പിള്ളേച്ചന്റെ പതിവ് പറ്റുകടയിൽ നിന്നും ഉച്ചയൂണും കഴിഞ്ഞ് അടുത്ത പെട്ടിക്കടയെ ലക്ഷ്യമാക്കി ഭാസി മാഷ് നടന്നു.
മാഷിനെ കണ്ടതും ദിവാകരൻ ചേട്ടൻ രണ്ട് വെറ്റിലയും ഒരു അടയ്ക്കയും അല്പം പുകയിലയും എടുത്ത് കൊടുത്തു.
മാഷ് സ്റ്റൂളിൽ ഇരുന്ന് പതിയെ വെറ്റിലയിൽ നൂറു തേച്ച് വായിലിട്ട് ചവച്ചുകൊണ്ട് അന്നത്തെ പത്രം എടുത്ത് നിവർത്തി.
‘എടോ ദിവാകരാ, ഇത്തവണ മാളയിൽ നിന്ന് തൻ്റെ കെ. കരുണാകരൻ ജയിക്കുമോ? ‘
‘അതിനെന്താ മാഷേ സംശയം ?
മാളയിൽ കരുണാകരനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. മാളയിലെ മാണിക്യം അല്ലേ ലീഡർ?
‘ അതെ, മാണിക്യം ഒക്കെ തന്നെ. താൻ പറഞ്ഞ പോലെ ജയിക്കുകയും ചെയ്യും , പക്ഷേ ഇത്തവണ മുഖ്യമന്ത്രി ആവില്ല.’
മുറുക്കാൻ ചവച്ചരച്ച് ഭാസി മാഷ് നീട്ടി തുപ്പി കൊണ്ട് പറഞ്ഞു.
‘ഓ പിന്നെ…. കെ. കരുണാകരൻ ജയിക്കും, മുഖ്യമന്ത്രിയും ആകും . ദിവാകരനും വിട്ടു കൊടുത്തില്ല.
‘എന്നാലേ, താൻ കണ്ടോ ദിവാകരാ, ഇത്തവണ തൃക്കരിപ്പൂർ നിന്ന് ഇ.കെ.നായനാർ ജയിക്കും, അടുത്ത മുഖ്യമന്ത്രിയും ആകും.’
‘എന്റെ മാഷേ ങ്ങള് പൂവാൻ നോക്കിൻ, ഇപ്പം ബെല്ലടിക്കും.
ദിവാകരൻ പറഞ്ഞു തീർന്നതും ബെല്ലടിച്ചതും ഒപ്പം.
ഭാസി മാഷ് സ്കൂളിലേക്ക് നടന്നു. ഗ്രൗണ്ടിലേക്ക് കയറിയതും അവിടെ അലഞ്ഞു നടന്ന കുട്ടികൾ വേഗം ക്ലാസ്സിലേക്ക് ഓടി. മാഷിന്റെ കൊമ്പൻ മീശയും നര കയറിത്തുടങ്ങിയ താടിയും കണ്ടാൽത്തന്നെ കുട്ടികൾ വിറക്കും.
ഉച്ചകഴിഞ്ഞ് ആദ്യത്തേത് ലിഷർ പീരീയഡ് ആണ്. ഭാസി മാഷ് പതുക്കെ തൻ്റെ മരക്കസേരയിൽ ചാരി ഇരുന്നു. സ്റ്റാഫ് റൂമിൽ ഡ്രോയിങ് മാഷ് മാത്രം. അദ്ദേഹം ഏതോ പുസ്തക വായനയിൽ മുഴുകിയിരിക്കുന്നു.
‘ശശി മാഷേ, മാഷ് എം.ടി.യുടെ രണ്ടാമൂഴം വായിച്ചിട്ടുണ്ടോ?
ഓ….എം. ടി.യുടെ ധാരാളം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്, പക്ഷേ രണ്ടാമൂഴം വായിച്ചിട്ടില്ല മാഷേ.’
വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും മെല്ലെ തല ഉയർത്തി ശശി മാഷ് പറഞ്ഞു.
“മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ രണ്ടാമൂഴത്തിന് ഒരു വലിയ സ്ഥാനമുണ്ട്.
ഇതിഹാസ കഥാപാത്രങ്ങളെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടു വരികയാണ് എം ടി ചെയ്തത്.
ഭീമൻ എന്ന് കേൾക്കുമ്പോൾ ഒരു ശരാശരി വായനക്കാരന്റെ മനസ്സിൽ വരുന്നത് ഒരു തടിച്ച രൂപം മാത്രം ആണ്. എന്നാൽ ഭീമന്റെ സങ്കടങ്ങളും ആത്മസംഘർഷങ്ങളും എന്തായിരിക്കും എന്ന് എം.ടി ഭാവനയിൽ കാണുകയാണ് രണ്ടാമൂഴം എന്ന നോവലിൽ. ഒന്നുകൂടി വിശദമാക്കിയാൽ, ഭീമസേനന്റെ ആത്മഗതങ്ങളാണ് ഈ നോവലിന്റെ ആത്മാവ് എന്ന് വേണമെങ്കിൽ പറയാം.”
ഭാസി മാഷ് ഇങ്ങനെയാണ് ….
പറഞ്ഞു തുടങ്ങിയാൽ പിന്നെ നിർത്തില്ല, സാഹിത്യം ആയാൽ പ്രത്യേകിച്ച് .
അപ്പോഴാണ് പ്യൂൺ കടന്നുവന്നത്. അദ്ദേഹം ഒരു ബുക്ക് ഭാസി മാഷിനെ കാണിച്ചു കൊടുത്തു .
6 ബി യിലെ മേരി ടീച്ചർ ലീവ് . വർക്ക് അറേജ്മെൻറ്, തനിക്ക് ഈ പീരിയഡ് ഡ്യൂട്ടി…
‘മാഷിന്റെ ലിഷർ പീരീഡ് പോയി കിട്ടി ട്ടോ..’…ശശി മാഷ് ആണ് .
അതൊന്നും സാരമില്ലെടോ.. കുട്ടികളുടെ കൂടെ കഴിയുന്നതല്ലേ ഏറ്റവും രസകരം ?
കുട്ടികളുടെ മനസ്സ് എന്ന് പറഞ്ഞാൽ വളരെ വിശാലമാണ് . അവർക്ക് നല്ല ധൈര്യമുണ്ട്. എന്തും ആശിക്കാം . അത് ജീവിതത്തിൽ നേടാനും കഴിയും എന്ന് വിശ്വാസവും അവർക്കുണ്ട് , പക്ഷേ മുതിർന്നു കഴിയുമ്പോൾ എന്താകുമോ എന്തോ!
ഭാസി മാഷേ കണ്ടതും കലപില കൂടിയിരുന്ന കുട്ടികൾ പെട്ടെന്ന് നിശബ്ദരായി.
‘നിങ്ങളുടെ കണക്ക് ടീച്ചർ ഇന്ന് ലീവ് ആണ്. അതുകൊണ്ട് ഇപ്പോൾ നമ്മുക്ക് അൽപ്പം മലയാളം പഠിച്ചാലോ? ‘
‘കഴിഞ്ഞദിവസം പഠിപ്പിച്ച കവിത എല്ലാവരും കാണാതെ പഠിച്ചോ?
ചിലരുടെ മുഖം പെട്ടെന്ന് മങ്ങി. ഭയം കൊണ്ട് ചിലർ വിയർത്തു കുളിച്ചു.
മാഷ് പേര് വിളിക്കുന്നതനുസരിച്ച് ഓരോരുത്തരും എഴുന്നേറ്റു നിന്ന് കവിത ചൊല്ലി. ചിലർ തപ്പി തടഞ്ഞപ്പോൾ ചിലർ ഒരു കൂസലും കൂടാതെ കവിത ചൊല്ലി.
പെട്ടെന്നാണ് ആയിഷയുടെ പേര് വിളിച്ചത് .
‘ ആയിഷ കവിത ചൊല്ലു.’
