നാണവും അതിലുപരി ഇക്കിളിയും സ്നേഹ വികാരങ്ങളെ ത്രസിപ്പിച്ചപ്പോള്‍ അവള്‍ അവന്‍റെ നെഞ്ചിലൊട്ടിനിന്നുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു.
തുടർന്ന് വായിക്കുക.
👇👇👇👇👇👇
ഭാഗം 7
കിഴക്കൻ ചക്രവാളത്തിൽ കുങ്കുമശോഭയണിഞ്ഞ സൂര്യൻ ആകാശനീലിമകളെ പട്ടുടുപ്പിച്ചുകൊണ്ട് സുന്ദരിയാക്കി. നാണം കുണുങ്ങികളായ ഓളങ്ങൾ തീരങ്ങളെ ഗാഢമായി പുണർന്നു. കണ്ണുകളിൽ കണ്ണുകളുടക്കി, ചുണ്ടുകളിൽ ചുണ്ടുകളുടക്കി വികാരങ്ങളുടെ നുരയുന്ന മധുനുകർന്നുകൊണ്ട് രാമഭദ്രനും കാർത്തിയും പരിസരം മറന്നുപോയി.
പെട്ടന്ന് സ്വയം ബോധം വീണ്ടെടുത്ത കാർത്തി രാമഭ്രനെ തള്ളി മാറ്റി.
എന്തോന്നാ മനുഷ്യാ….. കാര്യമായ വിഷയം പറയാനുണ്ടെന്ന് പറഞ്ഞ് നേരോം കാലോം നോക്കാതെ ഈ ……
അവൾക്ക് പറഞ്ഞ് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അപ്പഴേക്കും വല്ലാതെ നാണിച്ചു മുഖം പൊത്തിക്കളഞ്ഞു.
എടീ…. എന്തായാലും ഞാനത് ഏറ്റെടുക്കാൻ പോവ്വാ… എത്രയാന്ന് വച്ചാ ഈ അടിപിടിയും, ചന്തേലെ ജോലിയും ഒക്കെയായി ജീവിക്കുക.
തീരുമാനമൊക്കെ നല്ലതാ. പക്ഷേ …?
ഉം… എന്താ ഒരു പക്ഷേ. ഒരു പക്ഷേയുമില്ല.
എടീ.. അച്ഛനും അമ്മയും നഷ്ടപ്പെട്ടു. ആകെ ഉണ്ടായിരുന്ന കെട്ട്യോളും മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി. ഇക്കണ്ട സ്വത്തൊക്കെ നോക്കി നടത്താൻ സുഹൃത്തായ ഞാനെങ്കിലും വേണ്ടെ അവന്. അല്ലേ നീ പറ….?
“എന്റെ ദൈവമേ… നീ നല്ലവനാണ്. എന്നും നന്നായി തന്നെ ഇരിക്കണേ”.
പ്രകൃതി രമണീയതയുടെ കലവറ. അതിലുപരി പ്രകൃതിയുടെ അമൂല്യമായ വിഭവങ്ങൾ. മണവാളൻകുന്ന് മലനിരകൾക്ക് സുഗന്ധദ്രവ്യങ്ങളുടെ നറുമണം പരത്തുന്ന പൂന്തോട്ടം. ദേശാടനപ്പക്ഷികൾ രാപ്പകലില്ലാതെ പാട്ടുപാടാനെത്തുന്ന ഉഡ്യാനം. ജെയിംസിൻ്റെ സ്വർഗ്ഗം.
കാപ്പി, റബ്ബർ, കൊക്കോ, ഏലം, കുരുമുളക്, തെങ്ങ്, കവുങ്ങ്, മാവ് തേക്ക് എന്നു വേണ്ട എല്ലാ വിധ സാധനങ്ങളും ജെയിംസിന്റെ തോട്ടത്തിൽ ഉണ്ടായിരുന്നു. പോരാത്തതിന് പച്ചക്കറി കൃഷികളും. ഇതുവരെ അത് നോക്കി നടത്തിയിരുന്നത് ജെയിംസിന്റെ അളിയനായിരുന്നു. വളരെ നന്നായിട്ടു തന്നെയാണ് അവന്റെ അളിയൻ അത് നോക്കി നടത്തിയിരുന്നത്. പക്ഷേ അനുഭവങ്ങൾ ഒന്നും ജെയിംസിന്റെ എക്കൗണ്ടിൽ എത്തില്ലന്നു മാത്രം. ഇനീപ്പം ഭാര്യ പോയ സ്ഥിതിക്ക് അളിയനും ഔട്ട്.
രാമഭദ്രൻ പിറ്റേന്ന് ചന്തയിൽ വന്ന് മുഖം കാണിച്ച് നേരെ ജെയിംസിന്റെ വീട്ടിലെത്തി. ജയിംസ് ഇറയത്തിരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നു.
ഹേയ് രാമഭദ്രാ… വരണം വരണം.
എനിക്കറിയാമായിരുന്നു നീ എന്നെ കൈവെടിയില്ലാന്ന്.
“നിന്റെ ദു:ഖത്തിൻ ആഴങ്ങളിൽ സാന്ത്വനത്തിൻ്റെ മണൽത്തരിയായ് ഞാൻ വന്നടിയുന്നില്ലെങ്കിൽ സൗഹൃദങ്ങളുടെ വേലിയേറ്റങ്ങൾ പിന്നെന്തിനാടോ ജയിംസേ”….?
ജെയിംസ് അവനെ വാരിപ്പുണർന്നു. ഇന്നലെ വരെ നീ ഈ മണവാളൻ കുന്നിലെ ഒരു ചുമട്ടുതൊഴിലാളിയും, കൂലിത്തല്ലുകാരനും ഒക്കെയായിരുന്നു.
എന്നാൽ ഇന്നു മുതൽ നീ ഈ ആലിൻമൂട്ടിലെ ജെയിംസിന്റെ പങ്കാളിയാണെടാ രാമഭദ്രാ.
വാ.. ചായകുടിക്കാം.
മേശമേൽ നല്ല ആവി പറക്കുന്ന പുട്ടും കടലയും, നല്ല നാടൻ കപ്പപുഴുങ്ങിയതും നിന്ന് വിയർക്കുന്നു.
രാമഭദ്രനാണെങ്കിൽ പൊതുവേ ആ സമയത്ത് അങ്ങിനെ ഒരു ചായകുടി പതിവില്ല. അവൻ അരയിൽനിന്നും അവന്റെ പതിവ് കോട്ടപുറത്തെടുത്ത് ഗ്ലാസിലൊഴിച്ച് ജെയിംസിനൊപ്പം ഇരുന്നു.
അയ്യേ… ഈ പകൽ സമയത്ത്, അതും ഇത്ര കാലത്തെ ആരെങ്കിലും വെള്ളമടിക്കുമോടാ..?
എന്തു ചെയ്യാം.. ശീലമായിപ്പോയി. എന്നു വച്ച് നിർത്താതെയുള്ള അടിയൊന്നുമില്ല. ഇനി വൈകുന്നേരമേ ഉള്ളൂ..
ഉം…. നന്നായി.
ചായ കുടി കഴിഞ്ഞ് അവർ പറമ്പിലോട്ടിറങ്ങി. പതിനഞ്ച് പണിക്കാർ സ്ഥിരമായി ആ പറമ്പിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. മണവാളൻ കുന്ന് മലനിരകളുടെ യഥാർത്ഥ അവകാശികൾ. മണ്ണിന്റെ ചൂരറിഞ്ഞ് മണ്ണിൽ വിയർപ്പൊഴുക്കി അവിടെ കനകം വിളയിക്കുന്ന മണ്ണിന്റെ മക്കൾ.
അവരാണ് ആ പതിനഞ്ച് ഏക്കർ ഭൂമി ഇന്നീ കാണുന്ന നിലയിൽ കാർഷിക പൂന്തോട്ടമാക്കിയത്.
ജെയിംസ് കുഞ്ഞേ… തേങ്ങ ഇടാറായിട്ടുണ്ട്. ആ അനന്തനോട് പറയേണ്ടായോ..?
പിന്നെ കുരുമുളകും, കൊക്കോയും ഞങ്ങൾ നാളെ തുടങ്ങും. അത് കഴിഞ്ഞാവാം അടക്ക. ഈ പ്രാവശ്യം വർഷം ചതിച്ചില്ല. അതിനാൽ നന്മൾ രക്ഷപ്പെട്ടു.
കുമാരേട്ടാ… ഇവനെ അറിയാലോ.. എന്നും പറഞ്ഞ് ജെയിംസ് രാമഭദ്രനെ മുന്നിലേക്ക് മാറ്റി നിർത്തി.
അതെന്ത് ചോദ്യാ കൊച്ചേ.. രാമഭദ്രനെ അറിയാത്തവരായി ഈ മണവാളൻ കുന്നിൽ ആരാ ഉള്ളത്.?
രാമഭദ്രനെ ജയിംസിന്റെ കൂടെ കണ്ടതിൽ ചെറിയൊരു ഭയം കുമാരനിൽ കാണുന്നുണ്ടായിരുന്നു.
രാമഭദ്രാ.. ഇത് കുമാരേട്ടൻ..
ഇവിടുത്തെ ജോലിക്കാരിൽ പ്രധാനി. ഇവിടെ വിള ഇറക്കുന്നതും, നല്ലവണ്ണം വിളയുന്നതുമായ എല്ലാ തരം കൃഷിയെക്കുറിച്ചും വളരെ അവഗാഹ്യമായ അറിവുള്ള ആൾ. എല്ലാ കാര്യങ്ങളും അതാത് സമയങ്ങളിൽ പുള്ളി നോക്കിക്കൊള്ളും. നമ്മൾ കൂടെ നിന്നു കൊടുത്താൽ മതി.
കുമാരേട്ടാ… ഇനി മുതൽ ഇവനാണ് എന്റെ കാര്യങ്ങൾ നോക്കുന്നത്. എല്ലാ കാര്യവും ഇവനോട് ആലോചിച്ച് ചെയ്താൽ മതി. വേറെ ആരെയും ഈ വീടും പറമ്പും നോക്കാൻ ഞാൻ ഏൽപ്പിക്കുന്നില്ല. മനസ്സിലായോ..
അവസാനം പറഞ്ഞത് ഒരു താക്കീത്കൂടെ ആയിരുന്നു.
അപ്പോൾ കുഞ്ഞിന്റെ അളിയൻ…?
ഇല്ല. അവരൊന്നും ഇനിവരില്ല. വന്നാലും ദാ… ഇവൻ നോക്കിക്കൊള്ളും.
എന്നാൽ ശരി കുഞ്ഞേ അങ്ങിനെയാവാം. എന്നും പറത്ത് കുമാരൻ പണിക്കാരുടെ കൂടെപ്പോയി.
പാവങ്ങളാടോ… ഈ മണ്ണിലല്ലാതെ മറ്റെവിടെയും അവർ പണിയില്ല. ഇവിടാണ് അവരുടെ ജീവിതം.
പച്ചക്കറികൾ വിളവെടുക്കാറാകുമ്പോൾ അവർ ഇതിനകത്തു തന്നെയാണ് താമസിക്കുന്നത്. കാരണം വല്ല മൃഗങ്ങളും ഇറങ്ങി കൃഷി നശിപ്പിച്ചാലോ..!
സംസാരിച്ചുകൊണ്ട് അവർ ഒരുപാടു ദൂരം നടന്നു.
തുടരും.