വാചിക രൂപത്തിലുള്ള വ്യാഖ്യാനങ്ങൾ ഒന്നുമില്ലാതെ സ്വയം സംസാരിക്കുന്ന ചിത്രങ്ങളാൽ രാമായണ കഥാ മുഹൂർത്തങ്ങൾ മനോഹരമായി നാരായത്താൽ ചിത്രണം ചെയ്തിരിക്കുന്ന അമൂല്യമായ താളിയോല ഗ്രന്ഥമാണ് ചിത്ര രാമായണം ‘പിക്ചോറിയൽആർട്ട് വിഭാഗത്തിലെ അത്ഭുതം ‘എന്ന് ഈ കൃതിയെ കലാഗവേഷകരും ആസ്വാദകരും വിശേഷിപ്പിക്കുന്നു ഇന്ത്യയിൽ പല ഭാഗത്തും ഇത്തരത്തിൽ ചിത്രരാമായണങ്ങൾ ഉണ്ട് . എന്നാൽ ചില ഒറ്റപ്പെട്ട കഥാസന്ദർഭങ്ങൾ മാത്രമാണ് അത്തരം കൃതികളിൽ കാണുന്നത് രാമന്റെ ജനനം മുതൽ യുദ്ധകാണ്ഡം വരെയുള്ള സംഭവങ്ങൾ പൂർണമായി ചിത്രങ്ങളിലൂടെ താളിയോലയിൽ ആഖ്യാനം ചെയ്ത കൃതി എന്ന നിലയിൽ ചിത്ര രാമായണം പ്രാചീന ഹസ്തലിഖിത ഗ്രന്ഥങ്ങളിൽ അനന്യമായി നിലകൊള്ളുന്നു. രാമായണപഞ്ചകം എന്നറിയപ്പെടുന്ന വാല്മീകി രാമായണം, അദ്ധ്യാത്മരാമായണം, ബാലരാമായണം, അത്ഭുത രാമായണം ,ഗായത്രി രാമായണം എന്നിവയെല്ലാം ആഖ്യാനകാവ്യങ്ങൾ ആണെന്നിരിക്കെ, രാമകഥ ഇന്ത്യൻ ജനമനസ്സിൽ ആഴത്തിൽ പതിഞ്ഞതായതിനാൽ രാമജീവിതകഥാ മുഹൂർത്തങ്ങൾ ചിത്രരൂപത്തിൽ ആഖ്യാനം ചെയ്താൽ അവ സ്വയം വിശദീകരണക്ഷമമായിരിക്കും എന്ന കാഴ്ചപ്പാടിലാകാം ചിത്രകലാ വിദഗ്ധനും താളിയോല രചനാ വിദഗ്ധനുമായ ഗ്രന്ഥകർത്താവ് നാരായം കൊണ്ട് ഓലയിൽ ചിത്രരാമായണം എന്നഅത്ഭുതം ചമച്ചത്.
കേരള സർവകലാശാലയുടെ ഓറിയന്റൽ റിസർച്ച്ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ്മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ ശേഖരിച്ച് സൂക്ഷിക്കുന്ന 65000ത്തിലധികം പ്രാചീനഗ്രന്ഥങ്ങളിൽ ലോകപ്രശസ്തിയാർജിച്ചവയും അപൂർവ്വങ്ങളും ആയ നിരവധി കൃതികൾ താളിയോലയിലും കൈകൊണ്ട് നിർമ്മിച്ച കടലാസിലും ചെമ്പ് തകിട് പോലുള്ള എഴുത്ത് പ്രതലങ്ങളിലും ഉണ്ട് . ചിത്ര രാമായണം എന്ന കൃതി അവയിൽ ഏറെ പ്രത്യേകതകളാൽ ശ്രദ്ധേയമാണ് ഈ ഗ്രന്ഥത്തെ അധികരിച്ച് നിരവധി പഠനങ്ങൾ ഗവേഷണ രംഗത്തും ചിത്രകലാരംഗത്തും നടന്നിട്ടുണ്ട്
രാമായണത്തിന്റെ സ്വീകാര്യത
ഇന്ത്യൻ മനസ്സിൽ ആഴത്തിൽ ഇടം നേടിയ ഇതിഹാസ കാവ്യമാണ് രാമായണം. രാമന്റെ ദൈവിക പരിവേഷത്തിലുപരിയായി മനുഷ്യജീവിതത്തിന്റെ ആത്യന്തിക ദുരന്തവും വ്യക്തികൾ നേരിടുന്ന അസ്തിത്വ പ്രശ്നങ്ങളും ആത്മസംഘർഷങ്ങളും ബന്ധശൈഥില്യങ്ങളും വരച്ചുകാട്ടുന്ന രാമായണം മനുഷ്യ ജീവിതസമസ്യകളെ അവയുടെ എല്ലാ സംഘർഷാത്മകതയോടും കൂടി ചിത്രീകരിക്കുന്നു എന്നതിനാലാണ് ഇന്ത്യയിലെ എല്ലാ പ്രാദേശിക സാഹിത്യങ്ങളിലും ഈ കൃതി ഇത്രമേൽ പ്രചാരം നേടിയത്. അതുകൊണ്ടുതന്നെയാണ് വാചികവും ലിഖിതവും ആയ രാമായണ സാഹിത്യത്തിന്റെ അടിസ്ഥാനത്തിൽ നിരവധി കലാരൂപങ്ങളും ദൃശ്യാവിഷ്കാരങ്ങളും ഉണ്ടായത്. ആദ്യകാലത്ത് ഒറ്റപ്പെട്ട ചിത്രങ്ങൾക്കോ ശില്പങ്ങൾക്കോ അത് വിഷയിഭവിച്ചു. ലിഖിത രൂപത്തിലുള്ള സംസ്കൃതപാഠങ്ങളിൽ നിന്ന് കലയുടെ സൗന്ദര്യാത്മക ദൃശ്യാനുഭവത്തിലേക്ക് രാമകഥ പിൽക്കാലത്ത് വിഷയീഭവിച്ചു. സാഹിത്യം ,ദൃശ്യകല, മ്യൂറൽ പെയിന്റിംഗ് , ശിൽപ്പകല തുടങ്ങി വിവിധ മാധ്യമങ്ങളിലായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിത്തറയിൽ രാമകഥയ്ക്ക് വിവിധ മാധ്യമങ്ങളിർ ലഭിച്ച വ്യാപ്തി മനസ്സിലാക്കാം.
ദക്ഷിണേന്ത്യയിൽ കേരളം താളിയോല രൂപത്തിലുള്ള പ്രാചീന ഗ്രന്ഥങ്ങളുടെ ശേഖരത്താൽ സമ്പന്നമാണ്. അച്ചടി പ്രചാരത്തിൽ ആവുന്നതിനു മുമ്പ്കേരളത്തിലെ ഏറ്റവും കൂടുതൽ ലഭ്യമായ എഴുത്തു സാമഗ്രി വളരെ അടുത്ത കാലഘട്ടം വരെപനയോലയായിരുന്നു. ദീർഘകാലം നിലനിൽക്കാനുള്ള ശേഷിയും എഴുതാനുള്ള സൗകര്യവും കണക്കിലെടുത്ത് താളിയോല എഴുത്ത് പ്രതല ങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മികവുള്ളതായി അടുത്ത കാലം വരെയും കേരളത്തിൽ സ്വീകരിക്കപ്പെട്ടിരുന്നു. കേരള സർവ്വകലാശാലയുടെ ഹസ്തലിഖിത ഗ്രന്ഥാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന പ്രാചീന ഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും താളിയോലയിൽ രചിക്കപ്പെട്ടവയാണ്. അവയിൽ വർണ്ണങ്ങളാലും വരകളാലും മനോഹരമാക്കപ്പെട്ടവയും ആനക്കൊമ്പുകളിൽ കൊത്തി ഉണ്ടാക്കിയ ശില്പങ്ങളോട് കൂടിയ പടികളാൽ സംരക്ഷിക്കപ്പെട്ടവയും ആയിട്ടുള്ള വ്യത്യസ്തതയാർന്ന താളിയോല ഗ്രന്ഥങ്ങൾ ആരെയും ആകർഷിക്കുന്നവയാണ് അത്തരത്തിൽ നാരായംകൊണ്ടു വരച്ച ചിത്രങ്ങളാൽ ലോകപ്രശസ്തി നേടിയ ഗ്രന്ഥമാണ് ചിത്ര രാമായണം
ചിത്ര രാമായണം: ഘടന, സ്വഭാവം
കേരള സർവകലാശാല യുടെ ഹസ്തലിഖിത ഗ്രന്ഥാലയത്തിൽ 12308 എന്ന ആക്സഷൻ നമ്പറിൽ ആണ് ചിത്ര രാമായണം സൂക്ഷിച്ചിരിക്കുന്നത് 34 സെന്റീമീറ്റർ നീളവും 5 സെന്റീമീറ്റർ വീതിയുമുള്ള 98 താളിയോലകളാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. ലോകത്തെതന്നെ ഏറ്റവും പ്രമുഖമായ താളിയോല ചിത്രണ ഗ്രന്ഥമായ ചിത്ര രാമായണം ഏതാണ്ട് പൂർണ്ണമായിട്ടുള്ള രാമകഥാചിത്രണമാണ്. ഓരോ ഓലയുടെയും ഒരു വശത്ത് മാത്രമാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത് മൂന്നോ നാലോ രംഗങ്ങൾ വീതം ഓരോ വശത്തും വരച്ചിരിക്കുന്നു. ബാല കാണ്ഡം മുതൽ യുദ്ധകാണ്ഡം വരെ വരെയുള്ള കഥകളാണ് 318 ചിത്രങ്ങളിലൂടെ പൂർണ്ണമായി തന്നെ ഇതിൽ ആലേഖനം ചെയ്തിട്ടുള്ളത്. പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചരിച്ചിരുന്ന സംസ്കൃതത്തിലുള്ള അദ്ധ്യാത്മരാമായണം എന്ന മാനകപാഠത്തെ ഉപജീവിച്ച് ചിത്രകലയുടെ സങ്കേതത്തിൽ വളരെ ശൈലി ബദ്ധമായി രചിച്ച കൃതിയാണ് ചിത്ര രാമായണം.അനപത്യ ദുഃഖം അനുഭവിക്കുന്ന ദശരഥനോട് വസിഷ്ഠൻ പരിഹാരമായി പുത്രകാമേഷ്ടി യാഗം നടത്താൻ ഉപദേശിക്കുന്ന രംഗമാണ് ഒന്നാമത്തെ ചിത്രമായി നൽകിയിട്ടുള്ളത് രാമൻ രാജാവായി കിരീട ധാരണം നടത്തുന്നതാണ് 318 മത്തെ ചിത്രം. ഓരോ ചിത്രവും ക്രമാനുഗതമായി സംഭവങ്ങളുടെ ആഖ്യാനത്തിലൂടെ ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡത്തിന്റെ ഒടുവിൽ രാമൻ കിരീട ധാരണം നടത്തി രാജാവായി അഭിഷേകം ചെയ്യപ്പെടുന്നതുവരെയുള്ള രാമായണ കഥ കൃത്യമായി പ്രേക്ഷകരിലേക്ക് വിനിമയം ചെയ്യപ്പെടുന്ന അത്ഭുതകരമായ ദൃശ്യാനുഭവം പകരുന്നു. ഓരോ ചിത്രവും രാമജീവിത മുഹൂർത്തത്തിലെ സൂക്ഷ്മമായ ആവിഷ്കാരമാണ്. താളിയോലയിൽ നാരായംകൊണ്ടുതീർത്ത അത്ഭുതമാണ് ഈ കൃതി എന്ന് നിസ്സംശയം പറയാം
ഉറവിടം
02.03.1943 ൽ പുരാവസ്തു വകുപ്പാണ് ഈ ഗ്രന്ഥം മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയ്ക്കു കൈമാറിയത് എന്ന് രേഖകളിൽ കാണുന്നുണ്ട്. 1997 ൽ കേരള സർവകലാശാല ചിത്ര രാമായണം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു . അന്ന് ഈ സ്ഥാപനത്തിന്റെ ഡയറക്ടറും പ്രശസ്ത സംസ്കൃത പണ്ഡിതനമായിരുന്ന ഡോ. കെ വിജയനാണ് വിശിഷ്ടമായ ഗ്രന്ഥം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു ലോകത്തിനു നൽകിയത്.
318 ചിത്രങ്ങളിൽ 114 എണ്ണത്തിന് അടിക്കുറിപ്പുകൾ ചേർത്തിട്ടുണ്ട്. ഇവയിൽ 24 ചിത്രങ്ങൾക്ക് മലയാളത്തിലും ബാക്കിയുള്ളവയ്ക്ക് സംസ്കൃതത്തിലും ആണ് അടിക്കുറിപ്പുകൾ നൽകിയിരിക്കുന്നത്. എന്നാൽ സംസ്കൃതത്തിലെ അടിക്കുറിപ്പുകൾ മലയാള ലിപിയിലാണ് എഴുതിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.
കൊളോഫോൺ
പ്രാചീന ഗ്രന്ഥങ്ങളിൽ രചയിതാവ് , പകർപ്പെഴുത്തുകാർ, കാലം, ദേശം എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള കുറിപ്പുകൾ ആണ് കൊളോഫോണുകൾ അഥവാ ആലേഖക ക്കുറിപ്പുകൾ .പുഷ്പിക എന്നും ഇവ അറിയപ്പെടുന്നു. തുടക്കം, മധ്യഭാഗം, അധ്യായത്തിന്റെ അവസാനം, ഗ്രന്ഥാവസാനം തുടങ്ങി പല ഭാഗങ്ങളിലാണ് ഇത്തരം രേഖകൾ കാണുന്നത്. പ്രാചീന ഗ്രന്ഥങ്ങളിൽ പലതിലും ഇവ കാണാൻ സാധിക്കും. പഴയ കൃതികളുടെ കർതൃ -കാല നിർണയത്തിൽ നിർണായകമായ തെളിവുകളാണ് ഇത്തരം കുറിപ്പുകൾ നൽകുന്നത്.
ചിത്ര രാമായണത്തിന്റെ അവസാനഭാഗത്ത് ഗ്രന്ഥകർത്താവിനെ സംബന്ധിച്ച വിവരങ്ങൾ സംസ്കൃതത്തിലുള്ള കൊളോഫോണിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പ്രകാരം ‘ വടക്കുംകൂർ രാജയുടെ ശിഷ്യൻ ബാലകവി കോഴിമുക്കിലെ കായസ്ത കുടുംബത്തിൽപ്പെട്ട ആളാണ് ഗുരുവിന്റെ നിർദ്ദേശപ്രകാരം ഇത് രചിക്കുന്നത് ‘എന്ന് മനസ്സിലാക്കാം. കോഴിമുക്ക് എന്നത് അമ്പലപ്പുഴയ്ക്ക് സമീപമുള്ള ദേശമാണ്. കായസ്ത വംശം എന്നാൽ സ്ക്രൈബുകളുടെ അഥവാ പകർപ്പെഴുത്തുകാരുടെ വംശം . ഗ്രന്ഥത്തിന്റെ രചനാ കാലം സംബന്ധിച്ചവിവരങ്ങൾ ഗ്രന്ഥാലയിൽ സൂക്ഷിച്ചിട്ടുള്ള കൃതിയിൽ നിന്ന് ലഭ്യമല്ല. എന്നാൽ മലയാളവർഷം 697 മകരം 7 എന്ന് ഗ്രന്ഥത്തിനു പുറത്ത് ആരോ എഴുതി വച്ചിട്ടുണ്ട്. അതായത് എ ഡി 1522. എന്നാൽ ഗ്രന്ഥം വിശദമായ ആമുഖ പഠനത്തോടെ പ്രസിദ്ധീകരിച്ച ഡോ. കെ.വിജയൻ, 1944 ലെ പുരാവസ്തു വകുപ്പ് ‘Ancient Works of Art ‘ എന്ന ശീഷകത്തിൽ ചിത്രരാമായണത്തിന്റെ കാലം കൊല്ലവർഷം 628 മകരം 7 അതായത് എഡി 1453 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നു സൂചിപ്പിക്കുന്നു.(Dr K Vijayan,Ramayana in Palm Leaf Pictures, P. 10, 1997). ഈ വിവരം കാലം രേഖപ്പെടുത്തിയിട്ടുള്ള ചിത്ര രാമായണത്തിൽ നിന്നു തന്നെ ലഭ്യമായതാണെന്നും പുരാവസ്തു വകുപ്പിൽ സൂചനയുണ്ട്. സംസ്കൃതത്തിൽ കൊടുത്തിട്ടുള്ള കൊളോഫോണിലെ ഗ്രന്ഥകാരനെ സംബന്ധിച്ച സൂചനകളിൽ നിന്ന് ലഭ്യമാകുന്ന കാലത്തിന്റെയും പുരാവസ്തു വകുപ്പിന്റെ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ചിത്ര രാമായണം പൂർത്തിയാക്കിയവർഷം എഡി 1453 ജനുവരി 20 വ്യാഴം ആണെന്ന് ഡോക്ടർ കെ വിജയൻ ഉറപ്പിച്ചു പറയുന്നു.
ചിത്രാഖ്യാന രീതി
ഓരോ ഓലയിലും നാലോ അഞ്ചോ കോളങ്ങളിലായി വളരെ സൂക്ഷ്മമായി ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഈ കൃതി ഓരോ കാഴ്ചയിലും അത്ഭുതം സൃഷ്ടിക്കുന്നു. ഇതിൽ ചിത്രങ്ങൾ വരച്ചിരിക്കുന്ന രീതി താളിയോലയിലെചിത്ര രചനയിൽ പുതിയൊരു പാതയാണ് വെട്ടിത്തെളിച്ചത്. ഓരോ രംഗത്തിന്റെ ചിത്രീകരണവും സംഭവത്തിന്റെ കൃത്യമായ ആഖ്യാനം ആസ്വാദകർക്കു നൽകുന്നു. വാക്കുകളെക്കാൾ ശക്തമായ വിനിമയമാണ് ചിത്രങ്ങൾ നടത്തുന്നതെന്ന് ഡോക്ടർ കെ വിജയൻ രേഖപ്പെടുത്തുന്നുണ്ട് കൃത്യമായ അനുപാതത്തിൽ രൂപകൽപ്പന ചെയ്തു, ക്രമാനുഗതമായി സംഭവങ്ങളുടെ ചിത്രാഖ്യാനം നിർവഹിക്കുന്നതിലൂടെ കഥ വായിച്ചു പോകുന്ന അതേ അനുഭവം കാഴ്ചക്കാരിൽ എത്തിക്കുന്നു.
ചിത്രാഖ്യാനത്തിലെ അനന്യത
പരമ്പരാഗതമായ രാമകഥാഖ്യാനത്തിൽ നിന്ന് ഭിന്നമായി ചിത്രരചനയിൽ കഥാപാത്രങ്ങളുടെ വേഷവിധാനത്തിൽ ചിത്രകാരൻ വ്യത്യാസം വരുത്തിയിട്ടുണ്ട് രാമനെയും ലക്ഷ്മണനെയും വേർതിരിച്ചറിയുന്നതിനായി അവരുടെ കിരീടത്തിൽ വ്യത്യാസം വരുത്തിയിരിക്കുന്നു രാമന് കൃഷ്ണവേഷത്തിലേതുപോലെ മയിൽപ്പീലി കൊണ്ടുള്ള കിരീടമാണ് കൃതിയിലൂടെ നീളം നൽകിയിട്ടുള്ളത്.കൂത്ത് കൂടിയാട്ടം പോലുള്ള രംഗ കലകളിൽ നിന്ന് സ്വീകരിച്ചതാവാം ഈ രീതി എന്ന് ഡോക്ടർ കെ വിജയൻ അനുമാനിക്കുന്നുണ്ട്. മഹർഷിമാരുടെ താടി ,തിളങ്ങുന്ന കണ്ണുകൾ, ജഡായു .സമ്പാതി എന്നീ പക്ഷി ശ്രേഷ്ഠരുടെ ചിറകുകൾ (ജഡായു വിന്റെ ചിറകുകൾ ഛേദിക്കുമ്പോൾ ഉള്ള രാവണന്റെ ചിരിക്കുന്ന മുഖം തുടങ്ങി കഥാപാത്രങ്ങളുടെ സൂക്ഷ്മ ചിത്രത്തിലും ഭാവാവിഷ്കാരത്തിലും ചിത്രകാരൻ കാണിക്കുന്ന മികവ് അത്ഭുതകരമാണ് രാവണന് 10 തലയ്ക്കു പകരം 5 തലയാണ് വരച്ചിട്ടുള്ളത് എന്നത് മറ്റൊരു പ്രത്യേകതയാണ്. കലാകാരൻ രാവണന്റെ പൂർണ്ണത കാഴ്ചക്കാർക്ക് വിട്ടുകൊടുത്തതാകാം .ചില അവസരങ്ങളിൽ രാവണന് ഒരു തല മാത്രമായും ചിത്രീകരിച്ചിട്ടുണ്ട്.ലക്ഷ്മണൻ, ഗുഹൻ .രാക്ഷസന്മാർ, ഹനുമാൻ, ശൂർപണഖ ,അഹല്യ തുടങ്ങി രാമായണത്തിലെ ഓരോ കഥാപാത്രവും ചിത്ര രാമായണത്തിൽ അനന്യമായദൃശ്യാനുഭൂതി കലാസ്വാദകർക്ക് പ്രധാനം ചെയ്യുന്നു . മനുഷ്യ കഥാപാത്രങ്ങളെ മാത്രമല്ല ആന, മാൻ , മുതല ,കുരങ്ങൻ തുടങ്ങിയ മൃഗങ്ങളുടെ ചിത്രങ്ങളും ഏറെ ശ്രദ്ധേയമാണ്
പാത്രസൃഷ്ടി
ചിത്ര രാമായണത്തിലെ കഥാപാത്രങ്ങളുടെ ആഹാര്യം അഥവാ വസ്ത്രധാരണ രീതി ഏറെ ശ്രദ്ധേയമാണ് കേരളത്തിലെ ദൃശ്യ കലാരൂപങ്ങളുടെ വേഷവിധാനങ്ങളിൽ നിന്ന് സ്വാംശീകരിച്ചതാണ് അവയെന്ന് നിസ്സംശയം പറയാം ആഭരണങ്ങൾ, കിരീടം, വസ്ത്രധാരണ രീതി എന്നിവയെല്ലാം അത് തെളിയിക്കുന്നു.പരമ്പരാഗത കേരളീയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു കൊണ്ടാണ് സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിച്ചിട്ടുള്ളത്. സ്ത്രീകളുടെ വസ്ത്രവും ആഭരണങ്ങളും വളരെ സൂക്ഷ്മമായിത്തന്നെ വരച്ചിട്ടുണ്ട് എന്നാൽ മുലക്കച്ചയ്ക്കുപകരം മേൽവസ്ത്രം ധരിച്ചിരിക്കുന്ന രീതിയിലാണ് സ്ത്രീകളുടെ രചന.
കഥകളി ആഹാര്യത്തോടുള്ള സാദ്യശ്യം
ചിത്ര രാമായണത്തിലെ ചിത്രങ്ങൾക്കും കഥകളിയിലെ വേഷവിധാന രീതിക്കും തമ്മിലുള്ള അത്ഭുതകരമായ സാദൃശ്യം ഡോക്ടർ കെ വിജയൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.മാനുസ്ക്രിപ്റ്റ്സ് ലൈബ്രറി പ്രസിദ്ധീകരിക്കുന്ന ‘ജേണൽ ഓഫ് മാനുസ്ക്രിപ്റ്റ്സ് സ്റ്റഡീസ് ‘എന്ന ജേണലിൽ സി.ആർ. ജോൺസ് ചിത്ര രാമായണത്തിലെ കഥാപാത്രങ്ങളുടെ വേഷവിധാനത്തിന് കഥകളി കഥാപാത്രങ്ങളുടെ ആഹാര്യവുമായുള്ള അത്ഭുതകരമായ സാദൃശ്യം തെളിവുകളുടെ അടിസ്ഥാനത്തിൽ ഉറപ്പിക്കുന്നുണ്ട് ( C.R. Jones, An illustrated Manuscript and Kathakali Aaharyam, Journal of Kerala University Oriental Manuscripts Library, P.17-26 , 1963) ഒപ്പം തന്നെ മ്യൂറൽ പെയിന്റിംഗ് ചിത്രങ്ങളുമായും അവയ്ക്കുള്ള സാദൃശ്യം സി ആർ ജോൺസ് ചൂണ്ടി കാണിക്കുന്നുണ്ട്. കേശഭാരത്തോടു കൂടിയ കിരീടം കൊണ്ട് രാമനും വിഷ്ണുവും ജനകനും ഒക്കെ സൂചിപ്പിക്കപ്പെടുന്നു രാമൻ ധരിച്ചിട്ടുള്ള മയിൽപീലി കിരീടത്തിന് കൃഷ്ണനാട്ടത്തോടാണ് ആധമർണ്യം. സ്ത്രീകൾക്ക് കിരീടമില്ല അരക്കെട്ട് വരെ മുടിയുള്ള രൂപങ്ങളാണ് ചിത്ര രാമായണത്തിൽ കാണുന്നത് രാവണനുമായി യുദ്ധം ചെയ്യുന്ന ജഡായു വിന്റെ കൊക്ക് വ്യക്തമായി കാണാൻ സാധിക്കും ചെവിപ്പൂവും ഉത്തരവും എല്ലാം നാടകത്തിലെയും കഥകളിയിലെയും കഥാപാത്രങ്ങളുടെ സാദൃശ്യമാണ് വെളിപ്പെടുത്തുന്നത്. കൃഷ്ണനാട്ടത്തിൽ കാണുന്ന ജാംബവാന്റെ രോമ ട്രൗസർ ചിത്ര രാമായണത്തിലും കാണാൻ സാധിക്കും. ‘കേരള സ്കൂളിന്റെ പെർഫോമൻസ് പാരമ്പര്യങ്ങൾ മലയാളി ആധുനികതയുടെ നാടുവാഴി അബോധത്തിൽ നേടിയ തുടർച്ചയാകാം ചിത്ര രാമായണത്തിലെ മനുഷ്യരൂപ ചിത്രങ്ങളിലും രേഖാചിത്രീകരണത്തിലും കാണപ്പെടുന്നതെ’ന്ന് പ്രശസ്ത ചിത്രകാരിയും കലാനി രൂപകയുമായ ഡോക്ടർ കവിത ബാലകൃഷ്ണൻ ചിത്ര രാമായണ പഠനത്തിൽ രേഖപ്പെടുത്തുന്നു.
പുതിയസാങ്കേതികവിദ്യകൾ ഒന്നും തന്നെ ചിത്രരചനയിൽ ഇല്ലാതിരുന്ന മനുഷ്യർക്ക് ചിത്രം വരയ്ക്കാൻ ക്യാൻവാസ് ,പേപ്പർ എന്നിവ സങ്കൽപ്പിക്കാൻ പോലും പറ്റാതിരുന്ന കാലത്ത് അവരുടെ സർഗാത്മകത പ്രകൃതിദത്തമായ പരിമിത വസ്തുക്കളിൽ വരഞ്ഞെടുകയാണ് ചെയ്തത്.അക്കാലത്ത് ലഭ്യമായ എഴുത്തു പ്രതലങ്ങളിൽ ഏറ്റവും ഗുണനിലവാരമുള്ള താളിയോലകളിൽ നാരായമുപയോഗിച്ച് മനോഹര ചിത്രങ്ങൾ വരച്ചതിന്റെ പിന്നിലെ അധ്വാനം പ്രശംസനീയമാണ്. കേരളത്തിൽ ലഭ്യമായ ഇത്തരം ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാചീനവും പ്രമുഖവും താളിയോലയിൽ എഴുതിയ ഏക രാമായണ ചിത്രാഖ്യാനവും ചിത്രരാമായണം തന്നെയാണ്. നമ്മുടെ പൂർവികരുടെ വിജ്ഞാനവും ചിന്തകളും ഭാവനയും ഉൾപ്പെടെ എല്ലാം സമഗ്രമായി രേഖപ്പെടുത്തിയിരിക്കുന്ന പ്രാചീന ഗ്രന്ഥശേഖരം മാനവചരിത്രനിർമ്മിതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഉപാദാന സാമഗ്രികൾ ആണ്. ഇന്ത്യൻ ഇതിഹാസമായ രാമായണം ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും എന്നപോലെ കേരളത്തിലും പ്രചുര പ്രചാരം നേടിയപ്പോൾ ചിത്രകല ഉൾപ്പെടെയുള്ള എല്ലാ സർഗ്ഗാത്മക മാധ്യമങ്ങൾക്കും രാമകഥ വിഷയീഭവിക്കുകയുണ്ടായി. അത്തരത്തിൽ താളിയോലയിൽ നാരായം കൊണ്ട് മെനഞ്ഞെടുത്ത അത്ഭുത കൃതിയായ ചിത്ര രാമായണം കേരള സർവകലാശാലയുടെ ഹസ്തലിഖിത ഗ്രന്ഥാലയത്തിന്റെ പെരുമ ആഗോളതലത്തിൽ പരത്തിയ കൃതിയാണ്
ഗംഭീരം
ഇതിഹാസമായ രാമായണത്തെ കുറിച്ച്ചിത്ര രാമായണത്തെക്കുറിച്ച് വളരെ രസകരമായ അവതരണം..
വിജ്ഞാനപ്രദം
നന്ദി സർ🙏
നന്ദി സർ
വളരെ detailing ആയിട്ടുള്ള എഴുത്ത്. ഇത്രയും പ്രത്യേകതകളുള്ള ഒരു കൃതിയെപ്പറ്റി അറിയാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. തുടർന്നും വിസ്‌മൃതിയിൽപെട്ട കൃതികൾ പരിചയപ്പെടാൻ കാത്തിരിക്കുന്നു
വിജ്ഞാനപ്രദം. ഇതുപോലെയുള്ള പ്രാചീന ഗ്രന്ഥങ്ങളുടെ പരിചയപ്പെടുത്തൽ പൊതു വായനകാർക്ക് വേണ്ടി തുടർന്നും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ💐
ചിത്രരാമായണം അവതരണം ഗംഭീരം. ഇനിയും പുതിയ കൃതികൾ ഇത്തരത്തിൽ പരിചയപ്പെടുത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ❤️
മനോഹരം 👏😍
അതീവ ഹൃദ്യമായ അവതരണം 🌹
നന്നായി വിശദീകരിച്ചു. അഭിനന്ദനങ്ങൾ
ഹൃദ്യമായ വിവരണം. അഭിനന്ദനങ്ങൾ ടീച്ചർ🥰🥰