Friday, November 22, 2024
Homeഅമേരിക്കശുഭചിന്ത - (68) പ്രകാശഗോപുരങ്ങൾ - (44) ശ്രേയസ്സാർന്ന ജീവിതം ✍പി . എം ....

ശുഭചിന്ത – (68) പ്രകാശഗോപുരങ്ങൾ – (44) ശ്രേയസ്സാർന്ന ജീവിതം ✍പി . എം . എൻ . നമ്പൂതിരി

പി . എം . എൻ . നമ്പൂതിരി

” നിമിഷം ജ്വലിതം ശ്രേയോ
ന, ച, ധ്രൂമ്രായിതം ചിരം”

ഒരു നിമിഷം മാത്രം ജീവിച്ചാലുംജ്വലിച്ചുകൊണ്ടു ജീവിക്കുക. സ്ഥി
രമായി പുകഞ്ഞുകൊണ്ട് ഉമിത്തീപോലുള്ള ജീവിതം വ്യർത്ഥമാണ്.

ഭാരതത്തിലെ ഒരു ക്ഷത്രിയ വീരവനിതയായ വിദുല, സിന്ധുരാജനുമായുള്ള യുദ്ധത്തിൽ തോറ്റോടിവന്ന സഞ്ജയൻ എന്ന പുത്രനെ പരിഹസിച്ചു പറഞ്ഞതാണ് മഹാഭാരതത്തിലെ പ്രശസ്തമായ ഈ വരികൾ. വീണ്ടും പോയി യുദ്ധംചെയ്തു വിജയിച്ചുവരുകയോ വീരമൃത്യു വരിക്കുകയോ ചെയ്യാൻ ആഹ്വാനം ചെയ്യുകയാണ്. സഞ്ജയൻ അമ്മ പറഞ്ഞതനുസരിച്ച് വീണ്ടും യുദ്ധത്തിനു പോവുകയും വിജുഗീഷുവായി മടങ്ങിവരികയും ചെയ്യുന്നു.

തൻ്റെ സമാധാനദൂതു പരാജയപ്പെട്ട ശ്രീകൃഷ്ണൻ വിദുരഭവനത്തിലെത്തി പാണ്ഡവമാതാവായ കുന്തിയെ കണ്ട്, കൗരവരുമായി യുദ്ധം ചെയ്യുന്നതിനെപ്പറ്റി കുന്തിയുടെ അഭിപ്രായമാരാഞ്ഞപ്പോൾ ആ ധീരമാതാവ് വിദുലയുടെ കഥ തൻ്റെ മക്കളോട് പറയാനാവശ്യപ്പെട്ടു. മാത്രമല്ല അവർ പറഞ്ഞു
“രാജധർമ്മമനുസരിച്ചു യുദ്ധം ചെയ്യുക. പിതാമഹന്മാരെ നരകത്തിൽ മുക്കരുത്. ക്ഷത്രിയസ്ത്രീ പ്രസവിക്കുന്നതെന്തിനോ അതു സാധിക്കാനുള്ള കാലം സമാഗതമായി എന്ന് എൻ്റെ വീരപുത്രരെ അറിയിക്കൂ.

കർപ്പൂരംപോലെ സുഗന്ധവും ദീപ്തിയും പരത്തി തെല്ലിടയെങ്കിലും ആളിക്കത്തുക. അല്ലാതെ പ്രാണനിൽ കൊതിപൂണ്ട് നാളമില്ലാത്ത ഉമിത്തീ പോലെ നീണാൾ പുകയരുത്. അല്പനേരമെങ്കിലും ആളിക്കത്തുന്നതാണ് ചിരകാലം പുകഞ്ഞുകൊണ്ടിരിക്കുന്നതിനേക്കാൾ ശ്രേയസ്കരം.

ഒരു നിമിഷത്തിൽ മിന്നിമറയുന്ന മേഘജ്യോതിസ് എത്ര മഹത്തരം! മാനത്തു വിരിയുന്ന മഴവില്ലിൻ്റെ ശോഭ നോക്കൂ.ഏതാനും മിനിട്ടുകൾ മാത്രം ജീവിച്ചുമരിക്കുന്ന മാരിവിൽക്കൊടി ലോകത്തിനു മഹത്തായ സന്ദേശമാണ് നൽകുന്നത്. മനസ്സിനു വിശാലത നൽകുന്ന ഒരർത്ഥം മഴവില്ലിനുണ്ട്. വിത്യസ്തങ്ങളായ ഏഴു നിറങ്ങൾ ചേർന്നാണല്ലോ മഴവില്ലു രൂപപ്പെടുന്നതും മനോഹരമാക്കുന്നതും. വിത്യസ്ത മതങ്ങളും ഭാഷകളും സംസ്ക്കാരങ്ങളും രാജ്യാർത്തികളും തീർക്കുന്ന വിഭജനങ്ങൾ മറന്ന് മാനവികതയ്ക്കു മുൻതൂക്കം നൽകുമ്പോൾ ജീവിതവും മറ്റൊരു മഴവിൽപോലെ സുന്ദരമാകും. പ്രകാശം, താപം, വൈദ്യുതി, ശബ്ദം, തുടങ്ങിയ വിവിധ ഊർജ്ജരൂപങ്ങൾ ഒരേ ഊർജ്ജത്തിൻ്റെ വിവിധ രൂപാന്തരങ്ങൾ മാത്രമാണ്. ഉപനിഷത്തുക്കളിൽ പറയുന്നത് “ഏകം സത് വിപ്രാബഹുധാവദന്തി”എന്നാണ്. സത്യം ഒന്നു മാത്രം എന്നാൽ ഇതിനെ ബുദ്ധിമാന്മാർ പലതായി വ്യാഖ്യാനിക്കുന്നു എന്നുമാത്രം.

ഏതാനും നിമിഷംമാത്രം ആകാശത്തു തെളിഞ്ഞു മറയുന്നതാണ് മഴവില്ല്. അത്രയും സമയം മറ്റുള്ളവർക്ക് ആനന്ദം പകരൂ എന്ന സന്ദേശമാണ് മഴവില്ല് നൽകുന്നത്. കാലം എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ചേക്കാം. ഈ അനന്തകാല പ്രവാഹത്തിൽ ഒരു മനുഷ്യായുസ്സ് ഒരു ബിന്ദു മാത്രമാണ്. എങ്കിലും ജീവിക്കുന്ന കാലം മറ്റുള്ളവർക്കും സമൂഹത്തിനും നന്മ ചെയ്യുക എന്നതാണ് മനുഷ്യധർമ്മത്തിൽ ഏറ്റവും പ്രധാനം. വ്യക്തിക്കും വ്യക്തിത്വത്തിനും വ്യക്തി ചെയ്യുന്ന കർമ്മങ്ങൾക്കും ശക്തിയുണ്ടാകുന്നത് ഉള്ളിൽ നന്മ വിരിയുമ്പോഴാണ്.

“വർഷങ്ങളോളം ആയസ്സുള്ള ഓക്കു മരത്തേക്കാൾ എത്രയോമഹത്തരമാണ് ഒരാഴ്ചമാത്രം ആയസ്സുള്ള ലില്ലിപ്പൂവ് ” എന്ന ഒരു കവിത ഇംഗ്ലീഷിലുണ്ട്.

ഭാരതം പരമാചാര്യനായി അംഗീകരിച്ച ശ്രീശങ്കരാചാര്യർ 32വയസ്സുവരെ മാത്രമേ ജീവിച്ചുള്ളൂ. ഈ പ്രായത്തിനുള്ളിൽ ഭാരതത്തിൻ്റെ സന്ദേശം ലോകമെങ്ങും എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ധാരാളം വേദാന്ത ഗ്രന്ഥങ്ങളും പ്രകരണങ്ങളും സ്തോത്രങ്ങളും എഴുതിയതുകൂടാതെ ഭാരതത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച്
അദ്വൈതസിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതിനായി മഠങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കുകയും ചെയ്തു. “ഇന്ത്യ സമ്മാനിച്ച ഏറ്റവും ഉത്കൃഷ്ട മനുഷ്യമാതൃക” എന്നാണ് ശങ്കരനെപ്പറ്റി ലോകപ്രസിദ്ധ തത്ത്വചിന്തകനായ വിൽഡ്യുറൻ്റ്
പറഞ്ഞിട്ടുള്ളത്.

സ്വാമി വിവേകാനന്ദനും 39വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ. അതിനുള്ളിൽ ഭാരതത്തിൻ്റെ ശബ്ദം ലോകമെമ്പാടും മുഴക്കി. ആത്മീയതകൊണ്ട് ആ മഹാത്മാവ്
ലോകം കീഴടക്കി.

അതു കൊണ്ട് ഒന്ന് മനസ്സിലാക്കുക. എത്ര കാലം ജീവിച്ചു എന്നതിനേക്കാൾ പ്രധാനം എങ്ങിനെ ജീവിച്ചു എന്നതാണ്. ജീവിച്ചുമരിക്കുന്നവരും മരിച്ചു ജീവിക്കുന്നവരുമുളള ഈ ലോകത്ത് മരിച്ചിട്ടും ജീവിക്കുന്നവരായി കുറച്ചുപേരെങ്കിലുമുണ്ട്. അന്യജീവനുതകി ജീവിച്ചവർ.

വെള്ളത്തിലെ കുമിളപോലെ താ മരയിൽ തത്തിക്കളിക്കുന്ന ജലത്തുള്ളിപോലെ, എത്ര നശ്വരമാണ്, എത്ര ചഞ്ചലമാണ് നമ്മുടെയെല്ലാം ജീവിതം!പക്ഷെ അതു മനസ്സിലാക്കി ജീവിക്കുന്നവർ വളരെ അപൂർവ്വവുമാണ്. ദേവാലയങ്ങളിൽ കത്തുന്ന ചന്ദനത്തിരിയുടെയും കർപ്പൂരത്തിൻ്റെയും തത്ത്വം പോലെയാവണം നമ്മുടെ ജീവിതത്ത്വവും. ജീവിക്കുമ്പോൾ സ്വയം കത്തിയെരിഞ്ഞുകൊണ്ടായാലും അന്യന് സുഗന്ധവും അ ല്പം വെളിച്ചവും നൽകുക.

പി . എം . എൻ . നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments