Saturday, October 19, 2024
Homeഅമേരിക്കഅമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലാസ് വേഗസിൽ എത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുണിഡോസ്‌ യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് കൊവിഡ് ബാധ. വൈറ്റ് ഹൗസിലേക്ക് തിരികെയെത്തുന്ന പ്രസിഡന്‍റ് ഐസലേഷനിൽ ജോലി തുടരും.

ജലദോഷവും ചുമയും ഉൾപ്പെടെ ലക്ഷണങ്ങൾ പ്രസിഡന്‍റിന് പ്രകടമാണെന്നും പാക്സ്‍ലോവിഡിന്‍റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിൻ ഒ കോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസലേഷനിൽ പ്രവേശിക്കുമെന്നും കരീൻ ജീൻ പിയർ പറഞ്ഞു.തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത ജോ ബൈഡൻ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. ആരോഗ്യവാനാണെന്നും രോഗസൗഖ്യത്തിന് ആശംസ നേർന്ന എല്ലാവർക്കും നന്ദിയെന്നും പറഞ്ഞ ബൈഡൻ, ഐസലേഷനിൽ കഴിഞ്ഞുകൊണ്ട് അമേരിക്കൻ ജനതയ്ക്കു വേണ്ടി ഔദ്യോഗിക ചുമതലകളിൽ വ്യാപൃതനാകുമെന്നും വ്യക്തമാക്കി.

നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ലാസ് വേഗാസിൽ ബുധനാഴ്ച ഉച്ചയ്ക്ക് ബൈഡൻ പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ നേരത്തെ പ്രഖ്യാപിച്ച എല്ലാ പ്രചാരണ പരിപാടികളും റദ്ദാക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇത് മൂന്നാംതവണയാണ് ബൈഡന് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്.

പ്രായാധിക്യവും നാവുപിഴയും അലട്ടുന്ന ബൈഡൻ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ കമല ഹാരിസ് പ്രസിഡന്‍റായേക്കുമെന്ന സൂചന കഴിഞ്ഞദിവസം ബൈഡൻ പങ്കുവെച്ചിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മത്സരത്തിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് ഡെമോക്രാറ്റുകളിൽ നിന്ന് ആവശ്യം ഉയരുന്നതിനിടെയായിരുന്നു കമല ഹാരിസിനെ പിന്തുണച്ചുകൊണ്ടുള്ള ബൈഡന്റെ പ്രതികരണം.അവര്‍ ഒരു മികച്ച വൈസ് പ്രസിഡന്‍റ് മാത്രമല്ല, അമേരിക്കയുടെ പ്രസിഡന്‍റുമാകാം,’ എന്നായിരുന്നു കമല ഹാരിസിനെ കുറിച്ച് ബൈഡൻ പറഞ്ഞത്. ബൈഡന്‍ മത്സര രംഗത്ത് നിന്ന് മാറുകയാണെങ്കിൽ കമലയാകും പ്രസിഡന്‍റ് സ്ഥാനാർഥിയെന്ന സൂചനയാണിത് നൽകുന്നത്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാർട്ടി അനുഭാവിയുമായ ജോർജ് ക്ലൂണി രംഗത്തെത്തിയിരുന്നു. മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായപ്രകടനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments