ന്യൂഡൽഹി: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന മുർമു വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടക്കുന്ന കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും.
ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷനായ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ തുടരുകയാണ്. നിരവധി പേരാണ് മാർപാപ്പയെ അവസാനമായി കാണുന്നതിനായി വത്തിക്കാനിലേക്ക് എത്തുന്നത്. നാളെ വരെ പൊതുദർശനം തുടരും. ശനിയാഴ്ച സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കും മാർപാപ്പയുടെ സംസ്കാരം നടക്കുന്നത്
ഏപ്രിൽ 21ന് വത്തിക്കാൻ പ്രദേശിക സമയം 7.35നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗം. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മാർപാപ്പയുടെ മരണകാരണമെന്നാണ് വത്തിക്കാൻ അറിയിച്ചത്. വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രഫ. ആൻഡ്രിയ ആർക്കെഞ്ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും വത്തിക്കാൻ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.