Sunday, January 5, 2025
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ:- അദ്ധ്യായം: പതിനെട്ട്) ✍ സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ:- അദ്ധ്യായം: പതിനെട്ട്) ✍ സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

അദ്ധ്യായം പതിനെട്ട്
…………

“രാമാ നീ ഞവരക്കാടിന്റെ പ്രതാപമേ കണ്ടിട്ടുള്ളൂ അനുഭവിച്ചിട്ടുള്ളൂ. അതൊക്കെ എങ്ങനെ ഉണ്ടായി എന്ന് നീ അറിഞ്ഞിട്ടില്ല. അല്ലെങ്കിൽ നിന്നെ അറിയിച്ചിട്ടില്ല. ആയ കാലം മുതൽ അതിനു വേണ്ടി അച്ഛനോടൊപ്പം താങ്ങായും തണലായും നിന്നവനാ ഞാൻ.”

“ഞാൻഅറിഞ്ഞുവെന്നോ ഏട്ടൻ അറിഞ്ഞിട്ടില്ലെന്നോ ഒന്നും ഞാൻ പറഞ്ഞില്ല അതിനൊക്കെ കൂടിയുള്ളത് ഏട്ടൻ എടുത്ത ശേഷം ബാക്കിയുള്ളതിൽ നിന്നു മാത്രമേ എനിക്കു വേണ്ടൂ.”

“അതൊരു ഔദാര്യം പോലെയാണല്ലാ. അതു വേണ്ട. നീയറിഞ്ഞിട്ടില്ല എങ്കിൽ അറിയാനും അറിയാത്ത ഭാവം നടിക്കുകയാണെങ്കിൽ അത് നടക്കില്ല എന്നറിയിക്കാനും പറയുന്നതാ. കേട്ടോ വലിയ വളപ്പ് വാങ്ങുന്നതിലും, അങ്ങാടിയിൽ കടമുറി പണിയുന്നതിലും, ചെരുവിലെ സ്ഥലം റബ്ബർത്തോട്ടമാക്കുന്നതിലും എന്റെ വിയർപ്പുണ്ട്. അച്ഛൻ പറഞ്ഞു കാണുംനിന്നോട്. ഇല്ലെങ്കിൽ നീയറിയണം അത്. ”

“ആയിക്കോട്ടെ. അതൊക്കെ ഏട്ടൻ എടുത്തോ .ഏട്ടന്റെ വിയർപ്പില്ലാത്തത് മാത്രം ഭാഗം ചെയ്യൂ.”

“നിന്റെ ഭാഷ എനിക്കു മനസ്സിലായി. ഞാൻ കാര്യങ്ങൾ മുഴുവൻ പറഞ്ഞു കഴിഞ്ഞില്ല .ഇതു കൂടി കേട്ടോ.ആര്യയുടെ ചികിത്സാ ചെലവ് .ഞാൻ ഇതുവരെ അതിന്റെ കണക്കു പറഞ്ഞിട്ടില്ല. അവളുടെ കല്യാണ ചെലവിലേക്ക് തന്നത് വേറെ .അതൊക്കെ പോട്ടെ. വിട്ടേക്ക് കോട്ടൂപ്പുറത്ത് സ്കൂളിൽ നിനക്ക് ജോലി കിട്ടാൻകൊടുത്ത പൈസ എവിടെ നിന്നുണ്ടായതാ ന്നാ നിന്റെ വിചാരം.”

രാമാനന്ദൻ സത്യത്തിൽ ഞെട്ടിപ്പോയി. ഇത്രയും കടുപ്പത്തിൽ അകൽച്ചയോടെ ഒരു സംസാരം എത്ര കണിശക്കാരനാണെങ്കിലും ദേവാനന്ദനിൽ നിന്നും ഉണ്ടാവും എന്നയാൾ പ്രതീക്ഷിച്ചില്ല. വല്ലാത്ത വേദനയും സങ്കടവും തോന്നി അയാൾക്ക്. എന്നാൽ ആ വേദനകൾ മറന്ന് ഒരു നിമിഷം കൊണ്ട് അയാളുടെ
അത്മാഭിമാനം സടകുടഞ്ഞെണീറ്റു.

“ഏട്ടൻ ഒന്നു മറക്കണ്ട. ഞവരക്കാട്ടെ ആര്യ അനാഥയൊന്നുമല്ല . അവൾക്കായി ഏട്ടൻ പണം മുടക്കിയിട്ടുണ്ടെങ്കിൽ അത് പലിശയടക്കം തിരിച്ചു കിട്ടും. അതിന് എത്ര സ്ഥലം വേണമെങ്കിലും എടുത്തോളൂ.പാടവും പറമ്പുമൊക്കെയായി പതിനാലര ഏക്കർ സ്ഥലമുണ്ട് ഇപ്പോൾ ഞവരക്കാട്ടുകാർക്ക് അച്ഛന്റ പേരിലും അമ്മയുടെ പേരിലുമായി കിടക്കുന്നു.അതിൽ നിന്നും എന്തെടുത്താലും എത്രയെടുത്താലും ഒരു തടസ്സവുമില്ല. ഇനി വേണമെങ്കിൽ ഞാനും കുടുംബവും ഈ വീട്ടിൽ നിന്നും മാറിത്തരാം ഇതും എടുത്തോ. ഒരപേക്ഷ മാത്രം.ഇനി ഇവിടെയിരുന്ന് എന്നോട് ഇമ്മാതിരിഎച്ചി കണക്ക് പറയരുത്. സഹിക്കുന്നില്ല”
.രാമാനന്ദൻ എണീറ്റ് അകത്തേക്ക് നടക്കുന്നതിനിടയ്ക്ക് തിരിഞ്ഞു നിന്ന് ഇതുകൂടി പറഞ്ഞു.

“എനിക്ക് എന്തെങ്കിലുമുണ്ടെങ്കിൽ അത് എന്തു ചെയ്യണം ആർക്കെല്ലാം കൊടുക്കണം എന്നൊക്കെ ഞാൻ തീരുമാനിക്കും. ഒരു അപേക്ഷയേ ഉള്ളു ഭാഗം വെക്കാൻ പുറത്ത് നിന്നാരേയും കൊണ്ടുവരരുത്. അതിന്റെ ഒരാവശ്യവുമില്ല.എന്തു തന്നെയായാലും ഞവരക്കാട്ട് ഭാഗം വെപ്പ് ഏട്ടനും അനിയനും തല്ലി പിരിഞ്ഞു എന്ന് കേൾക്കില്ല ഉറപ്പ്.
ദേവേട്ടൻ എന്ത് തീരുമാനിച്ചാലും രാമന് സമ്മതം.കാരണം എറണാകുളത്ത് ദേവേട്ടൻ വലിയസംഭവം തന്നെയായിരിക്കാം. എന്നാൽ ദേവേട്ടന് നാളെ ഇവിടെ ആരുടെ മുഖത്തും നോക്കണ്ട. മാത്രമല്ല ഈ പാടത്തിനപ്പുറത്ത് ദേവേട്ടന് വിലാസം ഞവരക്കാട്ടെ പത്മനാഭൻപണിക്കരുടെ മൂത്ത മകൻ അല്ലെങ്കിൽ രാമാനന്ദൻ മാഷുടെ ഏട്ടൻ. അത്ര തന്നെ എന്നാൽ എനിക്കതല്ല. ”

എല്ലാം കേട്ട് ഇടനാഴിയിൽ നിന്നിരുന്ന മാലിനി സങ്കടത്തോടെ രാമാനന്ദന്റെ കൈകളിൽ പിടിച്ചു.അയാൾ കൈ തട്ടിമാറ്റി അകത്തേക്ക് പോയി.

സത്യത്തിൽ പറഞ്ഞപ്പോൾ അങ്ങ് പറഞ്ഞു പോയി എന്നല്ലാതെ ഇത്രയും ഗൗരവമാവും കാര്യങ്ങൾ എന്നൊന്നും ദേവാനന്ദനും കരുതിയിരുന്നില്ല എന്നാൽ പറഞ്ഞതൊന്നും പിൻവലിക്കാൻ അയാൾ ഒരുക്കമല്ലായിരുന്നു. അതിൽ സത്യമല്ലാത്ത ഒന്നും തന്നെയില്ല എന്ന ഉറച്ച ബോദ്ധ്യത്തിൽ തന്നെയായിരുന്നു അയാൾ.

ഞവരക്കാട് തറവാട്ടിലെ രണ്ടരക്കേറിൽ നിന്ന് ഒന്നരയേക്കർ സ്ഥലവും തറവാടും ഞവരത്തോടിനടുത്ത് ഒരേക്കർ പാടമുൾപ്പെടെ മൂന്നേക്കർ പാടവും രാമാനന്ദന്.രാമാനന്ദൻ ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം മാത്രം തറവാട് നിൽക്കുന്ന ഒന്നരയേക്കേറിൽ തെക്കേത്തൊടി ഉൾപ്പെടണം.

വീടിനു പടിഞ്ഞാറുഭാഗത്ത് നിൽക്കുന്ന കളവും മുറ്റവും ഉൾപ്പെടെ തെങ്ങും കവുങ്ങുമൊക്കെ നിറഞ്ഞ ഭാഗം ദേവാനന്ദന്.ഏകദേശം തീരുമാനമായ ശേഷം
ഒരു വൈകുന്നേരം ശങ്കരനുമായി സംസാരിച്ചിരിക്കേ രാമാനന്ദൻ ഈ വിവരങ്ങൾ പങ്കുവെച്ചു. കുറച്ചു നേരം ശങ്കരൻ ഒന്നും മിണ്ടിയില്ല.ഞവരക്കാട് ഭാഗം പിരിയുന്നു എന്ന് സങ്കൽപ്പിക്കാൻ അയാൾക്കാവുമായി രുന്നില്ല. ആ മുഖത്ത് നിന്ന് രാമാനന്ദൻ അത് വായിച്ചെടുത്തു.

“ഒക്കെ വേണ്ടേ ശങ്കരാ എന്നായാലും അച്ഛനും അമ്മയുമൊക്കെപോയാൽ പിന്നെ …. ”

നടക്കട്ടെ.ശങ്കരൻ തല താഴ്ത്തിയിരുന്നു

“ഞവരത്തോടിന് സമീപമുള്ള ഞവരക്കാട് പാടം ഞാൻ ശങ്കരനു റൈഷ് ചെയ്തു തരും.”
ശങ്കരൻ തലയുയർത്തി രാമാനന്ദനെ നോക്കി. സ്നേഹവും കടപ്പാടും നന്ദിയും എല്ലാം നിറഞ്ഞ ഒരു നോട്ടം. പിന്നെ ഒരു ചോദ്യം

“എന്തിന് രാമേട്ടാ.. ”

“ദേവേട്ടൻ എല്ലാം വിറ്റു പോവും. ഇനി ഞവരക്കാട് വലിയ വളപ്പില്ല .ചെരുവിലെ റബ്ബർ തോട്ടമില്ല.വലിയ തോതിൽ കൃഷിയില്ല. കടമുറികളില്ല . നിനക്ക് ജീവിക്കേണ്ടേ?”

“എപ്പോൾ വേണമെങ്കിലും കയറി വരാൻ ഈ തറവാടിവിടെയുണ്ടല്ലോ എന്റെ രാമേട്ടനുണ്ടല്ലോ മാലിനിയോപ്പോൾ ഉണ്ടല്ലോ, ശ്രീക്കുട്ടനു ണ്ടല്ലോ ഒരു പാട് ഒരുപാട് ഓർമ്മകൾ ഉണ്ടല്ലോ .ശങ്കരനത് മതി .ഇവിടെ പഴയ പോലെ എപ്പോഴും വരാൻ സ്വാതന്ത്ര്യത്തോടെ പെരുമാറാൻ… കൂടപ്പിറപ്പിനേക്കാൾ സ്നേഹത്തോടെ രാമേട്ടാ എന്ന് വിളിക്കാൻ. അത് മാത്രം മതി. അല്ലാതെ ഞവരക്കാട് മുഴുവൻ തന്നാലും ശങ്കരന് വേണ്ട. ഒരു സെന്റ് പോലും ശങ്കരൻ സ്വീകരിക്കില്ല. സ്വീകരിച്ചാൽ തീർന്നു ആ ബന്ധം. പിന്നെ ശങ്കരനില്ല”
ശങ്കരൻ എണീറ്റ് തിരിഞ്ഞു നോക്കാതെ നടക്കുമ്പോൾ ആ മനസ്സിൽ ചില ചിത്രങ്ങൾ തെളിഞ്ഞു രാമാനന്ദൻ എന്ന സഹോദരതുല്യനായ നല്ല മനുഷ്യന്റ നിറഞ്ഞ സ്നേഹത്തിന്റെ മുഖങ്ങൾ .എത്രയെത്ര അനുഭവങ്ങൾ.

മകൾ നിഷയുടെ കല്യാണം. നെല്ല്, നാളികേരം ,വിറക് തുടങ്ങി എന്തും വേണ്ടത്ര കൊണ്ടു പോകാം എന്ന് രാമാനന്ദൻ മുൻകൂട്ടി പറഞ്ഞിരുന്നു. എല്ലാം എത്തിക്കുകയും ചെയ്തു.

കല്യാണത്തിന്റെ തലത്തലേനാൾ വൈകീട്ട് ഒരു ആറ് മണിയോടെ വീട്ടിലേക്കു ചെന്നു രാമാനന്ദൻ..വീട്ടിൽ നിന്നല്ല വരുന്നതെന്ന് ശങ്കരന് മനസ്സിലായി.വെള്ളമുണ്ടും സ്ഥിരം നിറമായ ബ്രൗൺ ഷർട്ടുമാണ്. കൈയ്യിൽ കറുത്ത നിറമുള്ള ഒരു ചെറിയ ബാഗ് ചായ കുടിച്ച് കുറച്ചു നേരം സംസാരിച്ച് ”
വീട്ടിൽപോയിട്ടില്ല .വരുന്ന വഴിയാണ് നാളെയും മറ്റന്നാളും മുഴുവൻ സമയവും ണ്ടാവാം ട്ടൊ ” എന്ന് പറഞ്ഞുഎണീറ്റു നടന്നു.

അതാ രാമേട്ടൻ ബാഗ് മറന്നു എന്ന് സുധ .”രാമേട്ടാ ബാഗ് ” എന്ന് പറഞ്ഞ് പിന്നാലെ ചെന്നതും. തിരിഞ്ഞു നോക്കാതെ മറന്നതല്ല എന്നും പറഞ്ഞ് കൈ കൊണ്ട് ഒരാംഗ്യം കാട്ടി നടന്നു പോയി. ഇരു പതിനായിരം രൂപയായിരുന്നു ബാഗിൽ.പി.എഫ് .ലോൺ എടുത്ത പണം പിന്നെയതിനെ കുറിച്ചു ചോദിച്ചപ്പോൾ ”മക്കളുടെ കല്യാണത്തിനല്ലേ പി.എഫ് ലോണെടുക്കുക .ശങ്കരന്റെ മോൾ എനിക്ക് മോൾ തന്നെ .”

മാത്രമോ കല്യാണത്തിന്റെ തലേ ദിവസം . രാമാനന്ദനും മാലിനിയും ശ്രീക്കുട്ടനും കൂടിയാണ് ചെന്നത്. സംസാരിച്ച് കഴിഞ്ഞ് നിഷയെ അടുത്ത് വിളിച്ച് മാലിനി ഗുരുവായൂരപ്പന്റെ ലോക്കറ്റ് ഉള്ള നാല് പവനോളം വരുന്ന ഒരു ചെയിൻ നിഷയുടെ കഴുത്തിലിട്ടു. ആ ചെയിൻ കണ്ടതും നിഷ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് മാലിനിയുടെ തോളിലേക്ക് ചാഞ്ഞു. വിതുമ്പലിനിടയിലും .എന്റെ ആര്യേച്ചീ എന്നവൾ മന്ത്രിച്ചു.

”കരയരുത് നിഷേ സന്തോഷമായിരിക്കൂ. അവൾ കാണേണ്ടത് നിന്റെ ചിരിക്കുന്ന മുഖമല്ലേ.”

“വല്യമ്മേ “എന്ന് വിളിച്ച് നിഷ വീണ്ടും തേങ്ങി.മാലിനി വാത്സല്യത്തോടെ നിഷയുടെ തലയിൽ തലോടി.കണ്ടു നിന്ന ശങ്കരന് പതിനഞ്ച് കൊല്ലങ്ങൾക്ക് മുമ്പ്ഉണ്ടായ ചില രംഗങ്ങൾ മനസ്സിൽ തെളിഞ്ഞു.

ഒരു ഞായറാഴ്ചയാണ്. വൈകീട്ട് ഒരു അഞ്ച് മണി കഴിഞ്ഞ സമയം ഞവരക്കാട്ടേക്ക് ശങ്കരൻ ചെല്ലുന്നു. നാളത്തെ കൊയ്ത്തിന്റെ കാര്യം സംസാരിക്കാനാണ്.പണിക്കാർ എത്ര പേരുണ്ടാവും എന്ന് പറയാൻ. ഒരുവയസ്സുകാരി ഉഷയെ ഇടതു കൈയ്യിൽ എടുത്തും വലതു കൈ വിരലിൽ പിടിച്ച് നിഷയെ നടത്തി കൊണ്ടുമാണ് ചെന്നത്.പൂമുഖത്ത് മേശയിൽ വെച്ച് ആര്യ എന്തൊക്കെയോ എഴുതുന്നു. ഡിഗ്രിക്ക് പഠിക്കുന്ന സമയമാണ് ഉഷയെ കണ്ടതും “കുഞ്ഞൂസേ ” എന്ന് വിളിച്ച് ഇറങ്ങി വന്ന് ഉഷയെ വാങ്ങി മടിയിൽ വെച്ചു.ഈ സമയം നിഷ ആര്യയോട് ചേർന്നുനിന്നു. എന്നിട്ട് ഒരു ചോദ്യം

“ആര്യേച്ചി ന്നേം എടുക്കൂ.”

“പിന്നെന്താ അമ്മുട്ടിയെ എടുക്കാതെ. നിയ്യ് ആര്യേച്ചിയുടെ
ചുന്ദരിക്കുട്ടിയല്ലേ.”

അത് കേട്ട് നിഷയ്ക്ക് നാണം വന്നു.ആര്യ നിഷയെ വലതു കൈയ്യാൽ വാരി പുണർന്നു.

“ആര്യേച്ചിയെ കാണാൻ എന്ത് ചന്താ…. ”

“ആരാ പറഞ്ഞേ ?”

“എല്ലാരും പറയും.അമ്മേം പറയും .എപ്പളും പറയും സത്യാ.”

ആര്യ ചിരിച്ചു.

“ആര്യേച്ചി അമ്മുട്ടിക്ക് ഒരുമ്മ തരട്ടെ. ”

തന്നോളൂ
ആര്യ നിഷയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

“ആര്യേച്ചിക്ക് എത്രയാ തലമുടി… ”

“അതിനെന്താ അമ്മുട്ടി വലുതായാൽ ഇതി നേക്കാൾ തലമുടിണ്ടാവും”

നിഷയ്ക്ക് സന്തോഷമായി.
തുടർന്ന് ആര്യയുടെ
കഴുത്തിൽ കിടക്കുന്ന ഗുരുവായൂരപ്പന്റെ ലോക്കറ്റുള്ള സ്വർണ്ണമാല തൊട്ട് അവൾ ചോദിച്ചു.

“ആര്യേച്ചീ ഈ മാല എനിക്കു തരുമോ?”

പത്മനാഭ പണിക്കരുമായി മുറ്റത്ത് സംസാരിച്ചു നിന്നിരുന്ന ശങ്കരൻ ഇത് കേട്ട് ദേഷ്യപ്പെട്ടു.

“എന്താ പെണ്ണേ ഈ ചോദിക്കണത്.”

“എന്താ ശങ്കരേട്ടാ അവൾ കുട്ടിയല്ലേ അത് ചോദിച്ചോട്ടെ ”
എന്ന് ശങ്കരനോടായി പറഞ്ഞ് ആര്യ നിഷയെ സമാധാനിപ്പിച്ചു.

“പിന്നെന്താ ഈ മാല അമ്മുട്ടിക്ക്തരാം ട്ടൊ.”

“ന്നാ…. താ .”

”അയ്യോ ഇപ്പോഴല്ല.”

“പിന്നെപ്പഴാ ”

“അതോ അമ്മുട്ടിയുടെ കല്യാണത്തിന് തലേ ദിവസം അമ്മുട്ടി കല്യാണ പെണ്ണായി ഇരിക്കില്ലേ. നല്ല ചന്തത്തില്. അപ്പോൾ ആര്യേച്ചി വന്ന് ഈ മാലയും ലോക്കറ്റും കഴുത്തിലിട്ടു തരും.”

“മതി.ഉറപ്പല്ലേ. ഞാൻ കാത്തിരിക്കും.”

“പിന്നേ ആര്യചേച്ചി ഉറപ്പായിട്ടും തരും.നിഷക്കുട്ടിടെ കൈയിലടിച്ചു സത്യം ചെയ്തു തരാം .”

“അതൊന്നും വേണ്ട എനിക്ക് ആര്യേച്ചിയെ വിശ്വാസാണ്.
പിന്നെ ഞാനൊന്നു ചോയ്ക്കട്ടെ”

“ചോയ്ക്ക് ”

”ആര്യേച്ചിയെ ആരാ കല്യാണം കഴിക്ക്യാ?”

“അതോ ആരോ ഒരാള്. ”

“എന്താ പേര് ”

”എന്തോ ഒരു പേര്”

“എവിടെള്ള ആളാ.”

”എവടെയോ ഉള്ള ഒരാള്”

ഇതു കേട്ടാണ് മാലിനി അകത്തു നിന്നും വന്നത് .
കൈയ്യിൽ ഒരു ബിസ്ക്കറ്റ് പേക്കറ്റും ഒക്കത്ത് ശ്രീക്കുട്ടനും.
ബിസ്ക്കറ്റ് പേക്കറ്റ് നിഷയ്ക്ക് കൊടുത്തു മാലിനി.

“വല്യമ്മയുടെ കുട്ടിപ്പൊ ഇത് കഴിക്ക്.
കല്യാണൊക്കെ നമുക്ക് പിന്നെ കഴിക്കാം ട്ടൊ.”

നിഷയുടെ ചോദ്യത്തേയും തന്റെ ഉത്തരത്തേയും കുറിച്ച് ആര്യ പറഞ്ഞപ്പോൾ മാലിനി നിഷയുടെ തലയിൽ തലോടികൊണ്ടാണ് പറഞ്ഞത്.

“ആര്യേച്ചി മാല ഉറപ്പായിട്ടും തരും ട്ടൊ. ”

മരണം ആര്യയെ കൊണ്ടു പോയിട്ടും മനസ്സിലാ വാക്കുകൾ മറക്കാതെ കൊണ്ടു നടന്നു മാലിനി.

അങ്ങനെ എത്രയെത്ര ഓർമ്മകൾ ശങ്കരനുണ്ട്.
സ്നേഹം നിറഞ്ഞ പെരുമാറ്റം കൊണ്ടും നന്മ നിറഞ്ഞ പ്രവർത്തി കൊണ്ടും ഹൃദയ വിശുദ്ധി തെളിയിക്കുന്ന ഞവരക്കാട്ടുകാർ .ഈ ജന്മത്ത് എത്ര സ്നേഹം തിരിച്ചുനൽകിയാലാണ് ആ കടങ്ങൾ വീട്ടാൻ കഴിയുക.

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments