Logo Below Image
Thursday, April 10, 2025
Logo Below Image
Homeസ്പെഷ്യൽആണിന് വഴിയൊരുക്കിയ പെണ്ണൊരു തീ (പിന്നിട്ട ചരിത്രങ്ങളുടെ വേറിട്ട ചിന്തകൾ - 4) ✍...

ആണിന് വഴിയൊരുക്കിയ പെണ്ണൊരു തീ (പിന്നിട്ട ചരിത്രങ്ങളുടെ വേറിട്ട ചിന്തകൾ – 4) ✍ റിജേഷ് പൊന്നാനി

റിജേഷ് പൊന്നാനി

അഭിനയം സപര്യയാക്കിയ ഏതൊരു വ്യക്തിയും എഴുത്തിന്റെ പെരുന്തച്ചൻ എം.ടിയുടെ ഒരു സിനിമയിലെങ്കിലും മുഖം കാണിക്കാൻ സ്വപ്നം കാണും. അഭിനേതാക്കളെല്ലാം അങ്ങനെ മോഹിക്കാൻ കാരണം എം.ടിയുടെ രചനയിൽ വിരിയുന്ന കഥാപാത്രം ചെറുതാണെങ്കിലും അതിനൊരു വ്യക്തിപ്രഭാവം ഉണ്ടാവും എന്നതിന് പുറമേ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യും. നടീനടന്മാരുടെ മറ്റൊരു നോട്ടമെന്തന്നാൽ എം.ടി ചിത്രങ്ങളെല്ലാം ദേശീയ-സംസ്ഥാന ജൂറിക്ക് മുന്നിൽ മത്സര രംഗത്ത് ശക്തമായ സാന്നിധ്യമാവും. അപ്പോൾ മികച്ച നടനോ നടിയോ അല്ലെങ്കിൽ സഹനടനോ സഹനടിയോ ഈ വിഭാഗങ്ങളിൽ മികച്ച അഭിനയം കൂടിയായാൽ അവാർഡ് ലഭിക്കാൻ സാധ്യത ഏറെയാണ്…

കഥ, തിരക്കഥ, സംവിധാനം, മികച്ച ചിത്രം തുടങ്ങിയ ഇനങ്ങളിൽ എം.ടി കരസ്ഥമാക്കിയത് 21 സംസ്ഥാന പുരസ്കാരങ്ങളാണ്. തൊട്ടുതാഴെ 17 അവാർഡുകളുമായി അടൂർ ഗോപാലകൃഷ്ണനും 16 ബഹുമതികളുമായി ജി. അരവിന്ദനുമുണ്ട്. ദേശീയ അവാർഡുകളുടെ എണ്ണമെടുത്താലും ഇവരെല്ലാം അവിടെയും ശ്രേഷ്ഠന്മാരാണ്…

നമ്മുടെ അഭിനേതാക്കൾക്ക് അവാർഡുകളുടെ വീരഗാഥ തീർത്ത എം.ടി, അടൂർ, അരവിന്ദൻ എന്നീ മഹാപ്രതിഭകളുടെ ചിത്രങ്ങളിലൊന്നും ഇന്നേവരെ ഉർവശി അഭിനയിച്ചിട്ടില്ല

പിന്നെ എങ്ങനെയാണ് ഉർവശി ഇത്രയും പുരസ്കാരങ്ങൾ നേടിയെടുത്തത് ???

നമുക്കതൊന്നു പരിശോധിക്കാം….

ജയറാമിനോട് അവതാരകൻ കൂടെ അഭിനയിച്ചവരിൽ ഏറ്റവും മികച്ച നടി ആരാ ?

ജയറാം ഒരു സെക്കൻഡ് പോലും പാഴാക്കാതെ ഉർവശി

ചോദ്യകർത്താവ് : അപ്പോൾ പാർവതി ?

ജയറാം : എൻ്റെ ഭാര്യയാണ്… പാർവതി നല്ല നടിയുമാണ്… പക്ഷേ, ഉർവശി അഭിനയിക്കാൻ വേണ്ടി മാത്രം ഭൂമിയിൽ വിടർന്ന അപൂർവജന്മമാണ് മോനേ…

1988 ൽ സിനിമയിലേക്ക് പ്രവേശിച്ച ജയറാം നിരവധി സൂപ്പർഹിറ്റുകളും ഹിറ്റുകളുമായി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്വീകാര്യനായ നടനാണ്. തീയറ്റർ കുലുങ്ങിയ ജയറാമിൻ്റെ ചിത്രങ്ങളിൽ ഭൂരിഭാഗവും ഉർവശിയുടെ അതിഗംഭീര പെർഫോമൻസാണ് നെടുംതൂണായത്. പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, തലയണമന്ത്രം, മാളൂട്ടി, കടിഞ്ഞൂൽ കല്യാണം, തൂവൽസ്പർശം, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ….

തന്റെ കരിയറിൽ ഉർവശി എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കിറുകൃത്യമായി അറിയുന്ന ജയറാമിന് ഉർവശിയെ കുറിച്ച് പറയുമ്പോൾ നടനകലയിൽ സ്ഫുടം ചെയ്തെടുത്ത അഭിനയ റാണി എന്നാണ് വിശേഷിപ്പിക്കുക…

ലാലാ ലലലാലാ ലാലാ ലലലാലാ എന്ന പാട്ടുമായി പാറിപ്പറന്നു വരുന്ന ദമയന്തിയെ കണ്ടാൽ ഒറ്റനോട്ടത്തിൽ പ്രേക്ഷകർക്ക് നിർത്താതെയുള്ള ചിരിയാണ് സമ്മാനിക്കുക. ശേഷം ദമയന്തി വന്നുപെടുന്നത് തോറ്റ് തുന്നംപാടി നിൽക്കുന്ന മുറചെറുക്കൻ അരശുംമൂട്ടിൽ അപ്പുക്കുട്ടന്റെ മുന്നിലാണ്. ജഗതിയും ഉർവശിയും മത്സരിച്ച് അഭിനയിക്കുന്ന നേരത്ത് അപ്പുക്കുട്ടന്റെ അമ്മയും ചേരുന്നതോടെ ദമയന്തിയുടെ ഡയലോഗുണ്ട്

ദമയന്തി : തോൽക്കുമ്പോഴും ദേഷ്യപ്പെടുമ്പോഴും അപ്പുവേട്ടന്റെ മുഖം കാണാൻ നല്ല ചേലാ അമ്മായി…

ഈ സംഭാഷണം ദമയന്തി പറയുമ്പോൾ എൻ്റെ ശ്രദ്ധ മുഴുവനും ഉർവശിയുടെ കൺപീലികളിലേക്കാണ്. ഒരു ചിത്രശലഭം പറക്കുന്ന നേരത്ത് അതിൻ്റെ ചിറകുകൾ അതിവേഗത്തിൽ വീശുമ്പോൾ നമ്മുടെ കാഴ്ചയിൽ തെളിയുന്ന സുന്ദരമായ ദൃശ്യം പോലെയാണ് ഉർവശിയുടെ ഏതാനും സെക്കന്റുകൾ മാത്രമുള്ള ആ മിന്നും പ്രകടനം. കണ്ണുകൊണ്ടുള്ള കളിയോടൊപ്പം മുഖത്ത് വിരിയുന്ന ഭാവവും ൻ്റെ പൊന്നോ ഒരു രക്ഷയുമില്ല…
ജഗതി അഭിനയമികവുകൊണ്ട് വാനം തൊട്ട ചിത്രമാണ് യോദ്ധ. പത്തിൽ താഴെ സീനിൽ മാത്രമേ യോദ്ധയിൽ ഉർവശിയൊള്ളു. അപ്പുക്കുട്ടനും ദമയന്തിയും ഒന്നിച്ച രംഗങ്ങളിൽ ജഗതി എത്രത്തോളം ഉയരത്തിലെത്തിയോ അതെ അളവിൽ തന്നെ ഉർവശിയും കട്ടക്ക് നിന്നിട്ടുണ്ട്…

എൻ്റെ വിലപിടിപ്പുള്ള സാധനങ്ങളാണ് ആ പെട്ടിയിലുള്ളത് അത് കാണാനില്ല…
എൻ്റെ ജീവൻ്റെ ജീവനാണത് എനിക്കത് കിട്ടിയേ തീരൂ…
സുധാകരേട്ടാ പെട്ടി കിട്ടിയില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടില്ല…

കല്യാണം കഴിഞ്ഞ പിറ്റേദിവസം പുയ്യാപ്ലയുടെ വീട്ടിൽ അയൽവാസികളും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട് ഭക്ഷണം കഴിക്കാൻ വന്നതല്ല അവർ നവവധു ബഹളമുണ്ടാക്കി ഗതികെട്ട് വന്നവരാണ്. കല്യാണപ്പെണ്ണ് തന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന 11 പെട്ടികളിൽ ഒരു പെട്ടി കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവിൻ്റെ വീട്ടുകാർക്ക് സമാധാനം കൊടുക്കാതെ ആയപ്പോൾ സഹികെട്ട സുധാകരൻ ഭാര്യ ഹൃദയകുമാരിയുടെ വീട്ടിലേക്ക് ആളെ വിട്ട് അന്വേഷിച്ചപ്പോൾ പെട്ടി എങ്ങും പോയിട്ടില്ല അവിടെയുണ്ട്…

ഹൃദയകുമാരിയുടെ കയ്യിൽ പെട്ടി ഏൽപ്പിച്ചപ്പോൾ സുധാകരന്റെ വീട്ടിൽ തടിച്ചുകൂടിയവരെല്ലാം അമ്പരന്നു നിൽക്കുകയാണ് എന്ത് അമൂല്യനിധിയാണ് ആ പെട്ടിയിലുള്ളതെന്നറിയാൻ

പെട്ടി തുറന്നതിനു ശേഷം ഹൃദയകുമാരിയുടെ ഓരോ സംഭാഷണവും തുടർന്നങ്ങോട്ടുള്ള ഉർവശിയുടെ കാലാതീതമായ അഭിനയമികവും ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ എന്നെന്നും താരാട്ട്പാട്ട് പോലെ ഒഴുകും….
ജയറാം, ജഗതി, മാമുക്കോയ കെപിഎസി ലളിത, കുതിരവട്ടം പപ്പു, ഇന്നസെൻറ് തുടങ്ങിയ പ്രതിഭകൾ അണിനിരന്ന കടിഞ്ഞൂൽ കല്യാണം ഉർവശി ഒറ്റയ്ക്ക് ചുമലിലേറ്റിയ ചിത്രമാണ്…

സുകുവേട്ടൻ എവിടെ പോകുന്നു ?

ബാത്റൂമിലേക്ക്

സുകുവേട്ടൻ ഇപ്പോൾ ബാത്റൂമിൽ പോകണ്ട

ഭാര്യ പോകണ്ട എന്ന് പറഞ്ഞാൽ മൂത്രം ഒഴിക്കാൻ പോലും സുകുമാരൻ ബാത്റൂമിലേക്ക് പോകില്ല അതാണ് കാഞ്ചനയുടെ പവർ…
സ്നേഹം കൂടിയാൽ കാഞ്ചന പിന്നെ വേറെ ലെവലാണ്. കെട്ടിയോനോട് മമ്മൂട്ടിയെ പോലുണ്ട് സുകുവേട്ടനെ കാണാൻ എന്നൊക്കെ ഒരു മയവുമില്ലാതെ അങ്ങട് തട്ടിവിടും. സുകുമാരൻ ഇതൊക്കെ വിശ്വസിക്കുകയും ചെയ്യും..

1990ലെ ജൂറി കണ്ടെത്തിയത് അസൂയ, കുശുമ്പ്, സ്നേഹം, പരദൂഷണം, ഏഷണി തുടങ്ങി ഇനി എന്തൊക്കെയാണോ ഒരു നടിയിൽ നിന്നുണ്ടാവേണ്ടത് അതെല്ലാം കാഞ്ചനയിൽ അനായാസം സംവേദിച്ചിട്ടുണ്ട്. അതിനാൽ മറിച്ചൊന്നും ചിന്തിക്കാതെ തലയണമന്ത്രത്തിലെ അവിസ്മരണീയ മികവിന് കൊടുക്ക് അവാർഡ് ഉർവശിക്ക്.

1980 കളുടെ അവസാനം

ബാലകൃഷ്ണന്റെയും ഗോപാലകൃഷ്ണന്റെയും മാന്നാർ മത്തായിയുടെയും കഥയുമായി സിദ്ദീക്ക് ലാലിൻ്റെ റാംജിറാവു സ്പീക്കിംഗ് ഇറങ്ങിയ കാലം. റാംജിറാവു സ്പീക്കിങ്ങിന്റെ അഭൂതപൂർവ്വമായ വിജയം സംവിധായകരെ ഇരുത്തി ചിന്തിപ്പിച്ചു. സഹനടനായും സൂപ്പർസ്റ്റാറുകളുടെ കൂട്ടുകാരനായും വില്ലനായും ഒതുങ്ങിക്കൂടിയിരുന്ന അന്നത്തെ രണ്ടാം നിരയിൽപ്പെട്ടവരെയും നായകന്മാരാക്കി സിനിമയൊരുക്കിയാൽ വിജയിക്കുമെന്ന് നിർമ്മാതാക്കൾക്ക് ബോധ്യമായി. അന്നത്തെ സഹനടന്മാർക്ക് വേണ്ടി എഴുത്തുകാർ തൂലിക ചലിപ്പിപ്പിച്ചപ്പോൾ കൊച്ചു ചിത്രങ്ങൾക്ക് വേണ്ടി അണിയറയിൽ ഒരുക്കം ആരംഭിച്ചു. ചിത്രീകരണം തുടങ്ങുമ്പോഴേക്കും പല നിർമാതാക്കൾക്കും ഉൾഭയം തുടങ്ങി..

സഹനടനെ പിടിച്ച് നായകനാക്കിയാൽ പ്രേക്ഷകർ സ്വീകരിക്കുമോ, സാമ്പത്തിക പരാജയം നേരിടുമോ എന്നൊക്കെ ഓർത്തായിരുന്നു നിർമ്മാതാക്കൾക്ക് പേടി. താരമൂല്യമില്ലാത്ത ആ കൊച്ചു ചിത്രങ്ങൾ വിജയം കാണണമെങ്കിൽ ഇൻഡസ്ട്രിയൽ തിളങ്ങി നിൽക്കുന്ന അഭിനയ സിദ്ധിയുള്ള ഒരു നായിക വരികയും അവർ ഈ സിനിമകളുടെ ഭാഗമാവുകയും ചെയ്താൽ വിജയം ഏതാണ്ട് ഉറപ്പിക്കാം…

അണിയറ പ്രവർത്തകരുടെ മനസ്സിൽ ആദ്യം തെളിഞ്ഞ മുഖം ഉർവശിയുടേത് ആയിരുന്നു..

നായകൻ്റെ തൊലി വെളുപ്പ് സംവിധായകൻ്റെയും എഴുത്തുകാരന്റെയും പദവിയും മഹിമയും ഒന്നും നോക്കാതെ ഇഷ്ടപ്പെട്ട തിരക്കഥകൾ തിരഞ്ഞെടുത്ത് ഉർവശി അത്തരം സിനിമകളുടെ ഭാഗമായി. ഉർവശി പല ചിത്രങ്ങളിലും തകർത്ത് അഭിനയിച്ചതോടെ അവയിൽ ഭൂരിഭാഗവും വിജയകൊടി പാറിച്ചു. ഇതോടെ രണ്ടാം നിര നായകരുടെ കരിയർഗ്രാഫ് കുത്തനെ ഉയർന്നു.

മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ എന്നിവരുടെ നായികയായി ചലച്ചിത്ര ലോകത്ത് മിന്നിത്തിളങ്ങുമ്പോഴാണ് ഉർവശി ഈ സാഹസത്തിനു മുതിർന്നത്.

മുരളി, സുരേഷ് ഗോപി, ജയറാം, സിദ്ദിഖ്, റഹ്മാൻ, ജഗദീഷ്, മനോജ് കെ ജയൻ തുടങ്ങിയവരിൽ പലരുടെയും ചലച്ചിത്ര ജീവിതത്തിൽ ഉർവശി നിർണായക വഴിത്തിരിവാണ്…

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് പലകുറി അർഹയായിട്ടും അതത് വർഷങ്ങളിലെ ജൂറി ആ മഹാനടിയെ കണ്ടില്ലന്ന് നടിച്ചു. ഉള്ളൊഴുക്കിലെ ക്ലാസ് പെർഫോമൻസിന് മികച്ച നടിയായി ഉർവശിയെ തിരഞ്ഞെടുത്താൽ മുന്താണെ മുടിച്ച് എന്ന തമിഴ് ചിത്രത്തിൽ ആ മഹാനടിക്ക് പതിനാലാം വയസ്സിൽ ലഭിക്കേണ്ട ബഹുമതി അമ്പത്തിനാലാം വയസ്സിൽ സ്വീകരിച്ചു എന്ന സന്തോഷം മാത്രമേ ഉർവശിക്കും മഹാനടിയെ ഇഷ്ടപ്പെടുന്നവർക്കും ഉണ്ടാവുകയുള്ളൂ…

റിജേഷ് പൊന്നാനി✍

RELATED ARTICLES

1 COMMENT

  1. കറക്റ്റ്. ലേഡി സൂപ്പർസ്റ്റാർ ഉർവശി തന്നെയാണ്. അതിനു യാതൊരു സംശയവും ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