മാഷിന്റെ ഘനഗംഭീരമായ സ്വരം.
ആയിഷ എഴുന്നേറ്റു നിന്നതും വിറയ്ക്കാൻ തുടങ്ങി.
കലങ്ങിയ കണ്ണുകൾ നിറഞ്ഞൊഴുകി..
‘ നീയ്ക്കറീല്ല മാഷേ’…
അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. പെട്ടെന്ന് ഭാസി മാഷിന്റെ ഭാവം മാറി. കണ്ണുകൾ ചുവന്നു തുടുത്തു. കൈ കൊണ്ട് മീശ പതിയെ പിരിച്ചു .
‘എങ്ങനെ അറിയാനാണ് ?
എത്ര നാളായി യ്യ് സ്കൂളിൽ വന്നിട്ട് ?
എപ്പോഴെങ്കിലും വരും സ്കൂളിലേക്കെന്നും പറഞ്ഞ്! പൗഡറും അത്തറും പൂശി ..
വളേം, മാലേം ഇട്ട്…… അണിഞ്ഞൊരുങ്ങി വന്നേക്കുന്നു.. വല്ല കെട്ടിച്ചു വിട്ട പെണ്ണുങ്ങളെ പ്പോലെ…
ഈ അണിഞ്ഞൊരുങ്ങാൻ എടുത്ത സമയം മതിയല്ലോ നിനക്ക് കവിത പഠിക്കാൻ ! എന്താടി നിനക്ക് വീട്ടിൽ ഇത്ര ജോലി?
വീട്ടിലെ എല്ലാ പണികളും പിന്നെ അടുക്കള പണികളും മുഴുവനും കഴിഞ്ഞിട്ടാണോ യ്യ് സ്കൂളിലേക്ക് വരുന്നത് ?
ആയിഷയുടെ കരച്ചിൽ ഉച്ചത്തിലായി . ….
പെട്ടെന്ന് ക്ലാസിലെ ഏറ്റവും മിടുക്കനായ കുട്ടി ജബ്ബാർ എഴുന്നേറ്റുനിന്നു.
‘ ഉം , എന്താടോ? ‘
‘മാഷേ , ഓള് ഓൾടെ കെട്ടിയോന്റെ വീട്ടിൽനിന്നാ വരണെ ..
അതാ ഒന്നും പഠിക്കാൻ സമയം കിട്ടാത്തെ.. ഇടയ്ക്ക് ലീവും ആകുന്നത് അതോണ്ടാ..
‘എന്താ? ‘
‘ഓൾടെ നിക്കാഹ് കഴിഞ്ഞീക്കണ് ‘..
കുട്ടികൾ പറഞ്ഞത് ഒരുമിച്ചായിരുന്നു.
ഇത്തവണ സങ്കടത്തിലായത് ഭാസി മാഷാണ്…
മാഷ് കസേരയിൽ ചാരിയിരുന്നു . ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ കല്യാണം കഴിഞ്ഞതാണെന്നോ!
മുഖം ഇല്ലാത്ത നമ്മുടെ മനസ്സാക്ഷിക്ക് നേരെ മുഖം ഉയർത്തിയ ചോദ്യം. ജീവിതമാകുന്ന ഒഴുക്കിൽ എവിടേക്കും ഇല്ലാതെ ചിലർ ഒഴുകുകയാണ്. ആ ഒഴുക്കിൽ എത്രയെത്ര മുഖങ്ങൾ ഇടയ്ക്കിടെ ചുഴിയിൽപ്പെട്ട് വട്ടം കറങ്ങുന്നു . ചിലർ കറങ്ങി കറങ്ങി അഗാധതയിലേക്ക് വീണു പോകും. ഒരിക്കലും തിരിച്ചു വരാത്ത അത്ര ആഴത്തിലേക്ക് !
ചിലർ ചുഴലിയിൽ നിന്നും കല്ലിൽ തട്ടിത്തട്ടി പിന്നെയും ഒഴുകുന്നു , എങ്ങോട്ടെന്നില്ലാതെ…..