“നമുക്ക് തീയേറ്റർ കോമ്പൗണ്ടിലേക്ക് കയറി നിന്നാലോ.?
സിനിമ കാണുവാനുള്ള തിരക്ക് കൂടി വരുന്നുണ്ട്.”
സോമൻ മാഷ് പറഞ്ഞു.
മൂന്നു പേരും കൂടി തിയേറ്റർ കോമ്പൗണ്ടിന് അകത്തേക്ക് കയറി.
“ഞാൻ ടിക്കറ്റ് എടുത്തു വരാം നിങ്ങൾ ഇവിടെ നിൽക്കൂ..”
ജോസ് മാഷ് ടിക്കറ്റ് എടുക്കുവാൻ പോയി. സദാനന്ദൻ മാഷും സോമൻ മാഷും തിയേറ്ററിനോട് ചേർന്നുള്ള പെട്ടിക്കടയുടെ അടുത്തേക്ക് മാറി നിന്നു. കടയിൽ നിന്നും രണ്ടു പൊതി നിലക്കടല വാങ്ങി കൊറിച്ചു കൊണ്ടിരുന്നു.
പെട്ടെന്ന് തീയേറ്റർ പരിസരം ജനങ്ങളെ കൊണ്ട് നിറഞ്ഞു. ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞതും, ടിക്കറ്റ് കൊടുക്കാനുള്ള ബെൽ മുഴങ്ങി. അതോടെ പുറത്ത് പാട്ട് നിലച്ചു. ഇപ്പോൾ തീയേറ്ററിന് അകത്തുനിന്നും പാട്ട് കേൾക്കുന്നുണ്ട്…
കുറച്ചു കഴിഞ്ഞപ്പോൾ ജോസ് മാഷ് ടിക്കറ്റുമായി വന്നു. മുന്നിൽ നിന്ന് രണ്ടാമത്തെ വാതിലിലൂടെ അവർ അകത്തു കയറി . ചാരു ബെഞ്ചിന്റെ ഏറ്റവും പിന്നിൽ ഉള്ള നിരയിൽ ഇരുന്നു. താഴെ മണലാണ്. കഴിഞ്ഞ ഷോ കാണാൻ വന്നവർ ഇട്ടിട്ടു പോയ ബീഡി കവറുകളും, ബീഡി കുറ്റികളും, നിലക്കടല പൊതിഞ്ഞുകൊണ്ട് വന്ന പേപ്പറുകളും മണലിൽ കിടപ്പുണ്ട്.
പടം തുടങ്ങുന്നു എന്ന അറിയിക്കുന്ന ബെൽ മുഴങ്ങിയതും ഹാളിനുള്ളിലെ ലൈറ്റുകൾ അണഞ്ഞു.
‘ദണ്ഡായുധപാണി’ ഫിലിംസ് അവതരിപ്പിക്കുന്ന എന്ന് സക്രീനിൽ തെളിഞ്ഞതും കയ്യടി തുടങ്ങി…
തുടർന്ന് രജനീകാന്തിന്റെ ചിത്രം കണ്ടതും ജനങ്ങളുടെ വിസിൽ അടിക്കലും കൂക്കി വിളിക്കലും ….!ആവേശം കൊണ്ട് ചിലർ എഴുന്നേറ്റുനിന്ന് കയ്യടിക്കാൻ തുടങ്ങി….
ഒരു കോളേജ് കാമ്പസിന്റെ ചിത്രം സ്ക്രീനിൽ തെളിഞ്ഞു വന്നു. പിന്നീട് ഒരു ക്ളാസ് മുറി. ആൺകുട്ടികളും പെൺകുട്ടികളും ഡസ്ക്കിലും,ബെഞ്ചിലുമായി ഇരിക്കുന്നുണ്ട്.
“ആർക്കമ്മ ഇന്ത ഗിഫ്റ്റ് ?”
വില്ലൻ എന്ന് തോന്നിക്കുന്ന ഒരു വിദ്യാർത്ഥി ഒരു പെൺകുട്ടിയുടെ കയ്യിൽ ഇരിക്കുന്ന ഗിഫ്റ്റ് ചൂണ്ടി ചോദിച്ചു .
“പുതുതായി വരപ്പോകുന്ന പ്രൊഫസർക്ക്….”
ഇത് കേട്ടതും ഗിഫ്റ്റ് പൊതി തട്ടിയെടുത്ത് തുറന്നുനോക്കി. ഗാന്ധിജിയുടെ ഒരു ചെറിയ പ്രതിമ …!
അയാൾ അത് വലിച്ച് പുറത്തേക്ക് ഒറ്റയേറ്…,!
പ്രതിമ കയ്യിൽ പിടിച്ചുകൊണ്ട് പ്രൊഫസർ രജനി ക്ലാസിലേക്ക് പ്രവേശിച്ചപ്പോൾ കയ്യടിയും കൂക്കിവിളിയും കൊണ്ട് തീയേറ്റർ ബഹളത്തിൽ മുങ്ങി. കുറെ നേരത്തേക്ക് സംഭാഷണങ്ങൾ ഒന്നും തന്നെ കേൾക്കാൻ പറ്റിയില്ല…
രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല. നല്ല സിനിമ കണ്ട പ്രതീതി എല്ലാവരുടെയും മുഖത്ത് ദൃശ്യമായിരുന്നു…..
“സമയം 8. 45 ആയി ഇനി ബസ് ഇല്ലല്ലോ….?
അപ്പോൾ നമ്മൾ നടക്കുവല്ലേ…?”
ചിരിച്ചുകൊണ്ട് ജോസ് മാഷ് ചോദിച്ചു.
“നടക്കാം അതിനുമുമ്പ് ഒരു കട്ടൻ കാപ്പി കുടിച്ചാലോ…?”
“ഞാനത് പറയുവാൻ ഇരിക്കുകയായിരുന്നു. നല്ല തണുപ്പ്. ഒരു കാപ്പി കുടിച്ചിട്ട് നമുക്ക് നടക്കാം…”
സദാനന്ദൻ മാഷ് പറഞ്ഞു.
മൂന്ന് പേരും അടുത്ത് കണ്ട കടയിൽ കയറി . കട്ടൻകാപ്പി കുടിച്ചു.
“ഇപ്പോൾ ഒരു ഉഷാറൊക്കെ വന്നില്ലേ..?
ഇനി നടക്കാം…..”
സോമൻ മാഷ് പറഞ്ഞു.
മാനത്ത് അർദ്ധ വൃത്താകൃതിയിൽ പുഞ്ചിരിച്ചു നിൽക്കുന്ന ചന്ദ്രൻ അവർക്ക് വഴികാട്ടിയായി. കുറച്ചു നടന്നപ്പോഴേക്കും മുന്നിലും പിന്നിലുമായി ഉണ്ടായിരുന്ന ആളുകൾ പല വഴിക്ക് തിരിഞ്ഞു.
റോഡിന്റെ നടുവിലൂടെ മൂന്നാളും നടന്നു. റോഡിന് ഇരുവശവുമുള്ള പുളിമരങ്ങളും അപ്രത്യക്ഷമായി. വലുതും ചെറുതുമായ വൃക്ഷങ്ങൾ ഒറ്റപ്പെട്ട് കാണാം. ഇരുട്ടിൽ നിശ്ചലമായ നിൽക്കുന്ന വൃക്ഷങ്ങൾ ഭീതി ഉണ്ടാക്കാതിരുന്നില്ല. എങ്ങും ശ്മശാന മൂകത തളംകെട്ടി നിന്നു.
“അമ്പിളിയമ്മാവാ താമര കുമ്പിളിൽ എന്തുണ്ട്…?
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാന പുറത്ത്….”
“ആഹാ സദാനന്ദൻ മാഷ് നന്നായി പാടുന്നുണ്ടല്ലോ….?”
സോമൻ മാഷ് പറഞ്ഞു.
“അങ്ങനെ ഒന്നുമില്ല വെറുതെ മൂളും അത്രമാത്രം….”
“തൻ്റെ വിനയം കൊള്ളാം.. എന്തായാലും താൻ നല്ല ഗായകൻ തന്നെ..”
ജോസ് മാഷ് പറഞ്ഞു.
ടാറിട്ട റോഡിലൂടെ ആയതുകൊണ്ട് നടത്തം വലിയ പ്രശ്നമില്ല. പോരാത്തതിന് വാഹനങ്ങളും ഇല്ല.
വെളിച്ചവുമായി അമ്പിളിയമ്മാവൻ ഒപ്പം ഉണ്ട്.
10 കിലോമീറ്റർ ദൂരം കഴിഞ്ഞാൽ പിന്നെ മണ്ണ് റോഡാണ്. തീർച്ചയായും അവിടുത്തെ യാത്ര ദുഷ്കരവുമാണ്.
“എടോ സത്യം പറയൂ..
തനിക്ക് ലതയോട് ഒരു ഇഷ്ടം ഇല്ലേ….? ”
ജോസ് മാഷ് ചോദിച്ചു.
“ഏയ്..സാധാരണ സൗഹൃദം.. അതിൽ അപ്പുറത്തേക്ക് ഒരു ബന്ധം ഞാനും ലതയും തമ്മിലില്ല..”
സദാനന്ദൻ മാഷ് പറഞ്ഞു.
“ഇന്ന് നമ്മൾ ലതയുടെ വീട്ടിൽ ചെന്നപ്പോൾ അവരുടെ പെരുമാറ്റം ശ്രദ്ധിച്ചിരുന്നോ?
സദാനന്ദൻ മാഷിനോട് അവർക്ക് എല്ലാവർക്കും പ്രത്യേക ഒരു താൽപര്യം പോലെ എനിക്ക് തോന്നി….!
ശരിയല്ലേ സോമൻ മാഷേ.?”
“എനിക്കും അങ്ങനെ തോന്നി. തന്നെയുമല്ല നമ്മളോട് പറയാത്ത പല കാര്യങ്ങളും ലത സദാനന്ദൻ മാഷുമായി സംസാരിക്കുന്നുണ്ട്..”
“എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒരു താല്പര്യവും ഇല്ല. പ്രണയിച്ചു നടക്കുവാൻ ഉള്ള സമയമോ സാഹചര്യമോ അല്ല എന്റേത്. കുടുംബ പ്രാരാബ്ദത്തിനിടയിൽ പ്രണയത്തിന് എന്ത് സ്ഥാനം..?
എന്നോട് അടുത്ത് പെരുമാറുന്നവരോട് ഞാനും വളരെ അടുത്ത് പെരുമാറും. അത് ഇനി ലത തെറ്റിദ്ധരിച്ചുവോ എന്ന് എനിക്കറിയില്ല…”
“തനിക്ക് അങ്ങനെ ഒരു പ്രത്യേക ഇഷ്ടം ലതയോടോ, കുടുംബത്തിനോടോ ഇല്ലെങ്കിൽ എന്തുകൊണ്ടാണ് ചെന്ന പാടെ അടുക്കളയിലേക്ക് കയറിയത്..?”
“അയ്യോ അതാണോ….?
എന്റെ മാഷേ, ഞാൻ പറഞ്ഞല്ലോ ഇഷ്ടമുള്ളവരുടെ അടുത്ത് സ്വാതന്ത്ര്യത്തോടെ ഞാൻ പെരുമാറും…
അത് എൻ്റെ സ്വഭാവത്തിന്റെ ഭാഗമാണ്….
അതൊക്ക് പോട്ടെ നല്ല സിനിമ അല്ലേ മാഷേ..?
“ഉം…”
“തേൻ മധുരൈ വൈഗ നദി…..
ദിനം പാടും തമിഴ് പാട്ട്….
ലാല്ലലാ. ലാല്ലലാ…
മ്മെ പോലെ നെഞ്ചം കൊണ്ട് അണ്ണൻ തമ്പി ആരുമില്ലേ……”
സദാനന്ദൻ മാഷ് മെല്ലെ പാടി….
“ഇത് ഇന്ന് കണ്ട പടത്തിലെ പാട്ട് അല്ലേ ..?
ഒന്ന് കേട്ടതും മാഷ് കാണാതെ പഠിച്ചല്ലോ..?
മാഷ് ആള് പുലിയാണ് കേട്ടോ..”
“ഏയ് ഇഷ്ടമുള്ളത് നമ്മുടെ മനസ്സിൽ പെട്ടെന്ന് പതിയും അതാ….”
“വേറൊരു നല്ലൊരു പാട്ടു കൂടി ഉണ്ടായിരുന്നല്ലോ അതേതാ…?
സോമൻ മാഷ് ചോദിച്ചു.
“മുത്തമീ കവിയേ വരിത്….
മുത്തനി ചുവപ്പും തരുക്….
…………
ബാക്കി ഓർമ്മയില്ല..”
ലതയുടെ വീട്ടിലെ സൽക്കാരവും ചന്ത വിശേഷങ്ങളും, സിനിമക്കഥയും ചർച്ച ചെയ്തു നടന്നു നടന്ന് പുലർച്ചെ രണ്ടു മണിയോടെ കോർട്ടേഴ്സിൽ എത്തി.
” കാലിന് ഭയങ്കര വേദന… കിടന്നാലോ സോമൻ മാഷേ….”
“ഉം…..
നല്ല ക്ഷീണം നാളെ സ്കൂൾ ഉണ്ടല്ലോ….?”
പായ വിരിച്ചതും എല്ലാവരും ഉറക്കത്തിലേക്ക് വീണു…
ശരിക്കും ലതയും, ലതയുടെ വീട്ടുകാരും തന്നെ തെറ്റിദ്ധരിച്ചുവോ?
കഴിഞ്ഞ ദിവസത്തെ കാഴ്ചകൾ ഓരോന്നും സദാനന്ദൻ മാഷിന്റെ മനസ്സിൽ മിന്നി മറഞ്ഞു…
എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു…
(തുടരും)