മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജ് നിര്‍വ്വഹിക്കാനായി സൗദി അറേബ്യയിലെത്തിയ 15 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ കുടാര നഗരമായ മിനായിലേക്കുള്ള പ്രയാണം ആരംഭിച്ചിരിക്കുകയാണ്.
43 ഡിഗ്രി കൊടും ചൂടിലും തീര്‍ത്ഥാടകര്‍ കാല്‍നടയായും ബസിലും യാത്ര ചെയ്താണ് മിനായിലേക്ക് പോകുന്നത്. മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് മിന. ഹജ്ജ് ആരംഭിച്ചതായി ഇന്ത്യന്‍ ഹജ്ജ് ദൗത്യ സംഘം എക്‌സില്‍ കുറിച്ചു. അസീസിയയില്‍ നിന്ന് മിനായിലേക്ക് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ യാത്ര ആരംഭിച്ചിരിക്കുന്നുവെന്നും ഇന്ത്യന്‍ ഹജ്ജ് ദൗത്യ സംഘം എക്‌സിലെഴുതിയ പോസ്റ്റില്‍ പറഞ്ഞു.
തീര്‍ത്ഥാടകരുടെ എണ്ണം ഇത്തവണ 20 ലക്ഷം കവിയുമെന്ന് സൗദി വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിനകത്ത് നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവുണ്ടായിട്ടുണ്ട്. ഇസ്ലാമിക മാസമായ ദുല്‍ഹിജയുടെ 9-ാം ദിവസം ഫജ്ര്‍ നമസ്‌കാരം കഴിഞ്ഞ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്ന് പുറപ്പെട്ട് അറഫാ സംഗമത്തിനെത്തും.
ഈ വർഷം ജൂൺ 14 മുതല്‍ ജൂണ്‍ 19 വരെയാണ് ഹജ്ജ് തീര്‍ത്ഥാടനം. ജൂണ്‍ 16നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. ഇസ്രായേല്‍-ഗാസ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന വേളയിലാണ് ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനം നടക്കുന്നത്. സാമ്പത്തിക-ശാരീരിക ശേഷിയുള്ള ഇസ്ലാം മത വിശ്വാസികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്യേണ്ട കടമയാണ് ഹജ്ജ് എന്നാണ് വിശ്വസിച്ചുപോരുന്നത്.