Tuesday, May 21, 2024
Homeസ്പെഷ്യൽ'ബംഗ' എന്ന നോവലിലൂടെ ശ്രദ്ധേയനായിത്തീർന്ന എഴുത്തുകാരനായ ഡോ. സി. ഗണേഷുമായി ഡോ. തോമസ് സ്കറിയ...

‘ബംഗ’ എന്ന നോവലിലൂടെ ശ്രദ്ധേയനായിത്തീർന്ന എഴുത്തുകാരനായ ഡോ. സി. ഗണേഷുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം

ഡോക്ടർ തോമസ് സ്കറിയ

മലയാളി മനസ്സ് USA യ്ക്ക് വേണ്ടി ഡോക്ടർ തോമസ് സ്കറിയ പാലമറ്റം നടത്തുന്ന പ്രശസ്ത വ്യക്തികളുമായുള്ള
അഭിമുഖ പരമ്പര – (ഭാഗം – 6)

ചോദ്യം 1:  ഓണം മുതൽ നാടൻ ഭക്ഷണം വരെ പഠനത്തിന് വിധേയമാക്കിയ സംസ്കാര വിമർശകനായിട്ടാണ് ഡോ. സി.ഗണേഷിനെ ഓർമ്മിക്കുന്നത്. സംസ്കാര വിമർശനത്തിലേക്കു വരാനുണ്ടായ സാഹചര്യവും പിന്തുടരുന്ന രീതിശാസ്ത്രവും ഒന്നു വിവരിക്കാമോ?

ഉത്തരം: സംസ്കാര വിമർശനത്തിലേക്ക് കടന്നത് എന്റെ സ്വാഭാവികമായ സാമൂഹികനിരീക്ഷണങ്ങളുടെ ഭാഗമായിട്ടാണ്. കാലടി ശ്രീശങ്കര സർവകലാശാലയിൽ പി എച്ച് ഡി പഠനം നടത്തുമ്പോൾ സംസ്കാരപഠനത്തെ ക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ തെളിഞ്ഞുകിട്ടി. സ്കറിയ സക്കറിയയുടെ നേതൃത്വത്തിൽ അവിടത്തെ മലയാള വിഭാഗത്തിൽ സംസ്കാര പഠനത്തിൻറെ പുതിയ രീതി മാതൃകകൾ ചർച്ച ചെയ്യപ്പെടുന്ന സമയമായിരുന്നു അത്. അവയുടെ ഭാഗമാകാൻ കഴിഞ്ഞപ്പോൾ സംസ്കാരത്തിൻറെ പുതിയ നിർവചനങ്ങളിലൂടെ സഞ്ചരിക്കാൻ പ്രേരണയായി.

പിന്നെ പുതിയ ഒരു ഭക്ഷണ വിഭവം കാണുമ്പോൾ ഇത് എവിടത്തേതാണ് അറിയാനുള്ള കൗതുകം നമുക്കുണ്ടാകുമല്ലോ. അത്തരത്തിൽ കേരളത്തിലെ ഭക്ഷണ വിഭവങ്ങളുടെ ഉല്പത്തികൾ വെറുതെ അന്വേഷിച്ചു. നോക്കുമ്പോൾ പോർച്ചുഗീസ്- ഡച്ച്- യൂറോപ്പ്യൻ- തമിഴ് – മഹാ രാഷ്ട്ര സ്വാധീനങ്ങളുടെ വലിയ കലർപ്പാണ് കേരളീയ ഭക്ഷണത്തിൻറെ അന്തസത്ത. ആ വഴിക്ക് കുറച്ച് അന്വേഷിച്ചപ്പോൾ രുചിയും മനുഷ്യരും എന്ന പുസ്തകമായി മാറി.

ഇതിനുമുമ്പ് കേരളത്തിലെ തട്ടുകടകളെ ക്കുറിച്ച് ഒരു ചെറിയ പുസ്തകം ഞാൻ എഴുതിയിട്ടുണ്ട്.നാടൻ കേരള എക്സ്പ്രസ്.

2. ശങ്കരാചാര്യരുടെ ജീവിതം നോവലാക്കാനുണ്ടായ പ്രചോദനം എന്താണ്?

