Sunday, May 26, 2024
Homeസ്പെഷ്യൽപെൺ കപ്പിത്താൻ (സംഭവ ബഹുലമായ ഒരു കുടുംബ കഥ) ✍സി. ഐ. ഇയ്യപ്പൻ, തൃശൂ

പെൺ കപ്പിത്താൻ (സംഭവ ബഹുലമായ ഒരു കുടുംബ കഥ) ✍സി. ഐ. ഇയ്യപ്പൻ, തൃശൂ

സി.ഐ. ഇയ്യപ്പന്‍, തൃശ്ശൂർ.

ഈ ആധുനിക കാലത്തിന്റെ പരിഷ്കാരങ്ങളിലൊന്ന് വിവാഹ മോചനമാണ്. പിന്നീട് അവര്‍ തേടിപിടിച്ച് പുതിയ ആണിനേയും,പെണ്ണിനേയും കൂടെകൂട്ടും. കൂടെ അവരുടെ സന്താനങ്ങളും കാണും. വല്ലവരേയും ഡാഡി , മമ്മി എന്നുവിളിയ്ക്കേണ്ടി വരുന്ന ആകുട്ടികളുടെ ഗതികേട് ഓര്‍ത്തുനോക്കു. ആവിശ്യത്തിലധികം ബിരുദങ്ങളും,ലോകപരിചയവുമുണ്ടായിട്ടും വിവാഹം വേര്‍പിരിയുന്ന പുതിയ തലമുറകാരെ…… വരു ഏകദേശം 80 വര്‍ഷം മുമ്പ് തൃശ്ശിവപേരൂര്‍ അങ്ങാടിയില്‍ താമ്മസിച്ചിരുന്ന ഒരു നസ്രാണി യുവതിയുടെ ധീരമായ ഉജ്വല തീരുമാനത്താല്‍ ശിഥലീകരിയ്ക്കുമായിരുന്ന ഒരു കുടുംബം രക്ഷപെട്ട സംഭവത്തിന്റെ കാഴ്ചകാരി കൂടെ കൂടു. ശേഷം തീരുമാനം എടുക്കു……..

അപ്പനും,അമ്മയും, രണ്ടു മക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബം. സ്വന്തമായി അങ്ങാടിയിലുള്ള പീടിക മുറിയില്‍ അപ്പന്‍ അരികച്ചവടം ചെയ്യുന്നു. അമ്മ വീട്ടില്‍ ആടുകളെ വളര്‍ത്തുന്നുണ്ട്. അതിന്റെ പാല്‍ വിറ്റും വളര്‍ച്ച എത്തിയ ആടുകളെ വിറ്റും വീട്ടു കാര്യങ്ങള്‍ നടത്തുന്നു. സ്കൂളില്‍ 7-ാം ക്ലാസില്‍ പഠിയ്ക്കുന്ന റോസി മാസം തോറും 3 രൂപ ഫീസ് കൊടുത്തിട്ടാണ് പഠിച്ചിരുന്നത്. ആ കാലത്ത് 1 പവന്‍ സ്വര്‍ണ്ണത്തിന് 14 രൂപയും 1 ചാക്ക് അരിയ്ക്ക് 23 രൂപയും ആണ് ഉണ്ടായിരുന്നത് എന്നത് ശ്രദ്ധിയ്ക്കേണ്ടതാണ്. അനിയന്‍ 3ാം ക്ലാസില്‍ നിന്ന് 4ാം ക്ലാസിലേയ്ക്ക് ആകുമ്പോള്‍ അവനും ഫീസ് കൊടുക്കേണ്ടിവരും. റോസി 7ാം ക്ലാസില്‍ നിന്ന് ജയിച്ചൂവെങ്കിലും തുടര്‍ന്ന് പഠിയ്ക്കണ്ട എന്നു തീരുമാനിച്ചു. എന്തെങ്കിലും കൈ തൊഴില്‍പഠിക്കാനാണ് ആഗ്രഹിച്ചത്. അങ്ങിനെ മേരി ടീച്ചറുടെ തയ്യല്‍ കടയില്‍ സഹായിയായി കൂടി. ആ കാലത്ത് സ്ത്രീകളുടെ കുപ്പായം, ചട്ട , ബ്ലൗസ് എന്നിവയാണ് തയ്ക്കാന്‍ കൊണ്ടുവന്നിരുന്നത് . രാമന്റെ ചായ കടയില്‍ നിന്ന് കൊണ്ടു വന്നിരുന്ന ചായയും,കടിയും ടീച്ചര്‍ റോസിയ്ക്കുകൂടി കൊടുത്തിരുന്നു. അധികം താമസിയ്ക്കാതെ തന്നെ റോസി വരുന്നവരുടെ അളവ് എടുത്ത് തയ്യിക്കാന്‍ പഠിച്ചു. അത് ടീച്ചര്‍ക്ക് ആശ്വാസമായി .ബ്ലൗസ് റോസിതന്നെ തയ്യിക്കണമെന്ന് വരുന്നവരില്‍ ചിലര്‍ പറഞ്ഞു തുടങ്ങി. ടീച്ചര്‍ക്കു കിട്ടുന്ന തയ്യല്‍ കൂലിയില്‍ നിന്ന് ഒരു വീതം റോസിക്ക് കൊടുത്തുതുടങ്ങി. അമ്മയുടെ ഉപദ്ദേശപ്രകാരം കിട്ടുന്ന കാശ് കൂട്ടിവെച്ചത് എടുത്ത് ഒരു തയ്യല്‍ മിഷ്യന്‍ വാങ്ങിച്ചു. മേരി ടീച്ചറുടെ കടയില്‍ പോകുന്നതോടൊപ്പം വീട്ടില്‍ തയ്ക്കാന്‍ കൊണ്ടുവരുന്നതും തയ്യിച്ചു കൊടുത്തു തുടങ്ങി.

റോസിയ്ക്ക് പതിനാറു വയസ്സായപ്പോള്‍ കല്ല്യാണ ആലോചനകള്‍ തുടങ്ങി. ഇരു നിറം നല്ല മുഖശ്രിയുള്ള മുഖം വടിവൊത്ത ശരീര പ്രകൃതി . ആരും ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടി. പെണ്ണുകാണല്‍ അങ്ങിനെ നടക്കുന്ന തിനിടയില്‍ ചാലക്കുടി ഭാഗത്തു നിന്ന് ഒരു ആലോചന വന്നു. പുരാതന തറവാട്ടുകാരും, പാരമ്പര്യ വൈദ്യന്‍മാരാണെന്നും, താമസിയ്ക്കുന്ന രണ്ടു നില വീടിനോടു കൂടി തെങ്ങിന്‍ തോപ്പുമുണ്ടെന്നും, അറിയാന്‍ കഴിഞ്ഞു. ചെക്കന്റെ വീട്ടുകാരോട് പെണ്ണുകാണാന്‍ വരാന്‍ പറഞ്ഞു. ഒരു ദിവസം ചെക്കനും,അപ്പനും, അമ്മായിയും, എളേമ്മയും കൂടി പെണ്ണു കാണാന്‍ വന്നു. ചെക്കന്റെ പേര് ലോനപ്പൻ.ചെക്കനെ കണ്ടാല്‍ പരമ യോഗ്യന്‍ .മാന്യമായ സംസാരം . വന്നവര്‍ക്ക് പെണ്‍കുട്ടിയെ ഇഷ്ടപെട്ടതായി പറഞ്ഞു. റോസിയ്ക്കും താല്പര്യമാണെന്നറിഞ്ഞു. പിന്നെ കാര്യമായി അന്വോഷിയ്ക്കാതെ അന്നു തന്നെ കല്ല്യാണം ഉറപ്പിച്ച് സമ്മതത്തിന്റേയും കല്ല്യാണ കെട്ടിന്റേയും തിയ്യതി വരെ തീരുമാനിച്ചു.

ഇതിനിടക്ക് ഒരു ദിവസം മനസമ്മതം കഴിഞ്ഞു. കല്ല്യാണ ദിവസം ചെക്കനും ബന്ധുകളും ഒരു കാറില്‍ പള്ളിയില്‍ വന്നു. ചടങ്ങുപ്രകാരം ചെക്കന്റെ അനുജത്തി, പെണ്ണിനെ കൂട്ടി കൊണ്ടുപോകാന്‍ കാറില്‍ വന്നു. കല്ല്യാണ കെട്ടും ചടങ്ങുകളും കഴിഞ്ഞ് ചെക്കനും, പെണ്ണും കല്ല്യാണ കുടികാരും ബന്ധുക്കളും വീട്ടിലെ സദ്യ കഴിഞ്ഞ് പിരിഞ്ഞു. ആചാരപ്രകാരം കല്ല്യാണ ദിവസം മുതല്‍ എട്ട് ദിവസം ചെക്കന്‍ പെണ്ണിന്റെ വീട്ടില്‍ പാര്‍ക്കും മുന്നാം ദിവസം ചെക്കന്‍ മാത്രം പോയി രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചുവരും അതിനു ശേഷം ഔദ്വോഗികമായി ചെക്കന്റെ വീട്ടിലേയ്ക്ക് രണ്ടു പേരേയും കൂട്ടി കൊണ്ടു പോകും പിറ്റേന്ന് മറുപള്ളികുമ്പിട്ട് നേര്‍ച്ചയും ഇടും. ഇതാണ് സാധാരണ ചടങ്ങുകള്‍. മുന്നാം ദിവസം പോയ ലോനപ്പന്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തിരിച്ചുവന്നു.

പുതുമോഡിയിലും തിരക്കു പിടിച്ച് ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ പലതും ഉണ്ടായിരുന്നു.തയ്യിക്കാന്‍ തന്ന ബ്ലൗസുകള്‍ നാലെണ്ണം കൂടി തയ്യിച്ചു കൊടുക്കണം. അങ്ങിനെ ആജോലികള്‍ ചെയ്യുന്നതോടൊപ്പം പലതും മനസ്സില്‍ മിന്നിമറഞ്ഞു. മന്ത്രകോടി ബ്ബൗസ് തയ്യിപ്പിയ്ക്കാന്‍ മേരി ടീച്ചറുടെ അടുത്തു പോയപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകുബോള്‍ പാലിയ്ക്കേണ്ട കാര്യങ്ങളെ കുറിച്ച് ടീച്ചര്‍ തന്ന ഉപദ്ദേശം മനസിലുണ്ട്. അവിടെ പോയി പിറ്റേന്ന് മറുപള്ളി കുമ്പിടാന്‍ മന്ത്രകോടി സാരിയുടിത്ത് പോകുന്നതും പള്ളിയില്‍ നിന്ന് വീട്ടിലേയ്ക്ക് വരുമ്പോള്‍ ആളുകള്‍ നോക്കുന്നതു കണ്ട് നാണത്താല്‍ തലകുനിച്ച് നടക്കുന്നതും ഒരു സ്വപ്നം പോലെ കണ്ടു.
ആ കാലത്ത് ഭര്‍ത്താക്കന്‍ മാരെ വിളിയ്ക്കാന്‍ ഉപയോഗിച്ചിരുന്നത് ചില ശബ്ദങ്ങളി ലോടെയാണ്.” അതെ, ദാ, ദെ എന്നു തുടങ്ങി പലതും. ഭര്‍ത്താവിനെ ചേട്ടാ എന്നു ആദ്യമായി വിളിച്ചത് ഒരു പക്ഷെ റോസിയായിരിയ്ക്കും.

കല്ല്യാണം കഴിഞ്ഞ അന്നു തന്നെ അപ്പനേയു, അമ്മയേയും, അനുജൻ ആന്റോയെയും, തന്നോട് അടുപ്പിയ്ക്കാന്‍ മരുമകനു കഴിഞ്ഞു. തമാശകള്‍ പറഞ്ഞും വിശേഷങ്ങള്‍ പങ്കുവെച്ചും സന്തോഷത്തോടെ ഇരുന്ന ചേട്ടന്‍ വീട്ടില്‍ പോയി വന്നപ്പോള്‍തൊട്ട് മ്ലാനവതനായിട്ടാണ് കണ്ടത്. എത്ര ചോദിച്ചിട്ടും മറുപടിയുമില്ല.
അന്നു രാത്രി അതു വരെ സംസാരിയ്ക്കാതെയിരുന്ന ലോനപ്പന്‍ റോസിയോട് ആമുഖമായി പറഞ്ഞു ഞാന്‍ പറയുന്നത് കേട്ട് റോസി എന്നെ ശപിയ്ക്കരുത് ഉപേക്ഷിയ്ക്കരുത് . ലോനപ്പന്‍ തന്റെ നിസ്സഹായ അവസ്ഥ വെളിപ്പടുത്തി. പൂര്‍വികരായി പാരമ്പര്യ വൈദ്യന്‍ മാരുടെ കുടുംബവും, ഏക്കറുകണക്കിന് തെങ്ങിന്‍ തോപ്പുകളും, പറ കണക്കിന് കൃഷിയും. ധാരാളം സ്വത്തുക്കളും ഉണ്ടായിരുന്ന ആ നാട്ടിലെ പ്രമാണി മാരായിരുന്നു എന്റെ കുടുംബം. അപ്പാപ്പനായിട്ട് എല്ലാം നശിപ്പിച്ചു. ബാക്കി ഉണ്ടായിരുന്ന താമസിയ്ക്കുന്ന വീടും പറമ്പും അപ്പന്‍ കളയാതെ സൂക്ഷിച്ചു.അനുജത്തിയുടെ വിവാഹം ആര്‍ഭാടമായി നടത്താന്‍ വേണ്ടി ബാങ്കിൽ നിന്നും കടം വാങ്ങി. വീടിന്റേയും ,പറമ്പിന്റേയും ആധാരങ്ങള്‍ ബാങ്കില്‍ ഈട് കൊടുത്തിരിയ്ക്കുകയാണ്. ഇല്ലാത്ത പ്രൗഢികാണിച്ച് വലിയ വീട്ടിലേക്ക് അവളെ കല്ല്യാണം കഴിച്ചു കൊടുത്തു.വീട്ടിലെ കാര്യങ്ങള്‍ വളരെ ദയനീയമാണ്.അതു കൊണ്ട് റോസിയെ എന്റെ വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നില്ല. ഞാന്‍ ഇതു പറയാതെ റോസിയെ കൊണ്ടു പോയാല്‍ അവിടത്തെ പട്ടിണിയും ദാരിദ്രവും കണ്ട് റോസി ഓടിപോരും. അല്ലങ്കില്‍ നാണകേട് കരുതി അവിടെ കടിച്ചു തൂങ്ങി നില്‍ക്കും ഇതു രണ്ടും എനിയ്ക്ക് സഹിയ്ക്കാന്‍ കഴിയില്ല. ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ റോസി ലൈറ്റ് ഓഫാക്കി. അന്ന് രാത്രി അവര്‍ക്കു രണ്ടുപേര്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞൊ എന്നതില്‍ സംശയമുണ്ട്. ലോനപ്പന്റെ ചിന്ത നേരം വെളുത്താല്‍ ഇവിടത്തെ പൊറുതി മതിയാക്കി സ്ഥലം വിടാന്‍ അപ്പനും,അമ്മയും പറയും. നാണമില്ലടൊ മനുഷ്യ എന്ന് റോസി പറയും തീര്‍ച്ച.

കേട്ടപ്പോള്‍ നൂറുകൂട്ടം സ്വപ്നങ്ങളും ,പ്രതീക്ഷകളം ഒരു നിമിഷം കൊണ്ട് തകര്‍ന്നതില്‍ സങ്കടം ഉണ്ടെങ്കിലും വലിയ ഒരു നാണകേടില്‍ നിന്ന് രക്ഷിച്ച ചേട്ടനില്‍ റോസിയ്ക്ക് മതിപ്പാണ് ഉണ്ടായത്. പിറ്റേന്ന് റോസി നന്നെ വെളുപ്പിന് എഴുനേറ്റു.അതുവരെ ഉറങ്ങാന്‍ കഴിയാതെ പലതും ആലോചിച്ച് കിടന്ന ലോനപ്പന്‍ ഉറക്ക ക്ഷീണം കാരണം ഒന്നു മയങ്ങിയത് അപ്പോളാണ്. സ്ക്കൂളില്‍ പോകേണ്ട കാലത്ത് ജീവിയ്ക്കാനുള്ള വഴിതേടി തയ്യല്‍ പഠിച്ച് ജീവിത മാര്‍ഗം സുരക്ഷിതമാക്കിയവളാണ് റോസി. ഇരു ചെവി അറിയാതെ നാട്ടുകാര്‍ക്കൊ, ബന്ധുക്കള്‍ക്കൊ പിടി കൊടുക്കാതെ പ്രശ്നം പരിഹരിയ്ക്കാനുള്ള പദ്ധതികളെ കുറിച്ചുള്ള അന്വോഷണ ത്തിലായിരുന്നു റോസി. അമ്മ അടുക്കളയില്‍ അന്നത്തെ ഭക്ഷണത്തിനുള്ള തയ്യാറെടുപ്പിലാണ്. അമ്മയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അയ്യൊ കഷ്ടം എന്നു പറഞ്ഞ് താടിയ്ക്ക് കൈകൊടുത്തു് ഒരു നില്‍പ്പാണ്. അപ്പന്‍ പല്ലുതേപ്പും മറ്റു കഴിഞ്ഞ് കാപ്പി കുടിയ്ക്കാന്‍ വന്നിരുന്നു. അപ്പനോടും സംഗതികള്‍ പറഞ്ഞു. അയ്യൊ പാവം എന്നാണ് അപ്പനില്‍ നിന്ന് കേട്ടത്. റോസി പറഞ്ഞു ഇപ്പോള്‍ ഇതില്‍ നിന്ന് രക്ഷപെടാന്‍ അപ്പനു ചെയ്യാവുന്നത് ഞങ്ങള്‍ക്ക് മാറിതാമ്മസിയ്ക്കാന്‍ ഒരു വീുട് തരപെടുത്തി തരുക എന്നതാണ്.

അപ്പന്‍ പീടികയില്‍ ഇരുന്ന് വീടന്വോഷണം തുടങ്ങി. കൂട്ടുപുരകളില്‍ ഒരു വീട് കൊടുക്കാനുണ്ടെന്നും ഉടനെ കച്ചവടം നടത്തിയാല്‍ വില കുറച്ച് കിട്ടുമെന്നം അറിഞ്ഞു . ഉടനെ തന്നെ അപ്പന്‍ ആവീടിന്റെ ഉടമസ്ഥനെ കണ്ട് കച്ചവടം ഉറപ്പിച്ചിട്ടാണ് വന്നത്. ലോനപ്പന്‍ ഒരു വളിച്ച മോന്തയുമായി എഴുനേറ്റുവന്നു. റോസി ഒന്നും അറിയാത്തവളെ പോലെ പല്ല് തേക്കാനും, കുളിയ്ക്കാനുമുള്ളവ എടുത്തു കൊടുത്തു. കാപ്പി കുടിയ്ക്കാന്‍ വന്നിരുന്ന ലോനപ്പനോട് റോസി പറഞ്ഞു ചേട്ടന്‍ ധൈര്യമായി ഇരിയ്ക്ക് ചേട്ടന്‍ ആരോഗ്യത്തോടെ ഇരിയ്ക്കണമെന്നെ എനിയ്ക്ക് പ്രാര്‍ത്ഥിയ്ക്കാനുള്ളു. ചേട്ടന്‍ എന്റെ അടിമ ആയാല്‍ ഞാന്‍ ഒരു അടിമയുടെ ഭാര്യയാകും .ചേട്ടന്‍ എല്ലാവിധ സുഖസൗകരങ്ങളോടെ വീടിന്റെ നാഥനായി ഇരിയ്ക്കണം. റോസിയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ ഉള്ളൊന്നു തണുത്തു സന്തോഷമായി.

രണ്ടു ദിവസത്തിനുള്ളില്‍ വീടിന്റെ കച്ചവടം കഴിഞ്ഞു.വീട് കാണാന്‍ ലോനപ്പനും, റോസിയും, അന്റോയും പോയി. റോഡില്‍ നിന്ന് കാല് വെയ്ക്കുന്നത് വീടിന്റെ വരാന്തയിലേയ്ക്കാണ് . നടയിലെ അകം ,മച്ചിനകം, ഇടയകം, തളം, പിന്നിലെ എറയവും, അടുക്കളയും പിന്നിലെ മുറ്റത്ത് രണ്ടു വീട്ടുകാര്‍ക്കു ഉപയോഗിയ്ക്കാനുള്ള നല്ല വറ്റാത്ത കിണറും പിന്നില്‍ കുളിമുറിയും ,കക്കൂസും ഒരു ചെറിയ കുടുംബത്തിനു താമ്മസിയ്ക്കാവുന്ന നല്ലൊരു വീട്. പിറ്റേ ദിവസം അങ്ങാടിയില്‍ പോയി അത്യാവിശ്യം ചില മരസാധനങ്ങളും, പാത്രങ്ങളും വാങ്ങി പുതിയ വീട്ടില്‍ കൊണ്ടുവെച്ചു. കല്ല്യാണം കഴിഞ്ഞ് പത്താം ദിവസം പുതിയ വീട്ടിലേയ്ക്ക് ,അപ്പന്റേയും, അമ്മയുടേയും കൂടെ പോയി.പാല്‍ കാച്ചല്‍ ചടങ്ങു കഴിഞ്ഞ് ഉച്ചയ്ക്ക് ഊണും കഴിച്ചാണ് അപ്പനും, അമ്മയും, അന്റോയും,പോയത്.

