Wednesday, January 1, 2025
Homeകഥ/കവിതഒരു ത്യാഗത്തിന്റെ കഥ. ✍ ശ്യാമള ഹരിദാസ്

ഒരു ത്യാഗത്തിന്റെ കഥ. ✍ ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

ആർത്തലച്ചു വരുന്ന തിരമാലകളിലേയ്ക്ക് കണ്ണും നട്ട് അവൻ തന്റെതായ സ്വപ്നലോകത്തിലൂടെ ഒഴുകി നടന്നു. ആഞ്ഞടിച്ച തിരമാലകൾ കരയെ പുണർന്ന് ചുംബിച്ചു കൊണ്ടിരുന്നു.ഏകാന്തതയുടെ മൂടുപടം നീങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. അവന്റെ ഹൃദയം തുടി കൊട്ടി.

നീണ്ട രണ്ടു വർഷങ്ങൾ ഈ മണലാരണ്യത്തിൽ ഏകാന്തതയുടെ ദുഃഖഭാരവും ഒറ്റപ്പെടലിന്റെ വേദനയും സഹിച്ച് ഒരു മോചനത്തിന്നായി കൊതിച്ചിരുന്ന നാളുകൾ. തന്റെ ആഗ്രഹ പൂർത്തീകരണത്തിന് ഏതാനും മണിക്കൂറുകളുടെ ഇടവേള മാത്രം. അവൻ മെല്ലെ കടൽക്കരയിൽ നിന്നും എഴുന്നേറ്റ് ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായി താമസ സ്ഥലത്തേക്ക് നടന്നു.

കേവലം പതിഞ്ചു ദിവസത്തെ ദാമ്പത്യ ജീവിതം മാത്രം. യാത്ര പറഞ്ഞു ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോൾ നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാനായി കണ്ണിൽ കൂളിംഗ്ലാസ്സ് ഇട്ടു. യാത്ര പറഞ്ഞു പിരിയുമ്പോൾ ആമിയുടെ പൊട്ടിക്കരച്ചിൽ മനസ്സിൽ നിന്നും മായുന്നില്ല.എരിയുന്ന ഒരു ഓർമ്മയായി അത് അകതാരിൽ കിടന്ന് പുകഞ്ഞുകൊണ്ടേയിരുന്നു.

നനുത്ത കടൽ കാറ്റ് അവനെ വന്നു തൊട്ടുരുമ്മി കൊണ്ടിരുന്നു. ഒരു കുളിർ തെന്നൽ ജനൽ പാളിയിലൂടെ വന്ന് അവന്റെ കവിളിണകൾ ചുംബിച്ചു കൊണ്ടിരുന്നു രാത്രിയുടെ ഏതോ യാമത്തിൽ അവൻ നിദ്രയുടെ മടിത്തട്ടിലേയ്ക്ക് ഉർന്നു വീണു.

ഉദയ സുര്യന്റെ പൊൻകിരണങ്ങൾ പുഞ്ചിരി തൂകി ഈന്തപ്പന ചെടികളിൽ താളം പിടിച്ചു കൊണ്ടിരുന്നു.

സമയം ഒഴുകി കൊണ്ടിരിക്കുന്നു. അവൻ വേഗം എയർ പോർട്ടിലേക്ക് പോയി. ഇനി ഏതാനും നിമിഷങ്ങൾ മാത്രം തന്റെ പ്രിയപ്പെട്ടവളുടെ അടുത്തെത്താൻ. അവന്റെ മനസ്സു മുഴുവൻ അവളിലായിരുന്നു. ഒന്നിനും ഒരു പരാതിയോ പരിഭവമോ ഇല്ലാത്ത അപ്സര കന്യക. സ്വാന്താന വാക്കുകൾ കൊണ്ട് തന്റെ വേദനയകറ്റുന്ന ത്യാഗശീല.

