കൊച്ചി: കാക്കനാട് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരായ 350 പേർ ഛർദിയും വയറിളക്കവുമായി ചികിത്സ തേടി. അഞ്ച് ടവറുകളിലായി 5000ത്തിലധികം പേർ താമസിക്കുന്ന സ്ഥലത്താണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് നിഗമനം. സംഭവത്തിൽ ആരോഗ്യവകുപ്പ് ജല സാംപിളുകൾ ശേഖരിച്ചു. മലിനജലം എത്തിയത് ഏത് സ്രോതസ്സിൽ നിന്നാണെന്ന് വ്യക്തമല്ലെന്ന് ഫ്ലാറ്റ് അസോസിയേഷൻ പ്രതിനിധികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫ്ലാറ്റിലെ താമസക്കാരായ 350ലധികം പേർ വിവിധ ദിവസങ്ങളിലായാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നിലവിൽ അഞ്ചുപേർ ആശുപത്രിയിൽ തുടരുന്നുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
രണ്ടാഴ്ചയായി പ്രശ്നമുണ്ടെന്ന് ഫ്ലാറ്റിലെ താമസക്കാരനായ വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം പനിയും ഛർദിയുമാണ് തുടങ്ങിയത്. പിന്നീട് വയറിളക്കമായി. കഴിഞ്ഞ നാല് ദിവസമായാണ് സ്ഥിതിഗതികൾ രൂക്ഷമായത്. കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 29ന് ജല സാംപിളുകൾ ശേഖരിച്ചു നടത്തിയ പരിശോധയിൽ ഇ.കോളി സാന്നിധ്യം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മാത്രം ഓരോ ബ്ലോക്കിലും 35 അപ്പാർട്ട്മെൻ്റുകളിൽ രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധയുടെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജല സാംപിളുകളുടെ പരിശോധനാ ഫലം ഉടൻ ലഭ്യമാകാനായി സ്വകാര്യ ഏജൻസികളെ എത്തിച്ച് പരിശോധന നടത്താൻ ആലോചിക്കുന്നതായി ഫ്ലാറ്റ് അസോസിയേഷൻ പ്രസിഡൻ്റ് മാധ്യമങ്ങളോട് പറഞ്ഞു.