വീടിന്റെ വരാന്തയില്‍ തയ്യല്‍ മിഷ്യന്‍ കൊണ്ടിട്ടു. വീടിന്റ മുന്നില്‍ തയ്യിച്ചു കൊടുക്കും എന്നെഴിതിയ ഒരു ചെറി ബോര്‍ഡും തൂക്കി. ബ്ലൗസ് തയ്ക്കാന്‍ മിടുക്കിയാണ് റോസി . അതുപോലെ കുപ്പായവും, ചട്ടയും നന്നായി തയ്ക്കും. പറഞ്ഞ ദിവസം തയ്യിച്ചു കൊടുക്കാന്‍ കഴിയാതെ റോസി ബുദ്ധിമുട്ടി .

കാലത്തെ ഭക്ഷണ ശേഷവും  വൈകും നേരത്തെ ചായയ്ക്കു ശേഷവും ലോനപ്പന്‍ അങ്ങാടിയിലേയ്ക്ക് പോകും. ലോനപ്പനെ കണ്ടാല്‍ ഏതൊ വലിയ വീട്ടിലേതാണെന്നേ തോന്നുകയുള്ളു. അവിടെ വെച്ച് പരിചയ പെട്ടതില് ആത്മാർത്ഥ സുഹൃത്തുകളായി കുറച്ചു പെരുണ്ട്. സുഹൃത്തുകളില്‍ ഒരാളുടെ അപ്പനു ഒറ്റക്കുരു വന്ന് കിടക്കാനും ഇരിയ്ക്കാനും കഴിയാത്ത അവസ്ഥ. വേദനകൊണ്ട് ഉറങ്ങാനും കഴിയുന്നില്ല. .വലിയ കച്ചവടകാരനായ അദ്ദേഹത്തെ ലോനപ്പൻ കാണാന്‍ പോയി. കുരു പരിശോധിച്ചശേഷം അങ്ങാടിയില്‍ പോയി കുറച്ചു പച്ചമരുന്നും , എണ്ണയും വാങ്ങി വീട്ടില്‍ വന്ന് പച്ചമരുന്ന് അരച്ചു കൊണ്ടുവരാന്‍ പറഞ്ഞു . അരച്ചതിന്റെ കൂടെ എണ്ണ ചേര്‍ത്ത് കുരുവില്‍ പുരട്ടാന്‍ കൊടുത്തു് ലോനപ്പന്‍ പോന്നു. രണ്ടു മണികൂറിനുള്ളില്‍ കുരു പൊട്ടി ചോരയും,ചിലവും പുറത്തേയ്ക്ക് ഒഴികി വേദന പോയപ്പോള്‍ കച്ചവടകാരൻ നന്ദിയും സന്തോഷവും അറിയിക്കുവാൻ ലോനപ്പന്റെ വീട്ടിൽ വന്നു ഒരു നല്ല സംഖൃ സമ്മാനവും കൊടുത്തു.

വീടിന്റെ തൊട്ട അയല്‍പ്പക്കത്തെ വീട്ടുകാരോടു പോലും വീടിനുള്ളിലെ കാര്യങ്ങള്‍ റോസിയുടെ അമ്മ പങ്കുവെയ്ക്കാറില്ല. വല്ല പള്ളി പെരുനാളുകളെ കുറിച്ചും, നാട്ടില്‍ നടക്കുന്ന വിശേഷങ്ങളും മാത്രമെ സംസാരിയ്ക്കാറുള്ളു . റോസിയുടെ പെട്ടന്നുള്ള വീടു മാറ്റം നേരത്തെ ആസൂത്രണം ചെയ്ത താണെന്നാണ് പൊതുവെ സംസാരം. അതിനു പിറകിലുള്ള സത്യം ആവീട്ടിനുള്ളിലെ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി.

ഏതാനും ദിവസങ്ങള്‍ കൊണ്ട് പരിചയപെട്ട ലോനപ്പന്റെ സുഹൃത്തുകളായവര്‍ യാതൊരു ദുശീലങ്ങള്‍ ഇല്ലാത്തവരും,വലിയ വീടുകളിലെ മക്കളുമായിരുന്നു. അവരുടെ ഒരു കൂട്ടുകാരന്റെ അപ്പന്റെ ഒറ്റകുരു ലോനപ്പന്റെ ചികിത്സ കൊണ്ട് പൊട്ടിച്ചത് അറിഞ്ഞ അവര്‍ ലോനപ്പന്‍ ചില്ലറകാരനല്ല എന്നു മനസിലാക്കി. ലോനപ്പനോടു തന്നെ കാര്യങ്ങള്‍ ചോദിച്ചു. താന്‍ പാരമ്പര്യ വൈദ്യന്‍ മാരുടെ കുടുംബത്തിലെ ഇട്ടൂപ്പ് വൈദൃരുടെ മകനാണെന്നു ലേനപ്പന്‍ വെളിപെടുത്തി.

ലോനപ്പന്റെ ഇപ്പോഴത്തെ സ്ഥിതിയും അതിനു കാരണകാരിയായ ഭാര്യ റോസിയെ കുറിച്ചും അവരോട് ഉള്ളുതുറന്ന് സംസാരിച്ചു. കൂട്ടുകാര്‍ ഇരുന്ന് ചര്‍ച്ചചെയ്ത ശേഷം ആദ്യം കണ്ടത് റോസിയെയാണ് . അതിനു ശേഷം പീടികയില്‍ പോയി അപ്പനോട് സംസാരിച്ചു. അരി പീടിക തട്ടിക വെച്ച് രണ്ടാക്കി അതിലൊന്നില്‍ ഒരു വൈദ്യശാല തുടങ്ങിയാല്‍ ലോനപ്പനു അത് ഒരു ജോലിയായല്ലൊ . അത് കേട്ട് ഒന്നും മിണ്ടാതെ കുറച്ചു നേരം ഇരുന്ന ശേഷം അദ്ദേഹം പറഞ്ഞു. ഈപീടിക രണ്ടാക്കിയാല്‍ പീടികകള്‍ ഇടുങ്ങിയിരിയ്ക്കും. തുടങ്ങുന്നത് വിസ്താരം ഉള്ളയിട ത്തായാല്‍ അത് വളര്‍ന്ന് പന്തലിയ്ക്കും. ഉള്ള അരി വേഗം വിറ്റ് തീര്‍ക്കാം. ഈപീടിക മുഴുവനായി ഉപയോഗിച്ച് വൈദ്യശാല തുടങ്ങണമെന്നു പറഞ്ഞു.
ഇതിന്റെ പിന്നാലെ ഓടി നടക്കാനുള്ള ആരോഗ്യമൊന്നും എനിയ്ക്കില്ല, ഒരു കാര്യം എനിയ്ക്കു് നിര്‍ബന്ധമുണ്ട് .പുതിയതായി വൈദ്യശാല തുടങ്ങുമ്പോള്‍ അലമാരകള്‍, പച്ച മരുന്നുകള്‍ അങ്ങിനെ പലതും വാങ്ങിയ്ക്കേണ്ടിവരും .അതിനു വേണ്ടി വരുന്ന മുഴുവന്‍ ചിലവുകളും എന്റെ വകയായിരിയ്ക്കും എന്നു പറഞ്ഞു . വേഗത്തില്‍ തന്നെ പകലും, രാത്രിയിലുമായി പണിയെടുത്ത് വൈദ്യശാല തയ്യാറായി. ഉല്‍ഘാടന ദിവസം ലോനപ്പന്റെ അപ്പന്‍ ഇടൂപ്പ് വൈദ്യരെ വിളിയ്ക്കണമെന്ന് അപ്പന്‍ പറഞ്ഞു. അങ്ങിനെ ഉല്‍ഘാടന ദിവസമായി. അതിനു മുമ്പ് വൈദ്യശാല തുടങ്ങുന്നു എന്ന അറിയിപ്പ് ആപ്രദേശത്തുള്ള എല്ലാ പീടികയിലും ലോനപ്പന്‍ തന്നെ പോയി കൊടുത്തു. ഉല്‍ഘാടനത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ ഇടൂപ്പ് വൈദ്യരെ കണ്ടപ്പോള്‍ അടുത്തുപോയി പരിചയം പുതുക്കി. അവരില്‍ പലരും പലയിടത്തും പോയി രോഗം മാറാതെ അവസാനം വൈദ്യരുടെ ചികത്സകൊണ്ട് മാറിയതായിട്ടാണ് പലര്‍ക്കും പറയാനുണ്ടായത്. എല്ലാ തിങ്കളാഴ്ചകളിലും വൈദ്യശാലയില്‍ വൈദ്യന്‍ പരിശോദനയ്ക്ക് ഉണ്ടാകുമെന്ന അറിയിപ്പും ഉണ്ടായി. വൈദ്യരുടെ മകനാണ് ലോനപ്പന്‍ എന്നറിഞ്ഞപ്പോള്‍ സന്തോഷമായി.അന്നു മുതല്‍ ലോനപ്പന്‍ വൈദ്യരായി.

ലോനപ്പന്‍ വൈദ്യരുടെ അപ്പന്‍ ഇട്ടൂപ്പ് വൈദ്യര്‍ എല്ലാ തിങ്കളാഴ്ചളിലും വൈദ്യ ശാലയില്‍ ഇരുന്ന് രോഗികളെ പരിശോദിയ്ക്കും എഴുതുന്ന മരന്നുകള്‍ വരുന്നവര്‍ വൈദ്യശാലയില്‍നിന്നു വാങ്ങും .രോഗികളെ പരിശോധിക്കുമ്പോൾ കിട്ടുന്നതു മഴുവന്‍ ഇട്ടൂപ്പ് വൈദ്യര്‍ക്ക് എടുക്കാം. പിന്നെയുള്ള എല്ലാദിവസവും രോഗികളെ പരിശോധിയ്ക്കുന്നത് ലോനപ്പന്‍ വൈദ്യരാണ്.

റോസി സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കുറച്ചു പെണ്‍ കുട്ടികള്‍ക്ക് വേണ്ടി ഫീസ് വാങ്ങാതെ ഒരു തയ്യല്‍ ക്ലാസ് തുടങ്ങി. ഏതാനും മാസങ്ങള്‍ക്കുള്ളിൽ റോസിയും, ലോനപ്പനും ചേർന്ന് ബാങ്കിൽനിന്നും വീടിന്റെ ആധാരം തിരിച്ചെത്തെടുത്തു .
ഒരു ദിവസം റോസി ലോനപ്പനോട് പറഞ്ഞു നമ്മള്‍ അപ്പനും,അമ്മയും ആകാന്‍ പോകുന്നു എന്ന്. ആസന്തോഷത്തിന് ഒരു കേക്ക് മുറിച്ച് ആഘോഷിച്ചു. അടുത്ത ഞായറാഴ്ച റോസിയും ലോനപ്പനും കൂടി ലോനപ്പന്റെ ഇടവക പള്ളിയില്‍ മന്ത്രകോടി സാരിയുടുത്ത് പോയി .കുര്‍ബ്ബാനകണ്ട് നേര്‍ച്ചയും ഇട്ടു. റോസിയുടെ മറുപള്ളി കുമ്പിടലായിരുന്നു അത്. അന്ന് ആദ്യമായി റോസി, അപ്പന്‍ ഇട്ടൂപ്പ് വൈദ്യരേയും, അമ്മയേയും കാണാന്‍ ലോനപ്പന്റെ വീട്ടിൽ പോയി. മരുമകളെ കണ്ടപ്പോള്‍ നന്ദിയും സന്തോഷവുംകൊണ്ട് അമ്മ പറഞ്ഞു, “മിടുക്കി, മിടുക്കി, മിടുമിടുക്കി ”

സി.ഐ. ഇയ്യപ്പന്‍, തൃശ്ശൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments