വാഷിങ്‌ടൺ സുനിത വില്യംസിന്റെ ജിംനാസ്റ്റിക്‌സ്, ജീനറ്റിന്റെ ലോങ് ജംപ്, ബുച്ചിന്റെ ഷോട്ട് പുട്ട്. ഡിസ്‌കസ് ത്രോയുമായി മറ്റ് ഗഗനചാരികളും. അങ്ങനെ ഒളിമ്പിക്‌സ് ആവേശം ഭൂമിയുടെ ഭ്രമണപഥം ഭേദിച്ച് ബഹിരാകാശത്തുമെത്തി. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ, ആറ് ഗഗനചാരികൾ ‘ഒളിമ്പിക്‌സ് സ്റ്റേഡിയ’മാക്കി. ഒളിമ്പിക്‌സിന്റെ ഉദ്‌ഘാടന ചടങ്ങിന് തൊട്ടുമുൻപാണ് നിലയത്തിൽ മിനി ഒളിമ്പിക്‌സ് വേദിയൊരുങ്ങിയത്.
സ്റ്റാർലൈൻ പേടകത്തിന്റെ തകരാറിനെ തുടർന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര മുടങ്ങിയ സുനിതയും ബുച്ച് വിൽമോറും നേതൃത്വം നൽകി. പ്രതീകാത്മക ഒളിമ്പിക് ദീപശിഖയുമായി ആദ്യം ഇരുവരും എത്തി. വാംഅപിന് ശേഷം ഇഷ്‌ട ഇനങ്ങളിലേക്ക്. ഫ്‌ളൈറ്റ് എഞ്ചിനീയറായ ട്രെസി സി ഡൈസന്റെ ഭാരോദ്വഹനം ഏവരെയും ഞെട്ടിച്ചു. ബഹിരാകാശ സഞ്ചാരികളായ മൈക്ക് ബരറ്റ്, മാത്യു ഡൊമിനിക് എന്നിവരെ അനായാസം ഉയർത്തിയായിരുന്നു പ്രകടനം.
ശൂന്യതയിലെ കായിക പ്രകടനത്തിന്റെ വീഡിയോ പിന്നീട് എക്‌സിൽ നാസ പങ്കു വച്ചു. നിലവിൽ ഒൻപതുപേരാണ് നിലയത്തിലുള്ളത്. റഷ്യക്കാരായ രണ്ടുപേരുണ്ട്.