വെള്ളച്ചാട്ടങ്ങൾക്ക് പഞ്ഞമില്ലാത്ത സ്ഥലമാണ് കൂർഗ് . കാവേരി, കന്നികെ, പുരാണ നദിയായ സുജ്യോതി എന്നീ മൂന്ന് നദികളുടെ സംഗമസ്ഥാനമാണ് കൂർഗ് .
അതുകൊണ്ടെന്താ എട്ടോ – പത്തോ വെള്ളച്ചാട്ടങ്ങൾ ഇവിടെ ഉണ്ടെന്നാണ് കേട്ടത്. കൂർഗിൽ നിന്ന് കേരളത്തിലെ വയനാട്ടിലേക്കുള്ള യാത്രയിലാണ് ‘ ഇരുപ്പു വെള്ളച്ചാട്ടം’ ത്തിൻ്റെ ബോർഡു കണ്ടത്. എന്നാൽ പിന്നെ – …..
കേരളത്തിലെ വയനാട് ജില്ലയുടെ അതിർത്തിയോട് ചേർന്ന് കർണാടകയിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി പർവ്വതനിരയിലാണ് ഈ വെള്ളച്ചാട്ടം. ഇതിനെ ലക്ഷ്മണ തീർത്ഥ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു. ഒരു ശുദ്ധജല വെള്ളച്ചാട്ടമാണ്. രാവിലെയായതുകൊണ്ട് സഞ്ചാരികൾ എത്തി തുടങ്ങിയിട്ടില്ല. അവിടുത്തെ ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ. മലയുടെ മുകളിൽ നിന്നും തട്ടുതട്ടുകളായി പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് എത്താൻ കാടിൽ കൂടിയുള്ള യാത്ര വേണം.
പാതയിൽ പടികളും വശങ്ങളിൽ റെയിലിഗുകളുമുണ്ടെങ്കിലും ഇതുപോലെയുള്ള നടത്തം ശീലമില്ലാത്തതും കൂടെയുള്ളവരുടെ നടത്തത്തിൻ്റെ സ്പീഡ് കൂടുതലായതു കൊണ്ടും വെള്ളച്ചാട്ടത്തിന്റെ ആദ്യഭാഗത്ത് എത്തിയപ്പോഴേക്കും ഞാനാകെ മടുത്തു പോയി.
ഇതെല്ലാം മുന്നേ മനസ്സിലാക്കിയായിരിക്കണം ടൂറിസം വകുപ്പുകാര് രണ്ടു വലിയ ‘പാർക്ക് ബെഞ്ചുകൾ’ അവിടെ സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ ഇരുപ്പു വെള്ളച്ചാട്ട യാത്ര എന്നെ ആകെ ഇരുത്തികളഞ്ഞുവെന്ന് പറയാം. വെള്ളച്ചാട്ടത്തിന്റെ രണ്ടാം ഭാഗത്തിലോട്ടുള്ള യാത്ര കുത്തനെയുള്ള ചരിവിലൂടെയാണ്. കൂടെയുള്ളവർ എന്നെ ആ ബെഞ്ചിലിരുത്തിയിട്ട് കാഴ്ച കാണാനായി മുന്നോട്ടു തന്നെ. വെള്ളച്ചാട്ടവും വശങ്ങളിലെ പാറകളിലൂടെ ഒഴുകുന്ന വെള്ളവും കാടും നിശ്ശബ്ദതയും …..ആ ബെഞ്ചിലിരുന്നുള്ള കാഴ്ചകൾ ഒട്ടും മോശമാക്കിയില്ല. പെട്ടെന്നാണ് എവിടെ നിന്നോ വലിയൊരു ആരവം പോലത്തെ ശബ്ദം . കൂട്ടത്തിലാരുമില്ല. എന്നെ ശരിക്കും പേടിപ്പിച്ചു.
വിനോദയാത്രയുടെ ഭാഗമായിട്ടുള്ള ഒരു പറ്റം കുട്ടികളും ടീച്ചർമാരും സാറുമാരും കൂടിയുള്ള കൂട്ടമാണ്. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന കുട്ടി കൂട്ടങ്ങളും അതിനിടയിൽ ‘നാഗവല്ലി’കളായി പോകുന്ന അധ്യാപികന്മാരും. അതിനിടയക്ക് അധ്യാപികന്മാരുടെ നിർദ്ദേശങ്ങൾക്ക് മുൻപേ അഞ്ചാറു കുട്ടികൾ കുത്തനെയുള്ള ചരിവിലൂടെ വെള്ളച്ചാട്ടത്തിൻ്റെ രണ്ടാം ഭാഗത്ത് എത്തി കഴിഞ്ഞിരിക്കുന്നു. അവരെ തിരിച്ചു കൊണ്ടുവരുന്ന തിരക്കിലാണ് സാറുമാർ. നിർദ്ദേശങ്ങൾക്ക് മുൻപ് തന്നെ മറ്റൊരു പറ്റം കുട്ടികൾ വെള്ളത്തിൽ കളി തുടങ്ങിയിരിക്കുന്നു. വേറൊരു കൂട്ടർ വെള്ളത്തിലിറങ്ങാൻ പേടിയായിട്ട് നിൽക്കുന്നു. ആകെ ശബ്ദമുഖരിതവും കൂട്ടത്തിൽ ‘എൻ്റെമോ! എന്ന ഭയാശങ്കകളോടെയുള്ള കാഴ്ചകളായിരിക്കുന്നു . പണ്ടു സ്കൂൾ-കോളേജ് കാലഘട്ടത്തിൽ ഞാനും ഒരു പക്ഷെ ഈ കുട്ടികളുടെ ഗണത്തിലൊക്കെയായിരുന്നെങ്കിലും ഇന്ന് എന്തോ അധ്യാപികരുടെ ആ കഷ്ടപ്പാടുകളാണ് കൂടുതൽ ശ്രദ്ധിച്ചത്. പാവം നമ്മുടെ അധ്യാപകന്മാർ !
ഇരുപ്പു വെള്ളച്ചാട്ടം ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിനോടൊപ്പം ഒരു തീർത്ഥാടന കേന്ദ്രവുമാണ്. തീർത്ഥാടകർക്കും വിശ്വാസികൾക്കുമിടയിൽ അവിടെയുള്ള പ്രശസ്ത ശിവക്ഷേത്രമായ രാമേശ്വര ക്ഷേത്രത്തിനായിരിക്കും പ്രാധാന്യം. വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലെ ലക്ഷ്മണ തീർത്ഥ നദിയുടെ തീരത്താണ് ഈ ക്ഷേത്രം. രാവണൻ സീതയെ തട്ടിക്കൊണ്ടുപോയപ്പോൾ രാമനും ലക്ഷ്മണനും സീതയെ അന്വേഷിച്ചു ഈ വഴി വന്നുവത്രേ!. നടന്നു തളർന്ന രാമൻ ദാഹജലം ആവശ്യപ്പെട്ടു. അവിടെയെല്ലാം ജലം അന്വേഷിച്ച് നടന്നെങ്കിലും കിട്ടിയില്ല . പിന്നീട് ലക്ഷ്മണൻ അവിടുത്തെ ബ്രഹ്മഗിരി മലനിരകളിലേക്ക് അമ്പു തൊടുക്കുകയും അമ്പ് ചെന്നു നിന്നിടത്ത് നിന്നും ഒരു അരുവി ഉണ്ടാവുകയും ചെയ്തു. ഈ വെള്ളച്ചാട്ടത്തിന് സമീപത്തായാണ് രാമനെ ആരാധിക്കുന്ന രാമേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാശിവരാത്രി നാളിലാണ് ഭക്തർ ഏറ്റവും അധികം എത്തുന്നത്. അന്ന് ഇവിടെ പ്രാർത്ഥിച്ചാൽ എല്ലാ പാപങ്ങളിൽ നിന്നും മോചനവും മോക്ഷ ഭാഗ്യവും കിട്ടുമെന്നാണ് വിശ്വാസം.
ഒന്നര – രണ്ടു മണിക്കൂറിലെ സന്ദർശനം കഴിഞ്ഞ് കാട്ടിൽ നിന്ന് യാത്ര പറയുമ്പോൾ, പുതിയ സഞ്ചാരികൾ എത്തി തുടങ്ങിയിരിക്കുന്നു. അവിടെയുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പൈസ കൊടുക്കാൻ നേരം എല്ലാ സാധനങ്ങൾക്കും MRP യിൽ നിന്നും നാലോ – അഞ്ചോ രൂപ കൂടുതലാണ്. അടുത്തുള്ള കടക്കാരൻ്റെ സാധനങ്ങളുടെ വിലകളിലും വ്യത്യാസം ഇല്ല. അത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവർക്ക് ആകെ തമാശയും ചിരിയും . സഞ്ചാരികളെ പറ്റിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുകയാണെന്ന് തോന്നി. അസ്ഥാനത്തുള്ള അവരുടെ ആ പ്രകോപനപരമായ ചിരി കാരണം
സാധനങ്ങൾ മടക്കി കൊടുത്ത് അവിടെ നിന്ന് യാത്ര പറയുമ്പോൾ
‘ ബഹുജനം പലവിധം’ എന്നോർത്തു പോയി !
Thanks