ഉദിച്ചു നിൽക്കുന്ന സൂര്യൻ്റെ കത്തി നിൽക്കുന്ന വെളിച്ചത്തിൽ ചുട്ടുപൊള്ളുന്ന ചൂടത്ത് ഇല്ലത്തെ പാടത്തും പറമ്പത്തും പണി ചെയ്യുന്ന മാറു മറച്ച കറുപ്പ് നിറമുള്ള അടിയാത്തി പെണ്ണിൻറെ അഴകുള്ള കറുത്ത ശരീരം വെയിലേറ്റ് കുറച്ചുകൂടി കൂടുതൽ കറുത്ത് തിളങ്ങി നിന്നപ്പോൾ കറുത്ത മേനിയിലൂടെ ഒഴുകുന്ന വിയർപ്പു ചാലുകൾ അവളുടെ തടിച്ച ശരീരത്തിൻ്റെ സൗന്ദര്യത്തെ ഏറെ അഴകുള്ളതാക്കി. അത് ആസ്വദിച്ചു കൊണ്ട് നാലും കൂട്ടി മുറുക്കി ചുവപ്പിച്ച് പാടത്തെ ചെളി മണ്ണിലേക്ക് ഇടയ്ക്കിടെ തുപ്പി, തുപ്പി കറുത്ത മണ്ണിനെ ചുവപ്പിച്ചു കൊണ്ട് പതുങ്ങി, പതുങ്ങി വന്ന തടിച്ചു കൊഴുത്ത കൊച്ചമ്പ്രാൻ കറുത്ത പെണ്ണിൻ്റെ ചെവിയിൽ എന്തോ മന്ത്രിച്ചു.
കറുപ്പ് നിറമുള്ള അടിയാത്തി പെണ്ണിൻ്റെ അഴകുള്ള കറുത്ത സൗന്ദര്യം പകലു മുഴുവൻ ആസ്വദിച്ചിട്ട് സായന്തനത്തിൽ സൂര്യൻ മറഞ്ഞു കഴിയുമ്പോൾ ആ കറുത്ത പെണ്ണിൻ്റെ വിയർപ്പ് മണക്കുന്ന കറുത്ത മേനിയുടെ മടിക്കുത്ത് അഴിക്കുവാൻ തുറന്ന ശരീരവും കാട്ടി ഇരുട്ടിൻ്റെ മറവിൽ പമ്മി, പമ്മി എത്തി വെമ്പൽ പൂണ്ടു നിൽക്കുന്ന ഇല്ലത്തെ കൊച്ചമ്പ്രാനോട് അവൾ ചോദിച്ചു.
‘തമ്പ്രാക്കന്മാരുടെ ഇല്ലങ്ങളിലെ പൊന്നിൻ നിറമുള്ള നിങ്ങടെ സ്വന്തം കൊച്ചമ്പ്രാട്ടിമാരുടെയയും വല്ല്യമ്പ്രാട്ടിമാരുടെയും പളപളാന്നുള്ള ശരീരവും നല്ല വെളുപ്പുമുള്ള തടിച്ചു കൊഴുത്ത സ്ത്രീ സൗന്ദര്യം പോരാഞ്ഞിട്ടോ തമ്പ്രാ നിങ്ങൾ ഏൻ്റെ കുടിലിൽ എത്തി കറുത്ത നിറമുള്ള ഈ അടിയാത്തി പെണ്ണിനോട് ഇത്രക്ക് ആർത്തിയും പരവേശവും കാണിക്കുന്നത്.’
‘ കറുത്ത നിറവും ഉറച്ച ശരീരവും ഉള്ള നിന്നെപ്പോലെയുള്ള പെണ്ണിൻറെ മുമ്പിൽ ഞങ്ങടെ വെളുത്ത തമ്പുരാട്ടിമാരുടെ വെളുത്ത സൗന്ദര്യം ഒന്നുമല്ല കറുമ്പീ….’
‘അപ്പോൾ അതിനർത്ഥം വെളുപ്പിനെക്കാൾ അഴക് കറുപ്പിനാണെന്നല്ലേ തമ്പ്രാ…’
‘ അതായിരിക്കും “കറുപ്പിന് ഏഴഴക് ” എന്നൊക്കെ ആരൊക്കെയോ തട്ടിവിട്ടിരിക്കുന്നത് അല്ലെ തമ്പ്രാ…’
‘അതെ എന്താ ഇത്ര സംശയം, കറുപ്പിന് ഏഴഴക് ആണ് പെണ്ണേ…’
‘എന്നിട്ടും എന്തേ തമ്പ്രാ ഇപ്പോൾ ചിലർ പറയുന്നു. കറുപ്പ് അഴുക്കാണെന്നും കറുപ്പിനോട് വെറുപ്പാണെന്നും ഒക്കെ….’
‘അങ്ങനെയെങ്കിൽ ഏക്കടെ കുലവും കുടുംബവും മുഴുവൻ വെറുക്കപ്പെട്ട വരാകില്ലെ തമ്പ്രാ…’
കറുത്ത പെണ്ണിൻറെ വെളുത്ത മനസ്സിലെ ചോദ്യത്തിനു മുന്നിൽ വെളുത്ത തമ്പുരാന്റെ കറുത്ത മനസ്സ് ഉത്തരമില്ലാതെ പിടഞ്ഞപ്പോൾ അങ്ങ് ഇല്ലത്ത് മച്ചിൻമേൽ ഇരുന്ന പല്ലി ഉറങ്ങാതെ തൻ്റെ ഭർത്താവിൻറെ വരവും കാത്ത് തിരിഞ്ഞും മറിഞ്ഞും കിടന്ന ഇല്ലത്തെ വെളുത്ത തമ്പുരാട്ടിയെ നോക്കി എന്തോ ചിലച്ചു….