ഉത്തരം. ആചാര്യ എന്ന നോവലിന് പിന്നിലും കാലടി സംസ്കൃത സർവകലാശാലയിലെ പഠനകാലത്തിന് പങ്കുണ്ട്. അവിടുത്തെ വിശാലമായ ലൈബ്രറിയിൽ ശങ്കരാ കോർണർ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ ശങ്കരനെ ക്കുറിച്ച് കുറെ കാര്യങ്ങൾ വായിച്ചു. നാരായണഗുരു കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ നാടോടി കഥകൾ പ്രചാരത്തിലുള്ളത് ശങ്കരനെക്കുറിച്ചാണ്. ശങ്കരന്റെ ജീവിതയാത്ര എന്നെ ആകർഷിച്ചു. അങ്ങനെ ശങ്കരാചാര്യരുടെ കഥ ഉത്തരാധുനിക ആഖ്യാനത്തിൽ എഴുതാൻ ശ്രമിച്ചു.

3. വായനയുടെയും എഴുത്തിന്റെയും ലോകം ഒന്നു പരിചയപ്പെടുത്താമോ

 ഞാൻ ജനിച്ച മാത്തൂർ എന്ന ഗ്രാമത്തിൽ വായനശാല ഉണ്ടായിരുന്നില്ല. അതിനാൽ കൗമാര പ്രായത്തിൽ കോട്ടായി ഗ്രാമത്തിലേക്ക് നടന്നു പോയി പുസ്തകങ്ങൾ വായിച്ചത് ഇന്നും നല്ല ഓർമയാണ്. പിന്നെ മനോരമ മംഗളം വാരികകളിലെ ജനപ്രിയ നോവലുകൾ വായിച്ചതും. വളരെ പെട്ടെന്ന് സീരിയസ് ആയ വായനയിലേക്ക് കടക്കാൻ പറ്റി. പുസ്തകങ്ങൾ വളരെ പെട്ടെന്ന് വായിക്കുന്ന സ്വഭാവമാണ് എൻ്റേത്.വൈക്കം മുഹമ്മദ് ബഷീർ, ഓർഹാൻ പാമുക് എന്നിവരാണ് പ്രിയപ്പെട്ട എഴുത്തുകാർ. ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം സൽമാൻ റുഷ്ദിയുടെ വിജയ നഗരിയാണ്.

4. സി.ഗണേഷിന്റെ കഥകൾ പ്രത്യയ ശാസ്ത്രത്തോടല്ല ജീവിതത്തോടാണ് കൂറു പുലർത്തുന്നത് ? എന്തു തോന്നുന്നു?

ജീവിതത്തിൻറെ സാധാരണ കാഴ്ചകളിലെ അസാധാരണ അനുഭവങ്ങൾ എന്നെ ആകർഷിച്ചിട്ടുണ്ട്. ഒരിക്കൽ പൂനെയിലെ ഐസർ എന്ന ശാസ്ത്രസാങ്കേതിക സ്ഥാപനത്തിൽ പോയപ്പോൾ അവിടെ ഉയർന്ന കെട്ടിടത്തിൽ നിന്നുകൊണ്ട് സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ ഭിത്തിയിൽ പെയിൻറ് അടിക്കുന്ന ഒരു പയ്യനെ കണ്ടു. ശാസ്ത്രത്തിൻറെ വലിയ കണ്ടെത്തലുകൾ, ഗവേഷണ പ്രവർത്തനങ്ങൾ ഒക്കെ നടക്കുന്ന സ്ഥാപനം മനോഹരമാക്കുന്നത് സ്കൂളിൽ പോവാത്ത ഒരു പയ്യനാണ്.
അവൻ ഇല്ലെങ്കിൽ വലിയ കണ്ടെത്തലുകൾ നടത്തുന്ന സ്ഥാപനം ഇല്ല. ശാസ്ത്രവും ജീവിതവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും ചിന്തിക്കാൻ ഇത് പ്രേരണയായി. അങ്ങനെയാണ് ഐസർ എന്ന കഥ എഴുതുന്നത്. അതുപോലെ പത്രത്തിൽ എന്നും ക്രിമിനലുകളുടെ വിചിത്രമായ പേരുകൾ കാണാറുണ്ടല്ലോ. ഒരിക്കൽ ഒരു ജയിലിൽ അവിടത്തെ സാഹിത്യ പരിപാടിയിൽ സംസാരിക്കാൻ പോയി. വിചാരണ നേരിടുന്ന ചില തടവുപുള്ളികളുമായി സംസാരിച്ചതിൽ നിന്നാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരു യാത്രയ്ക്കായി പുറപ്പെടുന്ന ക്രിമിനലുകളുടെ സംഘത്തിൻറെ കഥ എഴുതിയത്. വാളെടുത്തവർ എന്ന ഈ കഥ പ്രസിദ്ധീകരിച്ചത് ഭാഷാപോഷിണിയിലാണ്. ജീവിതത്തിൻറെ അനിശ്ചിതത്വം മനുഷ്യ ന് മുന്നിൽ കൊഞ്ഞനം കുത്തി നിൽക്കുമ്പോൾ പ്രത്യയശാസ്ത്രമല്ല ,
പച്ചയായ ജീവിതയാഥാർത്ഥ്യം തന്നെയായിരിക്കും നിങ്ങളെ സ്വാധീനിക്കുക.

5. തിരക്കഥയുടെ രീതിയും വഴങ്ങുന്നുണ്ടല്ലോ. കഥയും തിരക്കഥയും ഒന്നു താരതമ്യം ചെയ്യാമോ?

  വലിയ തിരക്കഥകൾ എഴുതിയിട്ടില്ല. സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടർഷ എന്ന ചലച്ചിത്രത്തിന് ആധാരമായത് എൻറെ ഓട്ടോയുടെ ഓട്ടോബയോഗ്രഫി എന്ന കഥയാണ്. ഇഡിയറ്റ് ആൻഡ് ബ്യൂട്ടിഫുൾ ലവർ എന്ന ഒരു ഹിന്ദി /മലയാളം സിനിമയുടെ തിരക്കഥാരചനയിൽ സംഭാഷണങ്ങൾ നിർവഹിച്ചിട്ടുണ്ട്. തിരക്കഥയെക്കുറിച്ച് ആധികാരികമായി പറയാൻ മാത്രമുള്ള അറിവ് എനിക്കില്ല. അക്കാഡമിക് അറിവ് മാത്രമേ ഉള്ളൂ.

6. വിദ്യാഭ്യാസജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും പരിചയപ്പെടുത്താമോ?

പാലക്കാട്ടെ മാത്തൂർ എന്ന ഗ്രാമത്തിലാണ് ജനനം. ബംഗ്ലാവ് സ്കൂളിൽ പ്രാഥമിക പഠനം. പിന്നീട് ചെങ്ങണിയൂർ യുപി സ്കൂൾ, സിഎ ഹൈസ്കൂൾ കുഴൽമന്ദം, ഗവ വിക്ടോറിയ കോളേജ്, ശ്രീശങ്കര സർവകലാശാല എന്നിവിടങ്ങളിൽ പഠനം. ചെങ്ങണിയൂർ സ്കൂളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ വ്യാസ എൻഎസ്എസ് കോളേജിൽ അധ്യാപകനായിരിക്കുമ്പോഴാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിങ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറായി നിയമനം ലഭിച്ചത്.

7. കുടുംബം , എഴുത്ത്, അധ്യാപനo … ഓർമ്മകൾ എന്തൊക്കെയാണ്?

എഴുത്ത് ഒരു കലയാണ് എന്നതിനപ്പുറം എൻറെ അടിസ്ഥാന സ്വഭാവമോ ജീവിതശൈലിയോ ആണ് എന്ന് പറയാം. അതിനെ മറന്നു കൊണ്ടുള്ള ഒരു ദിവസവും ആലോചിക്കുക വയ്യ. എൻറെ അതിജീവനത്തിന്റെ ഉപാധിയാണ് അത്.
അധ്യാപനവുമായി ബന്ധപ്പെട്ട രസകരമായ ഒരു ഓർമ്മയുണ്ട്. അത് പങ്കുവയ്ക്കാം. സ്കൂളിൽ ജോലി ചെയ്യുമ്പോൾ ആദ്യദിവസം എനിക്ക് മറ്റൊരാളുടെ പിരിയഡാണ് ക്ലാസ്സ് എടുക്കാനായി കിട്ടിയത്. പിന്നീട് കോളേജിലെ അധ്യാപനത്തിന്റെ ആദ്യദിവസം മറ്റൊരാളുടെ അവറിൽ കയറാനുള്ള നിർദ്ദേശമാണ് പ്രിൻസിപ്പലിൽ നിന്ന് കിട്ടിയത്. സർവ്വകലാശാലയിൽ എത്തിയ ആദ്യ ദിവസം ഞാൻ അറിയാതെ ദേശമംഗലം രാമകൃഷ്ണൻ സാർ പഠിപ്പിക്കേണ്ട ക്ലാസിലാണ് കയറിയത്. ചുരുക്കത്തിൽ എവിടെ അധ്യാപനം തുടങ്ങിയപ്പോഴും ആദ്യ മണിക്കൂർ എൻറെ മുമ്പിൽ അപരൻ്റെതായിരുന്നു എന്നതാണ്.! ആളുകൾ വരും പോകും, ക്ലാസ് മുറിയിലെ പാഠങ്ങൾ അവസാനം വരെ മുഴങ്ങുകയും ചെയ്യും. ഇങ്ങനെ ഒരു പുതിയ നിരീക്ഷണത്തിലേക്ക് എത്താൻ ഈ അനുഭവം സഹായിച്ചു.

ഈ അനുഭവം പറഞ്ഞപ്പോൾ ട്രോൾ പറയാറുള്ള എൻറെ വിദ്യാർത്ഥി സുഹൃത്ത് എന്നോട് പറഞ്ഞത് മറ്റൊന്നാണ്. സാർ എവിടെ പരിപാടി അവതരിപ്പിച്ചാലും അത് കുഴപ്പത്തിലാണല്ലോ!! മര്യാദയ്ക്ക് ക്ലാസ്സിൽ കയറാൻ എന്നാണ് പഠിക്കുക?

അതിരിക്കട്ടെ, കുടുംബത്തെകുറിച്ച് ചോദിച്ചുവല്ലോ.എഴുത്തുകാരിയും അധ്യാപികയുമായ സുനിത ഗണേഷ് ആണ് ഭാര്യ. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ സ്‌നിഗ്‌ധ ഗണേഷ് ഏക മകളാണ്.

8. സ്വാധീനിച്ച എഴുത്തുകാർ ആരൊക്കെയാണ്?

വൈക്കം മുഹമ്മദ് ബഷീറും ഓർഹൻ പാമുക്കും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ അറിയാതെ എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുള്ളവരും ഉണ്ടാവാം.

9. പുതിയ സർഗ്ഗ വ്യാപാരങ്ങൾ എന്തൊക്കെ?

എൻറെ ഏറ്റവും പുതിയ പുസ്തകം ഒരു നോവലാണ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ബംഗ. ബംഗാളിന്റെ ചരിത്രവും സംസ്കാരവും രാഷ്ട്രീയ സാമൂഹ്യ ചരിത്രവും വിശകലനം ചെയ്യുന്ന നോവലാണിത്. നക്സൽബാരി പോരാട്ടത്തിൽ പ്രമുഖ പങ്കുവഹിച്ച കനു സന്യാൽ എന്ന വിപ്ലവകാരിയുടെ അവസാന ദിവസത്തിൽ തുടങ്ങി ബംഗാളിന്റെ ചരിത്രത്തിലൂടെ നടത്തുന്ന ഒരു യാത്രയാണ് ഈ നോവൽ. നാലുവർഷത്തെ നിരന്തരമായ അധ്വാനം ഈ നോവലിനു പുറകിൽ ഉണ്ട്.
ബംഗാളിലൂടെ നടത്തിയ യാത്രയും നോവലിന് ഉപകരിച്ചു. വായനക്കാരിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പാലക്കാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു ലഘു നോവലിൻറെ അവസാന വർക്കിലാണ്. ബംഗയിൽ വളരെ സീരിയസായ ആഖ്യാനമാണ് നിർവഹിക്കുന്നതെങ്കിൽ ഇതിൽ സർക്കാസത്തോട് അടുപ്പിച്ചുള്ള പറച്ചിൽ രീതിയാണ് ഉപയോഗിക്കുന്നത്.

10. മലയാള കഥാസാഹിത്യത്തിന്റെ പുതുകാലത്തെ എങ്ങനെ നോക്കി കാണുന്നു.?

മലയാള കഥയുടെ വർത്തമാനം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. സൂക്ഷ്മമായ ചില പ്രശ്നങ്ങളെ അത് അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നുണ്ട്. വായിപ്പിക്കുക എന്നത് ഓരോ എഴുത്തുകാരന്റെയും ഉത്തരവാദിത്തമാണ് എന്ന് മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂ.!

തയ്യാറാക്കിയത്:

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments