികളെ ഏൽപ്പിച്ചിരുന്നു.
അഞ്ചുവിളക്ക് മുതൽ വടക്കോട്ടുള്ള റോഡിൽ ഇരുമ്പുമായി ബന്ധപ്പെട്ട ധാരാളം കച്ചവടക്കാർ ഉണ്ടായിരുന്നു. തെക്കോട്ട് ഹൈറോഡിന്റെ ഇരു ഭാഗങ്ങളിലും പ്രധാന വസ്ത്രം, സ്വർണ്ണം , സ്റ്റേഷനറി വ്യാപാര സ്ഥാപനങ്ങളെ കൊണ്ട് നിറഞ്ഞൊരു കാലമുണ്ടായിരുന്നു.ആ കാലത്ത് തെക്കോട്ടുള്ള ബസ്സുകൾ ഹൈറോഡിൽ കൂടിയാണ് പോയിരുന്നത്. നേരം വെളുത്തു വരുമ്പോഴേക്കും വ്യാപാരത്തിനായി ജനങ്ങളുടെ വരവായി. വസ്ത്രം, സ്വർണ്ണം ഇവ വാങ്ങാനായി ദൂരദേശത്തുനിന്നുള്ളവരും കൂടിയാകുമ്പോൾ ഹൈറോഡ് സജീവമാകും.
അഞ്ചുവിളക്കിനു സമീപം ഇന്നുള്ള സ്ഥാപനങ്ങളിൽ ഏറ്റവും പഴക്കമുള്ള ഒരു സ്ഥാപനം ചെറുപുഷ്പം ബാൻഡ് കമ്പനി ആണ്. കല്ല്യാണം, പെരുന്നാൾ എന്നീ ആവശ്യങ്ങൾക്ക് നേരത്തെ തന്നെ ബുക്ക് ചെയ്യണം. ഇതോടൊപ്പം തൃശ്ശിവപേരൂരിൽ ആദ്യമായി ശവമഞ്ച വില്പന തുടങ്ങിയതും , ചാക്കുണ്ണിയുടെ അപ്പൻ അപ്പാപ്പന്മാരാണ്. ഇന്നും നാലോ അഞ്ചോ തലമുറകളായി കച്ചവടം തുടർന്നുകൊണ്ടേയിരിക്കുന്നു .പിന്നെ അവിടെ പഴക്കമുള്ളത് പോന്നൂസ് സോഡാ പീടികയാണ്. അതിനടുത്ത് പഴക്കമുള്ളതാണ് ഞങ്ങളുടെ സി. പി. സോപ്പ് വർക്ക്സ്, സെയിൽസ് ഡെപ്പോ.(ഇപ്പോൾ, എന്റെ അനുജൻ തോമാസിന്റെ മകൻ റോഷൻ സോപ്പുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളുടെയും വില്പന നടത്തുന്നു.) ദിവസത്തിൽ ഒരു നേരമെങ്കിലും ഞാൻ ഞങ്ങളുടെ സോപ്പ് ഡെപ്പോയിൽ പോകുക പതിവുണ്ട്. അങ്ങിനെ പോകുമ്പോളെല്ലാം , ഞാൻ അഞ്ചുവിളക്കിന്റെ അവിടേക്ക് പോകുകയാണ്, ഞാൻ അഞ്ചു വിളക്കിന്റെ അവിടെ ഉണ്ടാകും ട്ടോ, എന്നെല്ലാം പറഞ്ഞിട്ടാണ് പോകുക. അതുകൊണ്ടുതന്നെ അഞ്ചു വിളക്കുമായി എനിക്ക് അഭേദ്യമായ ബന്ധമാണുള്ളത്.
തൃശ്ശൂരിൽ ആദ്യമായി വൈദ്യുതി വിളക്കുകൾ കത്തിച്ചു തുടങ്ങിയപ്പോൾ , അഞ്ച് മണ്ണെണ്ണ വിളക്കുകൾ മാറ്റി , 5 വൈദ്യുതി ബൾബുകൾ ഇട്ട് കത്തിക്കാൻ കാണിച്ച ഉത്സാഹം പ്രത്യേകം എടുത്തു പറയേണ്ടതുതന്നെ.
ഇന്ന് നമുക്ക് അഞ്ചു വിളക്ക് ഒരു പുതുമയുള്ള ഒന്നല്ല. എന്നാൽ വൈദ്യുതി വിളക്ക് ഒന്നുപോലും കണ്ടിട്ടില്ലാത്ത പഴയകാലത്ത് കുഗ്രാമങ്ങളിൽ നിന്ന് വന്നിരുന്നവർക്ക് അഞ്ചു വിളക്കുകൾ കത്തിനിൽക്കുന്നത് ഒരു അത്ഭുത കാഴ്ച തന്നെയായിരുന്നു. മുതിർന്നപ്പോഴാണ് അന്നത്തെ അഞ്ചുവിളക്കിന്റെ ശോചനീയ അവസ്ഥ എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ നോക്കുമ്പോൾ ഷെയിടുകൾ തൂങ്ങിയിട്ടും, ബൾബുകൾ ഇല്ലാത്തതതുമായ ഒരു അവസ്ഥയാണ് കണ്ടത്. ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് ഞാൻ മനസാൽ ഉറപ്പിച്ചു . തൃശ്ശൂരിന്റെ അഭിമാന സ്തംഭം , അത് അങ്ങിനെ തന്നെ ആവണമെന്ന് ഞാൻ ആഗ്രഹിച്ചു. അയൽ പ്രദേശങ്ങളിൽ നിന്ന് തൃശ്ശൂരിലേക്ക് വരുന്നവർ ഒരു വഴി കാട്ടിയായി കണക്കാക്കിയിരുന്നത് അഞ്ചു വിളക്കിനെയാണ്. ഇവിടെ വന്നിട്ടാണ് , കിഴക്കോ, വടക്കോ ഉള്ള ലക്ഷ്യസ്ഥാനത്തേക്ക് പോവുക.
തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കാൻ തെക്കൻ ഭാഗത്തുനിന്ന് വന്നിരുന്നവർ വരുകയും , പോവുകയും ചെയ്തിരുന്നത് ഹൈറോഡ് വഴിയായിരുന്നു. പൂരത്തിന് തൽക്കാലിക ബസ്സ്റ്റാൻഡായി പ്രവർത്തിച്ചിരുന്നത് ഹൈ റോഡിലുള്ള ഇരട്ടച്ചിറ കുളത്തിന് സമീപമായിരുന്നു. പൂരത്തിൽ പങ്കെടുക്കാൻ വരുന്നവർ കുടമാറ്റം, രാത്രി പൂരം, പുലർച്ചയുള്ള വെടിക്കെട്ട് അങ്ങനെയുള്ള എല്ലാ ചടങ്ങുകളും കഴിഞ്ഞിട്ടേ ആ കാലത്ത് മടങ്ങിപ്പോകു. എത്ര ആളു വന്നാലും ഊണ് കൊടുക്കാൻ കഴിയുന്ന വിധമുള്ള വലിപ്പമുള്ള പത്തൻസ് ഹോട്ടലിലെ ഊണും കഴിഞ്ഞ് നഗരം ചുറ്റി നടക്കുന്നവരെ കൊണ്ട് പ്രധാന റോഡുകൾ നിറഞ്ഞിരിക്കും. അതുകൊണ്ട് പൂര ദിവസം ഞങ്ങളുടെ കടയിൽ സോപ്പുകൾ അട്ടി വെച്ച് ലൈറ്റ് ഇട്ട് അലങ്കരിക്കും.
അഞ്ചു വിളക്കിന് അടുത്തുള്ള ചന്ത അങ്ങാടിയിൽ ചില്ലറ പലചരക്ക് , പായ , പനമ്പ്, പുകയില തുടങ്ങിയവയുടെ പീടികകളും, അവിടെ തന്നെയുള്ള ജയ് ഹിന്ദ് മാർക്കറ്റിൽ മീൻ, ആട്ടിറച്ചി ഉണക്കമീൻ, മുതലായവ വിൽക്കുന്ന കടകളും,പച്ചക്കറിമാർക്കറ്റുകളും ഉണ്ടായിരുന്നു.
ആ കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രതിഷേധ, വിശദീകരണ യോഗങ്ങൾ നടത്തിയിരുന്നത് അഞ്ചുവിളക്കിന്റെ സമീപത്ത് വെച്ചായിരുന്നു. പല രാഷ്ട്രീയ നേതാക്കന്മാരും കൂവി തെളിഞ്ഞത് അഞ്ചുവിളക്കിന് സമീപത്ത് വെച്ച് പ്രസംഗിച്ചു കൊണ്ടാണ്.രാഷ്ട്രീയ പാർട്ടികളുടെ കാൽനട ജാഥകൾക്കും, വാഹനജാഥകൾക്കും അഞ്ചു വിളക്കിനു സമീപത്തു വെച്ചാണ് സ്വീകരണങ്ങൾ കൊടുക്കുക. കേരളത്തിലെ പ്രമുഖ നേതാക്കന്മാരായിരുന്ന എല്ലാവരും തന്നെ അഞ്ചുവിളക്കിനു സമീപം നിന്ന് പ്രസംഗിച്ചവരാണ്.
ഇന്ന് വൈദ്യുതി വയറുകളുടെ മാറാമ്പല കൂട്ടം കൊണ്ടും, രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ കൊണ്ടും വികൃതമായ അഞ്ചുവിളക്ക് പഴയ പ്രതാപത്തോടെ വരുന്നതിനു വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവണം എന്ന് ടെലഗ്രാഫ് സായാഹ്ന പത്രത്തിൽ ഞാൻ എഴുതി. അതുകൊണ്ടൊന്നും വലിയ പ്രയോജനം ഉണ്ടായില്ല. പിന്നീട് മാറി, മാറി വന്ന എനിക്ക് പരിചയമുള്ള പല നഗരസഭ ചെയർമാൻമാരെയും കൂട്ടിക്കൊണ്ടുവന്ന് അഞ്ചുവിളക്കിന്റെ ഗതി കാണിച്ചുകൊടുത്തിട്ടും ഫലമൊന്നും ഉണ്ടായില്ല. പിന്നീട് തൃശൂർ നഗരസഭ ചെയർമാൻ ആയി വന്ന ഒരു വ്യാപാരി കൂടി ആയിരുന്ന ജോയ് കവലക്കാട്ട് വഴിയാണ് അഞ്ചുവിളക്കിന് ശാപമോക്ഷം കൈവന്നത്. പിന്നീട് പലവിധത്തിലുള്ള മാറ്റങ്ങളും വരുത്തി ഇന്നുള്ള മനോഹരമായത് ഉണ്ടാക്കി.
അഞ്ചു വിളക്കുമായി ബന്ധപ്പെട്ട് പറയുമ്പോൾ സ്മരിക്കേണ്ട വ്യക്തിയാണ് ശേകു എന്ന് വിളിച്ചിരുന്ന ജോസ്. എവിടെ നിന്നൊക്കെയോ ധാരാളം ചെടിച്ചട്ടികൾ കൊണ്ടുവന്ന് അഞ്ചു വിളക്കിന്റെ തറയിൽ വെക്കുക മാത്രമല്ല ദിവസവും രണ്ടുനേരം ചെടികൾ നനച്ച് അതിനെ പരിപാലിക്കുകയും ചെയ്തിരുന്നു. ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല. ആ പാത പിന്തുടർന്ന് അഞ്ചു വിളക്കിനെ സ്നേഹിക്കുന്ന തൊഴിലാളികൾ, കച്ചവടക്കാർ, അങ്ങനെയുള്ള ഒരു കൂട്ടം അഞ്ചുവിളക്കിനെ സംരക്ഷിക്കാൻ മുന്നോട്ട് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. കർശനമായ നടപടികൾ കൊണ്ട് അഞ്ചു വിളക്ക് പ്രൗഢിയോടെ, തല ഉയർത്തി നിൽക്കുന്ന കാഴ്ച്ച ഏതൊരു തൃശൂർകാരനും ആഗ്രഹിക്കുന്നുണ്ട് .
ഏതായാലും അഞ്ചു വിളക്കും കെടാതെ കത്തിക്കുമെന്ന പ്രഖ്യാപനത്തോടെ നമ്മുടെ മേയർ എം. കെ .വർഗീസ് ഇന്നലെ സ്വിച്ച് ഓണാക്കിയിരിക്കുന്നു. വളരെ കാലത്തെ എന്റെ ആഗ്രഹം നിറവേറിയ ദിനമാണ് ഇന്നലെ. അഞ്ചു വിളക്കും, അതോടൊപ്പം നിർമ്മിച്ചിട്ടുള്ള മനോഹരമായതെല്ലാം, എന്നും നിലനിൽക്കണമെങ്കിൽ അതിന്റെ അടുത്തുനിന്ന് രാഷ്ട്രീയ പാർട്ടികളുടെ കൊടിക്കാലുകൾ മാറ്റിയേ പറ്റൂ.
നന്നായിട്ടുണ്ട്
മികച്ച വായനാനുഭവം
നല്ലവതരണം
നല്ലവതരണം
Good coments