രാവിലെ എണീറ്റപ്പോൾതന്നെ അപ്പു കേട്ട വാർത്ത അത്യധികം ദുഃഖദായകമായിരുന്നു…
വടക്കത്തു വീട്ടിലെ സുഭദ്രാമ്മ മരിച്ചുവെന്ന്.!
വിശ്വാസം വന്നില്ല…..ഇന്നലെ വൈകിട്ടൂടെ അവരോട് സംസാരിച്ചതാണ്.
രാത്രി എട്ടുമണി വരെ എല്ലാവരും ഒന്നിച്ചിരുന്ന് തമാശയും പറഞ്ഞു കളിച്ചു ചിരിച്ചു വന്നതാണ്. തനിക്ക് രണ്ട് അമ്മമാരുണ്ടെന്നു താനെപ്പോഴും പറയും. അത്രയും സ്നേഹവതിയാണ്..!
അപ്പുവിന്റെ അമ്മ ശ്രീദേവി വിഷമത്തോടെ അങ്ങേതിലേക്ക് ഓടിപ്പോയി..!
സുഭദ്ര ഉറങ്ങുന്നതുപോലെ കട്ടിലിൽ കിടക്കുന്നു. ചങ്കു പൊട്ടുന്ന കാഴ്ച്ച…!
ഈശ്വരാ ഇതെങ്ങനെ സഹിക്കും….,
അവർ വാവിട്ടു കരഞ്ഞു. ഒരേ വീടുപോലെ കാലങ്ങളായി കഴിഞ്ഞു കൂടിയവരാണ്… സുഭദ്രയുടെ ഭർത്താവ് മരിച്ച സമയത്താണ് അവർ തന്റെ അടുത്ത വീട്ടിൽ വാടകയ്ക്ക് വന്നത്..
ചെറിയ രണ്ടാൺമക്കളുമായി…!
ഇന്നവർ വലുതായിരിക്കുന്നു, ഒരാൾക്ക് പതിനെട്ടും മറ്റേ ആൾക്ക് പതിനഞ്ചും…!
ശ്രീദേവി ഓർക്കാൻ ശ്രമിച്ചു നോക്കി…..
ചെറുപ്പത്തിൽ താനും സുഭദ്രയും കൂട്ടുകാരായിരുന്നു..ഒരേ സ്കൂളിൽ പഠിച്ചിരുന്ന കൂട്ടുകാർ…വീട് കുറച്ചകലെയായിരുന്നെങ്കിലും…
രണ്ടുപേരും ഇടവഴികൾ താണ്ടിയെത്തി ഒന്നിച്ചാണ് സ്കൂളിൽ പോയിരുന്നത്.
ഏറെ ദൂരം നടക്കണമായിരുന്നു. പുളിയും ചാമ്പക്കയും കൈമാറി ആ സൗഹൃദം വളരെ ആഴത്തിൽ വേരിട്ടു നിന്നു.പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ അവളുടെ കുടുംബം അവിടെ നിന്നും താമസം മാറി. ആ വേർപാടിൽ മനസ്സ് ഒരുപാടു നൊന്തു.
താൻ കോളേജിൽ ചേർന്നപ്പോൾ പുതിയ കൂട്ടുകാർ ഉണ്ടായി. സുഭദ്രയുടെ വീടിന്റെ അടുത്തു നിന്നും ഒരു കുട്ടി തന്റെ ക്ലാസ്സിൽ പഠിക്കുന്നുണ്ടായിരുന്നു. അങ്ങനെ അവളുടെ വിശേഷങ്ങൾ കൂട്ടുകാരിയിലൂടെ അറിയാൻ കഴിഞ്ഞു… തങ്ങൾ പരസ്പരം വിശേഷം കൈമാറി….വെളുത്തു തുടുത്ത അവൾക്ക് ഒരു കണ്ണിന് അല്പം കോങ്കണ്ണുണ്ടായിരുന്നു. അതായിരിക്കാം അവളെ വേഗം തന്നെ കല്യാണം കഴിച്ചയച്ചത്…..,
അതുംരണ്ടാം കെട്ട്…!
ഒരു പെൺ കുട്ടിയുള്ള മനുഷ്യൻ ആയിരുന്നു.
അത്യാവശ്യം പണവും ഭൂസ്വത്തുമുള്ള ഒരാൾ ആയിരുന്നു സുഭാഷ്. അയാളുടെ ഭാര്യ രണ്ടാമത്തെ പ്രസവത്തോടെ മരിച്ചു പോവുകയായിരുന്നു. മൂത്തപെൺകുട്ടിയെ വളർത്താൻ അയാൾക്കൊരു കൂട്ട് വേണമായിരുന്നു. അങ്ങനെയാണ് സുഭദ്രയെ കല്യാണം കഴിക്കുന്നത്.
അവൾക്ക് അവിടെ സുഖമായിരുന്നു….!
ആവശ്യാനുസരണം ആഭരണങ്ങളും, വസ്ത്രങ്ങളും, മറ്റു ജീവിതസാഹചര്യങ്ങളും.
അവൾ സന്തോഷവതിയാണെന്ന് അറിഞ്ഞപ്പോൾ താനും സന്തോഷിച്ചു…!
കാലങ്ങൾ വീണ്ടും കഴിഞ്ഞുപോയി….
മകൾ രേണുകയുടെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ സുഭാഷ് ഒരു ആക്‌സിഡന്റിൽ മരിച്ചുപോയി.
അതോടെ അവൾ തകർന്നുപോയി.
ചിറകു നഷ്ടപ്പെട്ട പക്ഷിയെപ്പോലെ ശോകമൂകയായി ഏറെക്കാലം കഴിച്ചുകൂട്ടിയത്രേ.
പിന്നീടാണ് വീണ്ടും ഈ നാട്ടിലേക്കു വന്നത്. അതിൽ താനാണ് ഏറ്റവുമധികം സന്തോഷിച്ചത്.അവളെപ്പോലെ തനിക്കും രണ്ടാണ്മക്കൾ..
ഡിഗ്രിക്കും പത്താം ക്ലാസ്സിലും പഠിക്കുന്നവർ, മനുവും അപ്പുവും.! ഗോപിയേട്ടൻ പട്ടാളത്തിലായതുകൊണ്ട്, പിള്ളേരുടെ ഉത്തരവാദിത്വം മുഴുവൻ തന്റെ
തലയിലാണ്. ഇളയവൻ അപ്പുവാണ് വഴക്കാളി…അവനെ പോറ്റാൻ ഇത്തിരി പാടാണ്.എന്തു പറഞ്ഞാലും തർക്കുത്തരം പറയും.അദ്ദേഹം ഇവിടുണ്ടായിരുന്നെങ്കിൽ കുറച്ചെങ്കിലും ആശ്വാസമാകുമായിരുന്നു.,
എന്നവർ പലപ്പോഴും പറയാറുണ്ട്.
നാളുകൾ കഴിഞ്ഞപ്പോൾ സുഭദ്രയുടെ മൂത്ത മകന് ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി കിട്ടി.ഇളയമകൻ ആയിരുന്നു പിന്നെ അവൾക്കൊരു കൂട്ട്. പ്ലസ് ടുവിനു പഠിക്കുന്ന കിരൺ.! കൂട്ടുകാരുടെ വീട്ടിൽ കമ്പയിൻ സ്റ്റഡിയാണെന്ന്.. അമ്മയോട് കള്ളം പറഞ്ഞ് അവൻ ഇടയ്ക്കിടെ വീട്ടിൽ വൈകിയെത്താൻ തുടങ്ങി…..!
പാവം അമ്മ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞിരുന്നില്ല..ചേരി കോളനിയിലെ കുറച്ചു പയ്യന്മാരുമായി കിരൺ ലഹരി ഉപയോഗം തുടങ്ങി…ഒരു രസത്തിന്…..!
രുചിയേറിവന്നപ്പോൾ അവന് അതിൽ നിന്നും പിന്മാറാൻ കഴിഞ്ഞില്ല. ക്രമേണ അവൻ കള്ളക്കടത്തിന്റെ വലയിൽ കുടുങ്ങിയത്രേ.
…….പത്രവാർത്ത കണ്ട് സുഭദ്ര ഞെട്ടിപ്പോയി.
കണ്ടാൽ ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന അഞ്ചാറ് ആണുങ്ങളോടൊപ്പം തന്റെ
പൊന്നു മകനും.!
അവൾക്കു സഹിക്കാനായില്ല… അവൾ ഹൃദയം പൊട്ടികരഞ്ഞു…
താനെന്താണ് ഈ കാണുന്നത്..??
നന്നായി പഠിക്കുന്ന…,നല്ലൊരു ഭാവിയുള്ള തന്റെ കൊച്ചുമകൻ ഇതാ തെറ്റിന്റെ ചെളിക്കുണ്ടിൽവീണിരിക്കുന്നു…കരകയറാൻ പറ്റാത്ത അഗാധമായ ഗർത്തത്തിൽ….!!
അവൾ അലമുറയിട്ട് കരഞ്ഞു. ഈശ്വരാ താനിനി എന്തു ചെയ്യും….”?
അർദ്ധരാത്രിയിൽ അവൾക്ക് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടുവത്രേ.
അയൽക്കാർ കൂടി അവളെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.
ഡോക്ടർ എത്തി പരിശോദിച്ചപ്പോഴേക്കും മരണംസംഭവച്ചിരുന്നു.. വിധിവൈപരീത്യം.!
പോലീസ് കസ്റ്റഡിയിൽ ആയിരുന്ന കിരണിനെ കൈവിലങ്ങോടുകൂടിത്തന്നെ അമ്മയെ കാണാൻ കൊണ്ടുവന്നു. അമ്മയുടെ മരണകാരണം തന്റെ വഴിവിട്ടുള്ള സഞ്ചാരമാണെന്ന് അവന് അറിയാമായിരുന്നു…!
തന്റെ അമ്മയെ കൊന്നത് താനാണെന്നുള്ള കുറ്റബോധം ആ കണ്ണുകളിൽ നിഴലിച്ചു നിന്നു.
പശ്ചാത്താപഭാരം ആ മുഖത്തു തെളിഞ്ഞു മിന്നി……പാവം കുട്ടി,…ഹൃദയം നുറുങ്ങി വാവിട്ട് കരയുകയാണ്.. തെറ്റ് മനസ്സിലാക്കി യപ്പോഴേക്കും തനിക്ക് തന്റെ പ്രിയപ്പെട്ട
അമ്മ നഷ്ടപെട്ടിരിക്കുന്നു…. ഇനിയും പരിതപിച്ചിട്ട് ഒരു കാര്യവുമില്ല……,
അവനെ പോലീസുകാർ ജീപ്പിൽ കയറ്റി തിരിച്ചു കൊണ്ടുപോയി.
ഇതൊക്കെ കണ്ടുനിന്ന അപ്പുവിനും വല്ലാത്ത വിഷമം തോന്നി. സുഭദ്രാമ്മ തന്റെയും അമ്മയായിരുന്നു….പാവം പോയില്ലേ…
എന്തൊക്കെ പറഞ്ഞാലും അമ്മയെ വിഷമിപ്പിക്കുന്ന സ്വഭാവക്കാരാണ് മക്കൾ.
കാര്യത്തിനും, കാര്യക്കേടിനുമെല്ലാം അമ്മയെ പഴിചാരുന്ന മക്കൾ…..പുത്തൻ തലമുറയുടെ ശാപമായിമാറിയിരിക്കുന്നു…..
തന്നെ പൊന്നുപോലെ വളർത്തി, പഠിപ്പിക്കുന്ന അമ്മയെ ഇനി ഒരിക്കലും വിഷമിപ്പിക്കുകയില്ല എന്ന്,അപ്പു മനസ്സിൽ പ്രതിജ്ഞ എടുത്തു . അവൻ അമ്മയുടെ അടുത്തെത്തി അമ്മയെ കെട്ടിപ്പിടിച്ചു നിന്നപ്പോൾ,കണ്ണുകൾ നിറഞ്ഞൊഴുകി….
“ങ്ങാ കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച്ച അറിയില്ല “.. ‘ഈശ്വരോ രക്ഷതു’ ….എന്ന്
മുത്തശ്ശി പറയുന്നതും അവൻ കേട്ടു.!