Thursday, May 30, 2024
Homeസ്പെഷ്യൽനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (24) ഭീമറാവു അംബേദ്ക്കർ

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (24) ഭീമറാവു അംബേദ്ക്കർ

മിനി സജി കോഴിക്കോട്

ഇന്ത്യൻ ഭരണഘടനയുടെ ശില്പികളിൽ പ്രമുഖനായിരുന്നു ഭീമറാവു അംബേദ്കർ. മഹാരാഷ്ട്രയിലെ ബറോഡയിൽ 1891 ഏപ്രിൽ 14 ന് ജനിച്ചു.

തൊട്ടുകൂടായ്മ കൊടുമ്പിരി കൊണ്ടിരിക്കുന്ന നാളുകളിൽ അധ:സ്ഥിതർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ പിതാവ് നിശ്ചയദാർഢ്യത്തോടെ അംബേദ്കറെ സ്കൂളിലേക്ക് അയച്ചു. പക്ഷേ അയിത്തത്തിന്റെ പേരിൽ ആ പിഞ്ചു ബാലന് നേരിടേണ്ടിവന്നത് ക്രൂരമായ മർദ്ദനങ്ങൾ ആയിരുന്നു .

വേനൽ കാലത്ത് നടന്നു തളർന്ന് അവശനായ ആ എട്ടു വയസ്സുകാരനെ കുടിവെള്ളം പോലും നിഷേധിക്കപ്പെട്ടു. പാത്രം തൊടാതിരിക്കാനായി തന്റെ വായിൽ വെള്ളം ഒഴിച്ച് തരാൻ സഹപാഠികളോട് യാചിക്കേണ്ടിവന്നു. ഒരു പൊതുകിണറിൽ നിന്ന് വെള്ളം കോരിക്കുടിച്ചതിന് സവർണ്ണ ഹിന്ദുക്കൾ ആ ബാലനെ
പൊതിരെ തല്ലി.

എന്നാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ പാസായി. അംബേദ്കറിൽ മതിപ്പു തോന്നിയ ബറോഡ മഹാരാജാവ് സ്കോളർഷിപ്പ് നൽകി. അമേരിക്ക ,ഇംഗ്ലണ്ട്, ജർമ്മനി എന്നിവിടങ്ങളിൽ പഠിക്കാൻ അയച്ചു. ഇരുപത്തിയേഴാം വയസ്സിൽ ബറോഡയിൽ തിരിച്ചെത്തിയ അംബേദ്കറെ ബറോഡ മഹാരാജാവ് സൈനിക സെക്രട്ടറിയായി നിയമിച്ചു .പക്ഷേ അദ്ദേഹത്തെ മറ്റു ജീവനക്കാർ അംഗീകരിച്ചില്ല. അയിത്ത ജാതിക്കാരനായതുകൊണ്ട് അദ്ദേഹത്തിന് വാടകയ്ക്ക് പോലും ഒരു സ്ഥലവും കിട്ടിയില്ല. ഒരു പാഴ്സി ഹോസ്റ്റലിൽ താമസമാക്കിയെങ്കിലും ജാതി കണ്ടുപിടിക്കപ്പെട്ടതിനെ തുടർന്ന് പുറത്താക്കി. മഹാരാജാവിൻ്റെ ദിവാൻ പോലും ഈ അവസ്ഥയിൽ നിസ്സഹായത പ്രകടിപ്പിച്ചു .ഒരു മരച്ചുവട്ടിൽ ഇരുന്ന് കരയാനെ ആ യുവാവിനെ കഴിഞ്ഞുള്ളൂ .

അദ്ദേഹം പിന്നീട് ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി. ഹരിജൻ നേതാവായി അംഗീകാരം നേടിയ അംബേദ്കർ താഴ്ന്നവരുടെ ഉന്നമനത്തിനായി സുധീരം പോരാടി. നിരവധി ഗ്രന്ഥങ്ങൾ രചിച്ചും സ്കൂളുകൾ സ്ഥാപിച്ചും പത്രം നടത്തിയും ജനങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾക്കുവേണ്ടി വാദിച്ചും ഗാന്ധിജിയെ എതിരിട്ടുപോലും അദ്ദേഹം ഹരിജനങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ചു.

മൊത്തത്തിൽ വിലയിരുത്തുമ്പോൾ അദ്ദേഹം അനീതിക്കെതിരെ പടപൊരുതിയ വിപ്ലവകാരിയാണെന്ന് കാണാം. 1990 ഭാരത സർക്കാർ അദ്ദേഹത്തെ ഭാരതരത്നം നൽകി ആദരിച്ചു.

അംബേദ്കറെപോലെ നീതി സംഹിതയിലും ഉദാരമനസ്കതയിലും അടിയുറച്ചു വിശ്വസിക്കുന്ന ജനനേതാക്കളെയാണ് ഇന്നത്തെ ജനതയ്ക്ക് ആവശ്യം.

അവതരണം: മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments