Thursday, May 30, 2024
Homeഅമേരിക്കകഥാപ്രസംഗം: ചരിത്രവും വളർച്ചയും (ഭാഗം - 4) ജിത ദേവൻ എഴുതുന്ന 'കാലികം'

കഥാപ്രസംഗം: ചരിത്രവും വളർച്ചയും (ഭാഗം – 4) ജിത ദേവൻ എഴുതുന്ന ‘കാലികം’

ജിത ദേവൻ✍

കഥാപ്രസംഗ കലയെ ജനകീയമാക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നവരാണ് ശ്രീ കെടാമംഗലം സദാനന്ദനും ശ്രീ വി .സാംബശിവനും. കഥാപ്രസംഗ കലയുടെ കുലപതി, കഥാപ്രസംഗ ചക്രവർത്തി എന്നൊക്കെ അനുവാചകർ ആരാധനയോടെ വിളിച്ചിരുന്ന ശ്രീ വി. സാംബശിവനാണ് നാടും നഗരവും, ദേശവും കടന്ന് വിദേശങ്ങളിൽ പോലും കഥാപ്രസംഗത്തെ ജനകീയ കലാരൂപമായി മലയാളിയുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടാൻ കാരണക്കാരനായത്. അര നൂറ്റാണ്ട് കൊണ്ട് ഏകദേശം 50 ൽ ഏറെ കഥകൾ പതിനയ്യായിരത്തോളം വേദികളിൽ നിരന്തരം അവതരിപ്പിച്ചത് ഇന്നും ആർക്കും തിരുത്താൻ കഴിയാത്ത റിക്കാർഡാണ്.

1929 ജൂൺ 16ന് കൊല്ലം ചവറ തെക്കുംഭാഗം മേലോട് ശ്രീ വേലായുധന്റെയും ശ്രീമതി ശാരദയുടെയും പുത്രനായി ജനിച്ചു വി സാംബ ശിവൻ പ്രാഥമികവിദ്യാഭ്യസത്തിനു കൊല്ലം ശേഷം തുടർപഠനത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താൻ അദ്ദേഹം തെരെഞ്ഞെടുത്ത മാർഗ്ഗമായിരുന്നു കഥാ പ്രസംഗമവതരിപ്പിച്ചു പണം നേടുക എന്നത്. ചവറയിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അദ്ദേഹമെത്തിയത് ഓണം കഴിഞ്ഞുള്ള ഒരു ചതയദിന രാത്രിയിലാണ്. പെട്രോൾമാക്സിന്റെ വെളിച്ചത്തിൽ അവിടെ കൂടിയിരുന്നവരോടയി അദ്ദേഹം ഇങ്ങനെ പറഞ്ഞു “ഞാൻ സാംബശിവൻ, പത്താം ക്ലാസ്സ്‌ ഒന്നാം ക്ലാസ്സിൽ പാസ്സായി. എനിക്ക് തുടർന്ന് പഠിക്കാൻ സാമ്പത്തിക ശേഷിയില്ല. അതിനായി ഞാൻ നിങ്ങൾക്കൊരു കഥ പറഞ്ഞു തരാം . നിങ്ങൾ പകരം എനിക്ക് പണം തരണം“. കാണികൾ ആകാംഷാഭരിതരായി കഥ കേൾക്കാൻ തുടങ്ങി. മൈക്ക് പോലുമില്ലാതെ അദ്ദേഹം ആദ്യമായി പറഞ്ഞ കഥ ശ്രീ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ’ദേവത‘യാണ്.

തുടക്കം പാഴായില്ല, ജനസമ്മതനായ ഒരു പ്രശസ്ത ഗായകന്റെ കാഥികന്റെ പിറവിയായിരുന്നു അന്ന് സംഭവിച്ചത് . ഇരുപതാം വയസിൽ ആരംഭിച്ച സപര്യ അൻപത് വർഷത്തോളം നീണ്ടുനിന്നു. ഇതിനിടയിൽ കൊല്ലം SN കോളേജിൽ നിന്ന് BA ഡിഗ്രി ഫസ്റ്റ് ക്ലാസ്സിൽ ജയിച്ചു, പിന്നീട് ബിഎഡ്,ബിരുദാനന്തര ബിരുദം എന്നിവ നേടി.

ചടുലമായ ആഖ്യാനചാതുര്യം അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഉത്സവ രാവുകളെ കുളിരും ,സ്വപ്നവും , റോമാഞ്ചാവുമണിയിച്ചു സാംബന്റെ കഥാപ്രസംഗത്തിന്റെ മാസ്മരികതയിൽ ഉത്സവപറമ്പുകളെ ഗ്രാമീണ സർവ്വകലാശാകൾ ആക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാളത്തിലെ പ്രശസ്തമായ ഖണ്ഡകാവ്യങ്ങളും മറ്റും കഥാപ്രസംഗമായി അവതരിപ്പിച്ചു. അധികം വൈകാതെ വിശ്വസഹിത്യത്തിലെ മണിമുത്തുകളായ സാഹിത്യ കൃതികൾ സ്വന്തമായി തർജ്ജമ ചെയ്തു കഥാപ്രസംഗം ആയി അവതരിപ്പിച്ചു. അക്ഷരാഭ്യാസം പോലും ഇല്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി നർമ്മത്തിൽ പൊതിഞ്ഞു ലളിതമായ ശൈലിയിൽ അദ്ദേഹം കഥ പറഞ്ഞു.

വിശ്വ സാഹിത്യകാരൻ ലിയോ ടോൾ സ്റ്റോയിയുടെ “The power of darkness ” എന്ന കൃതി അനീസ്യ എന്നപേരിൽ ശ്രീ സാംബശിവൻ വേദികളിൽ അവതരിപ്പിച്ചു. അതായിരുന്നു തുടക്കം. തുടർന്ന് വിശ്വസഹിത്യത്തിലെ അനേകം പ്രശസ്ത കൃതികൾ അദ്ദേഹം കഥാപ്രസംഗതിനു പ്രമേയമാക്കി. അതെക്കുറിച്ചു അടുത്ത ഭാഗത്തിൽ എഴുതാം. ഒരു കാര്യം സത്യമായിരുന്നു വിശ്വസഹിത്യത്തിലെ പ്രധാന കൃതികളിലെ കഥാപാത്രങ്ങളുടെ പേര് സാധാരണക്കാർ പോലും ഓരോരുത്തരുടെ സ്വഭാവം അനുസരിച്ച് കളിയാക്കി പരസ്പരം വിളിക്കാൻ തുടങ്ങിയിരുന്നു. അത്രക്കും സുപരിചിതരായിരുന്നു സാധാരണ ജനങ്ങൾക്ക് വിശ്വസാഹിത്യത്തിലെ കൃതികളിലെ കഥാപാത്രങ്ങൾ. ഒരു പക്ഷെ വിദ്യാഭ്യാസത്തിൽ ഏറെ മുന്നേറിയ ഇന്നത്തെ തലമുറയിലെ എത്ര പേർക്ക് ഇതൊക്കെ അറിയാം എന്ന് ചിന്തിക്കുമ്പോഴാണ് നിരക്ഷരരായ ജനങ്ങൾക്ക്‌ പോലും വിശ്വസഹിത്യ കൃതികൾ എത്ര സുപരിചിതമായിരുന്നു എന്നും, അതിന് ശ്രീ സാംബൻ എത്രമാത്രം പ്രയത്നിച്ചിരുന്നു എന്നും മനസിലാകുന്നത്.

കേരള നവോത്ഥനത്തിൽ ശ്രീ സാംബശിവൻ സ്തുത്യായർഹമായ സ്ഥാനമാണുള്ളത്. അനുവാചകരോട് ഇത്രയും നേരിട്ട് സംവദിച്ച ഒരു കലാകാരൻ വേറെ ഉണ്ടാകില്ല. കഥ പറഞ്ഞു കഥ പറഞ്ഞു ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടി അദ്ദേഹം. അക്ഷരാർഥത്തിൽ ജനങ്ങളുടെ നടുവിൽ അവരുടെ സ്നേഹാശിസ്സുകൾ നേടി, അവരുടെ അളവറ്റ സ്നേഹവും ആദരവും അനുഭവിച്ചറിഞ്ഞു. തന്റെ കലാസപര്യയിൽ കൂടി ഒരു സമൂഹിക പരിഷ്ക്കർത്താവ് ആകുകയായിരുന്നു അദ്ദേഹം. തന്റെ ആശയങ്ങളും ആദർശവും ജനങ്ങളിൽ എത്തിക്കുവാൻ അദ്ദേഹത്തിനായി.

തുടരും..

ജിത ദേവൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments