1979-ല്‍ അമേരിക്കന്‍ സംഗീജ്ഞനായ ജോയല്‍ കോയലാണ് ആദ്യമായി സംഗീത ദിനം ആഘോഷിക്കാൻ ആഹ്വാനംചെയ്തത് .ജോയല്‍ കോയലിന്റെ ഈ ആശയത്തെ ആദ്യമൊന്നും അമേരിക്കന്‍ ജനത ചെവികൊണ്ടില്ല .എന്നാല്‍ ആറുവര്‍ഷങ്ങള്ക്ക് ശേഷം ഫ്രാന്‍സില്‍ ഈ ആശയത്തിന് ജനം പച്ചക്കൊടി കാണിച്ചു . അങ്ങനെ 1982 മുതല്‍ ‘ഫെത് ദ ല മ്യൂസിക്ക്‘ (fete da la musique) എന്നറിയപ്പെടുന്ന ലോക സംഗീത ദിനം ജൂൺ 21 ന് ലോകം ആചരിച്ചു തുടങ്ങി.
ഇന്ന് ലോകത്ത് വിവിധ രാജ്യങ്ങള്‍ അവരുടേതായ സംഗീത പരിപാടികളുടെ അകമ്പടിയോടെ ഈ ദിനം ആഘോഷിക്കുന്നു .ചിട്ടയോടെ രൂപപ്പെടുത്തിയ ശുദ്ധ സംഗീതം എന്നോ നമുക്കു നഷ്ടമായെന്ന് വേണം കരുതാൻ .ശ്രീകൃഷ്ണന്റെ ഓട കുഴൽ നാദത്തിൽ തുടങ്ങി അത്യാധുനിക സംഗീതോപകരണങ്ങളിലേക്കു എത്തി നിൽക്കുമ്പോൾ സംഗീതത്തിന്റെ ലയവും താളവും ശ്രുതിയും എല്ലാം അവരവരുടെ ഇഛക്കനുസരിച്ചുപയോഗിച്ചു സംഗീതം അട്ടഹാസങ്ങളായി മാറുന്ന കാഴ്ചകൾ പതിവാകുന്നു .കൂടാതെ ഭാവനാ സമ്പുഷ്ടമായ കവിതകളുടെ അഭാവവും ജനം അർത്ഥവത്തായ വരികൾ സ്വീകരിക്കില്ലെന്ന മിഥ്യാധാരണയുമാണ് ഈ രംഗത്തെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് പറയാതെ വയ്യ.
ലോകമെമ്പാടുമുള്ള 350 ദശലക്ഷത്തിലധികം ആളുകൾ വിഷാദരോഗത്തിന് അടിമകളാണ് അവരിൽ 90% പേരും ഉറക്കമില്ലായ്മ അനുഭവിക്കുന്നു. ശാസ്ത്രീയ സംഗീതം ശ്രവിക്കുന്നവരിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ഗണ്യമായി കുറയുന്നതായി ചില പഠനങ്ങൾ പറയുന്നു .സംഗീതം എന്നത് ആഗോള ഭാഷയാണ്. “എവിടെ സംഭാഷണം പരാജയപ്പെടുന്നുവോ അവിടെ സംഗീതം ആരംഭിക്കുന്നു”എന്ന നിരീക്ഷണമാണ് ഏറെ പ്രസക്തം . വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളെ സംഗീതത്തിലൂടെ അനുവാചകരിലെത്തിക്കാൻ കഴിയുന്നു. അത് കൊണ്ടാണ് ലോകത്തു ഇത്രയധികം കവികളും സംഗീതജ്ഞന്മാരും ഉണ്ടായത്. അതിനുമപ്പുറം ഭാഷയുടെ അതിർവരമ്പുകൾ മുറിക്കുന്നതിൽ സംഗീതത്തോളം വരുന്ന മറ്റൊന്നുമില്ല .മാത്രമോ പ്രകൃതിയിൽ മഴയും മഞ്ഞും കാറ്റും കോളും പുഴയും അരുവികളും മലയും ജീവജാലങ്ങളും എല്ലാം സംഗീതമയമാണ്. അതിനു പ്രകൃതിയിലേക്ക് നോക്കിയാൽ മാത്രം മതി .
ഗീതപാരായണവും രാമായണ ശ്ലോകങ്ങളുടെ വായനയും സംഗീതാത്മകമായി അവതരിപ്പിച്ചാൽ ഇന്നും ശ്രോതാക്കളുണ്ട് .അതു പോലേ ബൈബിൾ വാക്യങ്ങൾ കൃത്യമായി വായിക്കുമ്പോളും ചർച്ചുകളിലെ കൊയർ ഗ്രൂപ്പുകളുടെ ഗാനാലാപനവും ഒക്കെ മതങ്ങളിലും സംഗീതത്തിനു വലിയ പ്രാധാന്യമുണ്ടെന്നോർമിപ്പിക്കുന്നു .ഇസ്‌ലാം മതത്തിലും മറ്റൊരു തലത്തിൽ സംഗീതത്തെഉപയോഗിക്കുന്നുണ്ട് .ഖുർആൻ പാരായണത്തിലുള്ള തജ്‌വീദ് നിയമങ്ങളും കൃത്യമായ അക്ഷര ശുദ്ധിയും സംഗീതത്തിലെ നിയമങ്ങളെക്കാൾ ഒരു പടികൂടി കടന്നു നില്ക്കുന്നു .മാപ്പിള പാട്ടുകളും,ബുർദ മൗലീദ് പാരായണം എന്ന് വേണ്ട അഞ്ചു നേരം പള്ളികളിൽ മുഴങ്ങുന്ന ബാങ്ക് വിളികളിലും സംഗീതത്തിന്റെ മേമ്പൊടി ധാരാളമുണ്ട് .അങ്ങനെ നോക്കുമ്പോൾ സംഗീതം മനുഷ്യ ജീവിതത്തിലെ അഭിഭാജ്യ ഘടകം തന്നെയാണ് .അതോരോരുത്തർക്കും പല രൂപത്തിൽ ശ്രവിക്കാവുന്നതുമാണ് .
ഈ ലോകം നിലനിൽക്കുന്നേത്തോളം സംഗീതം നിലനില്ക്കും .
സംഗീത ദിനാശംസകൾ …….