Tuesday, May 21, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 4) 'ഞാൻ തയ്യാർ'

റെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 4) ‘ഞാൻ തയ്യാർ’

റെക്സ് റോയി

അധ്യായം 4

“ഞാൻ തയ്യാർ”

അടുത്തദിവസം അദ്ദേഹം എന്നെ കാണാൻ വന്നപ്പോൾ സ്ഥിരം ഉള്ള ഗുണ്ടകളെ കൂടാതെ കറുത്ത സ്യൂട്ടും പാവാടയും ധരിച്ച ഒരു സുന്ദരിയും കൂടെയുണ്ടായിരുന്നു.
” ഇതു നാൻസി. എന്റെ സെക്രട്ടറിയാണ്. താങ്കൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഇവളോടു പറഞ്ഞാൽ മതി. അതിൽ വിളിച്ചാൽ ഇവളെ കിട്ടും.” ഒരാൾ ഒരു ലാൻഡ് ഫോണിൻ്റെ വയർ സോക്കറ്റിൽ ഘടിപ്പിക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഞാൻ ആ സുന്ദരിയെ ഒന്നു നോക്കി. മനം മയക്കുന്ന ഒരു പുഞ്ചിരി അവൾ എനിക്ക് സമ്മാനിച്ചു. ഹോ, ഒരു മാലാഖയെ പോലെയുണ്ട്. ഇങ്ങനെയല്ലാതെ മറ്റൊരു സാഹചര്യത്തിൽ അവളെ പരിചയപ്പെടാൻ പറ്റിയിരുന്നെങ്കിൽ ! മറ്റുള്ള തടിയന്മാരെപ്പോലെ കറുത്ത സ്യൂട്ട് ആണ് അവളും ധരിച്ചിരിക്കുന്നതെങ്കിലും കുപ്പക്കൂനയുടെ നടുവിൽ തിളങ്ങുന്ന വൈരക്കല്ല് പോലെയാണ് എനിക്ക് തോന്നിയത് .
” താങ്കൾക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ആ ഫോണിൻ്റെ റിസീവർ ഒന്ന് എടുത്താൽ മതി. ഓട്ടോമാറ്റിക്കായി ഇവളെ കണക്ട് ചെയ്തോളും. എന്നോട് പേഴ്സണലായി സംസാരിക്കണമെങ്കിലും ഇവളെ അറിയിച്ചാൽ മതി. വേണ്ടത് ചെയ്തോളും. ഇവളാണ് താങ്കളുടെ റിസോഴ്സ് പേഴ്സൺ. എൻെറ തിരക്കിനിടയിൽ അവസരം കിട്ടുമ്പോഴൊക്കെ ഞാൻ താങ്കളെ വന്നു കണ്ടോളാം. താങ്കൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഇവളോട് പറയാം. എന്താണെങ്കിലും.”

ഞാൻ അദ്ദേഹത്തെ ഒന്ന് നോക്കി. ‘ എന്താണെങ്കിലും ‘ എന്ന വാക്ക് അല്പം കനത്തിലാണ് അദ്ദേഹം പറഞ്ഞത്. അതെനിക്കിഷ്ടപ്പെട്ടു. അദ്ദേഹത്തിൻറെ ഓരോ വാക്കിനും ഉരുക്കിന്റെ ഉറപ്പുണ്ട്.
” താങ്കൾക്ക് വേണ്ട കാര്യങ്ങളുടെ ലിസ്റ്റ് നാൻസിയുടെ കയ്യിൽ കൊടുത്തേക്ക് . പേനയോ, പേപ്പറോ, കമ്പ്യൂട്ടറോ, പ്രിന്ററോ അങ്ങനെയെല്ലാം . ഭക്ഷണം വേണ്ടപ്പോഴൊക്കെ ഇന്റർകോമിലൂടെ ഓർഡർ ചെയ്താൽ മതി , മുറിയിൽ എത്തിച്ചു തന്നോളും. ലോകത്തുള്ള ഏതു ഭക്ഷണവും ഏതുതരം മദ്യവും താങ്കൾക്ക് ഓർഡർ ചെയ്യാം. അര മണിക്കൂറിനുള്ളിൽ മുറിയിൽ എത്തിയിരിക്കും.”
ഓ ! അപ്പോൾ നേരത്തെ കണക്ട് ചെയ്തത് ഇന്റർകോം ആയിരുന്നല്ലേ ! അല്ലെങ്കിലും ഫോൺ കണക്ട് ചെയ്തുതരാൻ ഇദ്ദേഹം പൊട്ടനൊന്നുമല്ലല്ലോ.
” താങ്കൾ വലിക്കുമോ ?” അദ്ദേഹം തന്റെ കയ്യിലിരുന്ന ചുരുട്ടിന്റെ പായ്ക്കറ്റ് എൻ്റെ നേരെ നീട്ടി. ക്യൂബനാണ് , ഒരെണ്ണത്തിന് 2500 രൂപ വില വരും.” ഞാൻ ആദ്യമൊന്നു മടിച്ചു. സിനിമയിൽ മാത്രമേ ഇത്തരം ചുരുട്ടുകൾ ഞാൻ കണ്ടിട്ടുള്ളൂ. ഞാൻ അറിയാതെ കൈ നീട്ടി അതു മേടിച്ചു. പാക്കറ്റ് തുറന്നു നോക്കി. നാലെണ്ണം ഉണ്ട് . അതിൽനിന്ന് ഒരെണ്ണം എടുത്ത ശേഷം പാക്കറ്റ് അടച്ച് തിരികെ നീട്ടി. ” വെച്ചോളൂ” അദ്ദേഹം കൈകൊണ്ട് വേണ്ട എന്ന് കാട്ടിക്കൊണ്ട് പറഞ്ഞു. ഞാൻ എടുത്തതിന്റെ ഉച്ഛിഷ്ഠമാണെന്ന് തോന്നിയതു കൊണ്ടായിരിക്കും !

” പിന്നെ താങ്കൾക്ക് ബോറടിക്കുകയാണെങ്കിൽരാജ്യവും ലിംഗവും പറഞ്ഞാൽ മതി ,എത്തിയിരിക്കും ” കിടക്കയിലേക്ക് ചൂണ്ടിക്കൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്.
രാജ്യവും ലിംഗവുമോ ? ഞാനൊന്ന് അമ്പരന്നു. പക്ഷേ പെട്ടെന്നു തന്നെ എന്റെ തലയിൽ വെളിച്ചം മിന്നി . എല്ലാ രാജ്യത്തുനിന്നും ഉള്ള കോൾഗേൾസ് അദ്ദേഹത്തിൻെറ കളക്ഷനിൽ ഉണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. അല്പം ചമ്മിയ മുഖത്തോടെ ഞാൻ നാൻസിയെ ഒന്നു നോക്കി. ഈ ആവശ്യങ്ങളെല്ലാം അവളോടാണല്ലോ ഞാൻ പറയേണ്ടത്. അവളാകട്ടെ ഭാവ ഭേദം ഒന്നും കൂടാതെ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു.
” ഹഹഹ , താങ്കളുടെ എന്ത് ആവശ്യവും നാൻസിയോട് പറയാം. ഒട്ടും നാണിക്കേണ്ട, ഹഹഹ ഹ”

ഞാൻ പാർട്ടി ഗ്രാമത്തിലെ എൻ്റെ എഴുത്തുപുരയെപ്പറ്റി ഓർത്തു. ഈർപ്പവും മുഷിഞ്ഞ തുണികളുടെ ഗന്ധവും നിറഞ്ഞ കുടുസുമുറി . എന്റെ വിരസത അകറ്റാൻ പല്ലികളും പാറ്റകളും എലികളുമൊക്കെ സന്ദർശകരായി എത്താറുണ്ട്. ഓർഡർ ചെയ്താൽ ഭക്ഷണം മുറിയിൽ എത്തുമായിരുന്നു. പക്ഷേ അതിന് ഉയർന്ന വില നൽകണമായിരുന്നു. മറ്റൊരു വ്യത്യാസം, എനിക്ക് എപ്പോൾ സ്ഥലം വിടണം എന്ന് തോന്നിയാലും അപ്പോൾ തന്നെ പോകാമായിരുന്നു.

ഇത് ഒരുതരത്തിൽ പറഞ്ഞാൽ ഒരു പ്രമോഷൻ അല്ലേ. ഫൈവ് സ്റ്റാർ സൗകര്യങ്ങളിൽ ഇരുന്ന് എഴുതാം. ഒന്നിനും പണം മുടക്കേണ്ട . മുറിക്ക് വെളിയിൽ ഇറങ്ങാൻ സ്വാതന്ത്ര്യമില്ല എന്നതും എഴുതിത്തീർന്നാൽ ജീവനോടെ ഉണ്ടാകുമോ എന്നുള്ളതും ഞാൻ ഈ സൗകര്യങ്ങൾക്ക് മുടക്കുന്ന വില. അങ്ങനെ ആശ്വസിക്കാം. എസിയുടെ തണുപ്പിലും ഞാൻ വിയർക്കുന്നത് എന്തുകൊണ്ടാണ് ?

” നാൻസി താങ്കളെ ഒരു ഫയൽ ഏൽപ്പിക്കും. എന്നെപ്പറ്റിയുള്ള ഡീറ്റെയിൽസ് ആണ് . അത് വായിച്ചുനോക്കി ഉടനെ എഴുതി തുടങ്ങുക”
” യേസ് സാർ , യേസ് സാർ? ”
ചോദിക്കണോ ? ചോദിച്ചാൽ ദേഷ്യപ്പെടുമോ? എന്തായാലും ചോദിക്കുക തന്നെ.
” സാർ, സാറിൻ്റെ ജീവകഥയായിട്ടാണോ അതോ ആത്മകഥയായിട്ടാണോ ഞാൻ എഴുതേണ്ടത് ?”
” ആത്മകഥയായിട്ട്, ഒഫ് കോഴ്സ് ”
അപ്പോൾ അത് തീരുമാനമായി. എന്നെ വീണ്ടും വിയർക്കാൻ തുടങ്ങി.
” സാർ …… സർ, ഞാനൊരു ചെറിയ സജഷൻ പറയട്ടെ, ജസ്റ്റ് ഒരു …..”
” പറഞ്ഞോളൂ. താങ്കൾക്ക് എന്തു വേണമെങ്കിലും എന്നോട് ആവശ്യപ്പെടാം”

” സർ നമുക്ക് ഇതൊരു കഥ പോലെ എഴുതിയാലോ . അതായത് ഒരു നോവൽ പോലെ . അങ്ങനെ എഴുതുമ്പോൾ എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ടാവും. കുറെ നാടകീയതയൊക്കെ ഇതിനുള്ളിൽ തിരികെ കയറ്റാൻ പറ്റും. ആത്മകഥ എന്നു പറഞ്ഞാൽ അധികം പേരൊന്നും വായിക്കാൻ സാധ്യതയില്ല. ഒരു നോവലായിട്ട് ഇത് പബ്ലിഷ് ചെയ്തശേഷം ഇത് താങ്കളുടെ കഥയാണ് എന്നു പറഞ്ഞ് ഒരു വിവാദം ഉണ്ടാക്കണം. താങ്കൾ ഉടനെ അത് നിഷേധിക്കണം. അതോടെ ചാനലുകാരും പത്രക്കാരും എല്ലാം ഇത് താങ്കളുടെ തന്നെ കഥയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങും. അങ്ങനെ താങ്കളുടെ ആത്മകഥയ്ക്ക് വൻ പബ്ലിസിറ്റി കിട്ടുകയും ചെയ്യും. ആത്മകഥയ്ക്ക് നമ്മൾ ഉദ്ദേശിച്ചത്ര മീഡിയ ഹൈപ്പ് കിട്ടണമെന്നില്ല. സാറിന്റെ കഥ ആണെന്നും അല്ലെന്നും രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് ഒന്നു – രണ്ടു ദിവസം ചാനൽ ചർച്ച നടത്തിയാൽ മതി ജീവിതത്തിൽ ഒറ്റ അക്ഷരം പോലും വായിച്ചിട്ടില്ലാത്തവൻ വരെ ക്യൂ നിന്ന് സാറിന്റെ പുസ്തകം വാങ്ങും. എന്നു മാത്രമല്ല നല്ലൊരു ഹൈപ്പ് കിട്ടിയാൽ സിനിമാക്കാർ ചിലപ്പോൾ ഇതൊരു സിനിമയാക്കാനും മതി.”

ഞാൻ ആശങ്കയോടെയും ഒട്ടു പ്രതീക്ഷയോടെയും അദ്ദേഹത്തിൻ്റെ മുഖത്തേക്ക് നോക്കി. അദ്ദേഹം ഗാഢമായ എന്തോ ചിന്തയിൽ മുഴുകി നിൽക്കുന്ന പോലെ തോന്നി. എൻ്റെ കളളി മനസ്സിലായി കാണുമോ ? എന്റെ തല സംരക്ഷിക്കേണ്ടത് എൻ്റെ ആവശ്യമാണല്ലോ. ആത്മകഥയായി എഴുതിയാൽ അവസാനം എന്നെ കൊന്നുകളയും തീർച്ച. നോവൽ ആണെങ്കിൽ നോവലിസ്റ്റിനെ ലോകത്തിനു മുമ്പിൽ കാണിക്കണമല്ലോ. മനസ്സിലായി കാണുമോ എന്തോ ? എൻ്റെ ഹൃദയമിടിപ്പ് വളരെ വ്യക്തമായി എനിക്ക് കേൾക്കാം. ഞാൻ അദ്ദേഹത്തിൻറെ മുഖത്തേക്കു തന്നെ ഉറ്റു നോക്കിക്കൊണ്ടു നിന്നു .

” സിനിമയോ?” ഒരു ദിവാ സ്വപ്നത്തിൽ എന്നപോലെ അദ്ദേഹം മന്ത്രിച്ചു.

അദ്ദേഹം തിരിഞ്ഞ് എൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ആ കണ്ണുകൾ വന്യമായി തിളങ്ങുന്നത് എന്നെ വല്ലാതെ ആശങ്കപ്പെടുത്തി. ” താങ്കൾ വളരെ ബുദ്ധിമാനും സൂത്രശാലിയും ആണെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.”

തീർന്നു. ഞാൻ തീർന്നു.
എന്നെ വിറയ്ക്കുവാൻ തുടങ്ങി.

ഒരു നിമിഷം! മുന്നോട്ടു കുതിച്ച അദ്ദേഹം എന്നെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു. ” മിടുക്കൻ, മിടുമിടുക്കൻ, സിനിമ ഞാൻ തന്നെ നിർമ്മിക്കും. തിരക്കഥ, സംവിധാനം എല്ലാം താങ്കൾ തന്നെ. എന്നെ അവഹേളിച്ചു കൊണ്ട് നടക്കുന്ന *** അവന്മാർക്കെല്ലാം ഞാൻ ആരാണെന്ന് കാണിച്ചു കൊടുക്കണം. ഹഹഹഹഹാ”

ബലിഷ്ഠമായ കരങ്ങൾക്കുള്ളിൽ ഞെരിഞ്ഞമർന്ന് ഇരിക്കുകയാണെങ്കിലും എൻ്റെ ഉള്ളിൽ ഒരു കുളിർമ്മ. സംഗതി ഏറ്റു. വെറുതെ ഏറ്റെന്ന് പറഞ്ഞതുകൊണ്ടായില്ല. ജാക്ക്പോട്ട് ബംബർ അടിച്ചു എന്നു തന്നെ പറയണം .

എന്നെ ആലിംഗനമുക്തനാക്കിയ ശേഷം അദ്ദേഹം തൻ്റെ സെക്രട്ടറിയുടെ നേരെ തിരിഞ്ഞു. ” എൻ്റെ കഥ സിനിമയാക്കുന്നു.” നൃത്തം ചെയ്യുന്ന രീതിയിൽ രണ്ട് കൈകളും വായുവിലേക്ക് ഉയർത്തിയാണ് അദ്ദേഹം അത് പറഞ്ഞത്. എപ്പോഴും ക്രൂരവും കൗശലഭാവവും നിറഞ്ഞു നിന്ന ആ മുഖത്ത് അതിയായ സന്തോഷം നിറഞ്ഞു തുളുമ്പുന്നതു കണ്ട് ഞാൻ മിഴിച്ചു നിന്നു . അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നുവോ ! ഏയ്, തോന്നിയതായിരിക്കും.

എന്നാലും സംശയങ്ങൾ തീരുന്നില്ലല്ലോ . എന്തിനാണ് ഈ തട്ടിക്കൊണ്ടു വരവൊക്കെ ? ഏതെങ്കിലും എഴുത്തുകാരനെ വാടകയ്ക്കെടുത്ത് എഴുതിക്കേണ്ടതിനുപകരം എന്നെ തട്ടിക്കൊണ്ടുവന്നിരിക്കുന്നത് എന്തിനാണ് ? ദുരൂഹതകൾ അങ്ങോട്ട് മാറുന്നില്ലല്ലോ…. കൂടുതൽ ആലോചിക്കേണ്ട . വരുന്നിടത്തുവെച്ച് കാണുക തന്നെ.
” താങ്കൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അപ്പോൾ തന്നെ ചോദിച്ചോണം” ഞാൻ ഞെട്ടി ചിന്തയിൽ നിന്ന് ഉണർന്നു. അടുത്ത ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി.
” എപ്പോഴാ എഴുതി തുടങ്ങുന്നത് ? ”
” ഏ, ഇപ്പോൾത്തന്നെ തുടങ്ങാം സാർ”
” ഹഹഹ, ഗുഡ് ബോയ്, ഗുഡ് ബോയ് ” എൻ്റെ തോളത്ത് തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ” ആ ഫയൽ ഇപ്പോൾ തന്നെ താങ്കൾക്ക് തരും . വായിച്ചു നോക്കിയിട്ട് എഴുതി തുടങ്ങുക. എന്തു സംശയമുണ്ടെങ്കിലും നാൻസിയോട് ചോദിച്ചോണം . അടുത്തയാഴ്ച …. അല്ല, തീരുന്നതിനനുസരിച്ച് എഴുതിയ പേജുകൾ എന്നെ കാണിക്കണം.” അത് പറഞ്ഞ് വളരെ സന്തോഷത്തോടെ അദ്ദേഹം പോകാനായി തിരിഞ്ഞു. കൂടെയുള്ളവരും .

നാൻസി ഒരു ഗൂഢമന്ദഹാസത്തോടെ എന്നെ ഒന്ന് നോക്കിയശേഷം ബോസിന്റെ പുറകെ പോയി.
എന്തായിരിക്കും അവളുടെ ആ മന്ദഹാസത്തിന്റെ അർത്ഥം? എന്റെ കളളി അവൾ കണ്ടുപിടിച്ചോ? ഇത്രയും നേരം അവളൊരു നിർവികാരമായ മുഖത്തോടെ നിൽക്കുകയായിരുന്നു. ബോസിനേക്കാൾ വിഷമുള്ളവൾ ആയിരിക്കുമോ സെക്രട്ടറി ? നല്ല സുന്ദരി പെണ്ണ്. വടിവൊത്ത ശരീരം . വല്ല മോഡലിങ്ങിനും പോകാതെ ഇവന്മാരുടെ കൂടെ കൂടിയത് എന്താണ് ?

ഹേയ് , നിർത്തൂ. തല പോകുന്ന പ്രശ്നങ്ങൾ മുന്നിൽ കിടക്കുന്നു. അപ്പോഴാ ഒരു പെണ്ണിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നത്.

ഞാൻ എന്ത് എഴുതാനാണ് ? എവിടെ തുടങ്ങാനാണ് ? ഒരു ഫയൽ തരുമെന്നല്ലേ പറഞ്ഞത് ? അത് കിട്ടട്ടെ . വെറുതെ കാടുകയറി ചിന്തിച്ച് തല പുണ്ണാക്കണ്ട .

ആ ഫയലുമായി അവൾ തന്നെ വന്നാൽ മതിയായിരുന്നു.

ഫയലുമായി അവൾ വരുന്നതും കാത്ത് ഞാനിരുന്നു …….

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments