ഇടം
തന്റേടം….
തൻ ഇടം അല്ലെങ്കിൽ തന്റെ ഇടമാണ് തന്റേടം.
ജീവിതപ്പാതയിലൂടെ യാത്ര നടത്തി തനതായ ഇടം കണ്ടെത്തുന്നതു തന്നെ ജീവിതം. ഇടങ്ങൾ പലതുണ്ട്.നൈസർഗ്ഗിക ഗുണങ്ങളും കർമ്മവും അവസരങ്ങളും നമ്മെ ചില ഇടങ്ങളിൽ എത്തിക്കുന്നു.
തിണ്ണമിടുക്ക് ഏറെ കാണിക്കുന്നവരാണൊ
തന്റേടികൾ?
ഏതായാലും തന്റേടത്തിൻെറയും തെമ്മാടിത്തത്തിൻെറയും വ്യത്യാസം അറിഞ്ഞേ തീരൂ….
ചെം……..
ചെമ്മീൻ
ചെം+ മീൻ ചെമ്മീൻ
ചെം + പരുന്ത് ചെമ്പരുന്ത്
ചെം + ചായം ചെഞ്ചായം
ചെം + നിണം ചെന്നിണം
ചെം + പനീർ ചെമ്പനീർ
(” ഒരു ചെമ്പനീർ പൂവെടുത്ത് ഞാനോമലേ..”)
ചെം+ മാനം
ചെം+ ചുണ്ട്
( ചെഞ്ചുണ്ടല്ല കരിഞ്ചുണ്ടല്ലൊ
ചുണ്ടിൽ തേക്കും
ചുവന്ന ചെണ്ടാൽ
കരിഞ്ചുണ്ടിങ്ങിവൾ
ചെഞ്ചുണ്ടാക്കി )
ചെം + തെങ്ങ്
ചെം + തീ
മുകളിൽ കൊടുത്തിട്ടുള്ള ‘ചെം ‘ വ്യാകരണത്തിൻെറ കണ്ണിൽ ‘ഭേദകം ‘എന്ന വിഭാഗത്തിൽ പെടുന്നു.
എന്തു കൊണ്ട് ?
ഇവ പിന്നാലെ വരുന്ന
വാക്കിന്റെ അർത്ഥത്തിന് വ്യത്യാസം വരുത്തുന്നു.
മീൻ എന്ന നാമത്തിനു മുന്നിൽ (prefix) ആയി വരുന്ന ‘ചെം ‘മീൻ വെറും മീനല്ലെന്നും ഒരു പ്രത്യേക ഇനത്തെ കുറിക്കുന്നതാണെന്നും വിശേഷാർത്ഥം നൽകുന്നു.
ചൊമ വന്നിട്ട് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല എന്ന വാക്യത്തിൽ ചെം എന്ന ഭേദകാർത്ഥമെടുത്താൽ ചുമച്ചു ചുമച്ച് ചോര തുപ്പി എന്നു വരുമോ !!!!
ഏതായാലും ചെമപ്പാണ്
ചുവപ്പും ചുമപ്പുമൊക്കെയായി മാറിയത്.
കാമം
കാമദേവൻ
കാമ്യമായതൊക്കെ ചെയ്യിക്കാൻ പ്രേരണ നൽകുന്നത് കാമദേവനാണ് ;നമ്മുടെ സൗന്ദര്യദേവൻ.
സൗന്ദര്യത്തിനു ദേവൻ!!!
വിദ്യ, ഐശ്വര്യം,അന്നം എന്നിവയ്ക്ക് ദേവിയെ കൊടുത്ത സ്ഥിതിക്ക് സൗന്ദര്യത്തിനും ദേവിയായാൽ എന്താ എന്ന ചിന്ത ഉയർന്നേക്കാം.
കാരണം സ്ത്രീജനങ്ങളാണല്ലൊ സൗന്ദര്യത്തികവിൻ കുത്തകക്കാർ !!!!
ആർഷചിന്തയോട് അടുക്കാൻ ശ്രമിച്ചിട്ടുള്ള സംസ്കാരം ഗ്രീക്ക് ആണ്.അവിടെ മ്യൂസാണ് കലാദേവതകൾ .അവർ സദാ ദേവദേവനു ചുറ്റും ആടിപ്പാടിക്കൊണ്ടിരിക്കും.ജ്ഞാന ദേവതയാണ് ,അഥീന ( മിനർവ്വ). വീനസ് എന്ന അഫൊഡൈറ്റ് രതിദേവതയും.
ഇവിടെ പുരുഷനാണ് ആഗ്രഹം, സൗന്ദര്യം, ലൈംഗിക വികാരം എന്നിവയ്ക്കെല്ലാം ദേവൻ.കാമം തോന്നുന്നതിനോട് രതിയുണ്ടാവുക സ്വാഭാവികം.ഭാര്യയായി സതീദേവി !! എല്ലാം കണ്ടറിഞ്ഞ ഋഷികല്പന അനന്വയമെന്നേ പറയേണ്ടൂ !!!
സൃഷ്ടിച്ച നിമിഷത്തിൽ തന്നെ ആ ദേവൻ ബ്രഹ്മനോട് ചോദിച്ചു;
” കം ദർപ്പയാമി ?”
ഞാൻ ആരെയാണ് കാമമുള്ളവനാക്കേണ്ടത് ?( അഹങ്കാരിയാക്കേണ്ടത് ?)
പൂവമ്പനായാണ് കാമൻ
ജനിച്ചത് . ചലിച്ചു കൊണ്ടിരിക്കുന്ന വണ്ടിൻ കൂട്ടം ഞാണും കരിമ്പ് വിൽത്തണ്ടും !!!
“അരവിന്ദമശോകം ച
ചൂതം ച നവമാലികാ
നീലോല്പലം ച പഞ്ചൈതേ
പഞ്ചബാണസ്യ സായക”
താമര,അശോകം,മാമ്പൂവ്,മുല്ലപ്പൂവ്,കരിങ്കൂവളം
എന്നിവയാണ് കാമദേവ
ശരങ്ങൾ !!
ഇവയേറ്റാൽ ഉന്മാദം,താപം,ശോഷണം,സ്തംഭനം,സമ്മോഹനം എന്നിവ ഭവിക്കും .ഇവയെ വില്ലുകളായും ഉപയോഗിക്കും.ജീവികളെ ലോക മോഹങ്ങളിലേയ്ക്ക് തള്ളി തരളിതരാക്കി
ഭോഗതൃഷ്ണ ആളിക്കത്തിക്കും.
കാമം,ക്രോധം,ലോഭം,മോഹം,മദം, മാത്സര്യം
എന്നിവയത്രെ ഷഡ് വൈരികൾ.നമ്മിൽ വർത്തിക്കുന്ന ശത്രുക്കളെന്ന് ഇവരെ പറയുന്നുണ്ടെങ്കിലും ഇവരില്ലാതെ ജീവിതമില്ല ! പ്രഥമസ്ഥാനം കാമത്തിനാണ്.കാമത്തിന് ആഗ്രഹം, ലൈംഗിക വികാരം എന്നീ നാനാർത്ഥങ്ങളുണ്ട്.
ആഗ്രഹം ഉണ്ടെങ്കിലേ എന്തെങ്കിലും ആവാനും ആയിത്തീരാനും ( being and becoming )നേടാനും സാധിക്കൂ.
ഏവരുടെയും മനസ്സിൽ ഏതു രൂപത്തിൽ ജനിക്കാനും അവരെ ഇളക്കിമറിക്കാനും കാമദേവനു നിഷ്പ്രയാസം
കഴിയും.സാക്ഷാൽ പരമശിവനെ പോലും തപസ്സിൽ നിന്നും ഉണർത്തിയ സമ്മോഹനത
ആർക്കും തടുക്കാനാവാത്ത താണെന്ന് കാമൻ തെളിയിച്ചിട്ടുണ്ട്.
പുഷ്പശരൻ,മീനകേതനൻ, മന്മഥൻ,കന്ദർപ്പൻ,മാരൻ
അനംഗൻ,ചെന്താർസായകൻ,തുടങ്ങിയ പദങ്ങൾ കാമദേവ പര്യായമായി നമ്മുടെ വാമൊഴിയിൽ പോലും സജീവമാണ്.