Tuesday, May 21, 2024
Homeസ്പെഷ്യൽ"ഇങ്ങനേയും ഒരു ഗുഹ!!!!" ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന "ലോക ജാലകം"

“ഇങ്ങനേയും ഒരു ഗുഹ!!!!” ✍ലിജി സജിത്ത് അവതരിപ്പിക്കുന്ന “ലോക ജാലകം”

ലിജി സജിത്ത്

ഗ്രീസിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സ്ഥലമാണ് പെന്റലി. പെന്റലിയിലെ അതി പ്രസിദ്ധവും എന്നാൽ നിഗൂഢവുമായ ഒരു ഗുഹയാണ് ഡേവലിസ് ഗുഹ. പത്തൊൻപതാം നൂറ്റാണ്ടിൽ ഡേവലിസ് എന്ന കുപ്രസിദ്ധനായ കൊള്ളക്കാരന്റെ പേരിൽ ഈ ഗുഹ അറിയപ്പെടാൻ തുടങ്ങി. ഔദ്യോഗികമായി സ്ഥിരീകരിച്ച പേര് പെന്റാലിസ് ഗുഹ എന്നതാണ്. ഡേവലിസ് എന്ന കൊള്ളക്കാരൻ തന്റെ കൊള്ളമുതലുകൾ ഈ ഗുഹക്കുള്ളിൽ ഒളിപ്പിച്ചിരുന്നു എന്ന വിശ്വാസത്തിൽ നിന്നാണ് അന്നാട്ടുകാർ ഈ ഗുഹയെ ഡേവലിസ് ഗുഹ എന്ന് വിളിക്കാൻ തുടങ്ങിയത്. അനേകം വിലപിടിപ്പുള്ള വസ്തുക്കൾ ഈ ഗുഹക്കുള്ളിൽ ഉണ്ടായിരുന്നു എന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നു. എന്നാൽ ആരും അതിനുള്ളിലേക്ക് പ്രവേശിക്കാനോ, അപഹരിക്കാനോ ശ്രമിച്ചിരുന്നില്ല. ഇന്നും ഇവിടേയ്ക്ക് ഉള്ള യാത്ര വളരെ ദുർഘടം നിറഞ്ഞതാണ്. ഇവിടേക്ക് എത്തിച്ചേരാൻ പ്രത്യേക വാഹനങ്ങളോ, മറ്റ് സൗകര്യങ്ങളോ ക്രമീകരിച്ചിട്ടില്ല. ഈ ഗുഹയ്ക്ക് ഇന്നേവരെ ഒരു സംരക്ഷണ ഭിത്തിയോ, കാവൽക്കാരോ ഇല്ല!!!!!!!

ബി. സി അഞ്ചാം നൂറ്റാണ്ടിലാണ് ഈ ഗുഹ കണ്ടെത്തിയതെന്ന് വിശ്വസിക്കുന്നു. ഗുഹയുടെ സമീപ പ്രദേശം മാർബിൾ ക്വാറിയായ് ഉപയോഗിച്ചിരുന്നു. ഈ ക്വാറിയിൽ ജോലിയെടുത്തിരുന്ന തൊഴിലാളികൾ ആണ് ആകസ്മികമായ് ഈ ഗുഹ കണ്ടെത്തിയത്. അന്നുമുതലേ അനേകം കിംവദന്തികൾ ഗുഹയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. രാത്രികാലങ്ങളിൽ ഈ ഗുഹയിൽ നിന്നും അസാധാരണമായ പ്രകാശം പുറപ്പെടുന്നു, ഇത് പലരും കണ്ടിരുന്നുവത്രെ. മാത്രമല്ല പല അപശബ്ദങ്ങളും ഈ ഗുഹയിൽ നിന്നും കേട്ടിരുന്നതായും പറയപ്പെടുന്നു. രണ്ടുകാലിൽ നടക്കുന്ന പ്രത്യേക തരം ജന്തുക്കളെയും ഇവിടെ കണ്ടുവരുന്നു എന്നൊക്കെ പലരും വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു നിഗൂഢ ഗുഹയായി എല്ലാവരും കണക്കാക്കാൻ തുടങ്ങി. മാത്രമല്ല ഈ അസാധാരണമായ സംഭവങ്ങൾ കാരണം എന്തോ അജ്ഞാത ശക്തി ഈ ഗുഹക്കുള്ളിലുണ്ടെന്ന് പരക്കെ വിശ്വാസം ഉയർന്നു. പർവ്വതത്തിന്റെ ഇത്രയേറെ ദുർഘടമായ സ്ഥലത്ത് ഇപ്രകാരം ഒരു ഗുഹ അത്ഭുതമാണെന്നിരിക്കിലും ഇവിടെനിന്നും അതി പ്രാചീനകാലത്തുള്ള ഒരു സ്ത്രീയുടെ “മമ്മി” കണ്ടെത്തുകയുണ്ടായി. ഗ്രീസിലെ ക്രിമിനലോളജി മ്യൂസിയത്തിൽ ഇത് സൂക്ഷിച്ചിരിക്കുന്നു. ടെക്നോളജി ഇത്രയേറെ വളർന്ന ഇക്കാലത്ത് പോലും ഈ ഗുഹയിലേക്ക് എത്തിച്ചേരാൻ ഇത്രമാത്രം പ്രയാസമായിരിക്കെ വളരെ പണ്ട് ആളുകൾ ഒരു മൃതദേഹത്തെ ഇവിടെ എത്തിച്ചത് ഇപ്രകാരമെന്ന് ഇന്നും ശാസ്ത്രജ്ഞന്മാരെ കുഴപ്പിക്കുന്നു.

മധ്യ കാലഘട്ടം ആയപ്പോഴേക്കും ക്രിസ്ത്യൻ, ഓർത്തഡോൿസ്‌ മതാനുയായികൾ ഈ ഗുഹാമുഖത്ത് പള്ളി പണിത് ആരാധന ആരംഭിച്ചു. എന്നാൽ ഇത് ഗവണ്മെന്റിന്റെ നിർദ്ദേശപ്രകാരം ഗുഹക്കുള്ളിലെ രഹസ്യങ്ങൾക്കുള്ള ഒരു മറയെന്നോണമാണ് പള്ളി സ്ഥാപിച്ചതെന്ന് മറ്റുള്ളവർ വിശ്വസിച്ചു. എന്നാൽ അക്കാലഘട്ടത്തിൽ ക്രിസ്ത്യൻ സന്യാസിമാർക്ക് വളരെയധികം പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ആ സന്ദർഭത്തിൽ ഓർത്തഡോൿസ്‌ സന്യാസിമാർ കൂട്ടത്തോടെ നഗരത്തിൽ ഇന്നും പിന്മാറി ഇവിടെ വന്ന് ഒളിച്ചു താമസിച്ചതായിരിക്കാമെന്ന് പഠനം നടത്തിയവർ പറയുന്നു. ഗുഹക്കുള്ളിൽ നിന്നും പ്രതിമകളും, ആരാധനക്കായി ഉപയോഗിച്ചിരുന്ന വസ്തുക്കളും കണ്ടെത്തുകയുണ്ടായി. എന്നാൽ അധികനാൾ കഴിയുന്നതിനു മുൻപ് തന്നെ മറ്റു മതവിശ്വാസികളും ഇവിടെ ആരാധനകൾ ആരംഭിച്ചതായി മനസിലാക്കുന്നു. മാത്രമല്ല നിഗൂഢ ശാസ്ത്രജ്ഞജന്മാർ പഠനം നടത്തുന്നതിനായി ഇവിടെ വന്നെത്തി. ഇന്നും പഠനങ്ങൾ നടക്കുന്നു എന്ന് പറയപ്പെടുന്നു.

കൊള്ളക്കാരനായ ഡേവലിസ് അക്കാലത്ത് പലസ്ത്രീകളുടെയും ആരാധന പാത്രമായിരുന്നത്രെ. കൊട്ടാരത്തിലെ സ്ത്രീകൾ വരെ ഇദ്ദേഹവുമായി ബന്ധം പുലർത്തിയിരുന്നു എന്ന് ചരിത്ര രേഖകൾ വിശദമാക്കുന്നു. കൊട്ടാരത്തിൽ നിന്നും തന്റെ കാമുകിയെ ഈ ഗുഹയിലേക്ക് കൊണ്ടുവരുന്നതിനായി രഹസ്യത്തിൽ ഒരു തുരങ്കവും പ്രവർത്തിച്ചിരുന്നു. ഒരിക്കൽ ഇത് ഗ്രീസിലെ ഒരു ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നുവത്രെ. എന്നാൽ കാലാന്തരത്തിൽ ഈ തുരങ്കം നശിച്ചുപോയി എങ്കിലും ഇന്നും അതിന്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

1977 കാലഘട്ടങ്ങളിൽ ഈ ഗുഹയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. എന്നാൽ ഇവിടെ എന്ത് പ്രവർത്തനങ്ങൾ ആണ് നടത്തിയതെന്ന് ആരും അന്ന് പൊതുവായി വെളുപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ വീണ്ടും ഇതിനെ പറ്റിയുള്ള രഹസ്യസ്വഭാവം വർധിച്ചു വന്നു. എന്നാൽ പിൽക്കാലത്ത് പഠനം നടത്തിയവർക്ക് ഇതിനുള്ളിൽ ആണവ പരീക്ഷണങ്ങൾ നടത്തിയിരുന്നതായുള്ള തെളിവുകൾ കിട്ടുകയുണ്ടായി. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരക്കുന്നതിലേറെ അന്ധവിശ്വാസങ്ങൾ ആണ് എങ്കിലും അതിബ്രഹത്തായ പർവ്വതത്തിൽ അസാധാരണമാം വിധം,അനേകം ചുമർ ചിത്രങ്ങളോടെയും, വിഗ്രഹങ്ങളോടെയും, തുരങ്കങ്ങളോടെയും നിലനിൽക്കുന്ന ഈ ഗുഹ പ്രപഞ്ചം എന്നോ ഒരുക്കിയ ഒരു രഹസ്യമെന്നോണം ഇന്നും നിലനിൽക്കുന്നു.

ലിജി സജിത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments