മലേഷ്യയിലെ അഞ്ചാം ദിവസം.
ബ്രേക്ഫാസ്റ്റ് ഫോർ ബ്രെയിൻ എന്ന് പറഞ്ഞതുപോലെയാണ് ഇവിടത്തെ ബ്രേക്ഫാസ്റ്റ്.സൗത്ത് ഇന്ത്യൻ ഭക്ഷണം ആയ ദോശയും സാമ്പാറും പിന്നെ ബ്രഡും നൂഡിൽസും രണ്ടു തരം ജ്യൂസുകളും കാപ്പിയും ചായയും കപ്പ് കേക്കും….. ഈ പ്രഭാതഭക്ഷണം അകത്താക്കിയാൽ പിന്നെ ഒരു സാധാരണ മനുഷ്യന് വൈകുന്നേരമേ ഭക്ഷണം വേണ്ടിവരൂ.ഇന്ന് പോകുന്നത് ലങ്കാവി ഈഗിൾ സ്ക്വയർ കാണാനാണ്.കൃത്യസമയത്ത് ഡ്രൈവർ എത്തി ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി.പതിവു ചടങ്ങുകൾ ഒക്കെ മുറ പോലെ നടന്നു കയ്യിൽ ബാൻഡ് കെട്ടി. മുമ്പ് സർക്കാർ ആശുപത്രിയിൽ സ്ത്രീകൾ പ്രസവിക്കുമ്പോൾ കുഞ്ഞുങ്ങൾ മാറി പോകാതിരിക്കാൻ അമ്മയ്ക്കും കുഞ്ഞിനും ഒരേ നമ്പർ ഉള്ള ബാൻഡുകൾ കയ്യിൽ അണിയാൻ കൊടുക്കുമായിരുന്നു. മൂന്നാലു ദിവസമായി ഇപ്പോൾ ഈ ബാൻഡുകൾ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി തീർന്നിരിക്കുന്നു.
ഞങ്ങൾ ഈ ശില്പത്തിന് അടുത്തേക്ക് നടന്നു. ലങ്കാവിയിലെ മനുഷ്യനിർമ്മിത ആകർഷണങ്ങളിലൊന്നാണ് ഈഗിൾസ് സ്ക്വയർ അഥവാ ഡാറ്ററൻ ലാങ്. പറക്കാൻ തയ്യാറായി നിൽക്കുന്ന പരുന്തിന്റെ വലിയ ശില്പം.
ഈ കോൺക്രീറ്റ് പ്രതിമയ്ക്ക് 12 മീറ്റർ ഉയരമുണ്ട്. ചുമപ്പ് കലർന്ന തവിട്ടുനിറമാണ് ഇതിന്. ഈ മഹനീയ ശിൽപം പണിതീർത്തത് ഒരു ഇൻഡോനേഷ്യൻ ആർട്ടിസ്റ്റാണ്. ഏതായാലും ഒരു വിസ്മയക്കാഴ്ച തന്നെ. അതിരാവിലെ വെയിൽ വരുന്നതിനു മുമ്പ് ഈ പ്രദേശം ചുറ്റിനടന്നു കണ്ടു തീർക്കണമെന്ന് ഗൈഡ് അറിയിച്ചിരുന്നു. രാത്രികാലങ്ങളിൽ ഈ പരുന്ത് പ്രതിമ ലൈററ്റുകളാൽ തിളങ്ങുമത്രേ!ഈ സ്‌ക്വയറിന് ചുറ്റും വെള്ളവും പാലങ്ങളും ഉണ്ട്. ചതുരാകൃതിയിലുള്ള 19ഏക്കറിൽ മനോഹരമായ ചെറിയ കുളങ്ങൾ, ജലധാരകൾ, നടപ്പാലങ്ങൾ, കടകൾ, ഭക്ഷണശാലകൾ,സുവനീർ ഷോപ്പുകൾ എന്നിവയുമുണ്ട്.കടത്തു വള്ളങ്ങൾ തുറമുഖത്തിന് കുറുകെ പായുന്നതു കാണാനും നല്ല രസമാണ്. പ്രതിമയ്ക്ക് അപ്പുറത്ത് കടലിൻറെ ഭാഗങ്ങളും ബോട്ട് ജെട്ടിയും ദ്വീപുകളും ആണ്.
ഞങ്ങൾ പ്രതിമയുടെ അടുത്തേക്ക് നടന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് ഞാൻ ആ ദൂരക്കാഴ്ച കണ്ടത്. മരുമകൻ മകളെ കൈകളിൽ കോരിയെടുത്ത് പ്രതിമയെ വലംവയ്ക്കുന്നു.എയ്താനും ഈയാനും അത് ഷൂട്ട് ചെയ്യുന്നു.
ദൈവമേ എൻറെ അകവാളൊന്നു ഞെട്ടി. ഇനി ഇത് ഇവിടത്തെ വല്ല ആചാരവും ആയിരിക്കുമോ? ലോനപ്പേട്ടൻ വലിച്ചു വാരിത്തിന്നു വയറ്റിൽ അസുഖം പിടിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയത് പോലെ ഞാൻ നേരെ ആയുർവേദ ആശുപത്രിയിൽ നടു വെട്ടി ഉഴിച്ചിലും പിഴിച്ചിലിനും കയറേണ്ടി വരുമോ തൃശ്ശൂർ ചെല്ലുമ്പോൾ? അങ്ങോട്ടേക്ക് അടുത്തപ്പോഴാണ് എയ്താൻ അതിന് വിശദീകരണം തന്നത്. അവൻറെ മമ്മിയും പപ്പയും വിവാഹം കഴിഞ്ഞിട്ട് 10വർഷം കഴിഞ്ഞിരുന്നു.പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ടിൽ ഇങ്ങനെ ഒരു സീൻ അവർ സിഡിയിൽ കണ്ടിരുന്നു.അന്നവർ ഉണ്ടായിരുന്നില്ലല്ലോ? ആ സീൻ കുട്ടികൾക്ക് കാണാൻ വേണ്ടി recreate ചെയ്തത് ആയിരുന്നു അത്രേ!
ഹാവൂ! അത്രേയുള്ളൂ 30 വർഷം മുമ്പ് ഈ ഫോട്ടോ ഷൂട്ട് ഒന്നും ഉണ്ടാകാതിരുന്നത് ഇരുന്നത് എൻറെ ഭാഗ്യം.എന്നാലും ഞങ്ങൾ രണ്ടുപേരും ഈ പ്രായത്തിൽ ഞങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം; ടൈറ്റാനിക് കപ്പലിലെ ജാക്കിനെയും റോസിനെയും പോലെ നിന്ന് ഒരു ഫോട്ടോ എടുത്തു.
അവിടെ വച്ച് ജർമ്മനിയിൽ നിന്നെത്തിയ ഒരു ദമ്പതികളെ പരിചയപ്പെട്ടു. അവർ ഇവിടെ വന്നിട്ട് 2ആഴ്ചയായിരുന്നു.ബൈക്ക് ഇവിടെ നിന്ന് റെന്റിനു എടുത്ത് അത് ഓടിച്ച് ഇവിടെ മുഴുവൻ കറങ്ങുകയാണ്.ഇന്ത്യ, കേരളം എന്നൊക്കെ കേട്ടതേ മദാമ്മയുടെ കണ്ണുകൾ തിളങ്ങി.അവരുടെ ഫോട്ടോ ഞങ്ങളും ഞങ്ങളുടെ ഫോട്ടോ അവരും എടുത്തു.
നമുക്ക് നമ്മുടെ സ്വന്തം നാടിനെ കുറിച്ച് വലിയ വില ഇല്ലെങ്കിലും വിദേശികൾക്ക് നമ്മുടെ നാടിൻറെ പേര് കേൾക്കുമ്പോൾ തന്നെ, അവരുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ. അത് കാണുമ്പോൾ നമ്മളും അത്ര മോശക്കാരൊന്നുമല്ല എന്നൊരു ഗമ തോന്നും. പിന്നീട് കയറിയത് സുവനീർ ഷോപ്പുകളിലേക്ക്. പതിവുപോലെ ഈ കുഞ്ഞുപരുന്ത് പ്രതിമകളും ടീഷർട്ടും ചെരിപ്പും ബാഗും തുണിയും ഒക്കെ തന്നെ…
പിന്നെ ഞങ്ങൾ സന്ദർശിച്ചത് ആത്മ ആലം ബാത്തിക് പ്രിൻറിംഗ് കം ഷോപ്പ്
പലതരത്തിലുള്ള തുണികൾ വലിച്ച് പിൻ ചെയ്തു വെച്ച് ബാത്തിക് പ്രിൻറ് ചെയ്തെടുക്കുന്ന പ്രോസസ് ആണ് അവർ നമുക്ക് കാണിച്ചു തന്നു കൊണ്ടിരുന്നത്.നാച്ചുറൽഡൈ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഇത് പഠിപ്പിക്കുന്ന ക്ലാസ്സുകളും അതിൻറെ സൈഡിൽ കണ്ടു.അതിനോട് ചേർന്നുള്ള എക്സിബിഷൻ ഷോപ്പിലും കയറി.ഒരു മ്യൂസിയവും ഉണ്ട്. ആ കാഴ്ചകളും കണ്ടു.