Wednesday, December 25, 2024
Homeകഥ/കവിതഒരു പൂച്ച കുടുംബ കഥ ✍സി. ഐ. ഇയ്യപ്പൻ തൃശൂർ

ഒരു പൂച്ച കുടുംബ കഥ ✍സി. ഐ. ഇയ്യപ്പൻ തൃശൂർ

സി. ഐ. ഇയ്യപ്പൻ തൃശൂർ

ചാർളി, സുന്ദരനായ തടിച്ച് കൊഴുത്ത ശരീരമുള്ള പൂച്ചയാണ്. കുറച്ച് പ്രായമുണ്ടെങ്കിലും ചെറുപ്പക്കാരനാണെന്നാണ് ഭാവം. കിങ്ങിണിയെന്നൊരു പെൺപൂച്ച ആയിരുന്നു കൂടെ ഉണ്ടായിരുന്നത്.എന്തോ നിർഭാഗ്യവാശാൽ ഇവർക്ക് സന്താനങ്ങൾ ഇല്ലാതെ പോയി. എങ്കിലും ആ ദുഃഖം രണ്ടുപേരും പുറത്ത് കാണിച്ചിരുന്നില്ല. ഒരുദിവസം കിങ്ങിണി പൂച്ച ശ്രദ്ധിക്കാതെ രാത്രിനേരത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ വേഗത്തിൽ വന്ന കാറ്‌ ദേഹത്തിലൂടെ കയറിയിറങ്ങി. താൽക്ഷണം കിങ്ങിണി മരിച്ചു. ആ രാത്രി തന്നെ തന്റെ സഹാധർമിണിയുടെ വിയോഗം ചാർളി അറിഞ്ഞിരുന്നു. ദുഃഖത്താൽ ആ രാത്രി കരഞ്ഞെങ്കിലും ആരും അത് കേട്ടില്ല. നേരം വെളുത്തപ്പോൾ കിങ്ങിണിയെ ആരോ എടുത്തുകൊണ്ടുപോയി മറവുചെയ്തു. അങ്ങിനെ വിരഹ ദുഃഖത്തിൽ ചാർളി കഴിഞ്ഞുകൂടവേ, ഒരുദിവസം വഴിയിൽ വച്ച് കണ്ട ഒരു പെൺപൂച്ചയുമായി പരിചയപ്പെടാൻ ഇടയായി.
ലൈല എന്നാണ് തന്റെ പേര് എന്നും, ഇന്ന് എനിക്ക് ഭർത്താവായി, തുണയായി, ആരും ഇല്ല എന്നും പറഞ്ഞ് അവൾ കരയാൻ തുടങ്ങി.

ലൈലയും, ചാർളിയും, സൗഹൃദം പങ്കിടുന്നതിനിടയിൽ, അതും സംഭവിച്ചിരുന്നു. ലൈലയെ തൽക്കാലം കൂടെ കൂട്ടിയില്ല. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചാർളിയുടെ കുഞ്ഞുങ്ങൾ തന്റെ ഉദരത്തിൽ വളരുന്നുണ്ടെന്ന സന്തോഷം, ലൈല, ചാർളിയോട് പറഞ്ഞു. മുമ്പ് എങ്ങനെയൊക്കെയോ നടന്നവളാണെങ്കിലും ഇന്ന് ലൈല തന്റെ കുഞ്ഞുങ്ങളുടെ അമ്മയാണെന്ന ഉത്തരവാദിത്വത്തിൽ നിന്ന് ചാർളിക്കു മാറി നിൽക്കാൻ കഴിഞ്ഞില്ല.

ഒരു ദിവസം ചാർളി തനിക്ക് ഭക്ഷണം തരുന്ന വീടുണ്ടെന്നും, പക്ഷെ അവിടെ കണ്ണൻ എന്ന ഒരു കുറുമ്പൻ പൂച്ച ഉണ്ടെന്നും, അവൻ ഉള്ളിടത്തോളം കാലം, തനിക്ക്, ലൈലയെ ആ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ സാധ്യമല്ല എന്ന കാര്യം പറഞ്ഞു. ഒരു ദിവസം രാത്രി ലൈല, ചാർളിയുടെ കൂടെ വന്നു. കണ്ണൻ പൂച്ചക്കുട്ടി ലൈലയെ കണ്ട്, ആക്രമിച്ച് ഓടിക്കാൻ ചെന്നതും, ലൈല എല്ലാ ശക്തിയും ഉപയോഗിച്ച്, ഒരടി കൊടുത്തു. ലൈലയെ സംബന്ധിച്ചിടത്തോളം, അത് ജീവൻ മരണ പോരാട്ടമാണ്. ചാർളിയുടെ കൂടെ ഈ വീട്ടിൽ സസ്സുഖം താമസിക്കണമെങ്കിൽ, തന്റെ ശത്രുവായകുറുമ്പൻ കണ്ണൻ പൂച്ചയെ ഇവിടെനിന്നും തുരത്തിയെ കഴിയൂ.
ഏതായാലും കണ്ണൻ പൂച്ചാക്കുട്ടിക്ക്, ഇതുപോലൊരു അടി ആദ്യമായി കിട്ടുന്നതാണ്.
കൂടുതൽ ലൈലയെ പ്രതിരോധിക്കാൻ നിൽക്കാതെ എങ്ങോട്ടോ ഓടിമറഞ്ഞു ഓടിമറഞ്ഞു. അങ്ങിനെ ഗർഭവതിയായ ലൈല ചാർളിയുടെ കൂടെ താമസം തുടങ്ങി. ആ വീടിന്റെ പിന്നിലെ ഷെഡ്ഢിൽ കിടന്ന് പ്രസവിച്ചു. ഓമനത്തമുള്ള രണ്ടു പൂച്ചക്കുട്ടികൾ.കുറെ ദിവസം ഷെഡ്ഢിൽ വന്ന്, പൂച്ചക്കുട്ടികൾക്ക് പാല് കൊടുത്ത് ലൈല മാത്രം പുറത്ത് വരും. പൂച്ചക്കുട്ടികൾ നാടന്നുതുടങ്ങിയപ്പോൾ കൂടെ കൊണ്ടുവന്നു. പൂച്ചക്കുട്ടികളുടെ പിതാവ് ചാർളി തന്റെ മക്കളോട് സ്നേഹം പങ്കിട്ട് നക്കിത്തുടച്ചു , കൂടെയുണ്ടാകും.വാലാട്ടി കളിപ്പിക്കും. ഇതെല്ലാം കണ്ട് ലൈലപൂച്ച അവിടെ കിടന്ന് സന്തോഷിക്കും.

ചാർളി ഇടക്ക് മറ്റു പരിചയമുള്ള വീടുകളിലേക്ക് പോകും. അങ്ങിനെ പോകുമ്പോൾ ലൈലയെ കൂടെ കൂട്ടാറില്ല. അവിടത്തെ വല്ല മിടുക്കൻ പൂച്ചകളും തന്റെ സഹധർമിണിയെ തട്ടിയെടുക്കുമോ എന്ന ഭയമുള്ളതുകൊണ്ടാണത്. ലൈലയോട് അവിടെയുള്ള യുവാക്കളായ പൂച്ചകൾ, “ഈമുതു മുതുക്കനെയാണൊ കൂടെ കൂട്ടിയിരിക്കുന്നത്? നീ ഞങ്ങളുടെ കൂടെ വാ… ലൈലക്ക് സുന്ദരമായ ജീവിതം ഞങ്ങൾ തരാം….” എന്ന് പറയുമ്പോൾ തന്റെ മക്കളെ ഉപേക്ഷിച്ച് ലൈല അവരുടെ കൂടെ പോകുമോ എന്നാണ് ചാർളി യുടെ ഭയം.

ലൈലക്കാണെങ്കിൽ ചാർളിയെ എപ്പോഴും കണ്ടുകൊണ്ടേയിരിക്കണം. കുറച്ചധികം നേരം ചാർളിയ കണ്ടില്ലെങ്കിൽപിന്നെ അലറിക്കരയാൻ തുടങ്ങും.ലൈലയുടെ കരച്ചിൽ കേട്ടാൽ എത്ര ദൂരത്താണെങ്കിലും അത് കേട്ട് ചാർളി ഓടിവരും. പിന്നെ അവർ തമ്മിൽ കാണിക്കുന്ന സ്നേഹ പ്രകടനങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്.
കാലത്തും വൈകുന്നേരവുമാണ്, ആ വീട്ടുകാർ പൂച്ചകൾക്ക്, ചോറ് കൊടുക്കുക. ആഴ്ചയിൽ രണ്ടു ദിവസം മീൻ കിട്ടും. മീൻകഴിക്കുമ്പോൾ പൂച്ച കുട്ടികൾക്ക് തന്തയാര്, തള്ളയാരെന്ന യാതൊരു പരിഗണനയുമില്ല. അവർ കഴിക്കുന്ന മീനിൽ തൊട്ടാൽ, ചീറ്റികൊണ്ട് നല്ല അടിവച്ചു കൊടുക്കും. അത് ചാർളിയായാലും ശരി, ലൈലയായാലും ശരി. തിന്നുന്ന നേരത്ത് പൂച്ചകൾക്ക്, കണ്ണും, കാതും ഇല്ല എന്ന് പറയുന്നത് എത്രയോ ശരി!

ഇടക്ക് രണ്ടുമൂന്നു ദിവസം ചാർളിയെ കാണില്ല.തന്റെ പ്രിയതമന്, വേറെ വല്ലായിടത്തും സംബന്ധമുണ്ടോ എന്ന് ലൈല സംശയിക്കാതില്ല.അവിടെ ഭാര്യ പൂച്ചയും, കുട്ടികളുമായി കളിച്ച് രസിച്ച് കൂടുന്നുണ്ടാകുമോ എന്നും ലൈല ചിന്തിക്കാറുണ്ട്. ഒരു ദിവസം കൂടെ പോയി അന്വേഷിക്കണമെന്നുണ്ട് ലൈലപൂച്ചക്ക്. പക്ഷെ ഇങ്ങനെ, നിൽക്കുന്ന നേരത്ത് ഒരുനിമിഷം കൊണ്ട് മിന്നിമറയുന്ന ചാർളിയുടെ കൂടെ എങ്ങിനെ പോകും. പൂച്ചക്കുട്ടികളുടെ പേരിടുന്ന ചടങ്ങ് ലളിതമായെങ്കിലും നടത്തണമെമെന്നുണ്ട്. ബന്ധുക്കളെന്ന് പറഞ്ഞ് വിളിക്കാൻ ആരും ഇല്ല. ഇതിനിടയ്ക്ക് എന്റെ പ്രിയതമൻ പൂച്ച വേറെ ഒരുത്തിയേയും കുട്ടികളെയും കൂട്ടി വരുമോ എന്നാണ് പേടി. ചാർലി ഒറ്റയ്ക്ക് ഒരു രാത്രി സഞ്ചരിക്കുമ്പോൾ ഒരു വീട്ടിൽ നിന്ന് ഒരു മദാമ്മ പൂച്ച ഓടി വന്നു വീട്ടുകാരുടെ കണ്ണുവെട്ടിച്ച് എങ്ങിനെയോ പുറത്ത് കടന്നതാണ്.

മദാമ്മ പൂച്ച പറഞ്ഞു എന്നെ കുത്തിവെച്ചത് മാത്രമേ ഓർമ്മയുള്ളൂ ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ ഒരു പെട്ടിയിൽ കിടക്കുന്നു പുറത്ത് കടന്ന് നോക്കുമ്പോൾ ആണ് താങ്കളെ കണ്ടത് ഇവിടെ ഭയങ്കര ചൂടാണ് ഞാൻ അവരുടെ കൂടെ തിരിച്ചുപോകും അങ്ങനെ സൗഹൃദ സംഭാഷണം പങ്കിടുന്നതിനിടയ്ക്ക് ചാർലി വേണ്ടവിധം സൗഹൃദം പങ്കിട്ടു. നേരം വെളുക്കുമ്പോഴേക്കും പെട്ടിയിൽ പോയി കിടക്കട്ടെ എന്ന് പറഞ്ഞു പോയി പൂച്ചകൾക്ക് പ്രത്യേക ഭാഷകളില്ലത്രേ അതുകൊണ്ട് ഏതു നാട്ടുകാരിയാണെങ്കിലും സംസാരിക്കാം. മദാമ്മ പൂച്ച തിരിച്ചുപോയി അവിടെ ചെന്ന് കുറച്ചു കാലത്തിനുള്ളിൽ നല്ല തുടിച്ച ആംഗ്ലോ ഇന്ത്യൻ മൂന്ന് പൂച്ചക്കുട്ടികൾക്ക് ജന്മം നൽകി. ഇത് എങ്ങിനെ സംഭവിച്ചു എന്ന് വീട്ടുകാർക്ക് അതിശയമായി. ആ പൂച്ചക്കുട്ടികളെ ആ നാട്ടുകാർ നല്ല വില കൊടുത്ത് വാങ്ങി.

ചാർലിയ്ക്ക് അങ്ങിനെ രാജ്യത്തുടനീളം സന്തതി പരമ്പരയുണ്ട്. എല്ലാ പൂച്ച സ്നേഹികൾക്കും ഞങ്ങളുടെ ദേശീയ പൂച്ച ദിന ആശംസകൾ നേരുന്നു. എന്ന് . ചാർലിയും കുടുംബവും, പൂച്ച സങ്കേതം, തൃശൂർ.

സി. ഐ. ഇയ്യപ്പൻ തൃശൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments