ഫ്ലോറൻസ്: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കുടിയേറ്റക്കാരുമായി എത്തിയ കപ്പൽ തകർന്ന് 11 പേർ കൊല്ലപ്പെട്ടു. രണ്ട് ചെറിയ കപ്പലുകളിലുമായി 60ഓളം പേരെയാണ് കാണാതായിരിക്കുന്നത്. മരം കൊണ്ടുള്ള ബോട്ടിനുള്ളിൽ നിന്നാണ് 10 പേരുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഇറ്റലിയിലെ ലാംപെഡൂസ ദ്വീപിന് സമീപമാണ് അപകടമുണ്ടായത്. ഇതിന് പിന്നാലെയുണ്ടായ മറ്റൊരു അപകടത്തിലാണ് അറുപതോളം പേരെ കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കാണാതായവരിൽ 26പേരും വിദ്യാർത്ഥികളാണെന്നാണ് ജീവകാരുണ്യ സംഘടനയായ മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് വിശദമാക്കുന്നത്. ലിബിയയിൽ നിന്നും പുറപ്പെട്ട ചെറു കപ്പലുകളിലുണ്ടായിരുന്നത് സിറിയ, ഈജിപ്ത്, പാകിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് വിവരം. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരെ ഇറ്റലിയുടെ തീരദേശ സേന തീരത്ത് എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ദക്ഷിണ ഇറ്റലിയ്ക്ക് സമീപത്തുള്ള കാലാബ്രിയ തീരത്തിന് സമീപത്ത് വച്ചാണ് രണ്ടാമത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയത്.
രണ്ടാമത്തെ കപ്പലിൽ നിന്ന് കാണാതായ കുട്ടികളിൽ ഏതാനും മാസം പ്രായമായവർ വരെയുണ്ടെന്നാണ് അന്തർ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ബോട്ടിലുണ്ടായവരിൽ ഭൂരിപക്ഷം പേർക്കും ലൈഫ് ജാക്കറ്റ് പോലും ഇല്ലാതിരുന്നതാണ് അപകടത്തിന്റെ തോത് ഇത്ര കണ്ട് കൂട്ടിയതെന്നാണ് വിവരം. അഭയാർത്ഥി പ്രവാഹം ഉണ്ടാകുന്നതിൽ ഏറ്റവും അപകടം നിറഞ്ഞ പാതകളിലൊന്നാണ് മെഡിറ്ററേനിയൻ. യുഎൻ നൽകുന്ന വിവരങ്ങൾ അനുസരിച്ച് 2014 മുതൽ 23500 ഓളം അഭയാർത്ഥികശാണ് മെഡിറ്ററേനിയൻ കടലിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുള്ളത്