ഹൃദ്യവും ഊഷ്മളവുമായ പ്രകമ്പനം സൃഷ്ടിക്കുന്ന എൽഇഡി സ്ട്രിംഗ് ലൈറ്റുകൾ , വ്യത്യസ്ത ആകൃതിയിലുള്ള കോൺഫെറ്റി ബലൂണുകൾ , ഉച്ചത്തിലുള്ള സംഗീതം , രണ്ടും മൂന്നും നിലകളുള്ള വലിയ ബർത്ത് ഡേ കേക്കുകൾ…
പ്രായത്തിന്റെയും അനുഭവത്തിന്റെയും വർദ്ധനവിനെ പ്രതിനിധീകരിക്കുന്ന ജന്മദിനാഘോഷങ്ങൾ എങ്ങും അലയടിക്കുന്നു…
ഏകദേശം 45 വയസ്സ് എത്തിയവർക്ക് പിന്നീട് ഓരോ ജന്മദിനം വരുമ്പോഴും ഒരു ചെറിയ വിഷമവും അവരുടെ മനസ്സിൽ അതോടൊപ്പം ജനിക്കുന്നു.
യൗവനം വിട്ട് വാർദ്ധക്യത്തിലേക്കുള്ള പ്രയാണത്തിൻ്റെ തിരക്കിൽ ആണല്ലോ പിന്നീടുള്ള ഓരോ ജന്മദിനങ്ങളും. പിന്നെപ്പിന്നെ ഉള്ള ഓരോ ജന്മദിനങ്ങളും ജരാ നരകൾ കറുപ്പിക്കുന്നതിലേക്കും കണ്ണുപരിശോധനയിലൂടെയുള്ള കണ്ണടകളുടെ മാറ്റത്തിലേക്കും എത്തിനിൽക്കുന്നു.
ഓരോ ജന്മദിനവും ആഘോഷിക്കുമ്പോഴും കഴിഞ്ഞുപോയ വർഷങ്ങളിലേക്ക് ഒന്നുകൂടി ഒന്ന് എത്തപ്പെടുവാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്ന നിമിഷങ്ങൾ ആയി മാറുന്ന ജന്മദിനങ്ങൾ ….
ഒഴുകി തീരുന്നതിനു മുൻപേ വറ്റിപ്പോയ ബാല്യങ്ങൾ. കൊതി തീരുന്നതിനു മുൻപേ ഉപേക്ഷിച്ചു പോയ കൗമാരങ്ങൾ. സ്വപ്നങ്ങൾ കണ്ടു തുടങ്ങിയപ്പോഴേ യാഥാർത്ഥ്യമാകാതെ പോയ യൗവനങ്ങൾ ….
തെരുവിന്റെ മക്കൾ അലയുകയാണ് പാതയോരങ്ങളിൽ, തെരുവിന്റെ അഴുക്കുചാലുകളിൽ, ഓരോ ജന്മദിനങ്ങൾ വന്നു പോകുമ്പോഴും…
കഴിഞ്ഞുപോയ വർഷങ്ങളിലൊക്കെ ഫെബ്രുവരി ഇരുപത്തിയെട്ടിനും മാർച്ച് ഒന്നിനും ഒക്കെ ആണല്ലൊ അവർ ആഘോഷിച്ചത്.
നാലുവർഷം കൂടിവന്ന ഈ അധിവർഷത്തിൽ ഫെബ്രുവരി ഇരുപത്തൊമ്പത് ഉണ്ടായിരുന്നതുകൊണ്ട് ജനിച്ച തീയതിയിൽ ജൻമദിനം ആഘോഷിക്കാൻ സാധിച്ചതിൻ്റെ ഇരട്ടി സന്തോഷത്തിൽ ആയിരുന്നു അവരെല്ലാവരും. അതുകൊണ്ടുതന്നെ ആ സന്തോഷം തെരുവിന്റെ മക്കളോടൊപ്പം ആഘോഷിക്കുവാൻ അവർ ഒത്തൊരുമിച്ച് തീരുമാനിക്കുകയായിരുന്നു.
പകൽ മുഴുവൻ വീടുകൾ തോറും കയറിയിറങ്ങി ആക്രി പെറുക്കി വിറ്റിട്ടും ഒരൊറ്റ ജന്മദിനത്തിനു പോലും കേക്കു വാങ്ങിക്കുവാൻ കാശ് തികയാത്ത തെരുവിന്റെ മക്കൾ. വിറ്റ് കിട്ടുന്ന ലാഭം മുഴുവൻ മേടിച്ച് എടുത്ത് തെരുവിന്റെ മക്കളുടെ വിയർപ്പിൻ്റെ കാശ് കൊണ്ട് തിന്നു തിമിർത്ത് കൂത്താടുന്ന വൻ മാഫിയാകൾ.
തെരുവിൻറെ മക്കൾ അവരോടൊപ്പം മതിമറന്ന് സന്തോഷത്തിൽ കേക്ക് മുറിച്ച് നൃത്തം ചെയ്തപ്പോൾ ബർത്ത്ഡേ ആഘോഷിച്ചവർക്കും അത് സംഘടിപ്പിച്ചവർക്കും അതിൽ പങ്കെടുത്തവർക്കും അത് ആത്മ സന്തോഷത്തിന്റെയായി നിർവൃതിയായി മാറി.
ആഘോഷ തിമിർപ്പിന്റെ രാവിൽ പിരിയുമ്പോഴും അവർക്ക് ഒരു സങ്കടം മാത്രം ബാക്കി ഉണ്ടായിരുന്നു. ഇനി ഞങ്ങൾക്ക് ജനിച്ച തീയതിയിൽ ഇതുപോലെ ഒരു ജൻമദിനം ആഘോഷിക്കണമെങ്കിൽ നാലു വർഷം കാത്തിരിക്കണമല്ലൊ എന്നോർത്തുള്ള സങ്കടം….