Thursday, December 26, 2024
HomeUS Newsപ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

തയ്യാറാക്കിയത്: കപിൽ ശങ്കർ

🔹പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 17 ന് ഗുരുവായൂരില്‍ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് വരവ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് സൗകര്യങ്ങള്‍, സുരക്ഷ ക്രമീകരണങ്ങള്‍ എന്നിവ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് പൊലീസിനോടു റിപ്പോര്‍ട്ട് തേടി. പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

🔹കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരകേസില്‍നിന്ന് കുറ്റമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി സുപ്രീം കോടതി മൂന്നാഴ്ചത്തേക്കു മാറ്റിവച്ചു. ബന്ധുക്കളായ ആറു പേരെ കൊലപ്പെടുത്തിയെന്ന കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നുമാണ് ജോളിയുടെ വാദം.

🔹കേരളത്തിലേക്ക് ചെന്നൈയില്‍ നിന്ന് ജനുവരി 11, 12 തീയതികളില്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. യുടെ അറിയിപ്പ്.തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ യൂണിറ്റുകളില്‍ നിന്നാണ് ചെന്നൈ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്.

🔹കോയമ്പത്തൂരിലെ തുണിക്കമ്പനിയുടെ പേരില്‍ വീട്ടമ്മമാരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് 85 ലക്ഷംരൂപ തട്ടിയ കോണ്‍ഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയാസിനെതിരേ 40 ലേറെ പേരുടെ പരാതി. എറണാകുളം ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ വീട്ടമ്മമാര്‍ പ്രതിഷേധവുമായി എത്തിതോടെയാണ് രമ്യ ഷിയാസിനെതിരേ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായതെന്നു തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.

🔹ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്റ്റേറ്റ് തൊഴിലാളിയായ പരിമളം മരിച്ചു. ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തിനുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

🔹എറണാകുളം നോര്‍ത്തിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തു താമസിച്ച യുവതിക്ക് നേരെ ടൂറിസ്റ്റ് ഹോം ഉടമയുടെ ആക്രമണം . ഉടമയായ ബെന്‍ജോയ്, സുഹൃത്ത് ഷൈജു എന്നിവർക്കെതിരെ കിട്ടിയ പരാതിയിൽ പോലീസ് കേസെടുത്തു.

🔹വിമാനം പറന്നു തുടങ്ങിയപ്പോൾ ഒരു കൗമാരക്കാരൻ തന്റെ കുടുംബാംഗത്തെ ആക്രമിച്ചതിനാൽ . വിമാനം തിരിച്ചിറക്കേണ്ടി വന്നു.പതിനാറുകാരനായ പയ്യൻ കാരണം എയർ കാനഡ വിമാനത്തിലാണ് ഈ അസാധാരണ സംഭവമുണ്ടായത്. ടൊറോന്റോയിൽ നിന്ന് പറന്നുയർന്ന വിമാനം കാൽഗാരിയിലാണ് എത്തേണ്ടിയിരുന്നത്. എന്നാൽ അതിന് യുവാവ് സമ്മതിച്ചില്ല. ഒപ്പമുണ്ടായിരുന്ന കുടുംബാംഗത്തെ ആക്രമിക്കാൻ തുടങ്ങി. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ചേർന്ന് യുവാവിനെ ഒരുവിധം പിടിച്ചു നിർത്തിയെങ്കിലും പിന്നെയും പ്രശ്നമാക്കാൻ തുടങ്ങി. ഇതോടെ വിമാനം നിലത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു.

🔹ഹോംവര്‍ക്ക് ചെയ്യാത്തതിന് ഒരു ക്ലാസിലെ 50 കുട്ടികളെ ക്ലാസില്‍നിന്നും പുറത്താക്കിയ സ്‌കൂളിന് കോടതി ഒരു ലക്ഷം രൂപ പിഴ ശിക്ഷ നൽകി . കര്‍ണ്ണാടകയിലെ മല്ലേശ്വരത്തെ ബ്രിഗേഡ് ഗേറ്റ് വേ എന്‍ക്ലേവിലെ ബ്രിഗേഡ് സ്‌കൂളിനെയാണു ശിക്ഷിച്ചത്. പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ആഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ് .

🔹കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളായി വിതരണം ചെയ്യണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എല്ലാ മാസവും ആദ്യ ഗഡു പത്താം തീയതിയ്ക്കു മുന്‍പും രണ്ടാം ഗഡു ഇരുപതാം തീയതിയ്ക്കു മുമ്പും നല്‍കണം. ശമ്പളം എല്ലാ മാസവം പത്തിനകം നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കെ.എസ്.ആര്‍.ടി.സി നല്‍കിയ അപ്പീലിലാണ് നടപടി.

🔹പന്തല്ലൂരില്‍ മൂന്നു വയസുളള കുട്ടിയെ പുലി കടിച്ചു കൊന്നു. പുലിയെ മയക്കുവെടിവച്ച് കൂട്ടിലാക്കി. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ മൂന്നു വയസുകാരി നാന്‍സിയാണ് കൊല്ലപ്പെട്ടത്.

🔹സിനിമ നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായി നിയമിച്ചു. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീര്‍ത്തി, രേവതി എന്നിവര്‍ മക്കളാണ്.

🔹കെജിഎഫ് അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നട സിനിമാ താരം യാഷിന്റെ ജന്മദിനത്തിന് ബാനര്‍ കെട്ടുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ആരാധകര്‍ മരിച്ചു. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.

🔹കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ സംഗീതനിശയില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുപേര്‍ മരിച്ച കേസില്‍ പ്രിന്‍സിപ്പലിനേയും രണ്ട് അധ്യാപകരേയും പ്രതികളാക്കി പോലീസിന്റെ എഫ്ഐആര്‍. ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റ് കണ്‍വീനര്‍മാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാര്‍ തമ്പി, ഡോ. എന്‍ ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്.

🔹തമിഴ്‌നാട്ടില്‍ ബസ് സമരം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് നടത്തുമെന്ന് സിഐടിയു അടക്കം ഇരുപതിലേറെ യൂണിയനുകള്‍ അറിയിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ തീരുമാനം.

തയ്യാറാക്കിയത്: കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments