ക റുപ്പിനോടായിരുന്നു ഇഷ്ടം. അദ്ദേഹത്തിനും നല്ല കറുപ്പു നിറമായിരുന്നു. വേഷത്തിലും.
ഇരുട്ടിൽ ഇളം നീല വരകളാണ് അദ്ദേഹത്തിന്റെ ആകൃതി വ്യക്തമാക്കിയിരുന്നത്.
തെരുവു വിളക്കുകൾ അണയുമ്പോഴും പാടവരമ്പത്ത് ഇരുട്ടു കട്ട പിടിക്കുമ്പോഴുമാണ് ഞാനദ്ദേഹത്തെ കണ്ടിരുന്നത്.
എന്നെ മടിയിൽക്കിടത്തി മുടിയിഴകൾക്കിടയിൽ വിരലോടിച്ചിരിക്കും. കട്ടിമീശയ്ക്കിടയിലൂടെ എപ്പോഴോ പുകയിലക്കറ പിടിച്ച പല്ലു ഞാൻ കണ്ട പോലെ. നീണ്ട മുടികൾ ചിതറിക്കിടക്കുന്ന നെറ്റി. അങ്ങിങ്ങായി വിയർപ്പുതുള്ളികൾ.
ഉരുണ്ട കണ്ണകൾക്ക്
ചുവപ്പു നിറമായിരുന്നു.
പക്ഷേ …,
കുറെ നാളായി കണ്ടിട്ട്…
ഞാൻ പറയുന്നതു മുഴുവൻ കേട്ടിരിക്കും. തിരിച്ചൊന്നും പറയാറില്ല. ചിലപ്പോൾ ഒരു പരുക്കൻ മൂളൽ മാത്രം. ബഹുമാനക്കൂടുതൽ കൊണ്ട് അനിഷ്ടമെന്നു തോന്നുന്നതൊന്നും സംസാരിച്ചില്ല.
ഇരുട്ടിലേ വരൂ..
കണ്ടാൽ ഞാൻ പിന്നാലെ ചെല്ലണം.
അദ്ദേഹത്തിനൊപ്പം ശക്തമായ കാറ്റു വരില്ല. പാലപ്പൂ ഗന്ധവുമില്ല. വെള്ളിയാഴ്ച ദിവസങ്ങളിൽ കണ്ടിട്ടുമില്ല. വെളുത്ത വസ്ത്രമണിഞ്ഞ കൂട്ടുകാരികളെയും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ എനിക്കു പേടിയില്ലായിരുന്നു.
അദ്ദേഹത്തിനെന്നും പഴന്തുണിയുടെ മണമായിരുന്നു.
ഞാൻ കാത്തിരുന്നു. തെരുവു വിളക്കുകൾ അണഞ്ഞു. നേർത്ത നീല വരകൾക്കുള്ളിൽ അദ്ദേഹത്തിന്റെ നടത്തം എനിക്കു നന്നായി കാണാം.
പാട വരമ്പത്തേക്കാണ്.
ഞാൻ പിന്നാലെ ഓടി…
ഓടിയിട്ടും ഓടിയിട്ടും എത്തുന്നില്ല.
നീല വരകൾ മെല്ലെ ഇല്ലാതാകുന്നു…
ഇപ്പോൾ എങ്ങും ഇരുട്ടു മാത്രം.
പിന്നങ്ങോട്ട് കറുപ്പു മാത്രം.
കെ.യു. ഗോപകുമാർ✍