സ്കൂൾ ടീച്ചറായ അവളെ കഴിഞ്ഞ വരവിലാണ് വിവാഹം ചെയ്തത്. അച്ഛനമ്മമാരുടെ അരുമ സന്താനം. സമ്പന്നതയുടെ യാതൊരു അഹങ്കാരവും തൊട്ടു തീണ്ടിയിട്ടില്ലാത്ത നാടൻ പെൺകൊടി. ശരത്കാലചന്ദ്രികപോലുള്ള മുഖകമലവും, കറുത്തിരുണ്ട ചുരുൾ മുടിയും കരിവളകൾ കോർത്തപോലുയുള്ള മുടിയഴകും, കരിമീൻ മിഴികളും, തോണ്ടിപ്പഴത്തിനൊത്ത അധരങ്ങളും, കണ്ണാടി പോൽ മിന്നുന്ന കവിൾ തടങ്ങളും അവളുടെ സൗന്ദര്യത്തിന് മാറ്റേകി.

വിമാനമിറങ്ങിയ അയാൾ ( രൂപേഷ് ) ത്രസിക്കുന്ന ഹൃദയവുമായി അതിവേഗത്തിൽ വീട്ടിലെത്താനായി വെമ്പൽ കൊണ്ടു.

ആയിരം പൂത്തിരികൾ ഒന്നിച്ചു കത്തിച്ചാലുള്ള പ്രഭയോടെ തന്റെ മുന്നിൽ നിൽക്കുന്ന പ്രിയതമയെ കണ്ട് അയാളിലെ വികാരം പറഞ്ഞറിയിക്കാൻ പറ്റാ ത്തത്രയായിരുന്നു.

നാട്ടിലെത്തി അധികം ദിവസമായില്ല അപ്പോഴാണ് ഇടിത്തീപോലെ ആ വാർത്ത അയാളെ തേടി എത്തിയത്. ചിരകാല സുഹൃത്തായ വിനുവിന്റെ മരണ വിവരം അയാളെ വല്ലാതെ ഞെട്ടിച്ചു. ഉടൻ പുറപ്പെട്ടാലേ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പറ്റു.

വിനു തന്റെ പ്രിയപ്പെട്ടവനായിരുന്നു. സൽസ്വഭാവിയായ നല്ലൊരു മനുഷ്യൻ. പത്തു വർഷമായി സ്വന്തം കാലിൽ നിൽക്കാനോ, എഴുന്നേറ്റു നടക്കാനോ പറ്റുമായിരുന്നില്ല. പരിജയക്കാരുടെ ഹൃദയത്തിൽ അദ്ദേഹം സ്ഥാനം നേടിയിരുന്നു. എല്ലാവർക്കും അയാളുടെ ഈ അവസ്ഥയിൽ സഹതാപവും വിഷമവും ആയിരുന്നു.

വിനു മരണമടയുന്നതിനു രണ്ടു ദിവസം മുൻപ് വിമ (വിനുവിന്റെ ഭാര്യ)
രൂപേഷിനെ വിളിച്ചിരുന്നു. വിമയുടെ ബന്ധുകൂടിയായ അവനോട്‌ അവൾ പറഞ്ഞു ഡോക്ടർ ഉത്തരവാദിത്തപ്പെട്ട ബന്ധുക്കളോട് സംസാരിക്കണമെന്ന് പറഞ്ഞു.

അപ്രകാരം ഞാൻ ഡോക്ടറുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു വിനു അവസാന നിമിഷത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു എന്നും, വൈദ്യ ശാസ്ത്രത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞു. അവന്റെ മാനസികാവസ്ഥ പറയേണ്ടതില്ലല്ലോ?

കുറച്ചുനേരത്തെ ആലോചനക്ക് ശേഷം അവൻ വിമയെ വിളിച്ചു.
വിവേകപൂർവ്വം കാര്യങ്ങൾ അവതരിപ്പിച്ചു. ഫോണിന്റെ അങ്ങേ തലക്കൽ നിന്നും ഒരു പൊട്ടിക്കരച്ചിൽ ആണ് അയാൾ കേട്ടത്. അയാൾ പരമാവധി അവളെ ആശ്വസിപ്പിച്ചു. വാക്കുകൾക്കായി മുങ്ങി തപ്പി. എന്നാൽ മനസ്സ് മഹാവിസ്മയത്തിലേക്ക് വഴുതുകയായിരുന്നു. നീണ്ട വർഷത്തെ കൊടിയ പ്രയാസം സഹിച്ചുള്ള അയാളുടെ സംരക്ഷണം അവളിൽ ഒട്ടും മടുപ്പുണ്ടാക്കിയില്ല.

ഗൾഫിൽ പോകാൻ ദിവസങ്ങൾ മാത്രം ബാക്കി ഇരിക്കേ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി വരുന്ന വഴി കാർ അഗാധമായ ഒരു കൊക്കയിലേക്ക് മറഞ്ഞു. സ്വബോധം നഷ്ടപ്പെട്ട അവന്റെ തലക്കും, നട്ടെല്ലിനും ക്ഷതമേറ്റു. ആരെല്ലാമോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. വെറും കോമ സ്റ്റേജിൽ കിടക്കുന്ന അവന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ചികിത്സ തന്നെ നൽകി. നിരന്തരമായ ചികിത്സ കൊണ്ട് യാതൊരു ഫലവും കണ്ടില്ല. ഇതൊന്നും അറിയാതെ ആ പാവം നീണ്ട നിദ്രയിലാണ്.

വിമയാകട്ടെ കണ്ണീരും കയ്യുമായി അവന്റെ പരിചരണങ്ങൾ ഏറ്റെടുത്തുകൊണ്ട് അവന്റെ അടുത്തു തന്നെയുണ്ട്. അവളുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. നിരാശ ബോധം അവളെ കാർന്നു തിന്നുകൊണ്ടിരുന്നു. തന്റെ പ്രിയപ്പെട്ടവന്റെ അവസ്ഥയിൽ മനം നൊന്ത അവൾക്ക് ജീവിതം അവസാനിപ്പിച്ചാലോ എന്ന തോന്നൽ പോലും ഉണ്ടായി തുടങ്ങി. പക്ഷെ തന്റെ വിനുവിനെ ഒറ്റക്കാക്കി അവൾക്ക് പോകാൻ കഴിയുമോ?

രാപ്പകലില്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് അവൾ ഒരു മടിയുമില്ലാതെ അയാളെ ശുശ്രൂഷിച്ചു കൊണ്ടിരുന്നു. അവളുടെ ആ ത്യാഗ മനോഭാവത്തിൽ
എല്ലാവർക്കും സഹതാപം തോന്നി. ഒരു നിമിഷം പോലും അടുക്കൽ നിന്നും മാറാതെയും കൊടിയ കഷ്ടപ്പാടുകൾ സഹിച്ചും കണ്ണീർ പൊഴിച്ചും വളരെ സ്നേഹത്തോടെ ഇതു തന്റെ കടപ്പാടാണെന്ന ഭാവത്തിൽ അയാളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന അവൾ മാനവ ജീവിതത്തിനു തന്നെ ഒരു മാതൃക ആയിരുന്നു.

വിമ അവൾ ഒരു ത്യാഗി ആയിരുന്നു. മനുഷ്യ മനസ്സുകളിൽ നിന്നും
സ്നേഹത്തിന്റേയും, കാരുണ്യത്തിന്റേയും, വികാരങ്ങൾ മാഞ്ഞു പോകുകയും കനിവിന്റെ തരിപോലും ഇല്ലാത്ത മരുഭൂമിയായി മാറുകയും ചെയ്യുന്ന ഈ കാലത്ത് വിമയെപ്പോൽ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും അളക്കാനാവാത്ത പ്രതിഭാസം നന്മയില്ലാത്ത ഇന്നിന്റെ മനസ്സുകൾക്ക് ഒരു മാതൃക കൂടിയാവട്ടെ.

✍ ശ്യാമള ഹരിദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments