🔹ഈ മാസം 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കള്‍ നിരസിച്ചു. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചിരുന്നത്.
🔹ഈ മാസം 29 നു കാസര്‍കോട്ടുനിന്ന് വ്യാപാര സംരക്ഷണ യാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്നു . ഫെബ്രുവരി 15 നു കേരളത്തില്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിക്കും. നികുതി, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടയടപ്പു സമരത്തിന് ആഹ്വാനം ചെയ്തത്.
🔹തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗരേഖ തയാറാക്കുമെന്ന് സുപ്രീം കോടതി. ഇതിനായി കേന്ദ്ര, സംസ്ഥാന നിയമങ്ങള്‍ പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
🔹താല്‍ക്കാലിക അധ്യാപന നിയമനത്തിന് 20,000 രൂപ കൈക്കൂലി വാങ്ങിയ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ മൈസൂര്‍ സ്വദേശിയായ പ്രൊഫസര്‍ എ കെ മോഹനെ വിജിലന്‍സ് പിടികൂടി. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രഫസറാണ് ഇയാള്‍.
🔹സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ75 ലക്ഷം രൂപ പശ്ചിമ ബംഗാള്‍ സ്വദേശി അശോകിന്. മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണ്. ഒന്നാം സമ്മാനം നേടിയ വിവരം അറിഞ്ഞ ഇയാള്‍ ടിക്കറ്റുമായി പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. ടിക്കറ്റ് ബാങ്കിലെത്തിക്കാന്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ക്കു സുരക്ഷ നല്‍കി. ടിക്കറ്റ് ബാങ്കിനു കൈമാറിയ ശേഷം ഇയാള്‍ നാട്ടിലേക്കു പോയി.
🔹തുണിയില്‍ മുക്കുന്ന റോഡമിന്‍ ബി എന്ന നിറപ്പൊടി ഉപയോഗിച്ചുണ്ടാക്കിയ കടുംനിറമുള്ള മിഠായി തിരൂരില്‍ പിടികൂടി. ബി പി അങ്ങാടി നേര്‍ച്ച ആഘോഷ സ്ഥലത്ത് വില്‍പ്പനയ്ക്കുവച്ച മിഠായി വിറ്റവര്‍ക്കെതിരേ ലക്ഷം രൂപയാണു പിഴ ചുമത്തിയിരിക്കുന്നത്. ഇതേസമയം, വായിലിട്ടാല്‍ പുക വരുന്ന ബിസ്‌കറ്റ് വില്‍പനയും പിടികൂടി. വെളുത്ത പുകയുണ്ടാക്കാന്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നതായാണു കണ്ടെത്തിയത്.
🔹ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25 ന്. ഫെബ്രുവരി 17 മുതല്‍ ആഘോഷ പരിപാടികള്‍ തുടങ്ങും. മഹോത്സവത്തിനുള്ള തയാറെടുപ്പുകള്‍ക്കായി മന്ത്രി വി.ശിവന്‍കുട്ടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
🔹പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും 22 വര്‍ഷം കഠിന തടവും പിഴയും. പാലക്കാട് അഗളി കോട്ടത്തറ സ്വദേശി ഗണേശനെ (40) യാണ്ണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
🔹എംഎ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷത്തെ സേവനങ്ങള്‍ക്ക് ആദരവായി ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയ സര്‍ജറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികള്‍ക്കാണു ശസ്ത്രക്രിയ. അപേക്ഷിക്കേണ്ട ഇ മെയില്‍ വിലാസം: hope@vpshealth.com
🔹ശതാഭിഷിക്തനായ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ.യേശുദാസിന് 84 ാം പിറന്നാളിന്റെ മധുരം പകര്‍ന്ന് ലോകമെങ്ങുമുള്ള മലയാളികള്‍. സാമൂഹ്യ മാധ്യമങ്ങളിലും വിവിധ സ്ഥലങ്ങളിലെ സംഗീത പരിപാടികളിലും യേശുദാസ് നിറഞ്ഞുനിന്നു. കൊച്ചിയില്‍ നടന്ന ജന്മദിനാഘോഷത്തില്‍ അമേരിക്കയിലെ ടെക്സസിലെ വീട്ടിലുള്ള ഗാനഗന്ധര്‍വന്‍ ഓണ്‍ലൈനായി പങ്കെടുത്തു. മലയാള സിനിമ സംഗീത ലോകത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മകന്‍ വിജയ് യേശുദാസാണ് കേക്ക് മുറിച്ചത്.
ഡോ.കെ.ജെ യേശുദാസിന്റെ ജന്മനക്ഷത്രദിനമായ 12 ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമല ക്ഷേത്രത്തില്‍ വഴിപാടുകളും നെയ്യഭിഷേകവും നടത്തും. പുലര്‍ച്ചെ ഗണപതിഹോമവും സഹസ്രനാമാര്‍ച്ചനയും ശനിദോഷ നിവാരണത്തിനായി നീരാഞ്ജനവും നടത്തും.
🔹മകരമാസ പൂജാ സമയത്തെ ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ്. ജനുവരി 16 ന് 50,000 പേര്‍ക്കും 17 മുതല്‍ 20 വരെ പ്രതിദിനം 60,000 പേര്‍ക്കും ദര്‍ശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളില്‍ പമ്പ, നിലക്കല്‍, വണ്ടിപ്പെരിയാര്‍ എന്നീ മൂന്നിടങ്ങളില്‍ സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.
🔹പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തിലുണ്ടാകും. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കൊച്ചിയില്‍ ബിജെപി ഒരുക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. ക്ഷേത്രദര്‍ശനവും നടത്തും. കൊച്ചിയില്‍ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. വൈകുന്നേരം പ്രധാനമന്ത്രി ഡല്‍ഹിക്കു മടങ്ങും.
തയ്യാറാക്കിയത്: കപിൽ ശങ്കർ